Friday, June 13, 2014

കാല്‍പ്പന്ത് സിനിമകള്‍


ജനപ്രിയ സാംസ്‌കാരിക അടയാളമായി സോക്കര്‍ സിനിമ സ്വയം പര്യാപ്തമാകുന്നത് അറുപതുകളുടെ അവസാനത്തിലാണ്. എന്നാല്‍, ഫുട്‌ബോളിന്റെ വികാരമുള്ള സിനിമ എന്ന ആശയം അമ്പതുകളില്‍ തന്നെ സ്വീകാര്യമായിമാറിയിരുന്നു. ഹ്രസ്വചിത്രങ്ങളായും ഡോക്യുമെന്ററികളായും കളിയുടെ പ്രതീക്ഷ പങ്കിടുന്ന ചില സിനിമകളെങ്കിലും അറുപതില്‍ പുറത്തുവന്നു. വലിയ താരങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കിലും ഫുട്‌ബോള്‍ ഇതിഹാസമായ പെലേ ഉള്‍പ്പെടെയുള്ള കളിക്കാരുടെ ജീവിതത്തിന്റെ തിരഭാഷകള്‍ കോര്‍ത്തിണക്കിയ സോക്കര്‍ചിത്രങ്ങള്‍, യൂറോപ്യന്‍ സിനിമകളോടും ലാറ്റിനമേരിക്കയുടെ ബദല്‍സിനിമകളോടും ചേര്‍ത്താണ് ചര്‍ച്ചചെയ്യപ്പെട്ടത്. 
2010-ലെ ലോകകപ്പ് മത്സരത്തില്‍ ആഫ്രിക്കയുടെ ഫുട്‌ബോള്‍ കളി ആഘോഷിക്കപ്പെടുന്ന ഡോക്യുമെന്ററിയാണ് സുറിദ് ഹസന്‍ സംവിധാനം ചെയ്ത 'സോക്ക ആഫ്രിക്ക'. സൗത്താഫ്രിക്ക, ഐവറികോസ്റ്റ്, ഈജിപ്ത്, കാമറൂണ്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രശസ്തരായ കളിക്കാരുടെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന ചിത്രം. ആഫ്രിക്കയുടെ ഫുട്‌ബോള്‍ വികാരം ആഴത്തിലും മനോഹരമായും ആവിഷ്‌കരിക്കുന്ന സോക്ക ആഫ്രിക്ക കളിയുടെ കാഴ്ചയും കാഴ്ചയുടെ കളിയും അടയാളപ്പെടുത്തുന്നു.
ഡേവിഡ് മാറോകസ് സംവിധാനം ചെയ്ത അര്‍ജന്റീനിയന്‍ ചിത്രമാണ് 'ഓഫ് സൈഡ്'. കളിയോട് താല്‍പര്യമുള്ള ഡിഗോയുടെ കഥയാണ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. ഡിഗോയ്ക്ക് ഫുട്‌ബോള്‍ കളിക്കാരനാകാനായിരുന്നു മോഹം. പക്ഷേ, അതിന് അവന്റെ കഴിവില്ലായ്മ തടസ്സമാവുന്നു. പിന്നീട് ഡിഗോ ബ്യൂണസ് അയേഴ്‌സിലെ ഒരു ഡോക്ടറാകുന്നു. അസംതൃപ്തനായ ഡോക്ടര്‍. ഡിഗോയെപോലെ ജാവിയക്കും ഫുട്‌ബോളറാകാനായിരുന്നു താല്‍പര്യം. അപകടത്തില്‍ ജാവിയയുടെ സ്വപ്നങ്ങള്‍ക്ക് കരിനിഴല്‍ വീഴ്ത്തുന്നു. അതുകാരണം സ്‌പെയിനിലെ സാധാരണ ഏജന്റു മാത്രമായി ജാവിയ മാറി. ജാവിയയും ഡിഗോയും ചേര്‍ന്ന് യുവാവായ ഒരു അര്‍ജന്റീനിയന്‍ കളിക്കാരനുമായി കരാറുണ്ടാക്കുന്നു. ഫര്‍ഡിയന്‍ റിഡ്‌സ് ഛായാഗ്രഹണം നിര്‍വഹിച്ച ഈ ചിത്രം ഫുട്‌ബോളിന്റെ മാസ്മരികത ദൃശ്യവിതാനത്തില്‍ പകരുന്നു.
