Friday, April 23, 2010

ബാലനിലെ കമലശബ്ദം

സെബാസ്‌റ്റിയന്‍ കുഞ്ഞു കുഞ്ഞു ഭാഗവതരുടെ കൈരളി കലാനിലയത്തിന്റെ നാടകത്തില്‍ നിന്നും എം. കെ. കമലം മലയാളസിനിമയുടെ വെള്ളിത്തിരയിലെത്തിയതും ഒരു വിചിത്രവിജയമാണ്‌. കമലം അഭിനയിച്ച വിചിത്രവിജയം എന്ന നാടകം കണ്ട ടി. ആര്‍. സുന്ദരം (സേലം മോഡേണ്‍ തിയേറ്റേഴ്‌സ്‌ ഉടമ), നടന്‍ ആലപ്പി വിന്‍സെന്റ്‌, ചലച്ചിത്രസംവിധായകന്‍ എസ്‌. നൊട്ടാണി എന്നിവര്‍ കമലത്തെ ബാലന്‍ എന്ന സിനിമയിലേക്ക്‌ വിളിച്ചു. മലയാളത്തിലെ ആദ്യത്തെ ശബ്ദസിനിമയിലേക്കാണ്‌ തന്നെ ക്ഷണിച്ചതെന്ന്‌ കമലത്തിന്‌ അറിയില്ലായിരുന്നു. പതിനഞ്ചാം വയസ്സില്‍ കമലം മലയാളസിനിമയിലെത്തി.

രണ്ടാനമ്മയുടെ പീഡനങ്ങള്‍ സഹിച്ച്‌ കഴിയുന്ന സരസ എന്ന നായികയായിട്ടാണ്‌ കമലത്തിന്റെ അരങ്ങേറ്റം. വീട്ടിലെ പീഡനങ്ങളില്‍ നിന്നും രക്ഷതേടി തെരുവിലെത്തിയ ബാലനും സരസയും. അവര്‍ക്ക്‌ മുന്നില്‍ ഭിക്ഷാടനം മാത്രമായിരുന്നു ഏകവഴി. ബാലന്‍ എന്ന നായകകഥാപാത്രമായി കെ. കെ. അരൂരാണ്‌ അഭിനയിച്ചത്‌.മലയാളസിനിമയില്‍ ആദ്യം സംസാരിച്ച നായികയാണ്‌ എം.കെ. കമലം. പക്ഷേ, ബാലനുശേഷം ഭൂതരായര്‍ എന്ന സിനിമയിലാണ്‌ കമലം അഭിനയിച്ചത്‌. അപ്പന്‍ തമ്പുരാന്റെ മരണത്തെത്തുടര്‍ന്ന്‌ ഭൂതരായര്‍ പുറത്തിറങ്ങിയില്ല. അക്കാലത്ത്‌ മദ്രാസില്‍ പോയി സിനിമയിലഭിനയിക്കാനുള്ള സാഹചര്യമില്ലായിരുന്നതിനാല്‍ കമലം തന്റെ തട്ടകമായി നാടകരംഗം തന്നെ തെരഞ്ഞെടുത്തു.

അനാര്‍ക്കലി, ശാകുന്തളം, സത്യവാന്‍ സാവിത്രി, മഗ്‌ദലന മറിയം എന്നിങ്ങനെ നിരവധി നാടകങ്ങളില്‍ കമലം വേഷമിട്ടു. നാലായിരത്തിലധികം വേദികളിലൂടെ മലയാളത്തിന്റെ അരങ്ങില്‍ നിറഞ്ഞുനിന്ന കമലം നല്ലൊരു കഥാപ്രാസംഗിക കൂടിയായിരുന്നു. നാടകഗാനങ്ങളും കമലം ആലപിച്ചിട്ടുണ്ട്‌.സംഗീതജ്ഞനും നാടകക്കാരനുമായ മങ്ങാട്ടു കൊച്ചുപള്ളി പണിക്കര്‍ മകള്‍ കമലത്തെ ചെറുപ്പത്തിലെ സംഗീതം പഠിപ്പിച്ചിരുന്നു. കൊച്ചുപള്ളി പിള്ളയുടെ അല്ലിറാണി എന്ന നാടകത്തിലാണ്‌ പത്താമത്തെ വയസ്സില്‍ കമലം അഭിനയിച്ചു തുടങ്ങിയത്‌. നാല്‍പത്തിയഞ്ചാം വയസ്സില്‍ അഭിനയത്തോട്‌ വിടപറഞ്ഞ കമലം എം. പി. സുകുമാരന്‍ നായര്‍ സംവിധാനം ചെയ്‌ത ശയനം (2000) എന്ന സിനിമയില്‍ അമ്മവേഷത്തില്‍ അഭിനയിച്ചു.

