Friday, April 11, 2014

വെയില്‍ പൂത്ത നാളില്‍ നന്മ വരും നേരം

വിഷുവിന് ആര്യ -ദ്രാവിഢ കാലഘട്ടത്തോളം പഴക്കമുണ്ട്. സംഘകാലത്തെ പതിറ്റുപത്തില്‍ വിഷു ആഘോഷം പരാമര്‍ശ വിഷയമാണ്. ഐതിഹ്യ പ്രകാരം നരകാസുരനെ ശ്രീകൃഷ്ണന്‍ വധിച്ച ദിനമാണ് വിഷു. നരകാസുരന്റെ ഭരണത്തില്‍ ജനത പൊറുതിമുട്ടിയപ്പോള്‍ അതില്‍ നിന്നുള്ള പ്രതീക്ഷയായിരുന്നു ശ്രീകൃഷ്ണന്‍ നല്‍കിയത.് 
ഉത്തര ദക്ഷിണായനങ്ങള്‍ക്കിടയില്‍ സൂര്യന്‍ ഒത്ത മധ്യത്തിലെത്തി നല്‍ക്കുന്ന ശുഭദിനത്തെ ഇന്ത്യയിലെമ്പാടുമുള്ള കര്‍ഷക സമൂഹം ഏതെങ്കിലും വിധത്തില്‍ വരവേല്‍ക്കുന്നുണ്ട്. കേരളത്തില്‍ അത് വിഷു ആഘോഷമായി കൊണ്ടാടുന്നു. കൊന്നപ്പൂക്കളുടെയും കണിക്കൊന്നയുടെയും പൊന്‍നിറ ശോഭയായി മാറുന്നു.
''പുത്തന്‍ വരിഷത്തിന്‍
പുലരിക്കളി കാണാന്‍
എത്തും കിളി പാടീ
'വിത്തും കൈക്കോട്ടും'
ഒത്തു നിരക്കട്ടെ
വിത്തും കൈക്കോട്ടും''- (വൈലോപ്പിള്ളി)

