Friday, February 26, 2010

അഴീക്കോടിനെ പട്ടാളത്തില്‍ ചേര്‍ക്കണോ?


ഇങ്ങനെയൊരു തലവാചകം ഉപയോഗിച്ചത്‌ ക്ഷുഭിത യൗവ്വനം ജീവിതത്തില്‍ കാത്തു സൂക്ഷിക്കുന്ന അഴീക്കോട്‌ മാഷുടെ ക്ഷോഭം വര്‍ദ്ധിപ്പിക്കാനല്ല. മലയാളസിനിമയില്‍ തിലകനുമായി ബന്ധപ്പെട്ട്‌ നടക്കുന്ന വിവാദ പരാമര്‍ശങ്ങളാണ്‌. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ടാര്‍ജറ്റ്‌ ചെയ്‌ത്‌ അരങ്ങേറുന്ന അഭിപ്രായപ്രകടനങ്ങള്‍ കൊണ്ട്‌ മലയാളസിനിമയെ രക്ഷിക്കാന്‍ സാധിക്കുമോ? തിലകന്റെ മമ്മൂട്ടി പരാമര്‍ശം മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌ (ഫെബ്രു.21).
ഉള്‍ക്കടല്‍ എന്ന ചിത്രം മുതല്‍ മലയാളസിനിമയില്‍ നടനവൈഭവം അനുഭവപ്പെടുത്തുന്ന തിലകനും സിനിമാ സംഘടനകളും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലായ്‌മ ഉണ്ടായിട്ടുണ്ട്‌. അത്‌ വീണ്ടും തലപ്പൊക്കിയിരിക്കുന്നു. തിലകനും സംഘടനകളും തമ്മില്‍ പറഞ്ഞുതീര്‍ക്കാവുന്ന വിഷയം. പക്ഷേ, സുകുമാര്‍ അഴീക്കോട്‌ മാഷ്‌ പ്രശ്‌നത്തിലിടപെട്ടതോടെ നടന്മാരിലേക്ക്‌ കേന്ദ്രീകരിച്ചു. നാടകത്തിലും സിനിമയിലും പൗഡറും വിഗ്ഗും ഒന്നും അല്‍ഭുതമല്ലെന്ന്‌ അഴീക്കോട്‌ മാഷക്കും ജനങ്ങള്‍ക്കും അറിയാവുന്നതാണെല്ലോ. മധ്യവയസ്സ്‌ പിന്നിട്ടവര്‍ അദ്ദേഹമെന്നും അയാളെന്നും സംബോധന ചെയ്യുന്നത്‌ അത്ര വലിയ തെറ്റാണോ?
ഇത്തരം കാര്യങ്ങളില്‍ എന്തെങ്കിലും പുതുമയുണ്ടോ? അഴീക്കോട്‌ മാഷെ പോലുള്ള സാംസ്‌കാരികനായകന്മാര്‍ക്ക്‌ പ്രശ്‌നത്തില്‍ ഇടപെടാം. അത്‌ കാര്‍ട്ടൂണിസ്റ്റുകള്‍ക്കും മിമിക്രിക്കാര്‍ക്കും വിഷയമാകുന്ന തരത്തിലാകാതെ സൂക്ഷിക്കേണ്ടുന്ന ഉത്തരവാദിത്വവും ഇടപെടുന്നവര്‍ക്കുണ്ട്‌. വാനപ്രസ്ഥനാകുമ്പോള്‍ മാത്രം വായിക്കേണ്ട പുസ്‌തകമല്ല തത്ത്വമസി. വായനാസമൂഹം ആ പുസ്‌തകത്തെ അങ്ങനെയാണ്‌ സ്വീകരിക്കുന്നത്‌. ഒരു നടന്റെ പേരിലേക്ക്‌ അത്‌ ചേര്‍ത്ത്‌ ചെറുതാക്കേണ്ടിയിരുന്നില്ല.
ഇത്തരം പ്രസ്‌താവനകള്‍ കേള്‍ക്കുമ്പോഴും വായിക്കാനിടവരുമ്പോഴുമാണ്‌ സ്റ്റുവര്‍ട്ടിന്റെ വാക്കുകള്‍ ഓര്‍മ്മയില്‍ നിറയുന്നത്‌: പരസ്യം ചെയ്യാതെ ബിസിനസ്‌ ചെയ്യുന്നത്‌ ഒരു പെണ്‍കുട്ടിയെ ഇരുട്ടില്‍ നിന്ന്‌ കണ്ണിറുക്കിക്കാണിക്കുന്നതുപോലെയാണ്‌. നിങ്ങള്‍ എന്താണ്‌ ചെയ്യുന്നതെന്ന്‌ നിങ്ങള്‍ക്കറിയാം. പക്ഷേ, മറ്റാര്‍ക്കും അതറിയില്ല-(സ്റ്റുവര്‍ട്ട്‌ ഹെന്‍ഡേഴ്‌സണ്‍ ബ്രൈറ്റ്‌).സുകുമാര്‍ അഴീക്കോട്‌ കേരളത്തിലെ മികച്ച പ്രാസംഗികനായതും വര്‍ഷങ്ങളുടെ സപര്യയിലൂടെയാണ്‌. പുനത്തില്‍ കുഞ്ഞബ്‌ദുള്ള വലിയ എഴുത്തുകാരനായതും വര്‍ഷങ്ങളുടെ അധ്വാനത്തിലൂടെയാണ്‌.
വ്യക്തികളുടെ കഴിവും അധ്വാനവും പ്രശസ്‌തിക്ക്‌ പിന്നിലുണ്ട്‌. എഴുത്തിനും പ്രസംഗത്തിനും അധ്യാപനത്തിനും പ്രതിഫലം വാങ്ങുന്നുണ്ടെങ്കില്‍ അഭിനയത്തിനും വാങ്ങാവുന്നതെയുള്ളൂ. അഴീക്കോട്‌ മാഷുടെ പ്രസംഗം കേട്ടിട്ടാണ്‌ കേരളത്തിന്റെ സാംസ്‌കാരികരംഗം മലിനപ്പെടുന്നതെന്നും പുനത്തിലിന്റെ എഴുത്ത്‌ വായിച്ചിട്ടാണ്‌ കേരളം അധോഗതിയിലേക്ക്‌ വഴുതിവീഴുന്നതെന്നും ആരെങ്കിലും കുറ്റപ്പെടുത്തിയാല്‍ മറുപടി എന്താകും! തൊഴില്‍ ചെയ്യാനുള്ള ആരോഗ്യം അനുവദിക്കുന്ന കാലത്തോളം മമ്മൂട്ടിയും ലാലും അത്‌ ചെയ്യട്ടെ. അശ്ലീലമെന്ന്‌ തോന്നുവര്‍ കാണാതിരിക്കട്ടെ. അഴീക്കോട്‌ മാഷക്ക്‌ ഇതെന്തു പറ്റി!
ഒരു വ്യക്തിയെ കാലാതീതനാക്കുന്നത്‌ അദ്ദേഹം എഴുതിയ പുസ്‌തകങ്ങളുടെ എണ്ണം നോക്കിയല്ല. ജീവിതത്തില്‍ ആ വ്യക്തി പുലര്‍ത്തിയ നീതിബോധവും നിലപാടുകളുമാണ്‌. അക്കാര്യം നന്നായി ബോധ്യമുള്ളതും അഴീക്കോട്‌ മാഷക്കാണ്‌. വസ്‌തുതകള്‍ നന്നായി പഠിച്ചതിനു ശേഷം സംസാരിക്കുന്ന വ്യക്തിത്വമാണ്‌ അഴീക്കോട്‌ മാഷിന്റേത്‌. എങ്കിലും അടുത്തകാലത്ത്‌ അദ്ദേഹം നടത്തുന്ന പല ഇടപെടലും വാര്‍ത്തകള്‍ സൃഷ്‌ടിക്കാനുള്ള വെപ്രാളമാണെന്ന്‌ ആര്‍ക്കെങ്കിലും തോന്നിയാല്‍ കുറ്റപ്പെടുത്താനാവില്ല. തിലകനെപ്പോലുള്ള തലമുതിര്‍ന്ന നടനും മിതത്വം അനിവാര്യം. പ്രതികരണമില്ലാതിടത്ത്‌ പരസ്യപ്രസ്‌താവന മാധ്യമ ശ്രദ്ധയില്‍ കവിഞ്ഞൊന്നുമല്ല.
കാനം സഖാവിന്റെ പ്രചോദനത്തില്‍ പ്രകോപിച്ചു രസിക്കട്ടെ. വാക്കിന്‌ അച്ചടക്കമില്ലാത്തവരെ പട്ടാളത്തില്‍ ചേര്‍ത്താല്‍ നന്നാകുമെന്ന്‌ പ്രേക്ഷകരും വായനക്കാരും ആഗ്രഹിച്ചുപോകുന്നു. ചലച്ചിത്രനടന്‍ ക്യാപ്‌റ്റന്‍ രാജു ധ്വനിപ്പിച്ചതും മറ്റൊന്നല്ല (മുഖാമുഖം). പ്രായമായവരുടെ കാര്യത്തില്‍ ഇത്‌ സാധ്യമാണോ എന്നാണ്‌ സംശയം!
പാട്ടിന്റെ കോട്ടക്കല്‍ പെരുമ
ഹൃദയത്തില്‍ പാട്ടിന്റെ കയ്യൊപ്പു പതിഞ്ഞ ഗായകനാണ്‌ അബ്‌ദുറഹിമാന്‍ കോട്ടക്കല്‍. മാപ്പിളപ്പാട്ട്‌ നമുക്ക്‌ ഏറെ പ്രതിഭകളെ തന്നു. പക്ഷേ, പാട്ട്‌ പുതിയ ശൈലിയിലേക്ക്‌ വഴിമാറിയതോടെ ഈ പ്രതിഭകളില്‍ പലരും വിസ്‌മൃതിയിലായി. അല്ലെങ്കില്‍ പലരും പുതിയ മാപ്പിളപ്പാട്ടിന്‌ വിധേയരാകാത്തവരായി. പക്ഷേ, അബ്‌ദുറഹിമാന്‍ കോട്ടക്കല്‍ അങ്ങനെയല്ല. മാപ്പിളപ്പാട്ടിന്റെ അരങ്ങിലും അണിയറയിലും മാത്രമല്ല, സിനിമയിലേക്കും കടന്നുചെല്ലാന്‍ ഒരുങ്ങിനില്‍ക്കുന്നു.
കെ. എം. സി. സി.യുടെയും മുസ്‌ലിംലീഗിന്റെയും സാംസ്‌കാരിക വേദികളിലും ആകാശവാണിയിലും ഗള്‍ഫുനാടുകളിലെ ഗാനസദസ്സുകളിലും അബ്‌ദുറഹിമാന്റെ പാട്ടുകള്‍ സഹൃദയ പ്രശംസ നേടിക്കഴിഞ്ഞു. ബഹ്‌റൈനിലെ പ്രിയഗായകരില്‍ ഒരാളാണ്‌ ഇദ്ദേഹം. ദുബൈ, സഊദി അറേബ്യ തുടങ്ങി ഇതര സ്ഥലങ്ങളിലും നിരവധി വേദികളില്‍ അബ്‌ദുറഹിമാന്‍ പാടിയിട്ടുണ്ട്‌. ഇപ്പോള്‍ സഊദിയിലാണ്‌.പാട്ടിന്റെ പിറകെ നടക്കുമ്പോഴും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ബദ്ധപ്പാടില്‍ കഴിയുന്ന പ്രവാസിയുടെ വേദനകളും ഈ പാട്ടുകാരന്‍ പേറുന്നു. എല്ലാ പ്രതിബന്ധങ്ങളിലും തളരാതെ ദൈവത്തോട്‌ പ്രാര്‍ത്ഥിച്ച്‌ തനിക്ക്‌ ലഭിച്ച ആലാപന വൈഭവം കാത്തുസൂക്ഷിക്കുന്നു. മാപ്പിളപ്പാട്ട്‌ രചയിതാവുകൂടിയാണ്‌ ഈ ഗായകന്‍. ആലാപനത്തിലും ഗാനരചനയില്‍ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്‌.
അല്ലാഹു നീയല്ലാതാരുണ്ടെനിക്ക്‌... എന്ന പി. ടി. അബ്‌ദുറഹിമാന്റെ പ്രശസ്‌ത ഗാനം കെ. രാഘവന്‍ മാസ്റ്ററുടെ സംഗീതത്തില്‍ കോഴിക്കോട്‌ ആകാശവാണിക്കുവേണ്ടി പാടിയാണ്‌ അബ്‌ദുറഹിമാന്‍ മാപ്പിളപ്പാട്ട്‌ രംഗത്തേക്ക്‌ വരുന്നത്‌. മുസ്‌ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനായ ഈ പാട്ടുകാരന്‍ കെ. എം. സി. സി.യും ഗള്‍ഫിലെ കലാസംഘടനകളും നല്‍കുന്ന സ്‌നേഹവും പ്രോത്സാഹനവും തനിക്ക്‌ ലഭിച്ച സൗഭാഗ്യമാണെന്ന്‌ പറയുന്നു. മൈലാഞ്ചി മലര്‍ക്കൈയും മധുവര്‍ണ്ണപ്പൂക്കളും കുഞ്ഞാലിമരയ്‌ക്കാറും മുസ്‌ലിം ലീഗിന്റെ നിരവധി ചരിത്രഗാനങ്ങളും മഹാന്മാരായ ലീഗ്‌ നേതാക്കളെക്കുറിച്ചുള്ള ഗാനങ്ങളും അബ്‌ദുറഹിമാന്റെ ശബ്‌ദത്തില്‍ നിറയുന്നു. ജീവകാരുണ്യ പ്രവര്‍ത്തകന്‍ കൂടിയായ അബ്‌ദുറഹിമാന്‍ മാപ്പിളപ്പാട്ട്‌ രംഗത്ത്‌ പുതിയ സംഭാവനകള്‍ നല്‍കാനുള്ള തയ്യാറെടുപ്പിലാണ്‌.
ബാബൂരാജിന്റെ കഥകള്‍
നമ്മളെപ്പോലുള്ളവന്റെ ജീവിതം തന്നെ പോക്കറ്റടിച്ചു പോയിട്ട്‌ കാലം കൊറേയായി- ഹൃദയത്തില്‍ നിന്നും ഉയിര്‍ക്കൊള്ളുന്ന വാക്കുകള്‍ കൊണ്ട്‌ പന്തലിച്ചു നില്‍ക്കുന്ന വടവൃക്ഷമാണ്‌ കെ. ടി. ബാബുരാജിന്റെ കഥകള്‍. കഥയുടെ ഘടന തകര്‍ക്കുന്ന 28 രചനകളാണ്‌ ബാബൂരാജിന്റെ ബിനാമി എന്ന കഥാസമാഹാരത്തിലുള്ളത്‌. കണ്‍നേര്‍ക്കുന്ന യാഥാര്‍ത്ഥ്യമാണ്‌ ബാബുരാജിന്റെ കഥകളുടെ പ്രമേയം. അവ ആറ്റിക്കുറുക്കി വായനക്കാരന്റെ മനസ്സില്‍ പതിപ്പിക്കാന്‍ കഥാകൃത്തിന്റെ ശൈലിക്ക്‌ സാധിക്കുന്നു. കഥകളുടെ ദൈര്‍ഘ്യമല്ല, ജീവിതത്തിന്റെ ചൂടാണ്‌ ബിനാമിയിലെ കഥകളെ ശ്രദ്ധേയമാക്കുന്നത്‌. ഈ പുസ്‌തകത്തിലെ കഥകളെ നമ്മുടെ ജീവിതത്തില്‍ നിന്നും അടര്‍ത്തി മാറ്റാന്‍ കഴിയില്ല. അവ നിത്യജീവിതത്തിന്റെ പാഠാവലികളാണ്‌-(പായല്‍ ബുക്‌സ്‌).
-നിബ്ബ്‌, ചന്ദ്രിക 28-02-2010

