Friday, August 14, 2009

സാക്ഷരകാല വികൃതി

ആമത്തോടിനുള്ളില്‍ ഗ്ലാവുകൂസ്‌ ഒളിച്ചിരിപ്പുണ്ടെന്ന്‌ കരുതി വനദേവതമാര്‍ ആമയെ പിടിച്ച്‌ ഒരു പൊതിക്കെട്ടിനുള്ളിലാക്കി ക്രോണോസിനു സമര്‍പ്പിച്ചു. ക്രോണോസ്‌ പൊതിയഴിച്ചു നോക്കുമ്പോള്‍ ഗ്ലാവുകൂസിനെ പിടിക്കുമെന്നാണ്‌ വനദേവതമാര്‍ കരുതിയത്‌. വനദേവതമാരില്‍ നിന്നും പൊതി വാങ്ങി അഴിച്ചുനോക്കിയ ക്രോണോസ്‌ ആദ്യം കണ്ടത്‌ വൃത്തികെട്ട ആമത്തോടാണ്‌. അദ്ദേഹത്തിന്‌ അറപ്പും വെറുപ്പും തോന്നി. ആകാശത്തില്‍ നിന്ന്‌ ക്രോണോസ്‌ അത്‌ താഴേക്ക്‌ വലിച്ചെറിഞ്ഞു- ഇത്‌ ഗ്രീക്ക്‌ പുരാണം. ക്രോണോസ്‌ ഭൂമിയിലേക്ക്‌ വലിച്ചെറിഞ്ഞ വൃത്തികെട്ട ആമത്തോടു പോലെയാണ്‌ മലയാളത്തിലെ പല പുതുകവിതകളും. വായനയില്‍ അറുപ്പുണ്ടാക്കുന്നവ.
ഏകാന്തതയുടെ തന്റേടമാണ്‌ എഴുത്ത്‌. സ്വത്വാവബോധത്തിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കല്‍. കവിതയുടെ വഴിയും വ്യത്യസ്‌തമല്ല. കവിതയുടെ പൊതുസ്ഥലത്തേക്ക്‌ പ്രവേശനമില്ലാത്ത മണ്‌ഡരിബാധിച്ച വാങ്‌മയങ്ങളാണ്‌ കഴിഞ്ഞ ആഴ്‌ച മലയാളത്തിലെ ആനുകാലികങ്ങളില്‍ നിറഞ്ഞത്‌. വാക്കുകളെ കഴുത്തുഞെരിച്ചു ശ്വാസംമുട്ടിച്ചവരില്‍ ഡി. വിനയചന്ദ്രന്‍, കണിമോള്‍, സലാം കെ. പി., രാജലക്ഷ്‌മി, തനൂജ അകത്തൂട്ട്‌, ടി. വി. സുരേഷ്‌ എന്നിവര്‍ മുന്‍നിരയിലുണ്ട്‌. ഭാഷയുടെ പിടഞ്ഞു മരണമായിരുന്നു ബ്ലോഗുകളിലും.
മുറിവേറ്റ കാലുകളുമായി മുടന്തറിയാതെ രാജാവിനെ ശത്രുക്കളില്‍ നിന്നും രക്ഷപ്പെടുത്തുന്ന കുതിരയെക്കുറിച്ച്‌ എ. അയ്യപ്പന്‍ മാതൃഭൂമിയില്‍ (ഓഗസ്റ്റ്‌്‌9) എഴുതി: വാളില്ലാതെ/ എന്നോടൊപ്പം പൊരുതിയവന്‍/കുതിര/ എന്റെ പരിചയായിരുന്നു. കവിയുടെ പരിച വാക്കുകളും. എഴുത്തിന്റെ അകംകാഴ്‌ചയാണ്‌ അയ്യപ്പന്‍ വരച്ചത്‌.രാഘവന്‍ അത്തോളി പറയുന്നതിങ്ങനെ: സ്റ്റാലിനിസത്തിന്റെ/ ചലിത ചിത്രങ്ങളില്‍ ചിലര്‍/ കോടിയെന്നും കൊടിയെന്നും/ നവസാമ്രാജ്യം ചുട്ടുതിന്നു- (ചിരി, ആഴ്‌ചവട്ടം ഓഗസ്റ്റ്‌ 2). സന്തോഷ്‌ ബാബുവിന്റെ നടപ്പുകാലത്തില്‍ പഴയൊരു നായ എന്ന രചനയില്‍ നിന്നും: ചുണ്ടിനു താഴെ / എന്റെ തീറ്റപ്പാത്രം/ നിറഞ്ഞിരിപ്പല്ലേ- എന്നുമാത്രമല്ല: ഉള്ളിലോരോ കുരയും/ കുത്തിയുണരുമ്പോള്‍/അത്രയും തിടുക്കത്തില്‍ ഞാന്‍/ മൗനിയാകുന്നു മനുഷ്യനെപ്പോലെ (മാധ്യമം).