ലിവര്‍പൂള്‍ ഫുട്‌ബോള്‍ ക്ലബ്ബിന്റെ ആരാധകനായ ബില്‍ ബ്രെണ്ണന്‍. അയാളുടെ അച്ഛന്‍ ഗാരെത്ത് വളരെ കാലത്തിന് ശേഷം വീട്ടിലേക്ക് തിരിച്ചു വരുന്നു. നാടുവിട്ടുപോയ അച്ഛന്‍ തിരിച്ചു വന്നപ്പോള്‍, അയാളുടെ കൈവശം ഇസ്തംബൂളില്‍ നടക്കുന്ന ഫുട്‌ബോള്‍ ലീഗ് ഫൈനലിന്റെ ടിക്കറ്റുകളുണ്ടായിരുന്നു. ബില്‍ ബ്രെണ്ണന്റെ പിതാവ് ഫുട്‌ബോള്‍ മത്സരത്തിന് മുമ്പ് മരിക്കുന്നു. എലൈന്‍ പെറി സംവിധാനം ചെയ്ത 'വില്‍' എന്ന ചിത്രം സോക്കറിനോടുള്ള ആരാധന ഭംഗിയായി ആവിഷ്‌കരിക്കുന്നു. ചിത്രാന്ത്യത്തില്‍ ബില്‍ തുര്‍ക്കിയിലേക്ക് ഒളിച്ചോടുകയാണ്.
ഹംഗറിയുടെ 'റ്റു ഹാഫ് ടൈംസ് ഇന്‍ ഹെല്‍' ജയില്‍പ്പുള്ളികളുടെ ജീവിതത്തിലെ പോരാട്ടമാണ് അവതരിപ്പിക്കുന്നത്. സോല്‍ടാന്‍ ഫാബ്രി സംവിധാനം ചെയ്ത റ്റു ഹാഫ് ടൈംസ് ഇന്‍ ഹെല്‍ നാസി ജര്‍മ്മനിയുടെ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് കഥ മുന്നോട്ടുനീങ്ങുന്നത്. ഹിറ്റ്‌ലറുടെ ജന്മദിനത്തോടനുബന്ധിച്ച് നാസി ഉദ്യോഗസ്ഥര്‍ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്നു. ജര്‍മ്മനിക്കാര്‍ ഹംഗേറിയന്‍ ജയില്‍പ്പുള്ളികളെ നേരിടുന്ന കളി. പരിശീലകനായി പ്രശസ്ത ഹംഗേറിയന്‍ ഫുട്‌ബോള്‍താരം ഒനോദിയെ ക്ഷണിക്കുന്നു. ഒനോദി ക്ഷണം സ്വീകരിക്കുന്നു. കളിക്കാര്‍ക്ക് അധികഭക്ഷണവും പന്തും നല്‍കി. പരിശീലനകാലത്ത് ജയിലിലെ ജോലിയില്‍ നിന്നുള്ള അവധിയും ഒനോദി ആവശ്യപ്പെട്ടു. ജൂതന്മാരെ ഉള്‍പ്പെടുത്താതെ ടീമുണ്ടാക്കാനാണ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയത്. ഈ കളിയാണ് ജയില്‍പ്പുള്ളികളുടെ ജീവന്‍ മരണ പോരാട്ടമായി മാറുന്നത്.
'ഗെയിംസ് ഓഫ് ദേര്‍ ലൈവ്‌സ്' എന്ന യു. എസ് എ ചിത്രം അമേരിക്കന്‍ ടീമിന്റെ ഐതിഹാസിക ഫുട്‌ബോള്‍ വിജമാണ് ചിത്രീകരിക്കുന്നത്.1960-ല്‍ ബ്രസീലില്‍ വെച്ച് ഇംഗ്ലണ്ടിനെ 1-0ന് തകര്‍ത്ത് അമേരിക്ക വിജയിച്ചു. ഈ വിജയാഘോഷമാണ് ഡേവിഡ്അനസിന്റെ ഗെയിംസ് ഓഫ് ദേര്‍ ലൈവ്‌സ്. കാല്‍പ്പന്തുകളിയുടെ കരുത്തും സൗന്ദര്യവും തിരശീലയില്‍ അനുഭവപ്പെടുത്തുന്നു.
