ആനുകാലികം: ജീവിതത്തെ കഥയിലേക്ക് ചേര്‍ത്തുപിടിച്ച ഏതാനും മികച്ച കഥകള്‍ ഒക്‌ടോബറില്‍ ആനുകാലികങ്ങളില്‍ എഴുതിനിറഞ്ഞു. വാക്കിന്റെ രസനാളികൊണ്ട് വായനക്കാരുടെ മനസ്സിനെ സ്‌പര്‍ശിച്ച കഥയെഴുത്തുകാരുടെ നിരയില്‍ കെ. പി. രാമനുണ്ണി, അക്‌ബര്‍ കക്കട്ടില്‍, വി. ആര്‍. സുധീഷ്, ടി. എന്‍. പ്രകാശ്, ചന്ദ്രമതി, ഡോ. ഷാജഹാന്‍ തുടങ്ങിയവരുണ്ട്. മലയാളകഥ വീണ്ടും പറച്ചിലിന്റെ പുതിയ താളവും രാഗവും അനുഭവപ്പെടുത്തുന്നു. കെ. പി. രാമനുണ്ണി ബൈ ബൈ അംബേദ്‌കര്‍ എന്ന കഥയില്‍ എഴുതി: പുറമേക്ക് അല്‍ഭുതവും ആശ്ചര്യവുമാണ് തോന്നുകയെങ്കിലും ഐ. ഒ. പത്മനാഭന്‍ തന്റെ ഏകമകനെ പിങ്കിക്ക് വിവാഹം കഴിച്ചു കൊടുത്തതിന് പിറകില്‍ കഠിനമായ ഗതികേടിന്റെ നിര്‍ബന്ധമുണ്ടായിരുന്നു. ബ്രാഹ്മണ്യത്തിന്റെ ഒന്നാം നമ്പര്‍ ശത്രുവും ദലിതന്റെ സര്‍വണ്ണ അനുകരണങ്ങളോടുപോലും ഒത്തുതീര്‍പ്പ് ഇല്ലാത്തവനും. കീഴാളരുടെ മുഴുവന്‍ അവകാശവാദിയുമാണ് എഴുത്തുകാരന്‍ കൂടിയായ പത്മനാഭന്‍ നേരത്തെ സൂചിപ്പിച്ചിരുന്നുവല്ലോ. താത്ത്വികമായ നിലപാടുകള്‍ പ്രായോഗികജീവിതത്തില്‍ കടുത്ത പ്രതിസന്ധികളാണ് സൃഷ്‌ടിക്കുന്നത്. എറണാകുളത്തെ ടെക്‌നോപാര്‍ക്കില്‍ എഞ്ചിനീയറായ മകന് കല്യാണാലോചന തുടങ്ങിയപ്പോഴാണ് അദ്ദേഹം മനസ്സിലാക്കിയത്.- (മാധ്യമം ആഴ്‌ചപ്പതിപ്പ്). ഡെപ്യൂട്ടി തഹസില്‍ദാര്‍ ഐ. ഒ. പത്മനാഭന്‍ മുംബൈയിലെ പിങ്കി എന്ന പെണ്‍കുട്ടിയെ മകന് കല്യാണം കഴിച്ചുകൊടുത്തതിന് പിന്നില്‍ നിരവധി കഥകളുണ്ട്. കഥാന്ത്യത്തില്‍ രാമനുണ്ണി എഴുതി: മകന്‍ ഷൈജുകുമാര്‍, വേണ്ടച്ഛാ. അതിനി വേണ്ടച്ഛാ. ഈ വാക്കുകളോടെ ബലിഷ്‌ഠമായ കറുത്തകൈ ഏന്തിവന്ന് അംബേദ്‌കറുടെ ചിത്രം വീതിച്ചായത്താല്‍ മായ്‌ച്ചുകളഞ്ഞു. നോക്കുമ്പോള്‍ കടുത്ത ചിന്താമഗ്നതയോടെ ഷൈജുകുമാര്‍ ഐ. ഒ. പത്മനാഭന്റെ അടുത്തുതന്നെ നില്‍ക്കുന്നുണ്ട്. പ്രവാസചന്ദ്രികയില്‍ (ഒക്‌ടോ.