ജനശക്തിയില്‍ (ആഗസ്‌ത്‌്‌ 1) ബിജോയ്‌ ചന്ദ്രന്‍: ഇപ്പോഴുമറിയില്ല നിനക്ക്‌/ ഇര തേടേണ്ട വിധം/ വാതിലില്ലാത്ത മാളമാ-/ണതിനാല്‍ / ആര്‍ക്കും കേറിയിറങ്ങാമെപ്പോഴും-(മാളം എന്ന കവിത). പുറത്തേക്ക്‌ തൂങ്ങിക്കിടക്കുന്ന വാല്‌, അകത്ത്‌ ഉണ്ടെന്നതിന്‌ അടയാളമാകുന്നു. എങ്കിലും കുരുക്കില്‍ അകപ്പെടുന്നു. ഈ കവിതകളുടെ നിലാവെളിച്ചത്തില്‍ വായനക്കാരുടെ മനസ്സ്‌ അല്‌പനിമിഷമെങ്കിലും തെളിയാതിരിക്കില്ല.കവചത്തില്‍ (ജനശക്തി ഓഗസ്റ്റ്‌1) സലാം കെ. പി. എഴുതി: ഇടയ്‌ക്ക്‌ മാളങ്ങളില്‍ നിന്നും/അശരീരി കണക്കെ/ ഞാന്‍ പൂര്‍വ്വികരുടെ ശബ്‌ദം കേട്ടു.- ഇഷ്‌ടദാനം കിട്ടിയ ഭൂമിയില്‍ എല്ലാ ജന്തുക്കളും വിഹരിക്കുന്നു. എന്നാല്‍ ഒരാള്‍ മാത്രം മൃഗീയമുഖവുമായി നടക്കുന്നു. ബഷീറിന്റെ ഭൂമിയുടെ അവകാശികള്‍ ഉന്നയിക്കുന്നതും മറ്റൊന്നല്ല. സലാമിന്റെ എഴുത്തില്‍ ചോദ്യമുണ്ട്‌. കവിതയില്ല. ജനശക്തിയില്‍ സലാമിന്റെ കവിത വ്യാഖ്യാനിച്ച പി. സുരേന്ദ്രന്‍ കോപിക്കാതിരിക്കട്ടെ!
ഡി. വിനയചന്ദ്രന്‍ പറയുന്നു: അവിടം വിട്ടു/ കവിതയെഴുതാന്‍ ഞങ്ങള്‍/ കന്യാകുമാരിയിലോ ബദരിയിലോ പോകും-(വഞ്ചിനാട്‌, കലാകൗമുദി ഓഗസ്റ്റ്‌9). കൊടുങ്ങല്ലൂര്‍ ഐതിഹ്യവും ചരിതവും കവി വര്‍ണ്ണിക്കുന്നു. വിനയചന്ദ്രന്‍ കവിതയെഴുതാന്‍ ബദരിയില്‍ പോയാല്‍ വഞ്ചിനാട്‌ പോലുള്ള പ്രബന്ധത്തില്‍ നിന്നും ഒരാഴ്‌ചയെങ്കിലും വായനക്കാര്‍ രക്ഷപ്പെടും. കണ്ടത്‌ എന്ന കവിതയില്‍ വിജയലക്ഷ്‌മി എഴുതി: ചെമ്പകത്തൈലം തേച്ചു/ വാസനിച്ചിട്ടും മായാ-/തിങ്ങു തീപ്പൊള്ളല്‍പോലെ/നീറ്റലാം ചോരക്കറ-(മലയാളം വാരിക, ഓഗസ്റ്റ്‌7). മുല്ലനേഴിയുടെ കാവ്യചിത്രം: എഴുന്നേല്‍ക്കാന്‍ പണി/ എങ്കിലുമെന്‍ നാട്‌/ എതിരേല്‍ക്കാനെഴുന്നേല്‌പൂ/സുഹൃത്തേ-(കുളമ്പടിനാദം, മലയാളംവാരിക). വിജയലക്ഷ്‌മിയും മുല്ലനേഴിയും കുറിച്ചിട്ട കാവ്യചിത്രം വായനക്കാര്‍ക്ക്‌ എളുപ്പത്തില്‍ മറക്കാന്‍ കഴിയില്ല. എഴുത്തിന്റെ ദീപ്‌തിയുണ്ട്‌.
