Friday, October 01, 2010

മലയാളത്തിന്റെ കാലവിജയം


ഭാഷയും കവിതയും മലയാളിക്ക്‌ അല്‍ഭുതവും അവിശ്വസനീയതയും ജനിപ്പിക്കുന്ന പ്രതിഭാസങ്ങളായിക്കൊണ്ടിരിക്കുമ്പോഴാണ്‌ ഒ. എന്‍. വി. കുറുപ്പിന്‌ 2007-ലെ ജ്ഞാനപീഠം നല്‍കി രാഷ്‌ട്രം ആദരിച്ചത്‌. ജീവിതത്തിന്റെ ലാഭഛേദങ്ങള്‍ നിര്‍ണയിക്കാനാവാത്ത ഭാഷയുടെ `ഓട്ടെക്കൈ'യായി മലയാളകവിത പരിണമിച്ചുക്കൊണ്ടിരിക്കുന്നു. അഥവാ കവിതയെ അങ്ങനെയൊരു തലത്തിലേക്ക്‌ ഇറക്കിക്കെട്ടുമ്പോഴാണ്‌ ഒ. എന്‍. വി.ക്ക്‌ ഭാരതത്തിന്റെ സ്‌നേഹാദരം. കേരളീയജീവിതത്തിന്റെ നഷ്‌ട സൗഭാഗ്യങ്ങളെയും പ്രകൃതിയെയും കവിതയില്‍ പ്രതിഫലിപ്പിക്കുന്ന കവി പരമോന്നത ദേശീയ സാഹിത്യ പുരസ്‌കാരത്തിന്‌ അര്‍ഹനായത്‌ മലയാളഭാഷ ക്ലാസിക്കല്‍ പദവിക്കുവേണ്ടി പൊരുതിനില്‍ക്കുന്ന സന്ദര്‍ഭത്തിലാണ്‌. മലയാളികളെ അവരെന്തെന്നു തിരിച്ചറിയാന്‍ എക്കാലവും സഹായിക്കുന്ന സ്വത്വബോധത്തിന്റെ പ്രതീകമെന്ന നിലയിലാണ്‌ മലയാളകവിത നിലകൊള്ളുന്നത്‌.
നമ്മുടെ നാടും അതിലെ സസ്യജാലങ്ങളും ജന്തുജാലങ്ങളും ഗോത്രസമ്പത്തും ഉത്സവങ്ങളും ആചാരങ്ങളും ദേശീയപോരാട്ടങ്ങളും ഐക്യമുന്നേറ്റങ്ങളും എന്തായിരുന്നു എന്നറിയാന്‍ മലയാളികള്‍ക്ക്‌ തിരിഞ്ഞുനോക്കാവുന്ന ഒരിടമാണ്‌ ഒ. എന്‍.വി.യുടെ കാവ്യലോകം.രുചിയുടെയും ഗന്ധത്തിന്റെയും സംഗീതത്തിന്റെയും സ്‌നേഹത്തിന്റെയും വൈവിധ്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം മരവിച്ചുപോയ പുതിയകാലത്തിന്റെ ഇന്ദ്രിയങ്ങള്‍ക്ക്‌ ഒ. എന്‍. വി.യുടെ കവിത വിഭാവന ചെയ്യുന്ന ആര്‍ദ്ര സങ്കീര്‍ത്തനങ്ങള്‍ ഒരല്‍ഭുതമാവും. ഊര്‍വരതയേക്കാള്‍ വരള്‍ച്ചയുടെ നോവും, ഒറ്റുപ്പെടിലിനേക്കാള്‍ സംഘബോധവുമാണ്‌ ഒ. എന്‍. വി.യുടെ കവിതയില്‍ പതിഞ്ഞുനില്‍ക്കുന്നത്‌. ദു:ഖത്തിന്റെ ഭാവഭേദങ്ങള്‍ നിവര്‍ത്തിയാടുന്ന മയൂരം പോലെ ഒ. എന്‍. വി. യുടെ കവിതയില്‍ ശ്യാമമൗനം ഉണര്‍ന്നിരിക്കുന്നു. മകരനിലാവിന്റെയും ധനുമാസ രാവിന്റെയും വ്യത്യസ്‌താനുഭൂതികള്‍ വരച്ചിടുന്നു. പ്രകൃതിക്കുനേരെ നടക്കുന്ന കൈയേറ്റത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ നല്‍കുന്നു. ഭൂമിക്കൊരു ചരമഗീതവും സൂര്യഗീതവും കറുത്തപക്ഷിയുടെ പാട്ടും വളപ്പൊട്ടുകളും കവിമനസ്സില്‍ തിരതല്ലിയാര്‍ക്കുന്നു. പ്രകൃതിയില്‍ മനുഷ്യഭാവവും മനുഷ്യനില്‍ പ്രകൃതിഭാവവും ആരോപിക്കുന്നത്‌ ഒ. എന്‍. വി. യുടെ രചനകളില്‍ കാണാം.