ലക്കം) അക്‌ബര്‍ കക്കട്ടില്‍ കഥയുടെ ആവിഷ്‌കരണത്തില്‍ ചില പരീക്ഷണങ്ങള്‍ നടത്തുന്നു. റാസല്‍ഖൈമയിലെ കഥ പറയുകയാണ് കഥാകാരന്‍. പക്ഷേ, റാസല്‍ഖൈമ കഥയില്‍ സജീവമായി കടന്നുവരുന്നില്ല. എന്നാല്‍ എല്ലാഭാഗത്തും റാസല്‍ഖൈമയുണ്ട്. റഫീഖ് അഹ്‌മദും ഉണ്ട്. ജി. അരവിന്ദന്റെ കാഞ്ചനസീതയില്‍ സീത പ്രത്യക്ഷപ്പെടുന്നില്ല. എല്ലാ സീനുകളിലും സീതയുണ്ട്. അക്‌ബറിന്റെ പരാജിതരുടെ സ്‌മാരകത്തിലെ ഒരു സന്ദര്‍ഭം: ഒരസ്വാഭാവികതയുമില്ലാതെ റഫീഖ് അഹ്‌മദിന് സാലംദര്‍മഖിയെ നേരിടാനായി ഉത്തരം ബാക്കിയായി കിടക്കുകയായിരുന്നു. ആ ചോദ്യം പുറത്തെടുക്കാനായി അഥവാ അയാള്‍ അയാളെത്തന്നെ പുറത്തേക്കിട്ടു. റഫീഖ് അഹ്‌മദ് ചോദിച്ചു: സാലം ഇനി പറയാമോ? ആര്‍ക്ക് പാഠമാകാനാണ് പരാജിതരുടെ സ്‌മാരകം പണിതിരിക്കുന്നത്. സാലം ദര്‍മഖി ചിരിക്കാന്‍ തുടങ്ങി. പതുക്കെപ്പതുക്കെ റഫീഖ് അഹ്‌മദും.-മനോഹരമായി കഥാന്തരീക്ഷവും പ്രമേയവും അവതരിപ്പിക്കുന്നു. സൈലന്‍സര്‍ എന്ന കഥയില്‍ വൈശാഖന്‍ പറയുന്നു: അന്നു പുലര്‍ച്ചയ്‌ക്ക് അഞ്ചുമണി കഴിഞ്ഞപ്പോള്‍ ചേറൂര്‍ റോഡിലെ ചില വീടുകളില്‍ കിടന്നുറങ്ങിയിരുന്നവര്‍ ഒരു ഞെട്ടലോടെ ഉണര്‍ന്നെണീറ്റൂ. കുറെ നേരം റോഡിലേക്ക് നോക്കിയിരുന്നു. പിന്നീട് വല്ലാത്ത ഒരു ശൂന്യതാബോധത്തോടെ അവര്‍ ദിനചര്യകളില്‍ മുഴുകി.- ഈനാശുവിന്റെ വിഭ്രാന്തികളുടെ ലോകം കഥാകാരന്‍ വിവരിക്കുന്നു.-(മാതൃഭൂമി, ഒക്‌ടോ.11). മലയാളത്തില്‍ അടുത്തിടെ എഴുതപ്പെട്ട മികച്ച കഥകളിലൊന്നാണ് വൈശാഖന്റെ സൈലന്‍സര്‍. ഇവിടെ ഒരു ടെക്കി എന്ന കഥയില്‍ ചന്ദ്രമതി വായനക്കാരെ ആഗോള സാമ്പത്തികപ്രതിസന്ധിയിലേക്കാണ് കൂട്ടിക്കൊണ്ടുപോകുന്നത്. ഒരു തൊഴില്‍ നഷ്‌ടപ്പെടുക എന്നത് ചിന്തിക്കാന്‍പോലും കഴിയാത്ത സ്ഥിതിയില്‍ ജീവിക്കുന്ന ഒരാളുടെ ലോകം കരുത്തുറ്റ ശൈലിയില്‍ ആവിഷ്‌കരിക്കുന്നു: ആഗോള സാമ്പത്തിക പ്രതിസന്ധിയുടെതായ ഈ കാലത്ത് വിഘ്‌നേശ്വരനായ എന്റെ ഭഗവാനേ, എന്റെ മുമ്പില്‍ വിഘ്‌നങ്ങളുയര്‍ത്തരുതേ, ഇനിയൊരു ജോലിക്കായി റെസ്യൂമെ എന്നൊരു കുരിശ് എന്നെക്കൊണ്ട് ചുമപ്പിച്ച് പ്രദര്‍ശനവസ്‌തുവാക്കരുതേ. ഈ കമ്പ്യൂട്ടര്‍ വേഗം പ്രവര്‍ത്തനക്ഷമമാവുകയും ഇന്ന് ഇന്നലെപ്പോലെത്തന്നെയാവുകയും ചെയ്‌താല്‍ പഴയങ്ങാടിയിലെ അങ്ങയുടെ ക്ഷേത്രത്തില്‍ ഞാന്‍ 101 തേങ്ങ പൊളിച്ചേക്കാമെ! പെട്ടെന്ന് പ്രാര്‍ത്ഥന വിജയന്റെ മനസ്സില്‍ തടഞ്ഞുനിന്നു. അച്ഛന്റെ ഗതകാല വാക്കുകളാണ് അതിന് തടയിട്ടത്. ങ്‌ഹാ, ഇതാണ് നമ്മുടെ കുഴപ്പം. വളരെ അടുത്ത ഭൂതകാലത്തില്‍ നിന്നും അച്ഛന്‍ പറയുകയാണ്. - വായനക്കാരുടെ മനസ്സില്‍ ആഴത്തില്‍ സ്‌പര്‍ശിക്കുന്ന കഥ. വി. ആര്‍. സുധീഷ് ഭവനഭേദനം എന്ന കഥയില്‍ രണ്ടു മോഷ്‌ടാക്കളുടെ കഥ പറയുന്നു. കഥയിലൊരിടത്ത് സുധീഷ് എഴുതി: അര്‍ദ്ധരാത്രിയില്‍ തുരന്നു കയറേണ്ടുന്ന അപ്പാര്‍ട്ട്‌മെന്റിനെ ലക്ഷ്യമാക്കി ജഗന്നാഥന്‍ നടന്നുനീങ്ങുകയാണ്. അയാളുടെ കൈയിലുള്ള ചാക്കുതുണിയുടെ ബിഗ്‌ഷോപ്പറില്‍ പച്ചച്ചീര കൊണ്ട് മൂടിയ കമ്പിപ്പാരയും കഠാരയും കട്ടവും കമ്പിക്കൂട്ടങ്ങളും പ്ലാസ്റ്റിക് കയറും ഇരുമ്പുപൈപ്പും കൈയുറയുമെല്ലാമുണ്ട്.- ഇനി നമുക്ക് രണ്ടു മോഷ്‌ടാക്കളെ ശ്രദ്ധിക്കാം. കഥാന്ത്യത്തില്‍ നീലകണ്‌ഠനും ജഗന്നാഥനും മോഷ്‌ടിക്കാന്‍ കയറിയ വീട്ടിലേക്ക് കഥാകാരന്‍ എഴുത്തിന്റെ ജാലകം തുറന്നിടുന്നതിങ്ങനെ: നീലകണ്‌ഠന്‍ ചൂണ്ടിക്കാട്ടിയ മുറിയില്‍ നിന്നും നേര്‍ത്ത ഒരു ഞരക്കം അവര്‍ കേട്ടു. ടോര്‍ച്ച് തെളിച്ചപ്പോള്‍ തലപൊട്ടിത്തകര്‍ന്ന് കട്ടിലില്‍ കിടക്കുകയാണ് ഗൃഹനായകന്‍. അരികില്‍ തോക്കുണ്ട്. ബെഡ്‌ഷീറ്റ് കൈയില്‍ ചുരുട്ടി പിടിച്ചിട്ടുണ്ട്. പോകാം നീലാണ്ടാ...