Thursday, February 25, 2010

‌പ്രതിരോധത്തിന്റെ ക്യാമറക്കാഴ്‌ചകള്‍

മഗ്‌രിബ്‌ രാജ്യങ്ങളുടെ ഭൂമിശാസ്‌ത്രപരവും രാഷ്‌ട്രീയപരവുമായ നേര്‍ക്കാഴ്‌ചകളിലൂടെ മഗ്‌രിബ്‌ സിനിമകളെ വിശകലനം ചെയ്യുകയാണ്‌ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ മഗ്‌രിബ്‌ സിനിമ ചരിത്രവും വര്‍ത്തമാനവും എന്ന പുസ്‌തകത്തില്‍.മൊറോക്കോ, അള്‍ജീരിയ, ടുണീഷ്യ എന്നീ രാജ്യങ്ങളിലെ ചലച്ചിത്രങ്ങളെ വിശേഷിപ്പിക്കുന്നത്‌ മഗ്‌രിബ്‌ സിനിമകളെന്നാണ്‌. മഗ്‌രിബ്‌ ജനതയുടെ ചരിത്രത്തിലേക്കും ചലച്ചിത്ര സംസ്‌കാരത്തിലേക്കും വായനക്കാരെ നടത്തിക്കുകയാണ്‌ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍.

