നേരറിവിന്റെ പുസ്തകമാണ് ചന്ദ്രമതിയുടെ `പേരില്ലാപ്രശ്നങ്ങള്‍'. ന്യൂയോര്‍ക്കില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന `മലയാളം പത്ര'ത്തിന് വേണ്ടി എഴുതിയ ലേഖനങ്ങളുടെ സമാഹാരം. പംക്തിയെഴുത്തില് പലപ്പോഴും പതിഞ്ഞുനില്ക്കാത്ത അനുഭവ സ്പര്‍ശത്തിന്റെ തീവ്രത ഈ പുസ്തകത്തിലെ ലേഖനങ്ങളില്‍ നിറഞ്ഞുനില്‍പ്പുണ്ട്. കഥ പറച്ചിലിന്റെ മാധുര്യവും അവതരണത്തിന്റെ മനോഹാരിതയും ആര്‍ദ്രതയുടെ നീരൊഴുക്കും ചന്ദ്രമതിയുടെ ലേഖനങ്ങളുടെ സവിശേഷതയാണ്. ``പേരില്ലാപ്രശ്നത്തിലേക്ക് കടക്കുമ്പോള്‍ ഓരോ ലേഖനവും വിഷയത്തിലെന്നപോലെ, അവ നമ്മുടെ മനസ്സില്‍ ചേര്‍ത്തുവയ്ക്കുന്ന ജീവിതപാഠങ്ങളും വേറിട്ടുനില്ക്കുന്നു.
ജീവിതാനുഭവങ്ങളുടെ വ്യത്യസ്തതലങ്ങളിലൂടെയുള്ള തീര്‍ത്ഥാടനമാണ് `പേരില്ലാപ്രശ്നങ്ങള്‍'. ആദ്യലേഖനമായ പേരില്ലാപ്രശ്നങ്ങളില് ചന്ദ്രമതി എന്ന എഴുത്തുകാരിയെ സ്വയം പരിചയപ്പെടുത്തുന്നു. ചന്ദ്രമതി എന്ന തൂലികാനാമം സ്വീകരിച്ചപ്പോഴുണ്ടായ പ്രശ്നങ്ങളിലേക്കാണ് വായനക്കാരെ നടത്തിക്കുന്നത്. ഒരു പേരിലെന്തിരിക്കുന്നു എന്നൊക്കെ ഷേക്സ്പിയര് ചോദിച്ചേക്കാം. എന്നാല്‍ പേരിനെ നിസ്സാരമായി കാണാന്‍ കഴിയില്ലെന്നാണ് ഗ്രന്ഥകാരിയുടെ സ്വാനുഭവം വ്യക്തമാക്കുന്നത്. സരസമായി ഒരു വലിയ കാര്യമാണ് ചന്ദ്രമതി ഈ ചെറുലേഖനത്തില്‍ വിശകലനം ചെയ്യുന്നുന്നത്. പത്മതീര്‍ത്ഥമേ ഉണരൂ എന്ന ലേഖനത്തില്‍ തിരുവനന്തപുരത്ത് നടന്ന ഒരു സംഭവത്തെയാണ് നമ്മുടെ ഓര്‍മ്മയിലേക്ക് കൊണ്ടുവരുന്നത്. ക്ഷേത്രകുളത്തില്‍ ഭ്രാന്തന്റെ കൈപ്പിടിയില്പെട്ട് ജീവന് നഷ്ടപ്പെട്ട ഒരാളുടെ ദുരന്തം. അയാള്‍ മുങ്ങിമരിക്കുമ്പോള്‍ നിയമപാലകരും ഫയര്‍ഫോഴ്സുകാരും മറ്റും കാഴ്ചക്കാരായിരുന്നു എന്നതാണ് മനുഷ്യമനസ്സാക്ഷിയെ മുറിപ്പെടുത്തുന്ന കാര്യം. നാമൊക്കെ എത്ര നിസ്സംഗരായി മാറിയിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യമാണ് ചന്ദ്രമതി തൊട്ടുകാണിക്കുന്നത്. സാമൂഹിക മനസ്സിന്റെ പൊതുപ്രവണതയിലേക്ക് വെളിച്ചം നല്കുന്ന മറ്റൊരു സൂചനയാണ് നിര്‍വികാരമാകുന്ന പൊതുജനം എന്ന ലേഖനം. കേള്‍വിക്കാരുടെ എണ്ണംകുറയുന്നു. ആര്‍ക്കും പൊതുവേദികള്‍ക്ക് കാഴ്ചക്കാരോ, കേള്‍വിക്കാരോ ആകാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് മലയാളിയുടെ ജീവിതരീതി മാറിയിരിക്കുന്നു. ഒരു പുസ്തകപ്രകാശന ചടങ്ങിന്റെ അനുഭവത്തിലൂടെയാണ് ചന്ദ്രമതി വിഷയത്തിന് ഊന്നല്‍ നല്‍കുന്നത്. പ്രശ്നക്കുട്ടി, ഒരമ്മയുടെ വിഷമസന്ധി, ടി. പി. കിഷോറിനെക്കുറിച്ചാണ് `മരണത്തിനപ്പുറ'ത്തില്‍ പ്രതിപാദിക്കുന്നത്. സമകാലിക സാമൂഹിക വിഷയങ്ങളാണ് ആയുധരാഷ്ട്രീയം, ടേക്മീ ഹോം തുടങ്ങിയ ലേഖനങ്ങളില്‍ അവതരിപ്പിക്കുന്നത്.