സ്വര്‍ണ്ണമെടുക്കണ്ടേ. വേണ്ട. അലമാര തുറന്നുനോക്കിയാലോ. വേണ്ട. നീലാണ്ടാ. ഇതെന്നാ ഇവര്‍ ഇങ്ങനെ. നമ്മളെന്തിനാ അതൊക്കെ. പോകാം. നമ്മളും കുടുങ്ങും. ജഗന്നാഥന്‍ വാതില്‍ തുറന്നു. തൂണിനോട് ചാരിവെച്ച ബിഗ്‌ഷോപ്പര്‍ കൈയിലെടുത്തു. വെളിച്ചമണച്ച് വാതില്‍ചാരി അവര്‍ പുറത്തേക്കിറങ്ങി.-(മാതൃഭൂമി, ഒക്‌ടോ.25). പകര്‍ച്ചപ്പനി എന്ന കഥയില്‍ ടി. എന്‍. പ്രകാശ് പനികാലമാണ് എഴുതിയത്. പനിബാധിച്ച ഭാര്യയെ ചികിത്സിക്കാന്‍ ഭര്‍ത്താവ് ഡോക്‌ടറെതേടുന്നു. ആദ്യം അയാള്‍ ഭാര്യയെ കാലത്ത് അടുക്കളയില്‍ കാണാതായപ്പോള്‍ പലതും ചിന്തിക്കുന്നു. ഒടുവില്‍ ഭാര്യ ബെഡ്‌റൂമില്‍ പനിബാധിച്ച് കുഴഞ്ഞുകിടക്കുന്നു. കഥാകാരന്‍ കാര്യങ്ങളെല്ലാം സവിസ്‌തരം വര്‍ണ്ണിക്കുന്നു. കഥാന്ത്യത്തിലെത്തുമ്പോള്‍ കഥ വര്‍ത്തമാന രാഷ്‌ട്രീയാവസ്ഥയില്‍ ചെന്നുതൊടുന്നു: പകര്‍ച്ചപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി. ആരോഗ്യമന്ത്രി. പൊട്ടിപ്പൊട്ടിച്ചിരിക്കാനും വിങ്ങിവിങ്ങിക്കരയാനും കഴിയാത്ത ഇടുങ്ങിയ ഗര്‍ത്തത്തില്‍ വീണ് എന്നന്നേയ്‌ക്കുമായി അസ്‌തമിച്ചുപോയെങ്കില്‍...! ഒരുവേള അയാള്‍ വെറുതെ പ്രാര്‍ത്ഥിച്ചു.- ( മലയാളം വാരിക, ഒക്‌ടോ.23). ഡോ. എ. ഷാജഹാന്റെ മഹാനഗരം എന്ന കഥ നോക്കുക. സാഹിത്യരചനയുമായി കമ്പോളത്തിലെത്തുകയാണ് അയാള്‍. അവിടെ വിചിത്രമായ പലകാഴ്‌ചകളും. അയാളെ കാത്തിരിക്കുന്നത് വ്യത്യസ്‌ത സ്വീകരണ ഇടങ്ങളും. ഒരിടത്ത് ചോദ്യങ്ങളില്ല. എല്ലാവരോടും ഒത്ത് കഴിയാം. പക്ഷേ, പലവിധ ജനങ്ങള്‍. എന്നാല്‍ മറ്റൊരിടത്ത് ചോദ്യങ്ങളും നിയമാവലികളും. അയാളുടെ കൈയിലുള്ള രചനയാണ് വിഷയം. അല്ലെങ്കില്‍ എല്ലാവരിലും ഉത്‌കണ്‌ഠ സൃഷ്‌ടിക്കുന്നത് അതാണ്. കഥയില്‍ നിന്നും: പൊടിയിലും ചെളിയിലും അപമാനത്തിലും ഭത്സനത്തിലും മുഷിഞ്ഞ്, എല്ലാറ്റിനോടും പൊരുതുന്ന ഒരു ദിനം......