ലോകസിനിമയുടെ ഭൂപടത്തില്‍ മഗ്‌രിബ്‌ ചിത്രങ്ങളുടെ പ്രസക്തി ഈ പുസ്‌തകം ചര്‍ച്ചചെയ്യുന്നുണ്ട്‌.ഒരു ജനതയുടെ പൊള്ളുന്ന ജീവിതത്തിന്റെ അകം കാഴ്‌ചകള്‍ അഭ്രപാളിയിലൂടെ പ്രേക്ഷകരെ വിസ്‌മയിക്കുന്ന കാഴ്‌ചാനുഭവമാക്കുകയാണ്‌ മഗ്‌രിബിന്റെ സംവിധായകര്‍. ജീവിതത്തില്‍ ഇടപെടുകയും പ്രതികരിക്കുകയും ചെയ്യുന്ന സംവിധായകരുടെ സാന്നിദ്ധ്യമാണ്‌ മഗ്‌രിബിന്റെ സവിശേഷതകളിലൊന്ന്‌. പുരുഷകേന്ദ്രീകൃതമായ ഒരു സമൂഹത്തില്‍ നിന്നും ലോകസിനിമയുടെ സൗന്ദര്യശാസ്‌ത്രം അട്ടിമറിക്കുന്ന നിരവധി സംവിധായികമാര്‍ മഗ്‌രിബിലുണ്ട്‌.ആര്‍ക്കുവേണ്ടി? എന്തിനു വേണ്ടി സിനിമ ചെയ്യുന്നു എന്ന ചോദ്യത്തിന്‌ വ്യക്തമായ ഉത്തരം മഗ്‌രിബ്‌ സംവിധായകര്‍ നല്‍കുന്നുണ്ട്‌.

ജീവിതത്തിന്റെ കണ്ണാടിക്കാഴ്‌ചയായി അവര്‍ സിനിമ തെരഞ്ഞെടുക്കുകയാണ്‌. ഒട്ടേറെ സാമൂഹിക പ്രതിസന്ധികള്‍ അതിജീവിച്ചുകൊണ്ടാണ്‌ മഗ്‌രിബിലെ ചലച്ചിത്രപ്രവര്‍ത്തകര്‍ ക്യാമറ പിടിക്കുന്നത്‌. രാഷ്‌ട്രീയവും മതപരവുമായ ചുറ്റുപാടുകളും മഗ്‌രിബ്‌ ചിത്രങ്ങള്‍ക്ക്‌ മുന്നിലുണ്ട്‌.കൊളോണിയല്‍ കെട്ടുപാടുകളില്‍ നിന്നും സ്വാതന്ത്ര്യം നേടിയതോടുകൂടിയാണ്‌ മഗ്‌രിബില്‍ സിനിമകളുടെ മുന്നേറ്റും ആരംഭിച്ചത്‌. കൊളോണിയല്‍ സംസ്‌കാരത്തിനെതിരെ പോരടിച്ചു കൊണ്ടാണ്‌ മഗ്‌രിബ്‌ചലച്ചിത്ര പ്രവര്‍ത്തകര്‍ ഒരു ജനതയുടെ സ്വത്വാവബോധം അടയാളപ്പെടുത്താന്‍ തുടങ്ങിയത്‌. ഈ വിഷയത്തിലേക്കാണ്‌ പുസ്‌തകത്തിന്റെ ഉള്ളടക്കം ഊന്നല്‍ നല്‍കുന്നത്‌.

മൊറോക്കോ, അള്‍ജീരിയ, ടുണീഷ്യ എന്നീ രാജ്യങ്ങള്‍ മഗ്‌രിബില്‍ ഒരുമിച്ചു നില്‍ക്കുമ്പോഴും അതത്‌ രാജ്യങ്ങളുടെയും ജനതയുടെയും സാമൂഹികവും സാംസ്‌കാരികവുമായ വൈവിധ്യവും വ്യത്യസ്‌ത ജീവിത സമീപനവും പ്രതിഫലിപ്പിക്കുന്നുണ്ട്‌. മഗ്‌രിബ്‌ ചരിത്രം, സമൂഹം, രാഷ്‌ട്രീയം എന്നിവയിലൂന്നി പുതിയ പ്രതിസന്ധികളും പ്രശ്‌നങ്ങളും ശക്തമായി മഗ്‌രിബ്‌ ചിത്രങ്ങള്‍ ആവിഷ്‌കരിക്കുന്നു. മൊറോക്കോ ചിത്രങ്ങളുടെ ജാഗ്രതയ്‌ക്ക്‌ ലത്തീഫ്‌ ലാഹോര്‍, ഹസന്‍ ബിന്‍ജിലോഹ്‌, അഹ്‌മദ്‌ ബൗലിനി തുടങ്ങിയവരുടെ സിനിമകള്‍ ഉദാഹരണമാണ്‌.

ടുണീഷ്യന്‍ ചിത്രലോകം ജീവല്‍ പ്രതിസന്ധികളുടെ തിരഭാഷയാണ്‌ അനുഭവപ്പെടുത്തുന്നത്‌. അള്‍ജീരിയയിലും സിനിമ തീക്ഷ്‌ണമായ കലാബോധത്തോടെ തിരഭാഷയുടെ പാഠവും പാഠാന്തരവും വ്യക്തമാക്കുന്നു.ആശയാനുഭവങ്ങളുടെ കൂട്ടായ ചിത്രീകരണമാണ്‌ മഗ്‌രിബ്‌ പ്രവിശ്യയിലെ സിനിമകളെ ലോകവേദിയില്‍ ശ്രദ്ധാര്‍ഹമാക്കുന്നത്‌. മഗ്‌രിബ്‌ രാജ്യങ്ങളിലെ സമീപകാല ചരിത്രവും മനുഷ്യാവകാശ പ്രശ്‌നങ്ങളും സ്വത്വാവബോധവും സ്‌ത്രീ സമൂഹം നേരിടുന്ന പാര്‍ശ്വവല്‍കരണവും വിചാരണ ചെയ്യപ്പെടുന്ന ഈ പുസ്‌തകം ക്യാമറയുടെ പ്രതിഭാഷയാണ്‌ വായിച്ചെടുക്കുന്നത്‌.

മഗ്‌രിബ്‌ സിനിമ ചരിത്രവും വര്‍ത്തമാനവും എന്ന പുസ്‌തകം സാര്‍ത്ഥമാക്കുന്നത്‌ അന്വേഷണത്തിലും ആസ്വാദനത്തിലും ഗ്രന്ഥകാരന്‍ പ്രകടിപ്പിക്കുന്ന നിരീക്ഷണപാടവമാണ്‌. അലിസൊവ, ദ സൈലന്‍സ്‌ ഓഫ്‌ പാലസ്‌, വാട്ട്‌ എ വണ്ടര്‍ഫുള്‍ വേള്‍ഡ്‌, ബ്ലഡ്‌ നമ്പര്‍ വണ്‍ തുടങ്ങിയ ചിത്രങ്ങളുടെ ഹ്രസ്വ വിവരണം വായനയില്‍ മികച്ച അനുഭവമാകുന്നു. സംവിധായകരായ റജി അമരി, നാദിയ ഇല്‍ ഫാനി, ഒസാമ മുഹമ്മദ്‌ എന്നിവരുമായുള്ള സംഭാഷണം പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്‌.കുഞ്ഞിക്കണ്ണന്‍ വാണിമേലിന്റെ സിനിമാ സംബന്ധിയായ പുതിയ കൃതിയാണിത്‌. ലോകസിനിമയുടെ ഭൂപടത്തില്‍ മഗ്‌രിബ്‌ സിനിമകള്‍ക്കുള്ള ഇടം ഗൗരവമായി ഈ പുസ്‌തകം സൂചിപ്പിക്കുന്നു.