തൃശൂര്‍ നാടക കലാസമിതിയുടെ ജീവിതം അവസാനിക്കുന്നില്ല എന്ന നാടകത്തിലാണ്‌ കമലം അവസാനമായി അഭിനയിച്ചത്‌.ബാലന്‍ ചിത്രീകരിക്കുന്ന കാലഘട്ടത്തില്‍ പ്ലേബാക്ക്‌, ഡബ്ബിങ്‌ സൗകര്യങ്ങള്‍ ഇല്ലായിരുന്നു. ഷൂട്ടിങ്‌ സമയത്തുതന്നെ റെക്കോര്‍ഡിങും നടക്കും. അതിനാല്‍ പാട്ടുപാടി അഭിനയിക്കുന്ന സീനുകളൊക്കെ എടുക്കുമ്പോള്‍ സംഗീതം കമ്പോസിങ്‌ കൈകാര്യം ചെയ്യുന്നവരൊക്കെ ക്യാമറയില്‍പെടാതെ നോക്കണം.സ്‌ത്രീകള്‍ സിനിമാഭിനയ രംഗത്തേക്ക്‌ വരാന്‍ മടിച്ചിരുന്നു കാലത്താണ്‌ കമലം മലയാളസിനിമയില്‍ ആദ്യത്തെ പെണ്‍ശബ്‌ദമായത്‌. അഭിനയത്തിലും മികവു പ്രദര്‍ശിപ്പിച്ച ഈ കലാകാരി പാട്ടുസീനുകള്‍ വളരെ തന്മയത്വത്തോടെയാണ്‌ ബാലനില്‍ അവതരിപ്പിച്ചത്‌.

എട്ടു പതിറ്റാണ്ട്‌ പിന്നിട്ട മലയാളസിനിമയില്‍ ശക്തമായ സാന്നിദ്ധ്യമാകാന്‍ ഈ നടിക്ക്‌ സാധിച്ചില്ല. നാടകത്തിലും സംഗീതത്തിലും കഥാപ്രസംഗത്തിലും മനസ്സുകൊടുത്തപ്പോള്‍ സിനിമയുടെ തിരക്കുകളിലേക്ക്‌ വരാന്‍ കമലം മടിച്ചു. അത്‌ മികച്ച ഒരു നടിയുടെ മാറിനില്‍പ്പുകൂടിയായിരുന്നു.ബാലന്‍ എന്ന സിനിമയിലെ നായികയാകാന്‍ വേണ്ടി അഞ്ചു പെണ്‍കുട്ടികളെ തെരഞ്ഞെടുത്തിരുന്നു. ഒടുവില്‍ നറുക്ക്‌ വീണത്‌ എം.കെ. കമലത്തിനായിരുന്നു. ബാലന്‍ എന്ന സിനിമയുടെ പിറവിക്കു പിന്നിലും ചില കഥകളുണ്ട്‌. തിരുവനന്തപുരം സ്വദേശിയായ എ. സുന്ദരംപിള്ള 1929-ല്‍ വിധിയും മിസിസ്‌ നായരും എന്നൊരു കഥ എഴുതി. അത്‌ അദ്ദേഹം തിരക്കഥയാക്കി.