അയാള്‍ സാഹിത്യനഗരത്തിലെ വിചിത്രജീവികളുടെ ഇടയില്‍ അകപ്പെടുന്നു. അയാളുടെ കൈയിലെ ഏടിലേക്ക് നിര്‍വ്വികാരം തുറിച്ചുനോക്കുകയും പിന്നെ മൗനം പാലിക്കുകയും ചെയ്യുമ്പോള്‍, നിങ്ങള്‍ക്ക് സങ്കടം തോന്നാം. പ്രത്യാശയോടെ ഗ്രാമത്തിലേക്ക് തിരിച്ചുവന്ന് ആ ഏട് കൂട്ടുകാരെ കാണിക്കുന്നു. ഭാഷാപോഷിണിയില്‍ (ഒക്‌ടോ.ലക്കം) കരുണാകരന്റെ ആട്ടം എന്ന കഥയില്‍ മേയ്‌ക്കപ്പ്‌മാന്റെ ഭാര്യ അയാളോടു ചോദിച്ചത് ഇപ്പോള്‍ അയാള്‍ വീണ്ടും ഓര്‍ക്കുന്നു: ആ ശബ്‌ദം ആരുടെ! പുരുഷന്റെയോ, സ്‌ത്രീയുടെയോ? മേയ്‌ക്കപ്പ്‌മാന്‍ സെറ്റില്‍ ദൂരെ നോക്കി. നൃത്തസംവിധായികയോടൊപ്പം അവരുടെ ചുമലില്‍ കയ്യിട്ട് പരവശയെപ്പോലെ വരുന്ന അഭിനേത്രിയെ കണ്ടു. സെറ്റിലെത്തുമ്പോള്‍ എല്ലാവരും അവിടേക്കു നീങ്ങുന്നു. അയാള്‍ എഴുന്നേറ്റു. കേട്ടുമറന്ന ആ പഴയപാട്ടിന്റെ വരികള്‍ ഓര്‍ത്തു. പിന്നെ പാടി. ആണിന്റെയോ, പെണ്ണിന്റെയോരച്ചയില്‍ മണ്‍കുടങ്ങളുടെ കൂട്ടം പെട്ടെന്നുവന്ന കാറ്റില്‍ തുറന്നിട്ട ശബ്‌ദം പോലെ. അംബാസമുദ്രത്തിലെ മണല്‍ എന്ന കഥയില്‍ (മലയാളം വാരിക, ഒക്‌ടോ.9) പ്രഭാകരന്‍ വയലാ പറയുന്നു: നീയിത്രയൊക്കെ പ്പറയുമ്പം ഞാന്‍ എന്തിനാ വേണ്ടെന്നു വയ്‌ക്കുന്നത്. വേലുച്ചാമി മുന്നിലും മണികണ്‌ഠന്‍ പിന്നിലുമായി വയല്‍പ്പറമ്പിലൂടെയും തെങ്ങിന്‍തോപ്പിലൂടെയും നടന്ന്. കരിമ്പുതോട്ടത്തിന്റെ അരികില്‍ അണ്ണാച്ചി കാത്തുനില്‍ക്കുകയാണ്. അതുതാന്‍ അന്ത അണ്ണാച്ചി. മണിയണ്ണന്‍ ചെല്ല് ഞാന്‍ ഇങ്കേ നില്‍ക്കാം. മണികണ്‌ഠന്‍ മുന്നോട്ടു നടക്കുമ്പോള്‍ അണ്ണാച്ചി അടുത്തു വന്നു: പെമ്പിള വേണോ. ശിന്നപ്പൊണ്ണേ, അമ്പതുരൂപാ പോതും.. കഥയുടെ കണ്ണാടിയിലൂടെ ജീവിതത്തിന്റെ മറ്റൊരു മുഖം വരയ്‌ക്കുന്നു.
കഥാപുസ്‌തകം: വിവിധ ഭാരതീയ ഭാഷകളിലെ പത്തു എഴുത്തുകാരുടെ രചനകളാണ് നവഭാരതീയ കഥകള്‍. സുനില്‍ ഗംഗോപാധ്യായ, നിര്‍മ്മല്‍ വര്‍മ്മ, പ്രതിഭാറായ്, ഗുര്‍ദയാല്‍സിങ്, കമലേശ്വര്‍, ഡോ. പ്രഫുല്‍ എന്‍ഡേവ്, അസ്‌മത് മലീഹാബാദി, നാഗപതി ഹെഗ്‌ഡെ, എല്‍. ആര്‍. സ്വാമി, അശോക് ബാചുല്‍കര്‍ എന്നിവരുടെ കഥകള്‍. ഇന്ത്യന്‍ ജീവിതത്തിന്റെ പരിഛേദമാണ് ഈ രചനകള്‍. മനുഷ്യജീവിതത്തിന്റെ നിസ്സാഹയതയും നിസ്സാരതയും കണ്ണീരില്‍മുക്കി അടയാളപ്പെടുത്തുന്ന കഥകള്‍. ഈ പുസ്‌തകം വായിച്ചു കഴിയുമ്പോള്‍ ഏതൊക്കെ കഥകളാണ് നമ്മുടെ കണ്‍മുമ്പില്‍ ബാക്കിയാവുക? ഉത്തരം ലളിതം ഈ സമാഹാരത്തിലെ എല്ലാ കഥകളും. കഥാപാത്രങ്ങളും. എല്ലാ ഭാഷകളിലും കിടന്ന് മനുഷ്യന്‍ നിലവിളിക്കുകയാണ് എന്ന് നവഭാരതീയ കഥകള്‍ വ്യക്തമാക്കുന്നു. അവതാരിക എം. എന്‍. കാരശ്ശേരി. പരിഭാഷ കെ. എം. മാലതി.-(ഡിസി ബുക്‌സ്, 60രൂപ). ബോഗ്‌കഥ: അശോകന്‍ വി. പി.യുടെ ചുവന്ന വൈറസുകളുടെ കാലം എന്ന കഥയില്‍ നിന്നും: ശരിയാണ് മറ്റുള്ളവരുടെ വേദന നമ്മളേയും രോഗികളാക്കി മാറ്റുന്നുണ്ട്. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നു മാറി പരിത്യാഗിയെപ്പോലെ ഓഫീസില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ആരൊക്കെയാണ് തുറിച്ചു നോക്കിയിരുന്നത്? പറയുന്നവരുടെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ ആരുമില്ല. ഒരു ജീര്‍ണ്ണാവസ്ഥയിലായിരിക്കാം എനിക്കീ രോഗം പിടിപെട്ടിട്ടുണ്ടാവുക.- കഥയില്‍ അശോകന്‍ വരുത്തുന്ന ട്വിസ്റ്റ് ഇങ്ങനെ: നാസറിന് ഇപ്പോള്‍ സ്വന്തം തിയറികള്‍ തള്ളിപ്പറഞ്ഞുകൊണ്ട് രാജ്യം വിട്ടുപോകുന്ന നീണ്ടതാടിയും കഷണ്ടിത്തലയുമുള്ള ഗലീലിയോവിന്റെ മുഖമായിരിക്കും.- അല്‌പം കുസൃതിയോടെ കഥാകൃത്ത് പറയുന്നു: ഡോക്‌ടര്‍ നാസര്‍ ഇന്നുമതല്‍ രോഗികളുടെ തല പരിശോധിക്കുന്നത് പാര്‍ട്ടി വിലക്കിയിരിക്കുന്നു. -ഒരു പ്രവാസി ജീവിതത്തിലേക്ക് ഇറങ്ങിനില്‍ക്കുന്ന ആഴക്കാഴ്‌ചയാണ് ഈ കഥ അനുഭവപ്പെടുത്തുന്നത്. പ്രവാസലോകം ബ്ലോഗില്‍ ഡോ. ശ്രീരേഖ പറയുന്ന കഥയ്‌ക്ക് പുതുമയൊന്നും ഇല്ല. സാധാരണരീതിയില്‍ ഒരു കഥ കെട്ടിപ്പൊക്കുകയാണ് കഥാകാരി. കഥയുടെ ആരംഭം: മേടക്കാറ്റിന്റെ ചുടുനിശ്വാസമേറ്റ് പൊള്ളിയാണ് വാസന്തി ഉണര്‍ന്നത്.