മഗ്‌രിബ്‌ സിനിമയെ അടുത്തറിയാന്‍ സഹായകമായ മലയാളത്തിലെ ആദ്യ പുസ്‌തകമാണ്‌ മഗ്‌രിബ്‌ സിനിമ: ചരിത്രവും വര്‍ത്തമാനവും.
മഗ്‌രിബ്‌ സിനിമ: ചരിത്രവും വര്‍ത്തമാനവും
കുഞ്ഞിക്കണ്ണന്‍ വാണിമേല്
‍അടയാളം പബ്ലിക്കേഷന്‍സ്‌, തൃശൂര്‍വില- 75 രൂ.
-രാധാകൃഷ്‌ണന്‍ എടച്ചേരി


Friday, February 19, 2010

എഴുപതുകള്‍ തൂക്കിവില്‍ക്കുന്നവര്‍

രക്തബാങ്കില്‍ ക്യൂ നില്‍ക്കുമ്പോ
ള്‍ഓര്‍ക്കാനാവുമോ?
ചോരയുടെ ഇതിഹാസം?- (ഉമേഷ്‌ ബാബൂ കെ. സി, രക്തബാങ്ക്‌- മാതൃഭൂമി). ജീവിതം കത്തിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍, യുവത്വത്തിന്റെ പ്രതീക്ഷ കെടുത്തിയവരെ എന്താണ്‌ വിളിക്കുക? എഴുപതുകളെ ഓര്‍ക്കുമ്പോള്‍ ഈ ഒരു ചോദ്യമാണ്‌ കേരളചരിത്രം നമുക്ക്‌ മുന്നില്‍ തൂക്കിയിടുന്നത്‌.

സിവിക്‌ ചന്ദ്രനും കല്‍പ്പറ്റ നാരായണനും വി. കെ. പ്രഭാകരനും തുടങ്ങി ഒരു കൂട്ടം കവികള്‍ തടവറക്കവിതകളെക്കുറിച്ച്‌ നടത്തിയ സംഭാഷണം മാതുഭൂമി ആഴ്‌ചപ്പതിപ്പില്‍ അച്ചടിച്ചുവന്നു. മുമ്പും വിപ്ലവസ്വപ്‌നങ്ങള്‍ ചിതലരിച്ചുപോയതിനെക്കുറിച്ചുള്ള എഴുത്തും സംഭാഷണങ്ങളും നടന്നിട്ടുണ്ട്‌. ഈ മഹാപ്രതിഭകള്‍ വീറോടെ പറയുമ്പോള്‍ എഴുപതിന്റെ പിന്‍ഗാമികളുടെ സ്ഥിതിയെന്താണെന്ന്‌ ഓര്‍ക്കാറുണ്ടോ? വിപ്ലവസ്വപ്‌നം വിതച്ചവരില്‍ എണ്‍പത്‌ ശതമാനവും, അവര്‍ ആരെ എതിര്‍ത്തിരുന്നോ, അധികാരത്തിന്റെ തണലില്‍ ശിഷ്‌ടജീവിതം തിരുകിവെച്ചവരാണ്‌. ഇവര്‍ പടുത്തുയര്‍ത്തിയ ചുവപ്പുരാശിയിലൂടെ സഞ്ചരിച്ച യുവത്വം പി. എസ്‌. സിക്കു പുറത്തും. ഭാവനയില്‍ വിരിഞ്ഞ തടവറയുടെ മഹത്ത്വം ആവര്‍ത്തിക്കുന്നതില്‍ ആര്‍ക്കാണ്‌ നേട്ടം? സാങ്കേതികവിദ്യയുടെ വഴിയില്‍ സഞ്ചരിക്കുന്ന പുതിയ തലമുറക്ക്‌ ഇത്തരം ഏറ്റുപറച്ചില്‍ നാടകത്തിനോട്‌ താല്‍പര്യമില്ല. സ്വപ്‌നങ്ങളും ജീവിതവും തുലഞ്ഞ്‌ മധ്യവയസ്സിലേക്ക്‌ കടന്നവരും എഴുപതുകള്‍ വില്‍ക്കുന്നവരെ കേള്‍ക്കില്ല. ശുദ്ധവും ഋജുവുമായ ഒരു വഴിയിലൂടെ ജീവിതത്തെ സ്വീകരിച്ചാല്‍ പരമസത്യം വെളിപ്പെട്ടു കിട്ടുമെന്ന്‌ സെന്‍ ദര്‍ശനം ഓര്‍മ്മപ്പെടുത്തുന്നുണ്ട്‌.

എഴുപതിന്റെ കണ്ണാടിനോക്കി രസിക്കല്‍ ഉപേക്ഷിക്കേണ്ട സമയമായില്ലേ? കല്‍പ്പറ്റ നാരായണന്‍ തുറന്നുപറഞ്ഞു: ഭീരുതന്നെ ഞാന്‍ എന്‍ തലനോക്കൂ, നാരുനാരായി നരച്ചിരിക്കുന്നു (കുടിയൊഴിക്കല്‍- വൈലോപ്പിള്ളി). സച്ചിദാനന്ദനും ശങ്കരപ്പിള്ളയും ബി. രാജീവനും വേണുവും മറ്റും എഴുപതിന്റെ തികട്ടലില്‍ നിന്നും രക്ഷപ്പെടുന്നത്‌ വായനക്കാരുടെ ഭാഗ്യം.

ഷാരൂഖ്‌ ഖാന്‍ വിവാദം
മൈ നയിം ഈസ്‌ ഖാന്‍ എന്ന ഷാരൂഖ്‌ ഖാന്‍ ചിത്രത്തിനെതിരെ ശിവസേന നടത്തിയ ഉപരോധം ഇന്ത്യയുടെ ചരിത്രത്തില്‍ മറ്റൊരു കറുത്ത അധ്യായമായി അടയാളപ്പെട്ടു. കലയോടും കലാകാരന്മാരോടും ഇന്ത്യ (പ്രാചീന വിശേഷണത്തില്‍ ആര്‍ഷഭാരതം) എക്കാലത്തും ആദരവാണ്‌ പ്രകടിപ്പിച്ചത്‌. ക്രിക്കറ്റ്‌ കളിക്കാരെക്കുറിച്ച്‌ തന്റെതായ ഒരു അഭിപ്രായം പറഞ്ഞതിന്‌ ഷാരൂഖ്‌ ഖാന്റെ സിനിമ ബഹിഷ്‌കരിക്കാന്‍ ഒരു രാഷ്‌ട്രീയ സംഘടന തയ്യാറാകുന്നത്‌ ജനാധിപത്യ സംവിധാനത്തിന്‌ തീരാകളങ്കമാണ്‌.

നര്‍ഗീസിന്റെ കഥ
നര്‍ഗീസ്‌ കഥ പറയുമ്പോള്‍ പുതിയ ലോകം നമുക്ക്‌ മുന്നില്‍ തെളിയുന്നു. കഥയില്‍ ലോകമുണ്ട്‌. ജീവിതത്തിന്റെ തുടിപ്പുമുണ്ട്‌. നര്‍ഗീസിന്റെ പുതിയ കഥ -സ്‌പന്ദനങ്ങള്‍ തേടി (വാരാദ്യമാധ്യമം14/2). പലായനത്തിന്റെ ദുരിതങ്ങള്‍ മാത്രം നിറഞ്ഞ ഒരു ജനതയുടെ ജീവിതത്തിലൂടെയാണ്‌ നര്‍ഗീസ്‌ വായനക്കാരെ നടത്തിക്കുന്നത്‌. കഥാനായിക അസ്‌റ ഗാസ്സയില്‍ നിന്നോ, റഫാഹില്‍ നിന്നോ വരുന്നു. അവള്‍ വെസ്റ്റ്‌ബാങ്കിലേക്ക്‌ പോകുന്നു. നാല്‌പതുവഴികള്‍ നിറഞ്ഞ ടണലിലൂടെയാണ്‌ അസ്‌റ യാത്ര ചെയ്യുന്നത്‌.

അസ്‌റയുടെ മനോഗതങ്ങള്‍ കഥയിലുടനീളം പതിഞ്ഞുനില്‍ക്കുന്നുണ്ട്‌. കഥയില്‍ നിന്നും: മഹ്‌മൂദ്‌, ഒരു തടവില്‍ നിന്നും മറ്റൊരു തടവിലേക്കാണ്‌ ഞാന്‍ വരുന്നത്‌. അല്ലാഹുവേ, ഒരു പ്രഭാതമെങ്കിലും പൂത്തുനില്‍ക്കുന്ന പാടങ്ങള്‍ക്കിടയിലൂടെ പീച്ച്‌ റോസുകള്‍ വിടര്‍ന്നു നില്‍ക്കുന്ന ജോര്‍ദാന്‍ നദിക്കരയിലൂടെ എനിക്ക്‌ മഹ്‌മൂദിനെയും ചേര്‍ത്ത്‌ നടക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍.- എന്നിങ്ങനെ അശരണരുടെ മനമെഴുത്താണ്‌ ഈ കഥ. കഥപറച്ചിലിലും ആഖ്യാനഭാഷയിലും കഥാകാരി പുലര്‍ത്തുന്ന സൂക്ഷ്‌മത ശ്രദ്ധേയമാണ്‌. മലയാളകഥയിലെ പുതിയൊരു വാഗ്‌ദാനമാണ്‌ നര്‍ഗീസ്‌. സ്‌പന്ദനങ്ങള്‍ തേടി എന്ന കഥ അനുഭവപ്പെടുത്തുന്നതും മറ്റൊന്നല്ല.

കലയും നാഗരികതയും
കലയുടെ ഉല്‍പത്തിയും മനുഷ്യന്റെ വികാസപരിണാമങ്ങളും നാഗരികതകളുടെ സവിശേഷതകളും വസ്‌തുനിഷ്‌ഠമായി വിശകലനം ചെയ്യുന്ന മികച്ച പുസ്‌തകമാണ്‌ കലയും നാഗരികതയും. പ്രശസ്‌ത ചിത്രകാരനും എഴുത്തുകാരനുമായ ഗായത്രിയുടെ കലയും നാഗരികതയും ഒന്‍പത്‌ അധ്യായങ്ങളില്‍ നാഗരികതയുടെ ആരംഭം, ആദിമ ഭാരതീയ നാഗരികത, ചൈനയുടെ നാഗരികത തുടങ്ങി അമേരിക്കന്‍ കലാചരിത്രം വരെ വിവരിക്കുന്നു. ഈജിപ്‌ത്‌, ബേബിലോണിയ, അസ്സറിയന്‍ സംസ്‌കാരങ്ങളിലൂടെ ലോക ചിത്രകല, വാസ്‌തുവിദ്യ, ശില്‍പകല, ചൈനയിലെ കളിമണ്‍നിര്‍മ്മിതി മുതലായവ സൂക്ഷ്‌മതയോടെ വിശകലനം ചെയ്യുന്നു. വര്‍ണ്ണങ്ങളില്‍ ഗായത്രി അടയാളപ്പെടുത്തുന്ന മികവ്‌ ഭാഷാപ്രയോഗത്തിലും പുലര്‍ത്തുന്നു. ഗായത്രിയുടെ കലയും നാഗരികതയും വായിച്ചുപോകുമ്പോള്‍ ലോകത്തിന്റെ കണ്ണാടിയാണ്‌ വായനക്കാരന്‌ മുമ്പില്‍ തുറന്നുകിട്ടുന്നത്‌. അതില്‍ നാം വിസ്‌മരിച്ചതും ഓര്‍ക്കേണ്ടതും ഇപ്പോള്‍ നിലനില്‍ക്കുന്നതുമായ ലോകചരിത്രം നിറഞ്ഞുനില്‍ക്കുന്നുണ്ട്‌. കലാസ്വാദകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനപ്പെടുത്താവുന്ന ഈടുറ്റ പുസ്‌തകം- (കേരള സാഹിത്യഅക്കാദമി, 60 രൂപ).- നിബ്ബ്‌, ചന്ദ്രിക 21-02-2010

Tuesday, February 16, 2010

ഓസ്‌കാറില്ലെങ്കില്‍ പൂക്കുട്ടിയെ അംഗീകരിക്കുമോ?

റസൂല്‍ പൂക്കുട്ടിയെ ആഘോഷിക്കുകയാണ്‌ മാധ്യമങ്ങള്‍. ഓസ്‌കാര്‍ ലഭിക്കുന്നതുവരെയും ഇവിടെ മാധ്യമങ്ങളും സിനിമയും ശബ്‌ദലേഖനവും പൂക്കുട്ടിയും ജീവിച്ചിരുന്നതായി ആരും ഓര്‍ത്തിരുന്നില്ലേ? പുരസ്‌കാരം ലഭിച്ചാലേ വ്യക്തിയുടെ, കലാകാരന്റെ കഴിവുകളെ നാം അംഗീകരിക്കൂ എന്നതിന്‌ മികച്ച ഉദാഹരണമാണ്‌ റസൂല്‍ പൂക്കുട്ടി.

മലയാളികള്‍ എ. ആര്‍. റഹ്‌മാന്റെ സര്‍ഗാത്മ തിരിച്ചറിയാന്‍ സായിപ്പിന്റെ അംഗീകാരം വരെ കാത്തിരുന്നു. സ്‌ലംഡോഗിലൂടെ ഓസ്‌ക്കാര്‍ കിട്ടുന്നതുവരെ റസുല്‍പൂക്കുട്ടിയുടെ ശബ്‌ദമിത്രണ വൈഭവം തിരിച്ചറിയാനും. ഓസ്‌കാര്‍ അവാര്‍ഡുകള്‍ ഇന്ത്യയിലെത്തിച്ചതിനും മലയാളിയായ പൂക്കുട്ടി അതില്‍ മുഖ്യസാന്നിദ്ധ്യമായതിലും നമുക്ക്‌ അഭിമാനിക്കാം. പക്ഷേ, ഇത്തരം പുരസ്‌കാരങ്ങള്‍ കൈവന്നില്ലെങ്കിലും ഈ കലാകാരന്മാരുടെ പ്രവര്‍ത്തനം രണ്ടാം സ്ഥാനത്തല്ല; ഒന്നാം സ്ഥാനത്തുതന്നെയാണ്‌. പിന്നെ എന്തുകൊണ്ട്‌ അത്‌ നാം അംഗീകരിക്കാന്‍ മടിച്ചു. ഓരോ ഇന്ത്യക്കാരനും സ്വയം ചോദിക്കേണ്ടിയിരിക്കുന്നു. ഇവര്‍ മാത്രമല്ല, അവരവരുടെ മാധ്യമങ്ങള്‍ക്കുവേണ്ടി ആത്മാര്‍പ്പണം ചെയ്യുന്ന നിരവധി വ്യക്തികള്‍ ഇന്ത്യാ രാജ്യത്തുണ്ട്‌; ഭൂമിമലയാളത്തിലും. അവര്‍ക്ക്‌ സ്വന്തം ദേശങ്ങളിലെങ്കിലും അംഗീകാരം നല്‍കേണ്ടതില്ലേ? സായിപ്പ്‌ പറഞ്ഞാലേ എന്തും ശരിയാകൂ എന്ന ചിന്താഗതി മാറ്റേണ്ട കാലമായില്ലേ?

തിലകന്‍ വിവാദം
മലയാളസിനിമ അഞ്ചെട്ടു വര്‍ഷമായി പുകഞ്ഞു കൊണ്ടിരിക്കുന്നു. സാമ്പത്തികകാര്യത്തിലല്ല. ചിത്രങ്ങള്‍ പുറത്തിറങ്ങാത്തതിന്റെ പേരിലല്ല. പിന്നെ സംഘടനകളുടെ കാര്യത്തില്‍. ലോകത്ത്‌ സംഘടനകള്‍ പൊളിഞ്ഞു കൊണ്ടിരിക്കുന്ന കാലമാണ്‌. ഏത്‌ സംഘടനയുടെയും നിലനില്‍പ്‌ അത്‌ നിര്‍വ്വഹിക്കുന്ന പ്രവര്‍ത്തനങ്ങളും സമൂഹത്തിന്റെ വിശ്വാസ്യതയും അനുസരിച്ചാണ്‌. ചരിത്രം പഠിപ്പിക്കുന്നതും മറ്റൊന്നല്ല. കഴിവുറ്റ നടന്മാരില്‍ ഒരാളാണ്‌ തിലകന്‍. അദ്ദേഹത്തിനു മാത്രം ചെയ്‌തു ഫലിപ്പിക്കാവുന്ന നിരവധി കഥാപാത്രങ്ങളിലൂടെ അഭിനയമികവ്‌ പ്രതിഫലിപ്പിച്ചിട്ടുണ്ട്‌. അദ്ദേഹത്തെപ്പോലെയോ, അതിനേക്കാള്‍ മികച്ചതോ ആയ അഭിനേതാക്കളും ഉണ്ട്‌. മലയാളസിനിമയിലെ വിവാദങ്ങള്‍ അടുത്തകാലത്ത്‌ തികലനുമായി ചേര്‍ത്താണ്‌ പുറത്തുവരുന്നത്‌.

ഈ വിവാദങ്ങളിലെല്ലാം തിലകന്‍ ഇടപെടുന്നുണ്ടോ ഇല്ലയോ എന്നത്‌ അദ്ദേഹത്തിനു മാത്രം അറിയുന്ന കാര്യം. ഒരു സിനിമയില്‍ തിലകന്‌ കരാര്‍ ചെയ്‌ത റോള്‍ നല്‍കിയില്ല എന്നതാണ്‌ പുതിയ വിവാദത്തിന്‌ തുടക്കം. സിനിമ കൂട്ടായ കലാപ്രവര്‍ത്തനമാണ്‌. പല സ്വഭാവത്തിലും താല്‍പര്യത്തിലും പ്രവര്‍ത്തിക്കുന്നവരുണ്ടാകാം. അവരെയെല്ലാം കോര്‍ത്തിണക്കുക എന്നതാണ്‌ സിനിമ പോലുള്ള ഒരു കലാ മേഖലയുടെ ഏറ്റവും വലിയ യത്‌നം. വ്യക്തിപിണക്കങ്ങളും ആരോപണങ്ങളും പര്‍വ്വതീകരിച്ചാല്‍ വാര്‍ത്താപ്രാധാന്യം നേടാം. പ്രത്യേകിച്ചും ഇരുപത്തിനാലു മണിക്കൂറും വാര്‍ത്താചാനലുകള്‍ സജീവമായ കാലഘട്ടത്തില്‍. ഇങ്ങനെ വിവാദങ്ങള്‍ സൃഷ്‌ടിക്കപ്പെട്ടാല്‍ കലാകാരന്മാര്‍ക്കിടയില്‍ അനിവാര്യമാകേണ്ട ഐക്യം തിരിച്ചു കിട്ടണമെന്നില്ല. പിണക്കം എപ്പോള്‍ വേണമെങ്കിലും പരിഹരിക്കപ്പെടാം.

ഒരു കലാകാരനെ, അദ്ദേഹത്തിന്‌ നല്‍കിയ വേഷത്തില്‍ നിന്നും നടനവൈദഗ്‌ധ്യത്തിന്റെ പേരിലല്ലാതെ നീക്കം ചെയ്യാന്‍ പാടില്ല. അല്ലെങ്കില്‍ തക്കതായ കാരണം അദ്ദേഹത്തെ അറിയിക്കണം. ആ മര്യാദ കരാറുകാര്‍ പാലിച്ചിരിക്കണം. ആരൊക്കെ തന്റെ സിനിമയില്‍ വേണമെന്ന്‌ തീരുമാനിക്കുന്നത്‌ സംവിധായകനാണ്‌. കഥാപാത്രങ്ങള്‍ക്ക്‌ അനുയോജ്യരെ സംവിധായകന്‍ തീരുമാനിക്കുന്നു. സിനിമ സംവിധായകന്റെ കലയാണ്‌. പൊതുസമൂഹത്തില്‍ നിന്നും അന്യമാകുന്ന ചിലര്‍ കയറിക്കൂടാനുള്ള ഇടമായി മലയാളസിനിമാരംഗത്തെ കാണാന്‍ തുടങ്ങിയിരിക്കുന്നു. സംഘടനകളുടെ ബലത്തില്‍ ബലപ്രയോഗം നടത്താനുള്ള ശ്രമമാണ്‌ ഇതില്‍ ചിലര്‍ തുടങ്ങിയത്‌. അടുത്തകാലത്തിത്‌ ശക്തമായിട്ടുണ്ട്‌. പൂര്‍ണമായും രാഷ്‌ട്രീയവല്‍ക്കരിച്ചാല്‍ ഒരു കലാസംഘടനയും നിലനില്‍ക്കില്ല. കേരളത്തില്‍ പല നാടകസംഘങ്ങളും പൊളിഞ്ഞ കഥ ഇവര്‍ക്ക്‌ അറിയാത്തതല്ല, പക്ഷേ പുര കത്തിയാലും വേണ്ടത്‌ ഞാനെടുക്കും എന്നു തീരുമാനിച്ചിറങ്ങുന്നവര്‍ക്ക്‌ മലയാളസിനിമയോടോ, തിലകനോടോ, മറ്റേതെങ്കിലും അഭിനേതാക്കളോടോ ഉത്തരവാദിത്വമുണ്ടാകണമെന്നില്ല.

സിനിമാരംഗത്തെ സൗഹൃദച്ചോര്‍ച്ച പരിഹരിക്കേണ്ടത്‌ ആ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ തന്നെയാകുന്നതാണ്‌ നല്ലത്‌. ഉള്ളതിനെ നശിപ്പിക്കാന്‍ എളുപ്പമാണ്‌. കെട്ടിപ്പടുക്കാന്‍ എളുപ്പമല്ല, അത്‌ സിനിമയായാലും സ്ഥിതി വ്യത്യസ്‌തമല്ല. കഴിഞ്ഞകാല അനുഭവങ്ങളില്‍ നിന്നും മലയാളി ഇനിയും പഠിക്കാത്ത പാഠമാണിത്‌.

പി.ടി. അബ്‌ദുറഹിമാന്
‍ജീവിതത്തിന്റെ കുട്ടിക്കാലത്തേക്ക്‌ നടന്നുപോകുന്നതില്‍ സന്തോഷം കണ്ടെത്തിയ എഴുത്തുകാരനായിരുന്നു പി.ടി. അദ്ദേഹത്തിന്റെ പിന്നോട്ടു നടത്തം പുതിയൊരു നിധിയുമായി മുന്നോട്ടു തിരിച്ചെത്തുവാനായിരുന്നു. പി.ടി. രചിച്ച കവിതകളും ഗാനങ്ങളും ഓര്‍മ്മപ്പെരുക്കത്തിന്റെ ഇമ്പം കൊണ്ട്‌ വായനക്കാരില്‍ വിസ്‌മയം സൃഷ്‌ടിച്ചു. പി. ടി. മനംനോക്കി എഴുതിക്കൊണ്ടിരുന്നു. അവയുടെ അറ്റങ്ങളില്‍ വിയര്‍പ്പിനോടൊപ്പം രക്തവും പൊടിഞ്ഞു. മലയാളകവിതയില്‍ വ്യത്യസ്‌തമായൊരു ഭാവുകത്വത്തിന്റെ ഉടമ.

കടം വീട്ടുന്ന കവിത
ജീവിതനദി തുഴഞ്ഞുപോകുന്നൊരാളുടെ നിതാന്ത സാന്നിദ്ധ്യം ഹക്കീം വെളിയത്തിന്റെ കവിതകളിലുണ്ട്‌. എരിഞ്ഞൊടുങ്ങിയ പകലുകളില്‍ നിന്നും വെളിച്ചം പെയ്യാത്ത രാവുകളില്‍ നിന്നും കോരിയെടുത്ത അനുഭവലോകമാണ്‌ ഹക്കീമിന്റെ വേദനയുടെ നോട്ടുപുസ്‌തകം. കാലം എത്ര കടന്നുപോയാലും കറുത്തിരുണ്ടുപോകാത്ത കാഴ്‌ചകളുടെ ദീപ്‌തി ഈ പുസ്‌തകത്തില്‍ പതിഞ്ഞുനില്‍പ്പുണ്ട്‌. നാല്‌പതു കവിതകളാണ്‌ വേദനയുടെ നോട്ടുപുസ്‌തകം. അവ മണ്ണും മാനവും തൊടുന്നു. സ്‌നേഹത്തിന്റെയും ആത്മാര്‍പ്പണത്തിന്റെയും നീരൊഴുക്കാണ്‌ ഈ കവിതകളുടെ അടിസ്ഥാനധാര. അവതാരികയില്‍ എം. എന്‍. വിജയന്‍: ചവിട്ടിയരക്കപ്പെട്ടവന്റെയും എരിഞ്ഞുതീരുന്നവന്റെയും നൊമ്പരം കൊണ്ടാണ്‌ ഈ കവി ചരിത്രത്തെ അളക്കുന്നത്‌. അബൂഗുറൈബിലെ ചോരപ്പൂക്കളും, ബുദ്ധന്റെ ബോധക്കേടും- ഈ ബോധം വിളിച്ചു പറയും. മുഞ്ഞിനാട്‌ പത്മകുമാറിന്റെ പഠനം.- (ചിദംബരം ബുക്‌സ്‌)- നിബ്ബ്‌, ചന്ദ്രിക 14-2-2010.

Friday, February 12, 2010

ഹനീഫയും ഗിരീഷും

മലയാളിയുടെ കണ്ണിലും കാതിലും നിറഞ്ഞ രണ്ടു പ്രതിഭകളായിരുന്നു കൊച്ചിന്‍ ഹനീഫയും ഗിരീഷ്‌ പുത്തഞ്ചേരിയും. രണ്ടുപേരും എഴുത്തിന്റെ തട്ടകത്തിലൂടെയാണ്‌ ചലച്ചിത്രരംഗത്തെത്തിയത്‌. ഹനീഫ തിരക്കഥയെഴുതിയും ഗിരീഷ്‌ പാട്ടെഴുതിയും സിനിമയില്‍ ഇടം നേടി. തിരക്കഥാകൃത്ത്‌, നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ ഹനീഫ അടയാളപ്പെട്ടു. ഗിരീഷ്‌ ഗാനരചയിതാവ്‌, കവി, തിരക്കഥാകൃത്ത്‌, കഥാകൃത്ത്‌ എന്നീ നിലകളിലും.

കൊച്ചിന്‍ ഹനീഫ ഏറെയും ഹാസ്യത്തിന്‌ മുന്‍തൂക്കം കൊടുക്കുന്ന വേഷങ്ങളിലായിരുന്നു. അദ്ദേഹം മറ്റ്‌ കഥാപാത്രങ്ങളായി തിരശ്ശീലയില്‍ നിറഞ്ഞപ്പോഴും പ്രേക്ഷകര്‍ ചിരിച്ചുകൊണ്ടാണ്‌ എതിരേറ്റത്‌. കാരണം ഹാസ്യമെന്നത്‌ ഈ നടന്റെ കരിയറില്‍ ചേര്‍ത്തുവെച്ചു. ഗൗരവമുള്ള കഥാപാത്രങ്ങളിലും വില്ലന്‍വേഷങ്ങളിലും ഹനീഫ ചടുലത സൃഷ്‌ടിച്ചിട്ടുണ്ട്‌. സംവിധായകനായ ഹനീഫ ചിത്രത്തിലെ നായകന്മാരെയോ, ഇതര പ്രവര്‍ത്തകരെയോ നിയന്ത്രിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണെന്ന്‌ അദ്ദേഹത്തിന്റെ മലയാളം, തമിഴ്‌ ചിത്രങ്ങള്‍ വിളിച്ചുപറയുന്നു. കാരണം ഹനീഫ നടനാണ്‌. നടനെ ഒളിച്ചുവയ്‌ക്കാന്‍ കൊച്ചിന്‍ ഹനീഫയ്‌ക്ക്‌ സാധിക്കില്ല. അഭിനയത്തെ മനസ്സില്‍ ചേര്‍ത്തുപിടിച്ച വ്യക്തിയായിരുന്നു ഹനീഫ.ചിരിക്കുന്ന ഹനീഫയെ, അല്ലെങ്കില്‍ ചിരിപ്പിക്കുന്ന ഹനീഫയെയാണ്‌ വെള്ളിത്തിരയില്‍ കാണാന്‍ സാധിച്ചത്‌.

ഹനീഫയെ നേരില്‍ കാണുമ്പോള്‍ അദ്ദേഹം ഏത്‌ തരക്കാരനായിരിക്കും? ഇങ്ങനെയൊരു ചോദ്യം അലട്ടിക്കൊണ്ടിരുന്ന ഒരു കാലത്തായിരുന്നു കൊച്ചിന്‍ ഹനീഫയെ കാണാന്‍ സാധിച്ചത്‌. അദ്ദേഹം തലശ്ശേരിയില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്‌ക്കിടയില്‍ കോഴിക്കോട്ട്‌ ചന്ദ്രികയില്‍ വന്നു. അദ്ദേഹത്തിന്റെ സുഹൃത്തും പീരിയോഡിക്കല്‍സ്‌ എഡിറ്ററുമായ നവാസ്‌ പൂനൂരിനെ കാണാന്‍ വേണ്ടിയായിരുന്നു സന്ദര്‍ശനം. ചന്ദ്രികയുടെ ഗേറ്റു കടന്നു ഹനീഫ വരുമ്പോഴേ അദ്ദേഹത്തെ ശ്രദ്ധിച്ചിരുന്നു. കറുത്ത ഷര്‍ട്ടും പാന്റും ധരിച്ച ഗൗരവക്കാരനായ ഒരു മനുഷ്യന്‍. വാക്കുകള്‍ പിശുക്കി ഉപയോഗിക്കുന്ന പ്രകൃതം. അദ്ദേഹം തിരിച്ചുപോകുന്നതുവരെയും മുഖത്തെ ഭാവത്തില്‍ വ്യത്യാസം വരുത്തിയില്ല. എല്ലാവര്‍ക്കും മുഖംകൊടുത്തും കുറച്ചുവാക്കുകള്‍ പങ്കുവെച്ചും ഹനീഫ തിരിച്ചുപോയി.

ഹനീഫ അഭിനയിച്ച സീനുകള്‍ ഓരോന്നായി മനസ്സിലൂടെ കടന്നുപോയി. വാക്കുകള്‍ ശുഷ്‌കമായി ഉപയോഗിക്കുമ്പോഴും ഗൗരവം നടിക്കുമ്പോഴും ഹനീഫ മനസ്സില്‍ നന്നായി ചിരിക്കുന്നുണ്ടാകണം. ടിക്കറ്റില്ലാതെ പഹന്മാരെ ഞാന്‍ ചിരിപ്പിക്കില്ലെന്നോര്‍ത്ത്‌. നന്മയുടെ ഭാഗമായി നിന്നുകൊണ്ട്‌ ജീവിതാവസാനം വരെ സിനിമാലോകത്ത്‌ നില്‍ക്കുക എന്നത്‌ ഭഗീരഥപ്രയത്‌നമായ കാലത്തും ഹനീഫക്ക്‌ കുലുക്കമുണ്ടായില്ല. കര്‍മ്മത്തിലും സ്വഭാവത്തിലും മാറ്റമില്ലാതെ ഹനീഫ ജീവിച്ചു.

ഗിരീഷിന്‌ പാട്ടും പാട്ടെഴുത്തും ഉന്മാദമായിരുന്നു. ആത്മാര്‍പ്പണം. ഗിരീഷ്‌ വാക്കുകളെ നക്ഷത്രങ്ങളെപ്പോലെ സ്‌നേഹിച്ചിരുന്നു. അവയ്‌ക്ക്‌ ആടയാഭരണങ്ങളൊരുക്കാന്‍ എത്ര സമയവും അദ്ദേഹം നീക്കിവെച്ചു. ഗിരീഷിന്റെ മനസ്സില്‍ വാക്കുകള്‍ പൂത്ത്‌, മൊട്ടുകളായി വിരിഞ്ഞ്‌ ഫലങ്ങളായി മാറിക്കൊണ്ടിരുന്നു. വിരാമമില്ലാതെ. ഗംഗാപ്രവാഹമായി. പല രാവറുതിയിലും ഗിരീഷിന്റെ മനസ്സിലും കണ്ണിലും സൂര്യകിരീടങ്ങള്‍ വീണുടഞ്ഞു.ശബ്‌ദതാരാവലിയാണ്‌ എന്റെ നിധി എന്ന്‌ അഭിമാനിച്ച മലയാളത്തിലെ ഏക ഗാനരചയിതാവായിരുന്നു ഗിരീഷ്‌ പുത്തഞ്ചേരി.

ഭാഷാവബോധമാണ്‌ ഈ എഴുത്തുകാരന്റെ കരുത്ത്‌. പാട്ടെഴുതുന്ന ഗിരീഷിനു മുമ്പില്‍ കവിതയും തിരക്കഥയും പതുങ്ങിനിന്നുകൊണ്ടിരുന്നു. അവ മുന്നിലേക്ക്‌ വന്ന സന്ദര്‍ഭങ്ങളിലെല്ലാം മലയാളത്തിന്‌ കനപ്പെട്ട കവിതയും തിരക്കഥയും ലഭിച്ചിട്ടുണ്ട്‌.സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും സജ്ജമായ ജന്മമായിരുന്നു ഗിരീഷിന്റേത്‌. ഗുരുനാഥന്മാരെയും സഹപ്രവര്‍ത്തകരെയും സ്‌നേഹിതരെയും ഒരുപോലെ ഗിരീഷ്‌ നെഞ്ചേറ്റിയിരുന്നു.