കൃഷി എന്ന വേലയേയും ഉത്സവമെന്ന വേലയേയും മേളിപ്പിച്ചു കൊണ്ടാണ് വേനലും വിഷുവും വരുന്നത്. മഴയും വിത്തും ഫലങ്ങളും കാണിയൊരുക്കുന്നത്.
ചിങ്ങത്തിലേയും മേടത്തിലേയും മാസപ്പിറവികള്‍ക്കു പ്രാധാന്യം ഏറും. വിഷുഫലം ഒരു വര്‍ഷത്തേക്കുള്ളതാണ്. കണികാണാനും കൈനീട്ടം നല്‍കാനും അലിഞ്ഞു പ്രാര്‍ത്ഥിക്കും. കണികാണല്‍ ചടങ്ങിനുമുണ്ട് സവിശേഷത. ശ്രീകൃഷ്ണവിഗ്രഹത്തിനു മുന്നില്‍ ശുദ്ധമാക്കിയ ദൈവത്തറയില്‍ പിച്ചളത്താലത്തില്‍ അരിയും തേങ്ങാപ്പൂളും വെള്ളരിയും വാല്‍ക്കണ്ണാടിയും കസവും രാശിയും നാരായവും പുസ്തകവും പറയും നിറയും ഗണപതിക്കുള്ള ഒരുക്കങ്ങളും നിറനാഴിയും കതിര്‍ക്കുലയും വെച്ചിരിക്കും. തലേന്ന് കുടുംബത്തിലെ സ്ത്രീകള്‍ അല്ലെങ്കില്‍ മുതിര്‍ന്നവര്‍ ഒരുക്കിവെച്ചിരിക്കുന്ന കണിയുടെ മുമ്പില്‍ തിരിതെളിഞ്ഞാല്‍, കുട്ടികളെ എഴുന്നേല്‍പ്പിച്ച് കണ്ണുംപൂട്ടി കണിയുടെ മുമ്പില്‍ കൊണ്ടുനിര്‍ത്തി കണികാണിക്കുകയാണ് പതിവ്. കണി തരുന്നത് ഒരു പണമായിരിക്കും. എല്ലാവരും കണികണ്ടാല്‍ പിന്നീട് കിഴക്കുവശത്ത് വെച്ച് പ്രകൃതിക്ക് കണികാണിക്കും.
അപകടകരമായ ആലസ്യത്തിന്റേയും അതിരുകടന്ന ആത്മവിശ്വാസത്തിന്റേയും നടുവിലാണ് ഇന്ന് മലയാളി. ഉദാരീകരണത്തിന്റേയും ആഗോളീകരണത്തിന്റേയും മധുരവാഗ്ദാനങ്ങള്‍ മലയാളിയെ ആവോളം ആവേശം കൊള്ളിക്കുന്നുണ്ട്. മതില്‍ക്കെട്ടിനുള്ളില്‍ ഗൃഹാന്തരീക്ഷത്തിന്റെ തടവറയില്‍ വിശാലമായ ലോകം രുചിച്ചറിയുന്ന നൂതന മധ്യവര്‍ഗത്തിന്റെ ജ്വരങ്ങള്‍ കേരളത്തില്‍പോലും സ്വീകരിക്കപ്പെട്ടിരിക്കുന്നു. കലുങ്കല്‍ഭിത്തിയില്‍ പെട്ടിക്കടകൡും ഇരുന്ന് ദക്ഷിണാഫ്രിക്കന്‍ മുന്നേറ്റവും ലാറ്റിനമേരിക്കന്‍ ചെറുത്തിനില്‍പ്പും ചര്‍ച്ച ചെയ്തിരുന്ന മലയാളി ഇപ്പോള്‍ സൈബര്‍യുഗത്തിന്റെ ലാഭോത്തേജിതമായ സ്വപ്നങ്ങളില്‍ അമര്‍ന്നിരിക്കുകയാണ്. ജീവിതം മത്സരങ്ങളാക്കി മാറ്റി ചരിത്രവും ഐതിഹ്യങ്ങളും സങ്കല്‍പങ്ങളും ആകാവുന്നത്ര ദൂരത്തേക്ക് മാറ്റിക്കൊണ്ടിരിക്കുന്ന മലയാളിയുടെ പ്രകൃതിയിലേക്ക് വീണ്ടും പ്രകൃതിയുടെ ഉത്സവമായി വിഷുപ്പുലരി വന്നുപെടുന്നു.
പണ്ട് മലയാളി കാത്തിരുന്ന നാളാണ് മേടപ്പുലരിയുടെ പൊന്‍കണി. മലയാളിയുടെ മനസ്സിലേക്ക് പുതുവര്‍ഷ നിനവുകളുടെ മഞ്ഞനാമ്പുകള്‍ ചൂടി കണിക്കൊന്ന നിറയുന്ന കാലം. കച്ചവടതന്ത്രങ്ങളുടെ വലയത്തിലും സ്‌നേഹവും അകവെളിച്ചവും കെട്ടുപോകുന്ന ദുരന്തത്തിലും ഇറങ്ങിനില്‍ക്കുന്ന മലയാളിക്ക് വസന്തത്തിന്റെ ശ്രുതികളുതിര്‍ത്ത് എങ്ങുനിന്നോ പറന്നെത്തുന്ന വിഷുപ്പക്ഷികളെ എതിരേല്‍ക്കാന്‍ സമയം അനുവദിക്കുമോ? ജീവിതത്തിന്റെ ബദല്‍ക്കാഴ്ച നഷ്ടപ്പെടുന്ന മലയാളിയുടെ ജഡാവസ്ഥയിലേക്കാണ് വിഷു-സംക്രമണോല്‍ത്സവം വന്നു നിറുന്നത്.
വേനലിന്റെ ദുരിതഭൂമിയില്‍ കനത്തുനില്‍ക്കുന്ന മീനത്തിന്റെ അറുതി. കിനാവിന്റെ നിറകുംഭവുമായി മേടത്തിന്റെ നാന്ദി.... അറിയപ്പെടാത്ത പാതാള തമസ്സില്‍ നിന്നും ആര്‍ദ്രമനസ്‌കയായി പെരുമാള്‍ തിരിച്ചെഴുന്നെള്ളുകയാണ് ഭൂമിയിലേക്ക്...മലയാളത്തിലേക്ക്...മേടവെയില്‍ പൊന്നുരുക്കുന്ന കുന്നിന്‍പുറങ്ങളും നാട്ടുവഴികളും കണിക്കൊന്ന പൂത്തുനില്‍ക്കുന്നതും പ്രകൃതിയുടെ ചന്തം വര്‍ദ്ധിപ്പിക്കുന്നു. കണിക്കൊന്ന ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും അടയാളമാണ്. വേനലില്‍ സ്വര്‍ണ്ണത്തിന്റെ നിധി തരുന്ന വൃക്ഷം എന്നാണ് പുരാണങ്ങളില്‍ കൊന്നക്ക് നല്‍കുന്ന വിശേഷണം.