കണിമോള്‍ മാധ്യമ(ഓഗസ്റ്റ്‌)ത്തില്‍ എഴുതി: സാരമില്ല/ എന്തുകൊണ്ടെന്നാല്‍/നീ/ ഇന്നേക്കും/ എന്നേക്കും/ എന്നോട്‌/ബന്ധിക്കപ്പെട്ടവനായിരിക്കുന്നു-(ക്രൂശിതന്‍). പായസം എന്ന രചന നോക്കുക: ആറിത്തുടങ്ങിയിട്ടേയുള്ളൂ/ നീര്‍വച്ച, പോളച്ച കൈകളാല്‍ നേദിച്ചതെങ്കിലും/ സ്വാദുപോരാതെ പിഴിഞ്ഞൊരീ പായസം-( തനൂജ അകത്തൂട്ട്‌, മലയാളം). ടി. വി. സുരേഷ്‌: സ്വജാതി ശുദ്ധജാതകം/ സല്‍ഗുണ സമ്പന്നന്‍, തറവാടി/ പത്തില്‍ പത്ത്‌ പൊരുത്തം/പത്തുലക്ഷം, മാരുതികാറും ഉറപ്പിച്ചു-( ആഴ്‌ചവട്ടം, ഓഗസ്റ്റ്‌ 2). കലാകൗമുദിയില്‍ (ഓഗസ്റ്റ്‌9) രാജലക്ഷ്‌മി: അന്തസാര ശൂന്യമായ/ ഈ അനിവാര്യതയുടെ അവസ്‌ഥയില്‍/ അസ്ഥിപഞ്‌ജരത്തിലേക്ക്‌/മടങ്ങിപ്പോവുകയാണ്‌/ ചിന്തകളും വിവേകവും വികാരവുമെല്ലാം-(തിരിച്ചൊഴുക്ക്‌). ഇവയൊക്കെ കവിതയാണെന്ന്‌ രചയിതാക്കള്‍പോലും അവകാശപ്പെടാനിടയില്ല.
രമേശന്‍ വില്ല്യാപ്പള്ളി ഓര്‍മ്മ (സ്റ്റാര്‍ന്യൂസ്‌വീക്ക്‌) എന്ന രചനയില്‍ പറയുന്നു: ആല്‍ബം മറിക്കുമ്പോള്‍/അമ്മയുടെ നിസ്സംഗമായ മുഖം. ഒരു ആല്‍ബത്തിന്റെ തുറന്നടയ്‌ക്കലില്‍ നിന്നും ജീവിതത്തിന്റെ സമഗ്രത വായിച്ചെടുക്കാനുള്ള ശ്രമമാണ്‌ രമേശന്‍ നടത്തിയത്‌. ആല്‍ബം അടയ്‌ക്കുമ്പോള്‍ എവിടെനിന്നോ ഒരു തേങ്ങല്‍. അത്‌ വായനക്കാരുടെ നെഞ്ചില്‍ നിന്നാകാനിടയില്ല.