മലയാളത്തിലെ ആദ്യത്തെ തിരക്കഥയെഴുതിയതും സുന്ദരന്‍പിള്ളയാണ്‌. തന്റെ തിരക്കഥയുമായി ടി.ആര്‍. സുന്ദരത്തെ കണ്ടു. വിധിയും മിസിസ്‌ നായരും എന്ന തിരക്കഥ ബാലന്‍ എന്ന പേരില്‍ സിനിമയാക്കാന്‍ തീരുമാനിച്ചു. അതിനിടയില്‍ സുന്ദരപിള്ളയും ടി.ആര്‍. സുന്ദരവും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായി. അതിനാല്‍ ബാലന്റെ ആദ്യ തിരക്കഥയില്‍ ചെറിയ മാറ്റങ്ങളോടൊയാണ്‌ സിനിമയാക്കിയത്‌. 1937 ആഗസ്റ്റ്‌ 17-ന്‌ ബാലന്റെ ചിത്രീകരണം തുടങ്ങി. ഡിസംബര്‍ 31-ന്‌ പൂര്‍ത്തിയാക്കി. 1938 ജനുവരി 10-ന്‌ ചിത്രം പ്രദര്‍ശനത്തിനെത്തിച്ചു. ബാലന്റെ സംഭാഷണവും ഗാനവും രചിച്ചത്‌ മുതുകുളം രാഘവന്‍ പിള്ളയാണ്‌. കെ.കെ. അരൂര്‍ (കെ. കുഞ്ചുനായര്‍), കമലം എന്നിവര്‍ക്കൊപ്പം എം.വി. ശങ്കു, എ.കെ. നമ്പ്യാര്‍, ആലപ്പി വിന്‍സെന്റ്‌, മദന്‍ഗോപാല്‍, മാലതി, കെ.എന്‍. ലക്ഷ്‌മി തുടങ്ങിയവരും ബാലനില്‍ അഭിനയിച്ചു. മലയാളസിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി നില്‍ക്കുന്ന കമലത്തിന്റെ കലാത്മകജീവിതം അവസാനിക്കുന്നില്ല. കമലം അവസാനമായി ചായംതേച്ച ജീവിതം അവസാനിക്കുന്നില്ല എന്ന നാടകത്തിന്റെ പേരുപോലെത്തന്നെ.-ചന്ദ്രിക വാരാന്തപ്പതിപ്പ്‌ 25/4/10

Friday, April 16, 2010

നാടകമേ ജീവിതം

മലയാളനാടകത്തിന്റെ അരനൂറ്റാണ്ട്‌ ആഹ്വാന്‍ സെബാസ്റ്റിന്‍ എന്ന നടന്റെ, സംഗീതസംവിധായകന്റെ, സംവിധായകന്റെ, ഗായകന്റെ കാലമാണ്‌. നാടകവും സംഗീതവും ജീവിതത്തില്‍ നിന്ന്‌ വേര്‍തിരിച്ചു നിര്‍ത്താന്‍ കഴിയാത്തവിധം ലയിപ്പിച്ചെടുത്ത കലാകാരന്റെ ചരിത്രം. നാടകം രചിച്ച്‌, സംഗീതം നല്‍കി, അഭിനയിച്ച്‌, നാടകസംഘത്തോടൊപ്പം കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ചു ആഹ്വാന്‍.

സാഹിത്യവും നാടകവും ഇഴചേര്‍ത്ത നാടകപ്രവര്‍ത്തകന്‍. സെബാസ്റ്റിന്റെ ജീവിതവും അനുഭവവും എഴുതിയ ചക്രവര്‍ത്തി നാടകകലയുടെ സമഗ്രതലങ്ങളിലേക്ക്‌ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. ചക്രവര്‍ത്തിയുടെ അവതാരികയില്‍ യു. എ. ഖാദര്‍ എഴുതി: ആഹ്വാന്‍ സെബാസ്റ്റിന്റെ നാടകരംഗത്തെ പാരമ്പര്യങ്ങളെക്കുറിച്ച്‌ ഏറെ വിശദീകരണം ആവശ്യമില്ല; മ്യൂസിക്കല്‍ തിയേറ്റേഴ്‌സ്‌ എന്ന നാടകസംഘത്തെ ഏകോപിപ്പിച്ചു കൊണ്ടു ഭാരതത്തിലുടനീളം വിവിധ അരങ്ങുകളിലായി നാടകാവതരണം വിജയകരമായി നടത്തി അനുഭവപാഠമുള്‍കൊണ്ട വ്യക്തിയാണ്‌; സംഗീതജ്ഞനാണ്‌; നിരവധി നാടകങ്ങള്‍ക്ക്‌ അണിയറയില്‍ മറഞ്ഞ്‌ നിന്ന്‌ നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കനുസരിച്ചുള്ള സംഗീതധ്വനികള്‍ നല്‍കി രംഗങ്ങളുടെ വൈകാരികസീമകളെ ഉദ്ദീപിപ്പിച്ച വ്യക്തിയാണ്‌; നാടകരംഗത്തെ നടീനടന്മാരുമായും രംഗവിദ്വാന്മാരുമായും ആശയവിനിമയവും സൗഹാര്‍ദ്ദവും സ്ഥാപിക്കാന്‍ സാധിച്ചയാളാണ്‌... കുറേയേറെ നാടകാസ്വാദന ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്ത്‌ തനിക്ക്‌ പറയാനുള്ളത്‌ പറഞ്ഞ്‌ സമര്‍ത്ഥിച്ചു പാഠമുള്‍ക്കൊണ്ടിട്ടുണ്ട്‌; പകര്‍ന്നു നല്‍കിയിട്ടുമുണ്ട്‌. -നാടകം, തിയേറ്റര്‍, അവതരണം, സംവിധാനം, സംഗീതം, സിനിമ, രംഗസജ്ജീകരണം എന്നിങ്ങനെ വിവിധ വശങ്ങളെപ്പറ്റി ചക്രവര്‍ത്തിയില്‍ ആഹ്വാന്‍ സെബാസ്റ്റിന്‍ പ്രതിപാദിക്കുന്നുണ്ട്‌.

ആഹ്വാന്‍ സെബാസ്റ്റിന്റെ സഞ്ചാരപാതയില്‍ നിന്നും: സ്‌കൂള്‍ വിദ്യാഭ്യാസം പരിമിതം. അന്‍പത്‌ വര്‍ഷത്തിലേറെ ആയി കലാ പ്രവര്‍ത്തനം. നടന്‍, ഗായകന്‍, ഹാര്‍മോണിസ്റ്റ്‌, സംഗീത സംവിധായകന്‍, നാടക അവതാരകന്‍, നാടകകൃത്ത്‌, തിരക്കഥാകൃത്ത്‌, നാടകസംവിധായകന്‍ എന്നീ നിലകളിലെ പ്രവര്‍ത്തനങ്ങള്‍ വഴി വിവിധ മേഖലയിലെ പ്രതിഭകളുമായി ബന്ധങ്ങള്‍. കലാകാരന്മാര്‍, നിയമപണ്‌ഡിതര്‍, രാഷ്‌ട്രീയ ആചാര്യന്മാര്‍ തുടങ്ങി സമൂഹത്തിലെ വിവിധ പ്രഗത്ഭരുമായുള്ള നിരന്തരമായ സമ്പര്‍ക്കത്തില്‍ നിന്ന്‌ കിട്ടിയ അറിവാണ്‌ എന്റെ കൈമുതല്‍. വായനയും ജീവിതാനുഭവങ്ങളും അതിനു ശക്തിപകരുന്നു.ആഹ്വാനം, ഭ്രാന്താലയം, ഉപാസന, മാണിക്യം വിഴുങ്ങിയ കണാരന്‍ എന്നീ നാടകങ്ങളില്‍ അഭിനയിച്ചു.

മേഫലുകളിലും കല്യാണപുരകളിലും സ്റ്റേജുകളിലും പാടി നടന്നിരുന്ന കാലത്ത്‌, എം.എം.വി. ഗ്രാമഫോണ്‍ റിക്കാര്‍ഡിങ്ങ്‌ കമ്പനി എന്റെ പാട്ടുകള്‍ റിക്കാര്‍ഡ്‌ ചെയ്‌തു പുറത്ത്‌ ഇറക്കിയിട്ടുണ്ട്‌. സംഗീതസംവിധായകനായപ്പോള്‍ നാടകങ്ങളിലും സിനിമയിലുമായി സംഗീതം ചെയ്‌തു...ആഹ്വാന്‍ സെബാസ്റ്റിന്‌ നാടകം ഒരു ജ്വരമാണ്‌ എന്നാണ്‌ ഡോ. സുകുമാര്‍ അഴീക്കോട്‌ വിശേഷിപ്പിച്ചത്‌. എം.ടി. വാസുദേവന്‍ നായര്‍ അനുഗ്രഹവാക്യത്തില്‍ എഴുതി: സെബാസ്റ്റിന്‌ നാടകം ജീവിതമാണ്‌.

കലകളുടെ ചക്രവര്‍ത്തിയായി അദ്ദേഹം കാണുന്നത്‌ നാടകത്തെയാണ്‌. നിരവധി നാടകങ്ങള്‍ അവതരിപ്പിച്ച അനുഭവങ്ങളില്‍ നിന്നാണ്‌ ഈ പുസ്‌തകം രൂപം കൊണ്ടത്‌. അതുകൊണ്ടുതന്നെ ഇത്‌ ശ്രദ്ധേയമാവുന്നു.ജീവിതത്തിന്റെ വസന്തം മുഴുവന്‍ നാടകവേദിക്കു സമര്‍പ്പിച്ച കലാകാരനാണ്‌ ആഹ്വാന്‍ സെബാസ്റ്റിന്‍. മലയാളിക്ക്‌ ശങ്കകൂടാതെ വിശേഷിപ്പിക്കാന്‍ കഴിയുന്ന പേരുകളിലൊന്നാണ്‌ ആഹ്വാന്‍ സെബാസ്റ്റിന്‍. നാടകത്തിലൂടെ ജീവിതം നടന്നുതീര്‍ക്കുന്നൊരാള്‍. -ചന്ദ്രിക വാരാന്തപ്പതിപ്പ്‌ 18-4-2010

Saturday, April 03, 2010

വിശ്രമിക്കാനായിരുന്നില്ല ശ്രമം

നിലാവെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുന്ന സ്‌കൂളിലെ കിഴക്കേ ഹാളില്‍ നിന്ന്‌ പെട്ടെന്നാണ്‌ ഞങ്ങള്‍ എന്തോ ഒരു ശബ്‌ദം കേള്‍ക്കാന്‍ തുടങ്ങിയത്‌.കാതോര്‍ത്തുനോക്കി. ആരോ സംസാരിക്കുന്നതല്ലേ? ആരായിരിക്കും? എന്തായിരിക്കുമവിടെ? ഞങ്ങള്‍ ഗ്രൗണ്ടിനപ്പുറത്തുള്ള കിഴക്കേ ഹാളിലേക്ക്‌ കുതിച്ചു.ശബ്‌ദം കൂടുതല്‍ കൂടുതല്‍ ഉച്ചത്തിലാവുകയായിരുന്നു. അപ്പോള്‍ കണ്ട ആ കാഴ്‌ച-അല്‍ഭുതം കൊണ്ട്‌ ഞങ്ങളുടെ കണ്ണു തള്ളിപ്പോയി.
കുഞ്ഞിരാന്‍ മാഷ്‌!ബോര്‍ഡില്‍ എന്തെല്ലാമോ എഴുതിക്കൊണ്ട്‌ മാഷ്‌ ക്ലാസ്സെടുക്കുകയാണ്‌.മുന്നില്‍ ഒഴിഞ്ഞ ബെഞ്ചുകളും ഡസ്‌ക്കുകളും മാത്രം!
- ഇത്‌ അക്‌ബര്‍ കക്കട്ടിലിന്റെ 'കുഞ്ഞിരാമന്‍ മാഷെ കാണാനില്ല' എന്ന കഥയില്‍ നിന്നും. അദ്ധ്യാപക ജീവിതത്തിന്റെ മുഖങ്ങളിലൊന്നാണിത്‌. ഇറങ്ങിയ പടവുകളിലേക്ക്‌ വീണ്ടുമൊരു തിരിച്ചു കയറ്റം കൊതിക്കുന്ന ജന്മം.
മൂന്നു പതിറ്റാണ്ടിന്റെ അദ്ധ്യാപന അനുഭവം മനസ്സിലും വാക്കിലും എഴുത്തിലും ചേര്‍ത്തുപിടിക്കുന്ന അക്‌ബര്‍ കക്കട്ടില്‍ സര്‍വ്വീസില്‍ നിന്ന്‌ വിരമിച്ചു. സ്‌കൂളും കുട്ടികളും സഹപ്രവര്‍ത്തകരും അക്‌ബര്‍ കക്കട്ടിലിന്റെ കാഴ്‌ചയിലൂടെ...