മലയാളിക്ക് മറ്റ് വിശേഷങ്ങളോടൊപ്പം കാര്‍ഷികവൃത്തിയുടെ ഉത്സവം കൂടിയാണ് വിഷു. ഓണം വിളവെടുപ്പിന്റേയും വിഷു വിളയിറക്കലിന്റേയും കാലമാണ്. മീനച്ചൂടില്‍ വരണ്ടുണങ്ങി നില്‍ക്കുന്ന മണ്ണിലേക്ക് വേനല്‍മഴയെത്തുന്നതോടെ കുംഭത്തില്‍ കുഴികുത്തിയ ചേമ്പും ചേനയും നാമ്പെടുക്കുന്നു. വൃശ്ചികത്തില്‍ നട്ട വാഴത്തൈകള്‍ മഴയില്‍ കുതിര്‍ന്ന പുതുമണ്ണിന്റെ ഗന്ധത്തില്‍ തളിര്‍ക്കുന്നു. ചൈത്രത്തിന്റെ സൂര്യസംക്രമത്തില്‍ വിഷുവേലക്കും തുടക്കമാവും. വിഷുപ്പക്ഷിയുടെ സംഗീതം മുണ്ടകന്‍പാടങ്ങളില്‍ നിറയുന്നു. വിത്തും കൈക്കോട്ടും പാടി വിഷുഫലത്തിന്റെ കിനാവില്‍ കുളിരണിഞ്ഞ് ഞാറ്റുകണ്ടങ്ങളില്‍ പുള്ളുവവീണകള്‍ വാഴ്ത്താന്‍ തുടങ്ങുന്നു. നിറവാര്‍ന്ന് വാഴണമെന്ന കാലത്തിന്റെ പ്രാര്‍ത്ഥന. പക്ഷേ, കാക്കക്കാലിന്റെ തണലുപോലുമില്ലാത്ത ദുര്‍വിധിയിലേക്ക് പതിഞ്ഞുപോവുന്ന കര്‍ഷകനും കര്‍ഷകജീവിതത്തിനും ഇനിയുമെത്ര നാള്‍ പ്രതീക്ഷയില്‍ മനം കുളിര്‍പ്പിക്കാന്‍ കഴിയും?
വിഷു എന്ന വാക്കിന് തുല്യതയോടു കൂടിയത് എന്നാണര്‍ത്ഥം. ഗണിതശാസ്ത്രപരമായും ഇതിന് അടിസ്ഥാനം കിട്ടുന്നു. സൂര്യന്‍ ഭൂമധ്യരേഖക്ക് നേരെ വരുന്ന ദിനം കൂടിയണ് മേടം ഒന്ന്. കൊന്നപ്പൂക്കുമ്പോള്‍ ഉറങ്ങിയാല്‍ മരുത് പൂക്കുമ്പോള്‍ പട്ടിണി എന്നൊരു ചൊല്ലുതന്നെയുണ്ട്. ഇത് കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ടതാണ്. കൃഷി തുടങ്ങേണ്ട കാലത്താണ് കൊന്നപൂക്കുന്നത്. എന്നാല്‍ പ്രകൃതി താളംതെറ്റിക്കൊണ്ടിരിക്കുന്ന കാലത്തിലേക്കാണ് നാം ഞെട്ടിയുണരുന്നത്. അങ്ങനെ അമ്പരന്നു കൊണ്ടിരിക്കുന്ന നിമിഷത്തില്‍ ഓര്‍മകളും സങ്കല്‍പങ്ങളും കാലത്തിന് സൂക്ഷിക്കാന്‍ വേണ്ടി മാത്രമാവുന്ന ദുര്‍ദശ.
മീനരാവറുതി തപ്തനിശ്വാസത്തില്‍ പൊതിഞ്ഞുനില്‍ക്കുന്ന കുട്ടിയുടെ മനസ്സായി എം.ടി. പടക്കം എന്ന കഥയില്‍ എഴുതിയിട്ടുണ്ട്. മറ്റു കുട്ടികള്‍ പടക്കം പൊട്ടിക്കുമ്പോള്‍ തനിക്കു മാത്രം പടക്കം വാങ്ങാന്‍ കാശില്ലാതെ അപമാനവും സങ്കടവും സഹിക്കാതെ മുറിയില്‍ ഒളിച്ചിരിക്കണ്ടേി വന്ന ഒരു കുട്ടിയുടെ നിസ്സഹായത. മലയാളി പരസ്പരം നഷ്ടപ്പെടുന്ന ലോകത്തില്‍ അവനവനിലേക്ക് തലതിരിച്ചുപിടിച്ചു കൊണ്ടിരിക്കുന്ന ദശാസന്ധിയിലാണിപ്പോള്‍. അതേ, ഓരോ ഉത്സവത്തിനു മുമ്പിലും ലോകത്തിന്റെ നെടുങ്കന്‍ പകര്‍പ്പെന്നപോലെ കേരളീയാന്തരീക്ഷവും പരുങ്ങി നില്‍ക്കുന്നു.
വിഷുവിന്റെ ഭാഗമായി കേരളത്തിന്റെ പലഭാഗത്തും വേലയും കൊണ്ടാടുന്നു. പാലക്കാടന്‍ ഗ്രാമങ്ങളില്‍ കണിയാര്‍ക്കളി, വേലന്‍കളി തുടങ്ങിയവ അരങ്ങേറ്റം കുറിക്കും. ഇങ്ങനെ കാര്‍ഷികവൃത്തിയുടെയും കളികളുടെയും മേളനമായിമാറുന്നു ഈ ഉത്സവം. വിഷുവിഭവങ്ങള്‍ക്കും പ്രത്യേകതയുണ്ട്. മിക്കവാറും ചക്കയായിരിക്കും മുഖ്യം. വള്ളുവനാടന്‍ ഭാഗങ്ങളില്‍ കഞ്ഞിയാണ്. വാഴപ്പോള വൃത്താകൃതിയില്‍ ചുരുട്ടി അതില്‍ വാഴയില വിരിക്കും. കഞ്ഞി ഒഴിച്ച്, പഴുത്ത പ്ലാവില കുത്തിയാണ് കുടി.
മേടപ്പുലരിയിലെ മംഗള മുഹൂര്‍ത്തത്തില്‍ ഓര്‍മകളുടെ കിളിവാതിലൂടെ പോയകാലം കാണാന്‍ കഴിയും. വിത്തുവിതക്കലിന്റേയും വിളവിറക്കലിന്റേയും ആഘോഷവും ഗൃഹാതുരതയുടെ വേനല്‍പ്പച്ചകളും അനുഭവിക്കാനുള്ള ത്വരയിലമരാന്‍ ഒരിക്കല്‍ കൂടി പ്രകൃതി വിളിക്കുന്നു. പി. കുഞ്ഞിരാമന്‍ നായര്‍ കുറിച്ചിട്ടപോലെ:
''ഉദയാചല പീഠത്തിന്‍
കോവില്‍നട തുറക്കയായ്
കാത്തുനില്‍ക്കുന്നിതാ നിന്നെ
നവജീവിത സംക്രമം...''(പൂമൊട്ടിന്റെ കണി)
അവിടെ നിറുയന്നതാകട്ടെ, ഗ്രാമത്തിന്റെ വെളിച്ചവും മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും' (വൈലോപ്പിള്ളി).

ചന്ദ്രിക വാരാന്തപ്പതിപ്പ്- ഏപ്രില്‍ 13/2014
കുഞ്ഞിക്കണ്ണന്‍ വാണിമേല്‍

Monday, April 07, 2014

നമ്മുടെ ഇന്ത്യയല്ല മോഡിയുടെ ഇന്ത്യ (അഭിമുഖം) സക്കറിയ/ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍


മതരാഷ്ട്രവാദം, മതഭീകരവാദം മുതലായവയെപ്പറ്റി മതേതര ജനാധിപത്യത്തിന്റെ താത്ത്വിക വീക്ഷണത്തിലും കേരളീയ സമൂഹത്തിന്റെ സവിശേഷ പരിസ്ഥിതിയിലും നിര്‍ത്തി വിശകലനം ചെയ്യുന്നതില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന എഴുത്തുകാരനാണ് സക്കറിയ. ജനാധിപത്യവും മതേതരത്വവും മനുഷ്യാവകാശങ്ങളും ഇന്ത്യയില്‍ ഇനിയുള്ള കാലവും നിലനില്‍ക്കാന്‍വേണ്ടി ശക്തമായി പോരാടുന്ന പ്രശസ്ത എഴുത്തുകാരന്‍ സക്കറിയ, നരേന്ദ്ര മോഡി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം വിലയിരുത്തുന്നു.
? മോഡിയുടെ ഇന്ത്യ
നമ്മുടെ ഇന്ത്യ എന്നു പറയുന്നത് മതേതരത്വം, ജനാധിപത്യം, ദരിദ്രരോടും അധ:സ്ഥിതരോടുമുള്ള പ്രത്യേക ശ്രദ്ധ, മനുഷ്യസ്വാതന്ത്ര്യം അല്ലെങ്കില്‍ മനുഷ്യാവകാശങ്ങള്‍, ശാസ്ത്രബോധം അതായത് ഇന്ത്യന്‍ ഭരണഘടയില്‍ പറയുന്ന സയന്റിഫിക് ടെമ്പര്‍ എന്നിവയില്‍ അധിഷ്ഠിതമായിട്ടുള്ള ഒരു ഇന്ത്യയാണ്. അതിനോടൊപ്പം ചേര്‍ക്കാവുന്ന മറ്റൊന്ന് പരിസ്ഥിതിബോധമാണ്. 
മതഭീകരവാദ സംഘടനകളുടെ കൂട്ടായ്മയുടെ സന്തതിയാണ് മോഡി . അതില്‍ നിന്നുണ്ടായിവന്ന രാഷ്ട്രീയ പാര്‍ട്ടിയെയാണ് പ്രധാനമന്ത്രിപദം അനൗണ്‍സ് ചെയ്തുകൊണ്ട് അയാള്‍ നയിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം രക്തച്ചൊരില്‍ നടത്തിയിട്ടുള്ള, എന്നാല്‍ ആട്ടിന്‍തോല്‍ പുതച്ച ഈ ഹിംസ്ര ജീവി വരുന്നത്. ആ നിലയ്ക്ക് അയാളുടെ ഇന്ത്യയില്‍ ഒരു കാരണവശാലും ജനാധിപത്യം പുലരാന്‍ വഴിയില്ല. കാരണം ഹിന്ദുമതഭീകരവാദികള്‍ ജനാധിപത്യത്തിന് എതിരാണ്. മതേതരത്വം തീര്‍ച്ചയായും ഉണ്ടാവില്ല. അവരെ സംബന്ധിച്ചിടത്തോളം മതേതരത്വം ഒരു വിഷമാണ്. സംഘ്പരിവാര്‍ സാമ്രാജ്യത്തിന്റെ അടിസ്ഥാന ശൈലി ഫാഷിസമായതിനാല്‍ മനുഷ്യാവകാശങ്ങള്‍ തികച്ചും ഉണ്ടാവില്ല.
മോഡിയടെ പിറകില്‍ നില്‍ക്കുന്നവര്‍ ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും മതേതരത്വത്തിനും വില കല്‍പിക്കാത്ത ഇന്ത്യന്‍ മുതലാളിത്തമാണ്. ആ മുതലാളിത്തത്തിന്റെ ഭാഗമായിട്ട് കോര്‍പറേറ്റ് മാധ്യമങ്ങളും പ്രവര്‍ത്തിക്കുന്നു. ഇവരെല്ലാവരും ചേര്‍ന്ന് ഇന്ത്യയെ പിടിച്ചടക്കാനുള്ള ഒരു അവസാന യുദ്ധമാണ് മോഡിയെ മുന്‍നിര്‍ത്തി ചെയ്യുന്നത്. മുതലാളിത്തവും കോര്‍പറേറ്റ് മാധ്യമങ്ങളും വര്‍ഗീയശക്തികളും ചേര്‍ന്ന് ഇന്ത്യ പിടിച്ചടക്കാനുള്ള യുദ്ധം. ആ യുദ്ധത്തില്‍ മോഡി വിജയിച്ചാല്‍ നമ്മള്‍ സ്വപ്നം കാണുന്ന ഒരു കാര്യവും അവിടെ ഉണ്ടാവില്ല.
അംബാനി, ടാറ്റ തുടങ്ങിയവരുടെ ഏറ്റവും വലിയ പ്രശ്‌നം അവരുടെ ഇഷ്ടം പോലെ പരിസ്ഥിതിയെ കൈയ്യടക്കാന്‍ സാധിക്കുന്നില്ല എന്നതാണ്. അതിനൊരു ഉദാഹരണമാണ് അവരുടെ വ്യവസായ താല്‍പര്യത്തിനുവേണ്ടി ട്രൈബല്‍ ഏരിയകളിലെ ഭൂമി കയ്യടക്കാനുള്ള ശ്രമം. മോഡിയുടെ നേതൃത്വം ഈ ശക്തികളെയെല്ലാം കെട്ടഴിച്ചുവിടും. അതോടെ പരിസ്ഥിതിയുടെ സമൂല നാശം ഉറപ്പാണ്.
യഥാര്‍ത്ഥ ഹിന്ദുമതത്തിന് സംഘ്പരിവാറുമായി ബന്ധമൊന്നുമില്ല. ഹിന്ദുമതത്തിന്റെ പ്രമാണങ്ങള്‍ എവിടെ കിടക്കുന്നു. ഹിന്ദുമതത്തിന്റെ നാമത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷുദ്രജീവികളുടെ അജണ്ഡ എവിടെ കിടക്കുന്നു. താലിബന്‍ ഇസ്‌ലാമിന്റെ പേരില്‍ ലോകമെമ്പാടും വിഷം കലര്‍ത്തുന്നതുപോലെയാണത്.