ബ്ലോഗ്‌കവിത
പുതുകവിതാബ്ലോഗില്‍ സുനില്‍കുമാര്‍ എം. എസ്‌: ഊതിയൂതി/ അടുപ്പിനെ തോല്‍പിച്ച്‌/രാത്രി വിശപ്പിന്‌/ മരുന്ന്‌ കുറുക്കുന്നയമ്മ- (വയലുംവീടും). ശ്രീജിത്ത്‌ അരിയല്ലൂര്‍ ചിറാപ്പുഞ്ചിയില്‍ എഴുതി: എപ്പോഴും/ മഴപെയ്യുന്ന ഇടത്തെ/ ചിറാപ്പുഞ്ചി/എന്നു വിളിക്കും./എപ്പോഴും/ വെയില്‍ പെയ്യുന്ന ഇടത്തെ/മനസ്സെന്നും. ചിന്തയിലെ സംക്രമണം ബ്ലോഗില്‍ നിന്നും: മേഘങ്ങളുടെ പ്രാര്‍ത്ഥനയുടെ/യാത്രകള്‍ക്കും കുറുകെ/ഗ്രഹങ്ങളുടെ കൈവിരലുകള്‍/ പെണ്‍കുഞ്ഞങ്ങളെ/ നടക്കാന്‍ പഠിപ്പിക്കുന്നുണ്ട്‌.-(മകള്‍- നസീര്‍ കടിക്കാട്‌). തര്‍ജ്ജനിയില്‍ കെ. എം. ഷെരീഫ്‌: കണ്ട കളി പറയാന്‍/ഒരു ജന്മം മുഴുവനോ?/ ഏതു വാക്കും പഴയ/ ചാക്കാകുമെന്ന്‌-/ഞങ്ങള്‍ക്ക്‌ പണ്ടേയറിയാം-(പോ, മോനേ ദറീദാ). ബൂലോക കവിതാബ്ലോഗില്‍ കലാം ഒരു ജനതയുടെ തലവിധിയെഴുതുന്നു: മാനത്തേക്ക്‌ നോക്കാതെ സ്വീകരിക്കുക/ പൊട്ടി ചിതറുന്ന അഗ്നിപ്പൂക്കള്‍. ബ്ലാഗുകവിതകള്‍ക്ക്‌ അമിത സ്വാതന്ത്ര്യം ഭാരമാകുന്നുണ്ട്‌. എഴുത്തിന്‌ മാധ്യമമല്ല പ്രധാനം; അര്‍പ്പണമാണ്‌. മിക്ക ബ്ലോഗുകവികള്‍ക്കും ഇല്ലാത്തതും മറ്റൊന്നല്ല.
കവിത എന്ന പേരിലിറങ്ങിയ മുള്ളുവേലികളില്‍ നിന്നും മുറിവേറ്റവര്‍ക്ക്‌ ആശ്വാസമാണ്‌ എന്‍. പ്രഭാകരന്റെ വരികള്‍: സ്‌നേഹത്തിനും വെറുപ്പിനും/ പഴകാനുള്ള ഇടം നല്‍കാതെ/ അലഞ്ഞലഞ്ഞൊടുങ്ങുകയെന്ന ആഗ്രഹം/ അവസാന നിമിഷങ്ങളിലും/ എന്റെ നെഞ്ചില്‍ കിടന്ന്‌/ വിങ്ങുന്നുവല്ലോ എന്നോര്‍ത്ത്‌/പക്ഷേ, സുഹൃത്തേ, വല്ലാതെ വേദനിച്ചു ഞാന്‍. -(മൂന്നുകവിതകള്‍, മാധ്യമം ഓഗസ്റ്റ്‌10). ആറ്റിക്കുറുക്കി പറഞ്ഞ ജീവിതചിത്രമാണിത്‌.
സൂചന: തമിഴ്‌ കവി അന്‍ ബാതാവന്‍ കാക്കകളുടെ കാലം എന്ന കവിതയില്‍ എഴുതി: ഇതു/ കാക്കകളുടെ കാലമാണ്‌./ സ്വന്തം ശബ്‌ദം/ വേറിട്ടൊരു ശബ്‌ദമെന്ന്‌/ അടയാളപ്പെടുത്തുന്ന/ കാക്കകളുടെ കാലം!-( വിവ: പി. ഹരികുമാര്‍) പുതുകവികള്‍ക്കും ഇതുബാധകമാണ്‌.-നിബ്ബ്‌

No comments: