Tuesday, May 24, 2011

സേതു: സമഗ്രവായന

മലയാളകഥയിലും നോവലിലും സേതു ഒറ്റപ്പെട്ട ശബ്‌ദമാണ്‌. എഴുത്തുശീലത്തിന്റെയും വായനയുടെയും വഴിയില്‍ സേതു രൂപപ്പെടുത്തിയ നവീനധാരയില്‍ അധികമാരും സഞ്ചരിക്കുന്നില്ല എന്നത്‌ തന്നെ ഈ കഥാകാരന്‌ ലഭിക്കുന്ന അംഗീകാരമാണ്‌. എന്നാല്‍ സേതുവിന്റെ സാഹിത്യരചനകളെ സംബന്ധിച്ച്‌ മലയാളത്തില്‍ സമഗ്രപഠനങ്ങള്‍ ഉണ്ടായിട്ടില്ല. പി.എം.ഷുക്കൂര്‍ എഡിറ്റ്‌ ചെയ്‌ത്‌ കറന്‍റ്‌ ബുക്‌സ്‌ പ്രസിദ്ധീകരിച്ച `സേതു എഴുത്തും വായനയും' എന്ന പുസ്‌തകം വായനാലോകം പ്രതീക്ഷയോടെയാണ്‌ കാണുന്നത്‌. മലയാളത്തില്‍ ആധുനികതയും അനുബന്ധ രചനാരീതികളും അട്ടിമറികള്‍ സൃഷ്‌ടിച്ച കാലഘട്ടത്തിലാണ്‌ സേതു എഴുതിത്തുടങ്ങിയത്‌.

ആധുനികതയുടെ ഉപരിവിപ്ലതയോ, ക്ലിഷ്‌ടതയോ, ഈ കഥാകൃത്തിനെ അലട്ടിയില്ല. എന്നാല്‍ മാജിക്കല്‍ റിയലിസം പോലുള്ള ആവിഷ്‌കാര സങ്കേതത്തില്‍ സേതു താല്‍പര്യം കാണിച്ചിട്ടുണ്ട്‌. സേതുവിന്റെ നൂലേണി പോലുള്ള കഥകളും പാണ്‌ഡവപുരം എന്ന നോവലും കൗതുകത്തോടെ വായിക്കപ്പെടുകയും ചെയ്‌തു. സേതു കഥ പറയുമ്പോഴും കഥാപാത്രങ്ങളെ സൃഷ്‌ടിക്കുമ്പോഴും കാണിക്കുന്ന ജാഗ്രതയും സൂക്ഷ്‌മതയും ശ്രദ്ധേയമാണ്‌.സേതുവിന്റെ രചനകളിലേക്ക്‌ കടക്കുമ്പോള്‍ ജീവിതപ്രതിസന്ധികളോട്‌ ഏറ്റുമുട്ടുകയും ആണ്‍നോട്ടങ്ങളുടെ മുനയൊടിക്കുയും ചെയ്യുന്ന സ്‌ത്രീകഥാപാത്രങ്ങളെ കാണാം. ഇവര്‍ ഫെമിനിസ്റ്റു മുദ്രാവാക്യങ്ങളില്‍ അഭിരമിക്കുന്നവരല്ല എന്നത്‌ തിരിച്ചറിയേണ്ടതുണ്ട്‌. എള്ളെണ്ണയുടെ ഗന്ധമാണ്‌ സ്‌ത്രീത്വം എന്നു തെറ്റിദ്ധരിക്കുകയോ, വെളിച്ചം പരത്തി അല്‍ഭുതപ്പെടുത്തുകയോ ചെയ്യുന്നവരല്ല; നിലനില്‍പിനായ്‌ കര്‍ക്കശ നിലപാടുകളെടുക്കുന്നവരാണ്‌സേതുവിന്റെ സ്‌ത്രീകഥാപാത്രങ്ങള്‍. ശരീരവും മനസ്സും തൊട്ടറിയുന്നതില്‍ സേതുവിന്റെ കഥാപാത്രങ്ങള്‍ പുലര്‍ത്തുന്ന തന്റേടവും കണിശതയും വേറിട്ടുനില്‍ക്കുന്നു. സേതുവിനെക്കുറിച്ചുള്ള വിവിധ വായനയും കാഴ്‌ചയും ഉള്‍ക്കൊള്ളുന്ന ഈ പുസ്‌തകത്തില്‍ രണ്ടു ഭാഗങ്ങളിലായി 31 ലേഖനങ്ങളും അനുബന്ധമായി കെ.എം.നരേന്ദ്രന്‍, ഡോ.വത്സലന്‍ വാതുശ്ശേരി, ജോര്‍ജ്‌ ജോസഫ്‌ കെ തുടങ്ങിയവരുടെ പഠനങ്ങളും ചേര്‍ത്തിട്ടുണ്ട്‌.

പുസ്‌തകത്തിന്റെ ഒന്നാം ഭാഗത്ത്‌ എം.ടി., കെ.പി.അപ്പന്‍, വി.രാജകൃഷ്‌ണന്‍, ആഷാമേനോന്‍, വി.സി.ശ്രീജന്‍ തുടങ്ങിയവരുടെയും രണ്ടാംഭാഗത്ത്‌ കെ.ആര്‍.മീര, രോഷ്‌നി സ്വപ്‌ന, ജ്യോതിലക്ഷ്‌മി മുതലായവരുടെയും ലേഖനങ്ങളുമുണ്ട്‌. എം.ടി. `സേതുബന്ധനം' എന്ന ലേഖനത്തിലെഴുതുന്നു:` എപ്പോഴും ഞാന്‍ ശ്രദ്ധിക്കാറുള്ള ഒരു കാര്യമുണ്ട്‌. മാസികക്കാരുടെയോ, വിശേഷാല്‍പ്രതികളുടെയോ നിര്‍ബന്ധത്തിനു വഴങ്ങി ,സേതു ഒന്നും എഴുതാറില്ല. പലരും ഓട്ടപ്പാത്രങ്ങളെപ്പോലെ കലമ്പല്‍ കൂട്ടുമ്പോള്‍ അക്കൂട്ടത്തില്‍ സേതുവിനെ കാണാറില്ല...' - ഇതുപോലെ കെ.പി.അപ്പന്‍ സേതുവിനെ നിരീക്ഷിക്കുന്നു:` കഥ എഴുതുന്നതും സംവാദത്തെ രൂപപ്പെടുത്തുന്നതും ജ്ഞാനത്തെ സൃഷ്‌ടിക്കുന്നതും ഒന്നുതന്നെയാണെന്ന്‌ ഈ ആഖ്യാനം വ്യക്തമാക്കുന്നു. ഇതു സേതുവിന്റെ കഥാരചനയിലെ പുതുമയുറ്റ ആരോഗ്യമാണ്‌.' ഇങ്ങനെ തികച്ചും പുതുമയുള്ള ഈടുറ്റ വിലയിരുത്തുലുകള്‍ പുസ്‌തകത്തിലുണ്ട്‌. പുതുതലമുറ സേതുവിനെ ചര്‍ച്ച ചെയ്യുന്നതിലും കാണാം കാതലായ മാറ്റം. കെ.ആര്‍.മീര എഴുതി:` സേതു കഥപറയുന്നതു നിറങ്ങള്‍ കൊണ്ടാണെന്നു തോന്നും. പക്ഷേ, ആ നിറങ്ങളുടെ എണ്ണം കുറവാണ്‌. മഞ്ഞ, കറുപ്പ്‌. പിന്നെ ഇടയ്‌ക്കിടെ ചുവപ്പും റോസും തീര്‍ന്നു. സേതുവിന്റെ നിറക്കൂട്ടിലെ ചായങ്ങള്‍..'-എന്നിങ്ങനെ വ്യത്യസ്‌ത വായനകള്‍ തുറന്നുതരികയാണ്‌ ഓരോ ലേഖനങ്ങളും.

`മനുഷ്യത്വനിര്‍ഭരമായ രചനകള്‍' എന്ന ആമുഖക്കുറിപ്പില്‍ പി.എം.ഷുക്കൂര്‍ സേതുവിനെ അടയാളപ്പെടുത്തുന്നു:` ഏറെ മികച്ച കഥകളെഴുതിയിട്ടും ഈ കഥാകാരന്‌ അര്‍ഹമായ അംഗീകാരം ലഭിച്ചിട്ടില്ലെന്ന ധാരണയില്‍ നിന്നുമാണ്‌ ഈ പുസ്‌തകത്തിന്റെ പിറവി. ഇതു വലിയ കര്‍മ്മമാണെന്ന യാതൊരു മിഥ്യാധരണയും ഈ കുറിപ്പെഴുതുന്നയാള്‍ക്കില്ല. എങ്കിലും സേതുവിനെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക്‌ ഇതൊരു നിമിത്തമാകും എന്ന പ്രതീക്ഷയാണുള്ളത്‌.'- ഇതുതന്നെയാണ്‌ `സേതു എഴുത്തും വായനയും' എന്ന പുസ്‌തകത്തിന്റെ സവിശേഷതയും.


സേതുഎഴുത്തും വായനയും, എഡിറ്റര്‍: പി.എം.ഷുക്കൂര്, കറന്റ്‌ ബുക്‌സ്‌, കോട്ടയം, വില-150 രൂപ

Saturday, May 14, 2011

നമുക്കിടയില്‍ ചില ഗോപുരങ്ങള്‍



‍എഴുത്തുകാരന്‍ എന്ന നിലയില്‍ സുപരിചിതനാണ്‌ കല്‍പ്പറ്റ നാരായണന്‍. എന്നാല്‍ ഈ പരിചിതത്വത്തെ ഭേദിക്കുന്ന അസാധാരണമായ പല സവിശേഷതകളും കല്‍പ്പറ്റ നാരായണന്റെ `തത്സമയം' എന്ന പുസ്‌തകത്തിലുണ്ട്‌. സ്ഥാപനവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞ കാപട്യങ്ങളെ ഈ ലേഖനങ്ങള്‍ ചോദ്യംചെയ്യുന്നു. വിട്ടുവീഴ്‌ചയില്ലാത്ത കാഴ്‌ചപ്പാടുകളുടെ നിശിതത്വവും ശിക്ഷണ തീവ്രതയും ഈ ലേഖനങ്ങളിലുണ്ട്‌. ഓര്‍മ, വിവരണം, വ്യക്തിചിത്രങ്ങള്‍ എന്നിങ്ങനെ തന്നോടുതന്നെയും സമൂഹത്തോടും ഒരാള്‍ നടത്തുന്ന ആത്മസംവാദങ്ങളുടേയും നിരീക്ഷണങ്ങളുടേയും സമാഹാരമാണ്‌ തത്സമയം.





ഭാഷയിലും ഭാവനയിലും കല്‍പ്പറ്റ നടത്തുന്ന ഇടപെടലുകളും പ്രതികരണങ്ങളും അവ പ്രകടിപ്പിക്കുന്ന മൗലികതയും എടുത്തുപറയേണ്ടതാണ്‌. മുപ്പതു ലേഖനങ്ങളാണ്‌ പുസ്‌തകത്തിലുള്ളത്‌.എഴുത്തിനെ സംബന്ധിച്ച്‌ തികഞ്ഞ രാഷ്‌ട്രീയ നിലപാട്‌ ഈ പുസ്‌തകത്തിലെ രചനകളുടെ തെരഞ്ഞെടുപ്പിന്‌ പിന്നിലുണ്ട്‌. വിമര്‍ശനം ജീവന്റെ കലയാണ്‌. അത്‌ നിഴല്‍ച്ചിത്രമല്ല. മനസ്സ്‌ മനസ്സിനോട്‌ സംസാരിച്ചു കൊണ്ടിരിക്കണം. ആ ലക്ഷ്യം സാധൂകരിക്കുകയാണ്‌ കല്‍പ്പറ്റ നാരായണന്‍ `തത്സമയ'ത്തില്‍.





പുസ്‌തകത്തിന്റെ ആമുഖത്തില്‍ പറയുന്നു:` നിങ്ങളുടെ യുക്തിയെയല്ല, ഭാവനയെയാണ്‌ ഞാനാശ്രയിക്കുന്നത്‌. അതുകൊണ്ട്‌ കവിതയുടെയോ കഥയുടെയോ ഉടലുകള്‍ ചിലപ്പോള്‍ ഈ രചനകളുടെ ഉടലുകളാവുന്നുണ്ട്‌.'മറ്റൊരിടത്ത്‌ കല്‍പ്പറ്റ എഴുതി: `തത്സമയമേ' കേരളത്തിലിന്നുള്ളൂ. ഭൂത, വര്‍ത്തമാന, ഭാവി കാലങ്ങളൊക്കെ തത്സമയമായി ചുരുങ്ങി മലയാളിയുടെ കാലം ഒരല്‍ഷൈമേഴ്‌സ്‌ രോഗിയുടെ കാലംപോലൊന്നായി മാറുകയാണോ?'പൂര്‍ണമായും കാഴ്‌ചപ്പുറങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഒരു നാഗരികതയെക്കുറിച്ചുള്ള വ്യസനങ്ങളാണ്‌ കല്‍പ്പറ്റ നാരായണന്റെ ലേഖനങ്ങള്‍. കുറിക്കുകൊള്ളുന്ന നര്‍മ്മഭാഷയും നിശിത വിമര്‍ശനവും സൂക്ഷ്‌മ നിരീക്ഷണവും ഒത്തിണങ്ങിയ ലേഖനങ്ങളാണിവ.





`മുതിര്‍ന്നവരുടെ കലഹം മുഴുവനായി തീരലില്ല, ഏതോ ചിലത്‌ ഉണര്‍ന്നത്‌ വീണ്ടും ഉറങ്ങുന്നുണ്ട്‌. അടുത്ത സന്ദര്‍ഭത്തില്‍ കൂടുതല്‍ വീര്യത്തോടെ ഉണരാന്‍. മുതിര്‍ന്നവരുടെ കലഹം കലഹകാരണം ഇല്ലാതാകുന്നതോടെ ഇല്ലാതാകുന്നില്ല'-(കുട്ടികളെക്കണ്ട്‌ പഠിക്കാം)`കവിതയുടെ ജലവിതാനം താഴുമ്പോള്‍' എന്ന ലേഖനത്തില്‍: `സംഭാഷണഭാഷ കേവലം അറിയിക്കലിന്റേതായി ചുരുങ്ങിക്കൊണ്ടിരിക്കുന്ന, ജലവിതാനം നന്നേ താണ ഭൂമിയിലെ കവിതകളാണ്‌ ഇന്ന്‌ ഏറെ എഴുതപ്പെടുന്നതും. കവിയെ കുറ്റപ്പെടുത്തി കൂടാ. ഭാഷ കവിതയില്‍പ്പോലും ഗദ്യമാവുന്നതില്‍ അവര്‍ മാത്രമല്ല കുറ്റക്കാര്‍. മലയാളഭാഷ മങ്ങുകയാണ്‌.'-എന്നിങ്ങനെ വിഷയത്തിലേക്ക്‌ നേരിട്ട്‌ ഇറങ്ങി നില്‍ക്കുന്ന എഴുത്തുശീലമാണ്‌ കല്‍പ്പറ്റയുടേത്‌.





`എന്തിനാണ്‌ എം.ടി. ഡൈ ചെയ്യുന്നത്‌'എന്ന ലേഖനം കടുത്ത വിമര്‍ശനത്തിന്‌ വിധേയമായിട്ടുണ്ട്‌. ലേഖനം ഉന്നയിക്കുന്ന പ്രശ്‌നം വിവാദമല്ല. ഗ്രന്ഥകാരന്‍ എഴുതി: `ഇതൊരു വ്യക്തിയുടെ സ്വകാര്യപ്രശ്‌നമല്ലേ എന്ന്‌ നിങ്ങളുടെ പുരികം ഞാന്‍ കാണുന്നു. കേരളത്തില്‍ ഒരു പ്രത്യേക ചരിത്രഘട്ടത്തില്‍ അതിന്റെ ഏറ്റവും പ്രമുഖനായ എഴുത്തുകാരന്‍പോലും മുടി കറുപ്പിച്ചേ പ്രത്യക്ഷപ്പെട്ടിരുന്നുള്ളൂ എന്നത്‌ ചെറിയൊരു സ്വകാര്യ പ്രശ്‌നമല്ല.'കവിതയിലും നോവലിലുമെന്നപോലെ മറ്റു മേഖലകളിലും കല്‍പ്പറ്റ നാരായണന്റെ സര്‍ഗ്ഗാത്മകവും ചിന്താപരവുമായ വ്യാപാരം ശക്തമായി മുദ്രണം ചെയ്‌ത `തത്സമയം' ആര്‍ജ്ജവമുള്ള ആഖ്യാനവും തെളിമയാര്‍ന്ന കാഴ്‌ചയുമാണ്‌. അതുതന്നെയാണ്‌ ഈ പുസ്‌തകത്തെ മികച്ച വായനാനുഭവമാക്കി മാറ്റുന്നത്‌.





തത്സമയം, കല്‍പ്പറ്റ നാരായണന്, ‍മാതൃഭൂമി ബുക്‌സ്‌, കോഴിക്കോട്‌, വില- 90 രൂപ