വിശ്രമിക്കാനായിരുന്നില്ല ശ്രമം
പല ദേശക്കാരും തരക്കാരുമായ കുറെ ആളുകള്‍ ഒരു വീടെടുത്ത്‌ താമസിക്കുകയാണ്‌. ഒരു പാട്‌ നല്ല കാര്യങ്ങള്‍ അവിടെ താമസിച്ചു കൊണ്ട്‌ അവര്‍ ചെയ്യുന്നു. അങ്ങനെയിരിക്കെ ചിലര്‍ ബാക്കിയുള്ളവര്‍ക്ക്‌ വീടിന്‌ തങ്ങളുടെ അവകാശം കൂടി കൊടുത്തുകൊണ്ട്‌ പിന്മാറുന്നു. സര്‍വ്വീസില്‍ നിന്ന്‌ വിരമിക്കുന്ന ഏതൊരാളും ഇങ്ങനെ പിന്‍വാങ്ങുന്നവരാണെന്ന്‌ എനിക്ക്‌ തോന്നുകയാണ്‌.

മാര്‍ച്ച്‌ 31-ന്‌ ശേഷം ഇനി സ്‌കൂളിലേക്ക്‌ തിരിച്ചു ചെല്ലുമ്പോള്‍ `വിറ്റ വീട്ടി'ലേക്ക്‌ ചെല്ലുന്ന അനുഭവമായിരിക്കും. അവിടെയുള്ള ബാക്കിയായവര്‍ക്ക്‌ എന്നോടുള്ള സ്‌നേഹത്തിനോ, പരിഗണനക്കോ ഒരു കുറവും ഉണ്ടാകുകയില്ല എന്നറിയാം. എന്നാലും? അവകാശാധികാരങ്ങള്‍ നഷ്‌ടപ്പെട്ട ഒരുവന്റെ മനസ്സും രൂപവും ഭാവവും എന്നിലേക്ക്‌ കടന്നുവരുന്നു.മുപ്പതു വര്‍ഷമായി ഞാന്‍ അദ്ധ്യാപകനായിട്ട്‌. ഇപ്പോള്‍ വിരമിക്കുന്ന വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 22 വര്‍ഷം. ഏഴ്‌ വര്‍ഷത്തോളം കൂത്താളി ഹൈസ്‌കൂളില്‍. ഒരു വര്‍ഷം കോട്ടയം ജില്ലാ നവോദയ വിദ്യാലയത്തിലും കുറ്റിയാടി ഗവ. ഹൈസ്‌കൂളിലും. തുടക്കവും ഒടുക്കവും വട്ടോളിയില്‍ തന്നെ.

ഇതിനിടയില്‍ പുറത്തുപോയ അവസരങ്ങളില്‍ വട്ടോളി സ്‌കൂളിലേക്ക്‌ വല്ലപ്പോഴും വന്നാല്‍ ഞാന്‍ `വാടകക്ക്‌' കൊടുത്ത ഒരു വീട്ടില്‍ ചെല്ലുന്ന അനുഭവമായിരുന്നു. എല്ലാ പരിചിതരുമുണ്ടായിട്ടും ആകെ ഒരു അപരിചിതത്വം. ഒരു സിം കാര്‍ഡില്ലാത്ത മൊബൈല്‍ ഫോണ്‍ പോലെ. എങ്കില്‍ തീരെ ഇവിടം വിടേണ്ടി വന്നാല്‍ എന്റെ സ്ഥാപനം ഒരു വിറ്റവീടാകുന്നതില്‍ എന്തല്‍ഭുതം.പക്ഷേ, ഈ വീട്‌ എനിക്ക്‌ സ്‌നേഹസ്‌മരണകളുടെ ഗൃഹാതുരത സമ്മാനിക്കുന്നു. ഇതുവരെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും നല്ലൊരു കാലവും കഴിച്ചുകൂട്ടിയത്‌ ഇവിടെയാണ്‌.