? സോഷ്യല്‍ മീഡിയകളുടെ പങ്ക്
ഇന്നത്തെ മുഖ്യധാരാ മീഡിയകളില്‍ സ്ഥാനം ലഭിക്കാത്തതും നല്‍കപ്പെടാത്തതുമായ വാര്‍ത്തകള്‍ക്കും ആശയങ്ങള്‍ക്കും ഇടം കൊടുക്കുന്ന മീഡിയയാണത്. ആ സ്വാതന്ത്ര്യമാണ് സോഷ്യല്‍ മീഡിയയുടെ ഏറ്റവും വലിയ മൂല്യം. മുഖ്യധാര മീഡിയയില്‍ പ്രവേശനം ലഭിക്കാത്തവര്‍ക്ക് നേരിട്ട് ആളുകളിലെത്താനുള്ള വഴിയാണ് സോഷ്യല്‍ മീഡിയ. ലോകമൊട്ടാകെ ഇതിന് വലിയ സ്വാധീനം കിട്ടിയിട്ടുണ്ട്. മുഖ്യധാരയുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചിട്ടുള്ളതും അവരുടെ അനുമതിയുള്ള വാര്‍ത്തകളും ആശയങ്ങളും മാത്രമേ സമൂഹമധ്യത്തില്‍ വരൂ എന്നുള്ള അവസ്ഥക്ക് മാറ്റം വരുത്തുകയാണ് സോഷ്യല്‍ മീഡിയ. വളരെ ഉദ്ദേശ്യശുദ്ധിയോടുകൂടി, ആദര്‍ശശുദ്ധിയോടുകൂടി സോഷ്യല്‍ മീഡിയ നടത്തുന്ന ഇടപെടലുകള്‍ ധാരാളമുണ്ട്. പ്രത്യേകിച്ചും മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി. അത്രത്തോളം തന്നെ വഷളും മലിനവുമായ ഇടപെടലുകളും നടക്കുന്നുണ്ട്. ഉദാഹരണത്തിന് മോഡിക്കു വേണ്ടി വര്‍ഗീയത ഏറ്റവും കൂടുതല്‍ പരത്തുന്നത് സോഷ്യല്‍ മീഡിയയാണ്. 
? പ്രെയ്‌സ് ദ ലോര്‍ഡ് കണ്ടപ്പോള്‍
എന്റെ സുഹൃത്തായ ഷിബു ഗംഗാധരന് 'പ്രെയ്‌സ് ദ ലോര്‍ഡ്' സിനിമയാക്കുമ്പോള്‍ അവരുടെ ഇഷ്ടം പോലെ മാറ്റങ്ങള്‍ വരുത്താനുള്ള അനുമതി നല്‍കിയിരുന്നു. അവര്‍ ബുദ്ധിമുട്ടി ഒരു കമേഴ്‌സ്യല്‍ ചിത്രമാണ് െചയ്തത്. അതിന്റെ ജനപ്രിയതക്ക് ആവശ്യമുള്ള മാറ്റങ്ങള്‍ വരുത്തേണ്ടി വരും എന്നത് വ്യക്തമാണ്. ആ നിലയില്‍ എന്റെ കൃതിയുമായി അതിനെ താരതമ്യം ചെയ്യരുത്. സാഹിത്യകൃതി അതിന്റെ സംവേദനതലമായ അക്ഷരങ്ങളുമായി ആസ്വാദന ലോകത്ത് വ്യാപരിക്കുന്നു. സിനിമയുടെ ലോകവും സംവേദനതലവും മറ്റൊന്നാണ്. മാത്രമല്ല, ഈ സിനിമ 50000 പേര്‍ കണ്ടിട്ടുണ്ടെങ്കില്‍ അതില്‍ 500 പേര്‍ പോലും ഒരുപക്ഷേ എന്റെ കൃതി വായിച്ചിട്ടുണ്ടാവില്ല. മറിച്ച് സിനിമ കണ്ടതിന് ശേഷം കുറേ പേരെങ്കിലും എന്റെ നോവല്‍ വായിച്ചു നോക്കാന്‍ ആഗ്രഹിക്കാനിടയുണ്ട്. സിനിമ വിജയിച്ചോ എന്നുള്ളത് സംവിധായകന്റെ സുഹൃത്ത് എന്ന നിലയില്‍ എന്റെ പ്രധാന പരിചിന്തനം. ഭാഗ്യവശാല്‍ സിനിമ വിജയിച്ചു.
ചന്ദ്രികവാരാന്തപ്പതിപ്പ് ഏപ്രില്‍ 6