ജീവിതത്തിലെ ചെറുതും വലുതമായ പ്രശ്നങ്ങളും പ്രതിസന്ധികളും അക്ഷരങ്ങളിലൂടെ പകരുമ്പോള്‍ അവയ്ക്ക് കൈവരുന്ന അര്‍ത്ഥവ്യാപ്തിയും സാംസ്കാരികമൂല്യവും നമ്മെ അത്ഭുതപ്പെടുത്തും. ഇങ്ങനെയുള്ള വായനാനുഭവമാണ് ചന്ദ്രമതിയുടെ `പേരില്ലാപ്രശ്നങ്ങള്‍' എന്ന പുസ്തകം അടയാളപ്പെടുത്തുന്നത്. കാവ്യാത്മകമായി ഗൗരവ വിഷയങ്ങള്‍ എങ്ങനെ അവതരിപ്പിക്കാന്‍ സാധിക്കുമെന്നതിന് മികച്ച ഉദാഹരണമാണ് ചന്ദ്രമതിയുടെ എഴുത്ത്. കഥയിലെന്നപോലെ ലേഖനങ്ങളിലും വാക്കിന്റെ അര്ത്ഥസാഗരവും വിശാലതയും കണ്ടെടുക്കുന്ന കൗതുകരമായ കാഴ്ച ഈ കൃതിയിലും വായനക്കാരെ അനുഭവിപ്പിക്കാന്‍ ഗ്രന്ഥകാരിക്ക് സാധിച്ചിട്ടുണ്ട്. പുസ്തകത്തിലെ അവസാനലേഖനമായ `കണ്ണുകളി'ല്‍ ചന്ദ്രമതി എഴുതി: ``ശരീരഭാഷ എന്നൊക്കെ നാം പറയുകയും കേള്‍ക്കുകയും ചെയ്യുന്നു. ശരീരത്തില്‍ ഏറ്റവുമധികം സംസാരിക്കുന്നത് കണ്ണുകളാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. ചുണ്ടുകള്‍ ചിരിയില്‍ വിടര്‍ന്നും ക്രോധത്താല്‍ കോടിയുമൊക്കെ ആശയവിനിമയം നടത്തുമ്പോള്‍ കണ്ണുകള്‍ക്ക് അത്തരം ഗോഷ്ഠികളൊന്നും വേണ്ട. അവയ്ക്ക് ആകെ സാധിക്കുന്ന ഒരേ ഒരു ചലനം ഇമകളുടേതാണ്. അടയ്ക്കുക. തുറയ്ക്കുക. പിന്നെ ഉള്ളില്‍ കൃഷ്ണമണികളുടെ ചലനവും'' എന്നിങ്ങനെ കണ്ണിനെപ്പറ്റി സൂചിപ്പിച്ച് കണ്ണടകളിലേക്കും കണ്ണുനഷ്ടമാകുന്നതിലേക്കും പകരം കണ്ണുകള്‍ തേടുന്നതിലേക്കുമായി ലേഖനം നീണ്ടുപോകുന്നു. ഇങ്ങനെ ഓരോ കാര്യവും നമ്മുടെ മനസ്സില്‍ കിന്നാരംപറയും വിധത്തിലാണ് ചന്ദ്രമതി എഴുതിയിരിക്കുന്നത്.
പേരില്ലാപ്രശ്നങ്ങള്‍
ചന്ദ്രമതി
പ്രസാ: പൂര്‍ണ പബ്ലിക്കേഷന്‍സ്, കോഴിക്കോട്
വില- 100 രൂപ
3 comments:
ഈ പരിചയപ്പെടുത്തല്‍ നന്നായി, മാഷേ.
നന്നായി ഈ പരിചയപ്പെടുത്തല്‍.
വീണ്ടും വീണ്ടും എഴുതുമല്ലൊ.
പരിചയപ്പെടുത്തല്‍ നന്നായി
Post a Comment