- ഇങ്ങനെയൊരു തുടക്കം കാണുമ്പോള്‍തന്നെ വായനക്കാര്‍ ഇക്കാലത്ത് ഓടിയൊളിക്കും. മറ്റൊരു സന്ദര്‍ഭം: ഒറ്റ ജാലകം പോലും ഇല്ലാത്ത ഈ മുറിയില്‍ മിഴികള്‍ പാതിയടച്ച് വാസന്തി മയക്കത്തിലേക്ക് വീഴുന്നു. ഡോ. ബാല എഴുന്നേല്‍ക്കാന്‍ മറന്ന് വാസന്തിയെ നോക്കിയിരുന്നു. മോഹിപ്പിക്കുന്ന ഒരു ജനല്‍ക്കാഴ്‌ചയിലേക്ക് മിഴിതുറക്കാന്‍ വേണ്ടി അവള്‍ മയങ്ങുന്നു. അകലെ സന്ധ്യയുടെ ചിതയൊരുങ്ങുന്നു-(അടയാത്തജാലകം എന്ന കഥ). ലളിതമായി പറയുന്ന കഥ വൃഥാസ്ഥൂലത കൊണ്ട് തലകുനിച്ചുനില്‍ക്കുന്നു. കാമ്പസ്‌കഥ :കാമ്പസില്‍ കഥകള്‍ക്ക് പഞ്ഞമില്ല. എന്നാല്‍ വഴിമാറിയെഴുതപ്പെടുന്ന കഥകള്‍ ശക്തമല്ല. പരമ്പരാഗത രീതിയില്‍ കഥപറഞ്ഞുപോകുന്നവരാണധികവും. കാമ്പസ്‌കഥയുടെ നിശ്ചലത പ്രതിഫലിപ്പിക്കുന്ന രചനകളില്‍ നിന്നും- എഴുതാനിരുന്നപ്പോള്‍ മനസ്സ് അസ്വസ്ഥമായി. മാഷ് റൈറ്റിംഗ് പാഡിലെ വെള്ളക്കടലാസുകളില്‍ താന്‍ കോറിയിട്ട അക്ഷരങ്ങളിലേക്ക് നോക്കിയിരുന്നു. പെട്ടെന്ന് അക്ഷരങ്ങളില്‍ നിന്ന് ഒരു രൂപം ഉടല്‍പൂണ്ടു. തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ മാഷിനായില്ല. ആ രൂപം വലുതായി. ഒരു പെണ്‍കുട്ടിയുടെതായി അദ്ദേഹത്തിന്റെ മുന്‍പില്‍ വന്നുനിന്നു. സാര്‍, ഇവര്‍ക്കെല്ലാവര്‍ക്കും എന്‍രെ ഛായയല്ലേ?- (സുധീഷ് കെ. കാഞ്ഞങ്ങാട് എഴുതിയ പര്യായങ്ങള്‍-മാതൃഭൂമി മാഗസിന്‍, ഒക്‌ടോ.25). വ്യാപാരം എന്ന കഥയില്‍ രശ്‌മി പി. രാജ് എഴുതി: ഒരിക്കല്‍പോലും തുറന്നുനോക്കാന്‍ ഞാന്‍ ആഗ്രഹിക്കാത്ത അവയുടെ പേജുകള്‍ അതുവഴി വന്ന ഇലംകാറ്റ് എന്നെ വായിച്ചു കേള്‍പ്പിച്ചു. ഒരു ചെറുപുഞ്ചിരിയോടു കൂടെ അതും പുതിയ മേച്ചില്‍പുറങ്ങള്‍ തേടിപ്പോയി. ഒരു ചെറിയ ഇടവേളയ്‌ക്കുശേഷം ഞാന്‍ മനസ്സിലാക്കി. ആ കണക്കുകളെല്ലാം തന്നെയും തെറ്റായിരുന്നുവെന്ന്.-(മാതൃഭൂമി,ഒക്‌ടോ.8). ആര്‍ക്കാണ് ജീവിതത്തില്‍ ലാഭം കൊയ്യാന്‍ സാധിക്കുന്നത് എന്നൊരു ചോദ്യം കഥാകാരി ഉന്നയിക്കുന്നു. എങ്കിലും കഥയെഴുത്തിന്റെ കാലികമാറ്റത്തിലേക്ക് ഇറങ്ങിനില്‍ക്കാന്‍ വിമുഖത കാണിക്കുകയാണ് പുതിയ ശബ്‌ദങ്ങളും. വിവേക് സി. വി.ക്ക് പറയാനുള്ളത് മറ്റൊന്ന്: പുറംലോകം അയാള്‍ക്ക് അജ്ഞാതമായിരുന്നു. പെട്ടൊന്നൊരു ദിവസം അയാള്‍ക്ക് തോന്നി. ഈ തടവറ മാത്രമല്ല, ലോകം. ഇകിന് പുറത്തും വിശാലമായ ഒരു വലിയ ലോകമുണ്ട്. വെളിച്ചത്തിന്റെ മായികലോകം. പക്ഷികളുടെ ലോകം. നിറങ്ങളുടെ ലോകം. പൂക്കളുടെ ലോകം.. ഇതൊക്കെ ഞാനെത്ര നാളായി കണ്ടിട്ട്.. എനിക്ക് പുറത്തുകടക്കണം-(തടവറയിലെ സൂര്യന്‍, മാതൃഭൂമി ഒക്‌ടോ.11). അസ്വാതന്ത്ര്യത്തിന്റെ കയ്‌പ്പും കുതിപ്പിന്റെ തീക്ഷ്‌ണതയും വിവേകിന്റെ രചനയില്‍ തങ്ങിനില്‌പുണ്ട്. എഴുത്തകം: ജനശക്തിയില്‍(ഒക്‌ടോ.19) ബാബുഭരദ്വാജ് എഴുതി: ഷെഹറാസേദ് കഥ പറഞ്ഞത്, പറഞ്ഞുകൊണ്ടിരുന്നത് മരണത്തെ ആവുന്നത്ര അകലേക്ക് മാറ്റിനിര്‍ത്താനാണ്. സ്വന്തം മരണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മാത്രമല്ല, ആയിരത്തിയൊന്ന് സ്‌ത്രീകളെയെങ്കിലും മരണത്തില്‍ നിന്ന രക്ഷപ്പെടുത്താനാണ്. ആയിരത്തിയൊന്ന് ഒരു സംഖ്യ മാത്രമാണ്. ഒരു മനുഷ്യകുലത്തെ മുഴുവന്‍ രക്ഷപ്പെടുത്താനുള്ള നിയോഗമാണ് അവര്‍ ഏറ്റെടുത്തത്. അങ്ങിനെ കഥപറച്ചിലിന്റെ ആദ്യത്തെ തമ്പുരാട്ടിയായി ഷെഹറാസേദ്. എഴുത്ത് ഒരു നിയോഗമായി ഏറ്റെടുക്കുന്ന ലോകത്തിലെ എല്ലാ എഴുത്തുകാരും ഒരര്‍ത്ഥത്തില്‍ സമൂഹത്തിന്റെയും സംസ്‌ക്കാരത്തിന്റെയും ഒരു ജനജീവിതത്തിന്റെയും ദാരുണമായ മരണത്തില്‍ നിന്ന് ലോകത്തെയും കാലത്തേയും രക്ഷിക്കുകയാണ്.- കാലത്തിലേക്ക് നീട്ടിയെറിയുന്ന അക്ഷരദീപ്‌തിയാണ് ബാബു ഭരദ്വാജ് ഓര്‍മ്മപ്പെടുത്തുന്നത്.-നിബ്ബ്-ചന്ദ്രിക 25/10/2009
4 comments:
അശോകന്‍ വി പിയുടെ പേജിന്റെ ലിങ്ക് ഒന്നു തരാമോ മാഷേ :)
അശോകന്‍ ഈ മെയില്‍ വഴി നല്‍കിയതാണ് കഥ. അദ്ദേഹത്തിന്റെ മെയില്‍
asokan.vp@gmail.com
Dear Sir/Madam
We are a group of youngsters from cochin who are currently doing a website on kerala. which we plan to make the most informative resource available. our website is http://enchantingkerala.org .
you could find more about us and our project here: http://enchantingkerala.org/about-us.php
we came across your website:http://kuppaayam.blogspot.com/,http://boolokakavitha.blogspot.com/
We found your website interesting and noted that the content in your webpage and ours could complement each other. So we kindly request you to have a look at our website and provide a link to it if you think its worth linking to. Ofcourse we'll reciprocate by adding a link to your webpage from ours.
as you can see ours is a collaborative venture wherein many people from different walks of life participate. we also welcome you to be a part of our site, you could help the project by writing articles, providing photos and videos, subscribing to our content and also by recommending it to your friends and relatives.
pls free to contact me for any further clarification needed or even if its just to say hi.
warm regards
For Enchanting Kerala
Bibbi Cletus
Format to be used for linking to Enchanting Kerala.org
Kerala's Finest Portal : Kerala Information
എഴുതുന്നത് വായനയുടെ വലിയ കൂമ്പാരത്തിൽ നോക്കിക്കൊണ്ടാണെന്നറിയാം. എന്നാലും കുറച്ചുകൂടി ഓർഗനൈസ്ഡ് ആയാൽ നന്നായിരുന്നു.
ആശംസകൾ.
Post a Comment