Saturday, April 05, 2014

ഒറ്റയാന്റെ വഴിയിടങ്ങള്‍


''മരണത്തെ 
കണ്ടില്ലെന്നു നടിച്ച്
കുന്നുകയറേണ്ടതുണ്ട്...''
മരണം എഴുതി മടുക്കാത്ത മനസ്സ്. അതുകൊണ്ടാകാം പ്രകൃതിയെ എപ്പോഴും കൂടെ നടത്തിക്കുന്നതില്‍ ഡി. വിനയചന്ദ്രന്‍ ജാഗ്രത പുലര്‍ത്തിയത്. മലയാളകവിതയില്‍ ചൂണ്ടുവഴിമാത്രമല്ല, ചൊല്ലുവഴിയും തിരുത്താന്‍ കഴിയുമെന്ന് അടയാളപ്പെടുത്തിയ ഈ കവി യാത്രയിലും പ്രണയത്തിലും ജീവിതത്തിന്റെ അര്‍ത്ഥം തിരയുകയായിരുന്നു. ഒരു വ്രണിത തീര്‍ത്ഥാടകന്റെ വിലാപങ്ങള്‍ വിനയചന്ദ്രന്റെ കവിതകളില്‍ പതിഞ്ഞുനില്‍പ്പുണ്ട്. 
'ഈ രാത്രിപഥികന്റെ വീണയാകുന്നു
ഈ സുഗന്ധികള്‍ അവന്റെ മുറിവുകളാകുന്നു
കുന്നിലേക്കുള്ള യാത്ര അവന്റെ സന്ദേശമാകുന്നു
കുന്നിറങ്ങുന്ന മഴ അവന്റെ കുടുംബസ്വത്താകുന്നു
ഈ പ്രണയിയും ഒറ്റയ്ക്കു നടന്നുപോകുന്നു...'
(പ്രണയകവിത)
പ്രണയത്തിലും യാത്രയിലും കുതിര്‍ന്ന് വിനയപര്‍വ്വം മലയാളകവിത മുറിച്ചുകടക്കുമ്പോള്‍ തിരിച്ചുവിളിക്കാന്‍ നമുക്കൊരു ചൊല്ലുവഴിവാതില്‍ തുറന്നിടാന്‍ വിനയചന്ദ്രന്‍ മാഷ് മറന്നില്ല. കവിത സാമൂഹികജീവിതത്തിന്റെ മറപറ്റി വീണ്ടും തിടംവയ്ക്കുന്ന കാലത്താണ് ഡി.വിനയചന്ദ്രന്‍ എഴുത്തിലേക്ക് സജീവമായത്. കവിതയും കഥയും നോവലും കൊണ്ട് നവഭാവുകത്വത്തെ രാകിമിനുക്കി. കാവ്യവിവാദവ്യവസായത്തോട് ഒട്ടിനിന്നില്ല. ജനാധിപത്യപരമായ ഉല്‍ക്കണ്ഠകളേ വിനയചന്ദ്രന്റെ കവിതകള്‍ ഏറ്റുപാടിയുള്ളൂ. എങ്കിലും അവ ആത്മാര്‍ത്ഥയുടെ ആഴവും പരപ്പുമായി ഒഴുകിക്കൊണ്ടിരുന്നു. നട്ടുവഴികളും പാടവരമ്പുകളും സമുദ്രനീലിമയും തൊട്ടുണര്‍ത്താന്‍ വിനയചന്ദ്രന് എളുപ്പം കഴിഞ്ഞു.
വീട്ടിലേക്കുള്ളവഴി പുറപ്പാടുകാരന്റെ ആശങ്കകള്‍ നിറഞ്ഞതാണെങ്കിലും അവയൊന്നും കവിയുടെ യാത്രയല്‍ തടസ്സമായില്ല.
'ഇമവെട്ടുന്നതിനിടയിലെ ഇരുട്ടും
ഇരുട്ടിനപ്പുറമുള്ള ഇടനാഴികളും 
എന്താണെന്നറിയാം...'
(വീട്ടിലേക്കുള്ള വഴി) 
വഴിതെറ്റുന്ന യാത്രകളും ഒടുക്കം ലോകത്തിലേക്ക് പടിയിറങ്ങുന്ന വിലാപയാത്രകളും ഇഴചേര്‍ത്തെഴുതിയ കവിതകളില്‍ പ്രണയത്തിന്റെ രക്തധമനികളും വിരഹത്തിന്റെ കനല്‍പ്പാടും കവി കാത്തു സൂക്ഷിച്ചിട്ടുണ്ട്. വായിക്കുന്തോറും കൂടുതല്‍ കൂടുതല്‍ ഖനിജങ്ങളെ വെളിപ്പെടുത്തുന്ന രചനാതന്ത്രവും വിനയചന്ദ്രന്‍ മാഷുടെു ആഖ്യാനധാരയില്‍ ഋതുഭേദത്തിന് പ്രതലമൊരുക്കി. അന്വേഷണത്തിന്മേലുള്ള ഊന്നല്‍, കവിതയുടെ ജൈവസ്വ‘ഭാവത്തിലുള്ള വിശ്വാസം, പൊള്ളയായ മൂല്യബോധത്തോടുള്ള നിരാസം എന്നിവ ആധുനിക കവിതയില്‍ പുതുകാലത്തിന്റെ ഉപ,സംസ്‌ക്കാരമെന്ന നിലയില്‍ വരുന്നുണ്ട്. ഇതിന്റെ മൂല്യങ്ങളും ഇതു മുന്നോട്ടുവെച്ച കാവ്യസങ്കല്‍പ്പങ്ങളും കവിതകളില്‍ പരുക്കനും ഒപ്പം സൂക്ഷ്മവുമായ സ്വരവിന്യാസത്തിന് വഴങ്ങുന്നുണ്ട്. ബാഹ്യമായ ഒരു താളവും ഗൗനിക്കാതെയാണ് വിനയചന്ദ്രന്റൈ കവിത പിറക്കുന്നത്.പക്ഷേ, ശീലുകള്‍ താളക്രമത്തിന്റെ ചാലുകളില്‍ വന്നു വീഴുന്നു. അതില്‍ നാട്ടിന്‍പുറത്തുകാരന്റെ ഗ്രാമ്യതയുണ്ട്.
കവിത സംസ്‌ക്കാരത്തിന്റെ തനതായ ഉറവകളിലേക്ക് പോവുകയാണെന്ന ആശയം ഈ കാവ്യപഥികന്റെ് കവിതകളുടെ അന്തരീക്ഷത്തിലുണ്ട്. ഉള്ളിലെ ‘ഭാവങ്ങളെ ബാഹ്യവല്‍ക്കരിക്കുന്ന ഒരു രസബോധം സാമൂഹ്യ ശുദ്ധീകരണക്രിയയായാണ് ഈ കവി കണ്ടെടുക്കുന്നത്. അതുകൊണ്ടുതന്നെ ഗദ്യത്തിന്റെ കാവ്യപരമായ വിനിയോഗം സൂക്ഷ്മതയോടെ ഉദാസീനതയെ ധിക്കരിക്കുന്ന കവിയുടെ മാനുഷികത ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന നിമിഷങ്ങളും ഡി.വിനയചന്ദ്രന്റെ ‘കവിതകളില്‍ വായിക്കാം, സ്വന്തം കാഴ്ചയുടെ നിഴലായിത്തീരാന്‍ നടത്തുന്നഎഴുത്തുകാരന്റെ സാന്നിധ്യവും. ഇങ്ങനെ എരിയുന്ന മനസ്സില്‍ ഫണം വിടര്‍ത്തിയാടുന്ന ആത്മരോഷങ്ങളെ, പൊള്ളുന്ന വാക്കുകളാക്കി താന്‍ ജീവിക്കുന്ന കാലത്തില്‍, എല്ലാം ഒരു പൊട്ടിത്തെറി കാത്തുനില്‍ക്കുന്നു എന്ന തിരിച്ചറിവുണ്ട്.
‘മധുരത്തിന്റെ ചെടിപ്പുകളും അദൃശ്യമായ മരണത്തിന്റെ വേട്ടയാടലും എഴുത്തില്‍ തെളിഞ്ഞോ, മെലിഞ്ഞോ ഒഴുകുന്നു.‘വേരിലേക്കും ഊരിലേക്കും തിരിച്ചുവരാനുള്ള യാത്രക്കാരന്റെ വെമ്പലാണത്. ഇത്തരം തിരിച്ചുവരവുകളുടെ പ്രമേയം വിനയചന്ദ്രന്റെ കവിതകളില്‍ കടന്നുവരുന്നുണ്ട്. അനുഭവത്തിന്റെ നേര്‍സ്പര്‍ശവും ദേശത്തനിമയുടെ മുദ്രകളും ഉള്ളതാണ് മാഷുടെ കവിതകള്‍.
മഴനനഞ്ഞ് ഓടവെള്ളത്തിലൂടെ
കവിതയും യാത്രയും പോലെ വിനയചന്ദ്രന്‍ മാഷ് കാഴ്ചക്കാലത്തിന്റേയും ചങ്ങാതിയായിരുന്നു. അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ സജീവ സാന്നിധ്യമാകുന്ന അപൂര്‍വ്വം മലയാള എഴുത്തുകാരില്‍ മുന്‍നിരയില്‍ വിനയചന്ദ്രന്‍ മാഷുണ്ടാകും. തിയേറ്ററുകളില്‍ നിന്ന് തിയേറ്ററുകളിലേക്ക് ഓടിച്ചാടി സിനിമ കാണുന്നതില്‍ മാഷ്‌ക്ക് ഹരമായിരുന്നു. ലോകസിനിമ വായിച്ചറിയുകയായിരുന്നില്ല; അവ കണ്ടറിയുന്നതിലാണ് വിനയചന്ദ്രന്റെ മാഷുടെ വേറിട്ടു നടപ്പ്. താന്‍ കണ്ട ചിത്രങ്ങളെ ആഴത്തില്‍ വിലയിരുത്തി സംസാരിക്കാനും കാണാനിരിക്കുന്ന സിനിമയുടെ സവിശേഷത ചോദിച്ചറിയാനും അദ്ദേഹത്തിന് താല്‍പര്യമായിരുന്നു.
പതിനഞ്ചാമത് കേരളത്തിന്റെ രാജ്യാന്ത ചലച്ചിത്രമേള തിരുവനന്തപുരത്ത് നടക്കുന്നു. പലപ്പോഴും കാണുമ്പോള്‍ കുശലം ചോദിച്ച് പിരിയല്‍ മാത്രമായിരുന്നു ഞാന്‍. എന്നാല്‍ ഒരു ദിവസം വിനയചന്ദ്രന്‍ മാഷും കഥാകൃത്ത് എം.ചന്ദ്രപ്രകാശും പി.ആര്‍.ഡി യില്‍ ജോലി ചെയ്യുന്ന സ്‌നേഹിതനും കൂടി ന്യൂ തിയേറ്ററില്‍. കണ്ടപ്പോള്‍ ആ സിനിമ അവരുടെയിരുന്നു കാണാന്‍ മാഷ്‌ക്ക താല്‍പര്യം. സിനിമ കഴിഞ്ഞപ്പോള്‍ പെരുമഴ. ന്യൂതിറ്റേറര്‍ പരിസരം മാത്രമല്ല; തിരുവനന്തപുരം തന്നെ മുങ്ങിപ്പോകും വിധത്തില്‍ മഴതിമിര്‍ത്തു പെയ്യുന്നു. നഗരത്തിലെ മാലിന്യം കുത്തിയൊലിച്ച് ഓവര്‍ബ്രിഡ്ജിനടിയിലൂടെ ഒഴുകുന്നു. മാഷക്ക് ബ്രാന്‍ഡ് തൊപ്പി തലയിലുണ്ട്. മറുത്തൊന്നും പറയാന്‍ അവസരം തരാതെ മാഷ് എന്റെ കൈയും പിടിച്ച് മഴയിലേക്കിറങ്ങി. കൂടെ നനയാതെ നിവൃത്തിയില്ല. മഴ നനയുന്നതിലല്ല പ്രശ്‌നം മാലിന്യം നിറഞ്ഞുകവിയുന്ന വെള്ളത്തിലൂടെ ഇരുട്ടില്‍ നടത്തം. മുട്ടിന് മീതെ മഴവെള്ളത്തിന്റെ കൂത്ത്. ഞങ്ങളോടൊപ്പം ചന്ദ്രപ്രകാശും കൂട്ടുകാരനും ഇറങ്ങി. ചന്ദ്രപ്രകാശിന്റെ കാറിലേക്കായിരുന്നു മാഷ് എന്നെയും കൂട്ടി ഓടിയത്. ചന്ദ്രപ്രകാശിനോട് കാര്‍ തമ്പാനൂരിലെ ഒരു ബാറിലേക്ക് വിടാന്‍ പറഞ്ഞു. പക്ഷേ, ബാര്‍ അടച്ചുകഴിഞ്ഞിരുന്നു. അന്ന് മാഷക്ക് മദ്യം കിട്ടിയോ എന്ന് പിറ്റേന്ന് കണ്ടപ്പോള്‍ മന:പൂര്‍വ്വം ചോദിച്ചില്ല. അക്കാര്യം ഓര്‍മ്മപ്പെടുത്തി രസിക്കാനും ആഗ്രഹിച്ചില്ല. കവിതയും യാത്രയും കാഴ്ചയും ലഹരിയും വിസ്മയം കൊള്ളിച്ച ജീവിതം. അദ്ദേഹത്തിന്റെ കവിതപോലെ വീണ്ടും വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്ന ജീവിതം.
വര്‍ത്തമാനം ആഴ്ചപ്പതിപ്പ്-2013 ഫെബ്രുവരി ( സ്മരണ)
-കുഞ്ഞിക്കണ്ണന്‍ വാണിമേല്‍

Friday, April 04, 2014

എന്നെ സ്വാധീനിച്ച പുസ്തകം ചരിത്രത്തിന്റെ മഹാഭാഷണം



Book Title:
Stalin’s nemesis: exile and murder of leon trotsky
-Bertrand M Patenaude

ജീവിതം മാറ്റിമറിച്ച പുസ്തകം ഏതെന്ന ചോദ്യത്തിന് ഏപ്പോഴും ഞാന്‍ ബേജാറാവാറുണ്ട്. ഏറ്റവും സ്വാധീനിച്ചത് എന്നത് പോലും ഒരു മിഥ്യയാണ്. ഉത്കണ്ഠകള്‍ ഉണ്ടാക്കുന്ന മിഥ്യ. മനുഷ്യന്‍ നിരന്തരം മാറിക്കൊണ്ടിരിക്കുന്നതിനാല്‍ എല്ലാ സ്വാധീനവും അയഥാര്‍ത്ഥ്യമാണ്. പല പുസ്തകങ്ങളും കാഴ്ചകളും എന്റെ ചിന്തയിലൂടെ പലവട്ടം കടന്നുപോയിട്ടുണ്ട്. ബൗദ്ധിക ഉയരങ്ങള്‍ കാണിച്ചുതന്ന കൃതികള്‍ ചിന്തയെ സ്വാധീനിക്കാറുണ്ട്. ഇടയ്ക്ക് ഒരു മിന്നലാട്ടം പോലെ ചിന്തയെ ഒന്നടങ്കം കീഴ്‌മേല്‍ മറിക്കുന്ന പുസ്തകങ്ങള്‍ ഉണ്ടാകും. അതിലൊന്നാണ് സ്റ്റാലിന്‍സ് നെമസിസ് ദ എക്‌സൈല്‍ ആന്റ് മര്‍ഡര്‍ ഓഫ് ലിയോണ്‍ ട്രോട്‌സ്‌കി. 