അസഹിഷ്‌ണുതയുടെയും വിഭാഗീയതയുടെയും അഴുക്കുവെള്ളം നമ്മുടെ ജീവിതത്തില്‍ കെട്ടിക്കിടക്കുന്നു. അതുകൊണ്ടാണ്‌ സാഹിത്യത്തില്‍ നിലവാരത്തകര്‍ച്ച സംഭവിച്ചുക്കൊണ്ടിരിക്കുന്നത്‌. ഇത്തരം വിഷയങ്ങള്‍പോലും ഒ. എന്‍. വി.യുടെ കവിതകളില്‍ അടയാളപ്പെടുന്നുണ്ട്‌. ഓര്‍മ്മ, വിവരണം, പ്രതികരണം, സാമൂഹിക ജീവിതചിത്രങ്ങള്‍ എന്നിവയെപ്പറ്റി തന്നോടുതന്നെയും കാലഘട്ടത്തോടും ഒരാള്‍ നടത്തുന്ന ആത്മസംവാദങ്ങളും നിരീക്ഷണങ്ങളുമാണ്‌ ഒ. എന്‍. വി.യുടെ കാവ്യാഖ്യാനങ്ങള്‍. മലയാളത്തിന്റെ പച്ചത്തുരുത്തില്‍ പചിച്ചെടുത്ത കവിതയുടെ ഉപ്പുകൊണ്ട്‌ ഭാരതത്തിനും ലോകത്തിനു കൂടെ സംസ്‌കാരികദൗത്യം നിര്‍വ്വഹിക്കുകയാണ്‌ ഈ കവി. ലോകത്തിന്റെ വര്‍ത്തമാനഗതി സ്വാര്‍ത്ഥതയിലേക്ക്‌; അശാന്തിയിലേക്കാണ്‌. കലാപഭരിതമായ ഈ കാലത്തിനു ഒ. എന്‍. വി. പകരുന്നത്‌ ആത്മശാന്തിയുടെ അമൃതാക്ഷരങ്ങളാണ്‌. വീണ്ടും വീണ്ടും നമ്മിലേക്കും, സ്‌നേഹത്തിലേക്കും തിരിച്ചെത്താന്‍ ക്ഷണിക്കുകയാണ്‌. അനുഭവത്തിന്റെ നേര്‍ക്കാഴ്‌ചകളും ദേശത്തിന്റെ മുദ്രകളും നിറഞ്ഞ വരികളിലൂടെ. അതാകട്ടെ കാലം ചെല്ലുന്തോറും കനം വയ്‌ക്കുന്ന ഉള്‍നിറവാണ്‌. കാപട്യമില്ലാത്ത മൂല്യദര്‍ശനവും.``എന്നെയും പെറ്റുവളര്‍ത്തിയോരിക്കരി-മണ്ണില്‍ പൊടിച്ച പുല്ലിന്‍-മിഴിത്തുമ്പിലും എന്റെ കണ്ണീര്‍ക്കണമല്ലീ,യതിന്‍-തുടുപ്പെന്റെ, രക്താണുക്കളല്ലീ,യതിനെയും-മറവിയായി മായ്‌ക്കുവതെന്നേ...' ഇങ്ങനെ ചെടിയുടെയും തന്റെയും കണ്ണുനീര്‍ ഓന്നാണെന്ന തിരിച്ചറിവിന്റെ വെളിച്ചമാണ്‌ ഒ. എന്‍. വി. യുടെ പദസംഗീതം. മലയാളഭാഷയുടെ സുകൃതവും സാഗരഗീതവും ഇഴചേര്‍ന്ന സംസ്‌കാരത്തിന്റെ കണ്ണാടി. രാജ്യം കവിയെ ആദരിച്ചതിലൂടെ മലയാളഭാഷയും ഒരിക്കല്‍കൂടി പരമോന്നത ദേശീയ സാഹിത്യപുരസ്‌കാര പീഠത്തിലേറി.