ഇഷ്‌ടപ്പെടുന്ന ഒരുപാട്‌ മുഖങ്ങള്‍, ഉള്ളില്‍ തട്ടുന്ന ഒത്തിരി അനുഭവങ്ങള്‍, ഇന്നും വിടാതെ പിടികൂടുന്ന പലവിധ ഓര്‍മ്മകള്‍. ഇതെല്ലാം എന്റെ സമ്പാദ്യമായി വരികയാണ്‌. അഥവാ ഈ വീട്ടില്‍ നിന്നുള്ള എന്റെ ബാങ്ക്‌ ഡെപ്പോസിറ്റ്‌ ആണ്‌ ഈ പറഞ്ഞതെല്ലാം എന്ന്‌ പറഞ്ഞുവെക്കാം.അടുത്തിട കേട്ട ഒരു സംഭവം: ഒരു സ്‌കൂള്‍ മാഷ്‌ക്ക്‌ നല്ല പുറംവേദന വന്നു. ആള്‍ ഒരാഴ്‌ചത്തെ ലീവ്‌ എഴുതിക്കൊടുത്ത്‌ ഡോക്‌ടറെ കാണാനെത്തി. പരിശോധനക്ക്‌ ശേഷം ഡോക്‌ടര്‍ മരുന്ന്‌ കുറിച്ചുകൊടുത്തിട്ട്‌ പറഞ്ഞു: ``നിങ്ങള്‍ ഒരാഴ്‌ച വിശ്രമിക്കണം.'' ഉടനെ മാഷ്‌ ഒരു ഞെട്ടലോടെ പറയുകയുണ്ടായി: ``അയ്യോ എന്റെ സാര്‍, ഞാന്‍ ഒരാഴ്‌ച സ്‌കൂളില്‍ ലീവ്‌ എഴുതിക്കൊടുത്തു പോയല്ലോ.

ഇനി വിശ്രമിക്കണമെങ്കില്‍ അത്‌ ക്യാന്‍സല്‍ ചെയ്‌ത്‌ പോകേണ്ടിവരും.'' ഡോക്‌ടര്‍ അമ്പരന്ന്‌ നില്‍ക്കെ അയാള്‍ പുറത്തിറങ്ങി മരുന്ന്‌ വാങ്ങുംമുമ്പ്‌ സ്‌കൂളില്‍ പോയി ലീവ്‌ ക്യാന്‍സല്‍ ചെയ്‌തു.ഇങ്ങനെ `വിശ്രമിക്കുന്ന' അദ്ധ്യാപകര്‍ നമ്മുടെ വിദ്യാലയങ്ങള്‍ക്ക്‌ ഏറെ `സല്‍പ്പേര്‌' ഉണ്ടാക്കിയിട്ടുണ്ടെന്നുള്ളത്‌ സത്യമാണ്‌. പക്ഷേ, വിശ്രമിക്കാതെ കുട്ടികള്‍ക്ക്‌ നല്ലത്‌ വരുത്താന്‍ `ശ്രമിക്കുന്ന' അദ്ധ്യാപകരായിരുന്നു എന്നും എന്റെ മാര്‍ഗ്ഗദര്‍ശികള്‍. അതിനുവേണ്ടിയുള്ള ശ്രമത്തില്‍ പലപ്പോഴും ഞാന്‍ ജയിച്ചിട്ടുണ്ട്‌.

ചിലപ്പോഴെങ്കിലും തോറ്റിട്ടുമുണ്ടാകാം. പക്ഷേ, പൊതുവെ ചിന്തിക്കുമ്പോള്‍ ഈ ജോലി എനിക്ക്‌ നല്‍കിയത്‌ സന്തോഷവും സംതൃപ്‌തിയും മാത്രമാണ്‌.ഓരോ കുട്ടിയും എനിക്ക്‌ വ്യത്യസ്‌തമായ ഓരോ ജീവിതമായിരുന്നു. അനുഭവങ്ങളുടെ കരയായിരുന്നു. അവനിലൂടെ ഞാന്‍ ഒരുപാട്‌ വ്യക്തികളെയും പരിതസ്ഥിതികളെയും അറിഞ്ഞു. അങ്ങനെ ഓരോരുത്തരും എനിക്ക്‌ ഒരു കഥയായി പല കഥയായി. ഞാന്‍ താമസിച്ച വീടും പരിസരവും കഥയുടെ തട്ടകങ്ങളിലൊന്നായി. ചന്ദ്രിക വാരാന്തപ്പതിപ്പ്‌, 4-4-2010