വായന കണിശമായി കൊണ്ടുപോകാന്‍ ആഗ്രഹിച്ച നാളുകളില്‍ തന്നെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നടന്ന ക്രൂരതകള്‍ മനസ്സ് കീഴടക്കിയിട്ടുണ്ട.് പക്ഷേ, ഇരുപതാംനൂറ്റാണ്ട് കണ്ട ഏറ്റവും കുപ്രസിദ്ധി നേടിയ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഒന്നായിരുന്നു ഒക്‌ടോബര്‍ വിപ്ലവത്തിന്റെ ആസൂത്രകരില്‍ പ്രധാനിയായ ലിയോണ്‍ ട്രോട്‌സ്‌കിയുടേത്. സ്റ്റാഫോര്‍ഡ് സര്‍വ്വകലാശാലയിലെ അധ്യാപകനും ചരിത്രകാരനുമായ ബെര്‍ട്രാന്‍ഡ് എം. പാറ്റനൗദ് എഴുതിയ ഈ പുസ്തകം റഷ്യന്‍ ചരിത്രത്തിന്റെ നിഗൂഢതകളിലൂടെ സഞ്ചരിക്കാന്‍ ശ്രമിച്ചതിന്റെ അടയാളമാണ്. സ്റ്റാലിന്റെ പ്രതികാരദേവത, ലിയോണ്‍ ട്രോട്‌സ്‌കിയുടെ നാടുകടത്തലും എന്ന പുസ്തകം 2009-ലാണ് ഫേബര്‍ ആന്റ് ഫേബര്‍ പ്രസിദ്ധീകരിച്ചത്. 

സ്റ്റാലിന്‍ അധികാരത്തിന്റെ പടവുകള്‍ കയറിപ്പോയതിന്റെ ക്രൂരമായ രേഖാചിത്രങ്ങളില്‍ ഒന്നുമാത്രമാണ് ഈ കൃതി. റഷ്യയില്‍ നിന്ന് നിഷ്‌കാസിതനായ ട്രോട്‌സ്‌കി വിവിധ രാജ്യങ്ങളില്‍ അലഞ്ഞുതിരിഞ്ഞ് ഒടുവിലില്‍ മെക്‌സിക്കോയില്‍ അഭയം കണ്ടെത്തി. ട്രോട്‌സ്‌കിയിസ്റ്റുകളുടെ പിന്തുണയോടെ ജീവിക്കുന്ന ട്രോട്‌സ്‌കിക്കു നേരെ നടന്ന പരാജയപ്പെട്ട വധശ്രമത്തെ സ്പര്‍ശിച്ചാണ് പുസ്തകത്തിന്റെ തുടക്കം. ഭാര്യ നടാലിയ, പൗത്രന്‍ സേവ എന്നിവരോടൊത്തായിരുന്നു ട്രോട്‌സ്‌കി താമസിച്ചിരുന്നത്. അതിനിടയില്‍ ട്രോട്‌സ്‌കിയുടെ രണ്ട് പുത്രന്മാരെ റഷ്യയില്‍ സ്റ്റാലിന്‍ കൊലപ്പെടുത്തിയിരുന്നു. രാഷ്ട്രീയ വൃത്തങ്ങളില്‍ നിന്നും ഭ്രഷ്ടനായ ട്രോട്‌സ്‌കി ഒരു ദുരന്തകഥാപാത്രത്തെ പോലെയായിരുന്നു ജീവിച്ചത്. ലേഖനങ്ങളെഴുതി ജീവിതം നയിച്ച ട്രോട്‌സ്‌കി സ്റ്റാലിന്റെ ചാരപ്പടയുടെ നിരീക്ഷണത്തിലായിരുന്നു. ഒടുവില്‍ ട്രോട്‌സ്‌കിസ്റ്റായ ജാക്‌സണെ തന്നെ ഉപയോഗിച്ച്് ട്രോട്‌സ്‌കിയെ വധിച്ചു. അനുയായിയായ ജാക്‌സണ്‍ ട്രോട്‌സ്‌കിക്കു നേരെ നിറയൊഴിക്കുമ്പോള്‍ നടാലിയ മുറിക്കു പുറത്തുണ്ടായിരുന്നു. ട്രോട്‌സ്‌കിയുടെ മരണത്തെപ്പറ്റി ഒരു കപ്പല്‍ച്ഛേദമെന്നാണ് ഗ്രന്ഥകാരന്‍ വിശേഷിപ്പിക്കുന്നത്. വിപ്ലവത്തിന്റെ മാറില്‍ തുളച്ചുകയറിയ ആ വെടിയുണ്ടകള്‍... ഇപ്പോഴും എന്റെ ഉറക്കം കെടുത്താറുണ്ട്. ഹിറ്റ്‌ലറും മുസ്സോളിനിയും മാത്രമല്ല; രാഷ്ട്രീയപ്രവര്‍ത്തകരും ദാഹഗ്രസ്തരായ ഗറില്ലകളെപ്പോലെ പെരുമാറുന്നു. ഒരു ബദല്‍ സമൂഹം ചരിത്രത്തിനുള്ളിലെ ചുംബനമായി എത്രകാലം മറച്ചുവെക്കാന്‍ കഴിയും?

ഹെര്‍ബര്‍ട്ട് മാര്‍ക്യൂസിന്റെയും നെവിന്‍ ഷൂട്ടിന്റെയും എഴുത്തുപോലെ അസുഖകരവും സ്‌തോഭനജനകവുമായ വായനാനുഭവമാണ് സ്റ്റാലിന്‍സ് നെമസിസ്. കാലവും ചരിത്രവും ആര്‍ക്കാണ് മാപ്പു കൊടുക്കുക എന്ന ചോദ്യം ഒരു മുഴക്കമായി മനസ്സിലുണ്ട്. ലോകത്തിന്റെ ഏതു കോണിലും ക്രൂരതകളും പലായനങ്ങളും അരങ്ങേറുമ്പോള്‍ ഓര്‍മ്മയില്‍ സ്റ്റാലിന്‍സ് നെമസിസ് തെളിയുന്നു. 
കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
(ശാന്തം മാസിക-എഡിറ്റര്‍ : കെ.പി.രമേഷ്, പാലക്കാട്)