കാല്‍പ്പന്തുകളി കേന്ദ്രസ്ഥാനത്ത് നില്‍ക്കുന്ന ഒരു ക്രൈംത്രില്ലറാണ് 'ദ റ്റൂ ഇസ്‌കോബാര്‍സ്'. നിരവധി അവാര്‍ഡുകള്‍ നേടിയ ഈ സിനിമ രണ്ടു കൂട്ടുകാരുടെ ജീവിതമാണ് ആവിഷ്‌കരിക്കുന്നത്. ആന്ദ്രേ എസ്‌കോ ബാറും പാബ്ലോ എസ്‌കോബാറും കൂട്ടുകാരാണ്. രണ്ടുപേരും ഒരേ നഗരത്തിലാണ് ജനിച്ചത്. അവര്‍ രണ്ടുപേരും ഫുട്‌ബോളിന്റെ ആരാധകരാണ്. ആന്ദ്രേ കൊളംബിയയുടെ പ്രിയപ്പെട്ട ഫുട്‌ബോള്‍കളിക്കാരനായിത്തീരുന്നു. പാബ്ലോ ആകട്ടെ എക്കാലത്തേയും വലിയ മയക്കുമരുന്നു രാജാവായും മാറുന്നു. ഫുട്‌ബോളും മയക്കുമരുന്നും തമ്മിലുള്ള രഹസ്യബന്ധം അന്വേഷിക്കുന്ന സംവിധായകരായ ജെല്‍ഫ് സിന്‍ബാലിസ്റ്റും മൈക്കല്‍ സിന്‍ബാലിസ്റ്റും കളിയുടെ പിറകിലുള്ള വസ്തുതകളിലേക്ക് കാമറ പിടിക്കുന്നു. ചിത്രത്തിന്റെ അവസാനഭാഗത്ത് ആന്ദ്രേയുടെയും പാബ്ലോയുടെയും കൊലപാതകത്തിന്റെ രഹസ്യം കൂടി വെളിപ്പെടുത്തുന്നു.
ലോകചലച്ചിത്ര മേളകളില്‍ പുരസ്‌കാരങ്ങള്‍ നേടിയ ഇന്റോനേഷ്യന്‍ ചിത്രമാണ് 'ഗരുഡ ഇന്‍ മൈ ഹാര്‍ട്ട്'. കളിക്കാരനാകാന്‍ കൊതിച്ച 12 വയസ്സുകാരന്‍ ബായുവിന്റെ ജീവിതമാണ്ഇതില്‍ പറയുന്നത്. ഫുട്‌ബോള്‍ കളിക്കാരനായിത്തീരണമെന്ന് കൊതിച്ച ബായു ദിവസവും വീടിനടുത്തുള്ള ബാറ്റ്‌മെന്റണ്‍ കോര്‍ട്ടില്‍ കളി കാണാന്‍ പോകും. സ്‌നേഹിതനും ഫുട്‌ബോള്‍ ആരാധകനുമായ ഫെറികിന് ബായുവിന്റെ കഴിവില്‍ വിശ്വാസമുണ്ടായിരുന്നു. 13 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുള്ള ദേശീയ ടീമില്‍ പേര് നല്‍കാന്‍ ബായുവിനെ ഫെറിക് നിര്‍ബന്ധിക്കുന്നു. പക്ഷേ, ബായുവിന്റെ മുത്തച്ഛന്‍ ഉസ്മാന്‍ സമ്മതിക്കുന്നില്ല. ഫുട്‌ബോള്‍കളി വീട്ടിലെ ദാരിദ്ര്യം മാറ്റില്ലെന്ന് ഉസ്മാന്‍ വിശ്വസിക്കുന്നു. ബായുവും ഫെറിയും മറ്റൊരു കൂട്ടുകാരന്‍ സഹാറയെ കണ്ടെത്തുന്നു. തുടര്‍ന്നുള്ള സംഭവബഹുലമായ രംഗങ്ങളാണ് സംവിധായകന്‍ ഇഫാ ഇസിഫ നബാഹ് ചിത്രീകരിക്കുന്നത്.

2 comments:

ajith said...

സ്പോര്‍ട്ട്സ് പ്രമേയമുള്ള സിനിമകള്‍ ഇഷ്ടമാണ്. പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുള്ള ചിത്രങ്ങളൊക്കെ ഒന്ന് ഗൂഗിള്‍ ചെയ്ത് നോക്കട്ടെ

xhosyspacocha said...

Harrah's Cherokee Casino - Mapyro
Get directions, reviews and information for Harrah's Cherokee Casino in Cherokee, 하남 출장마사지 NC. This property is located 평택 출장마사지 in Cherokee, NC, 서귀포 출장안마 and is owned หาเงินออนไลน์ by 하남 출장샵 the Eastern Band of