ചിതയിലെ വെളിച്ചം

മലയാളഭാഷയില്‍ സര്‍ഗാത്മകമൗനം അപഗ്രഥിച്ചെടുത്ത എഴുത്തുകാരനെക്കുറിച്ച്‌ ഓര്‍മ്മയുണര്‍ത്തുന്നതാണ്‌ ഈ വാരം. പ്രത്യയശാസ്‌ത്രത്തിന്റെ അസഹ്യ നിലപാടുകളോടും ജീവിതസാഹചര്യത്തോടും നിരീക്ഷണത്തിന്റെ ഉഷ്‌ണമാപിനിയുമായി പോരടിച്ച പ്രൊഫസര്‍ എം. എന്‍. വിജയന്‍ ഓര്‍മ്മയായിട്ട്‌ മൂന്ന്‌ വര്‍ഷം തികയുന്നു ഒക്‌ടോബര്‍ മൂന്നിന്‌. സ്വാഭിപ്രായം മൂടിവയ്‌ക്കാതെ വാക്കുകളെ കൊടുങ്കാറ്റാക്കിമാറ്റിയ വിജയന്‍ മാഷുടെ ചെറുത്തുനില്‍പ്പുകള്‍ ലക്ഷ്യസ്ഥാനത്ത്‌ ചെന്നുതറച്ചുകൊണ്ടിരിക്കുന്നു. വാക്കുകള്‍ക്കിടയില്‍ അദ്ദേഹം കാത്തുസൂക്ഷിച്ച മൗനങ്ങള്‍ക്ക്‌ കാവ്യാത്മതയുടെ തീക്ഷ്‌ണതയുണ്ടായിരുന്നു. മുഖ്യവ്യവസ്ഥയെ, പ്രത്യയശാസ്‌ത്രച്യുതിയെ ചോദ്യം ചെയ്‌ത്‌ നിര്‍മമതയോടെ നിലപാടെടുത്തു. പ്രതിലോമ ചിന്തകളെ പ്രകോപിപ്പിച്ചിരുത്തി.
വാക്കുകള്‍ ജീവിതത്തിന്റെ പര്യായമാക്കിയ എം. എന്‍. വിജയന്‍ സാമൂഹികമായ ഇടര്‍ച്ചകളുടെ ആഴം ചൂണ്ടിക്കാണിച്ചു. സാമൂഹികശാസ്‌ത്രത്തിന്റെയും മനോദര്‍ശനത്തിന്റെയും വെളിച്ചത്തില്‍ വിശകലനം ചെയ്യുന്ന സാംസ്‌കാരിക വിമര്‍ശനമായിരുന്നു വിജയന്‍ മാഷുടേത്‌. ആശയത്തിലും വിശദീകരണത്തിലും അദ്ദേഹത്തിനുമാത്രം സാധിക്കാവുന്ന കൈയൊതുക്കവും വേറിട്ടുനില്‍ക്കുന്നു. ശില്‍പവടിവോടെ അദ്ദേഹം പ്രഭാഷണങ്ങളും രചനകളും വാക്കുകളും പൂര്‍ണ്ണതയിലെത്തിച്ചു. കണിശമായ കാഴ്‌ചപ്പാടുകളോടെ ഇടതുപക്ഷത്തിന്റെ ആശയപരമായ പാപ്പരത്തങ്ങളും ജീര്‍ണതകളും വിജയന്‍ മാഷ്‌ ധ്വനിപ്പിച്ചു. അത്‌ ആകുലതകള്‍ നിറഞ്ഞ കാലത്ത്‌ ശക്തമായ മുന്നറിയിപ്പുകളായിരുന്നു. കുറുകിയൊഴുകിയ വിജയവാണികള്‍ ഭാഷയുടെയും സംസ്‌കാരത്തിന്റെയും ഊറ്റാണ്‌. ഏതു വരള്‍ച്ചയിലും എളുപ്പം വറ്റിപ്പോക്കാത്ത അനുഭവക്കിണറുകള്‍; ഓര്‍മ്മച്ചെപ്പുകളാണ്‌ വിജയന്‍ മാഷ്‌ അടയാളപ്പെടുത്തിയത്‌ -ചന്ദ്രിക (29/9/10)

3 comments:

സുസ്മേഷ് ചന്ത്രോത്ത് said...

പ്രിയ ശ്രീ കുഞ്ഞിക്കണ്ണന്‍,
ആദ്യമായാണ്‌ താങ്കളുടെ ബ്ലോഗില്‍...
നല്ല ലേഖനമായി ഇത്‌.ഭാവുകങ്ങള്‍...

Kalavallabhan said...

നല്ല ലേഖനം.
വലുതായൊന്നും പറയാനറിയില്ലെങ്കിലും
മലയാള കവിതയ്ക്ക് അടുത്ത ഒരു പാച്ചിലിനു
കിട്ടിയ ഒരു പുതുജീവൻ
എന്നാണു ഒ എൻ വി ക്ക് കിട്ടിയ അവാർഡിനെപ്പറ്റി പറയാനുള്ളത്.

സാക്ഷ said...

വിജയന്‍ മാഷ്‌ നമ്മുടെ കാലത്ത് കുറച്ചെങ്കിലും ജീവിച്ചു എന്നത് നമ്മുടെ ആഹ്ലാദം. അവസാന നാളുകളിലും നമ്മുടെ സമൂഹത്തിനു മുന്നിലെ ഒരസംസ്കൃത വസ്തുവായി മാഷ്‌ മാറ്റി നിര്‍ത്തപ്പെട്ടതെങ്ങിനെ എന്ന ചിന്ത നമ്മുടെ ഖേതവും. ചിതയിലെ ഈ വെളിച്ചം, യജ്ഞശാലയിലെ വെളിച്ചത്തെക്കാളും വിശുദ്ധമായി കാണുന്ന ചിലരെ ങ്കിലുമുണ്ടെന്നത് ആശ്വാസം.
നന്ദി കൂട്ടുകാരാ....