ഗിരീഷിന്റെ സുഹൃത്ത്‌ വലയത്തില്‍ എത്തിപ്പെട്ടത്‌. സമാന്തര കോളജ്‌ അദ്ധ്യാപകനായി വടകരയില്‍ ജോലി ചെയ്‌തുകൊണ്ടിരുന്നപ്പോഴാണ്‌. ഒരിക്കല്‍ ഞാന്‍ ജോലി ചെയ്യുന്ന കോളജില്‍ പ്രശസ്‌ത കഥാകൃത്തും അദ്ധ്യാപകനുമായ വി. ആര്‍. സുധീഷിനോടൊപ്പം ഗിരീഷ്‌ വന്നു. സുധീഷും അന്ന്‌ ആ കോളജില്‍ ജോലി ചെയ്യുന്ന കാലം. പല എഴുത്തുകാരും വടകര വന്നാല്‍ കോളജിലെത്തി സുധീഷിനെ കാണാറുണ്ട്‌. ആ നിരയില്‍ ഗിരീഷും ഒരു ദിവസം എത്തി. അദ്ദേഹം ഗാനരചയിതാവായ സാഹചര്യം വിവരിച്ചു. അക്കാലത്ത്‌ ഏറെ പ്രശസ്‌തി നേടിയ ദേവാസുരം എന്ന ചിത്രത്തിലെ സൂര്യകിരീടം വീണുടഞ്ഞു.... എന്ന ഗാനം രചിച്ച സാഹചര്യമൊക്കെ ഗിരീഷ്‌ വിദ്യാര്‍ത്ഥികളോട്‌ പങ്കുവച്ചു. കുറെ പാട്ടുകളും പാടി. അന്നുമുതല്‍ ഗിരീഷ്‌ ഞങ്ങളുടെയെല്ലാം കൂട്ടുകാരില്‍ ഒരാളായി.

പിന്നീട്‌ പത്രരംഗത്തെത്തിയപ്പോള്‍ പല കാര്യത്തിനും ഗിരീഷിനെ വിളിക്കാനും സംസാരിക്കാനും സ്വകാര്യവേദനകള്‍ പങ്കുവയ്‌ക്കാനും കഴിഞ്ഞിട്ടുണ്ട്‌.നാലഞ്ച്‌ വര്‍ഷത്തിനുമുമ്പ്‌ യേശുദാസിനെക്കുറിച്ച്‌ ഒരു പുസ്‌തകം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അതേപ്പറ്റി ഞാന്‍ ആദ്യം സംസാരിച്ചവരില്‍ ഒരാള്‍ ഗിരീഷായിരുന്നു. അന്ന്‌ പല നിര്‍ദ്ദേശങ്ങളും എനിക്ക്‌ നല്‍കി. പലരുടെയും ഫോണ്‍ നമ്പരും തന്നു. വയലാര്‍ ശരത്‌ച്ചന്ദ്ര വര്‍മ്മ ഉള്‍പ്പെടെയുള്ളവരെ ഗിരീഷിന്റെ വീട്ടില്‍ നിന്നും വിളിച്ച്‌ ലേഖനത്തിനുള്ള ഏര്‍പ്പാട്‌ ചെയ്‌തു. കൂടാതെ ഹിന്ദി സിനിമാ സംഗീതലോകത്തെ ചില വ്യക്തികളെ പരിചയപ്പെടുത്തിത്തരാനും ശ്രമിച്ചു.

ചില ദിവസങ്ങളില്‍ കാലത്ത്‌ ഭക്ഷണം കാരപ്പറമ്പിലെ തുളസീദളത്തില്‍ നിന്നായിരുന്നു. ടൗണില്‍ നിന്നും ഏറെ അകലെയുള്ള ഗ്രാമത്തില്‍ നിന്നും ഗിരീഷിനെ കാണാനെത്തുമ്പോള്‍ എനിക്കു വേണ്ടി ചായയും പലഹാരവുമായി ഗിരീഷ്‌ തുളസീദളത്തിലുണ്ടാവും. അരികിലൊരു വെറ്റിലത്താമ്പാളവും. വെറ്റില മുറുക്ക്‌ ഗിരീഷിന്‌ ഹരമായിരുന്നു. അല്ലെങ്കില്‍ ജീവിതത്തിന്റെ അഭിവാജ്യഘടകമായിരുന്നു.ഇടയ്‌ക്കൊരു പിണക്കവും.

കടലുപോലെ സ്‌നേഹം നിറഞ്ഞ മനസ്സില്‍ ചിലപ്പോള്‍ പിണക്കത്തിന്റെ കാര്‍മേഘം ഒളിച്ചുകളിക്കാറുണ്ട്‌. അക്കാര്യം ഗിരീഷ്‌ തന്നെ പറഞ്ഞിട്ടുണ്ട്‌. വടക്കുംനാഥന്‍ എന്ന ഗിരീഷിന്റെ തിരക്കഥ പുസ്‌തകമാക്കാന്‍ വേണ്ടി കോഴിക്കോട്ടെ ഒരു പ്രസാധക സുഹൃത്ത്‌ ഗിരീഷിനോട്‌ ചോദിക്കാന്‍ ആവശ്യപ്പെട്ട പ്രകാരം ഞാന്‍ സൂചിപ്പിച്ചു. എന്റെ മറ്റൊരു സ്‌നേഹിതന്‍ അത്‌ പുസ്‌തകമാക്കുന്ന കാര്യം അറിയില്ലായിരുന്നു. പ്രസാധകര്‍ക്കിടയിലെ ക്ലിക്കുകളില്‍ ഞാന്‍ അകപ്പെട്ടത്‌ അറിഞ്ഞുകൊണ്ടായിരുന്നില്ല. എന്റെ നിരപരാധിത്വം ഗിരീഷിനോടും വടക്കുനാഥന്റെ തിരക്കഥ പുസ്‌തകമാക്കിയ സ്‌നേഹിതനോടും തുറന്നുപറഞ്ഞപ്പോള്‍ ആ പിണക്കം മാറിക്കിട്ടി. അതോടെ ഒരു തീരുമാനവും എടുത്തു.

ജീവിതത്തില്‍ ഇത്തരം പ്രശ്‌നങ്ങളില്‍ ഇനി ഇടപെടില്ലെന്ന്‌. ഒരു സൗഹൃദം നഷ്‌ടപ്പെടുമ്പോള്‍ ജന്മസുകൃതമാണ്‌ നഷ്‌ടമാകുക. ഗിരീഷ്‌ ഇക്കാര്യം ഓര്‍മ്മപ്പെടുത്തിയിരുന്നു. അനുഭവങ്ങളുടെ പാഠപുസ്‌തകമായി മനസ്സില്‍ നിറയുന്ന രണ്ടുമുഖങ്ങള്‍. അവര്‍ അടയാളപ്പെടുത്തിയ സ്‌നേഹത്തിന്റെ, പ്രതിഭാ ജാഗരൂകതയുടെ ദീപ്‌തി മങ്ങുന്നില്ല.

Wednesday, February 10, 2010

ഗിരീഷിന്‌


ഗിരീഷിന്‌-വര്‍ഷങ്ങളായി മനസ്സില്‍ പതിഞ്ഞ സ്‌നേഹമുഖം. ഇടയ്‌ക്ക്‌ പിണക്കം. പിന്നെയും സ്‌നേഹപ്പെരുമഴ. ഇണക്കത്തിന്റെ സംഗീതം. ഇപ്പോള്‍ വിയോഗത്തിന്റെ നീലരാശി.

Monday, February 08, 2010

ഋതുഭേദങ്ങളുടെ പാട്ടുകാരന്‍

വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തുടങ്ങിയതാണ്‌ യേശുദാസുമായുള്ള എന്റെ ബന്ധം. ദക്ഷിണാമൂര്‍ത്തിയുടേയും ദേവരാജന്‍ മാഷിന്റേയുമൊക്കെ പാട്ടിന്‌ ഗിറ്റാര്‍ വായിച്ചിരുന്ന കാലംവരെ പഴക്കമുണ്ട്‌ ഞങ്ങളുടെ സൗഹൃദത്തിന്‌. പിന്നീട്‌ ഞാന്‍ സംഗീതസംവിധായകനായപ്പോള്‍ അദ്ദേഹത്തെ കൂടുതല്‍ അടുത്തറിയാന്‍ കഴിഞ്ഞു. ഏതു പാട്ടും പാടാന്‍ കഴിവുള്ള അപൂര്‍വ്വം ഗായകരില്‍ ഒരാളാണ്‌ യേശുദാസ്‌. ശരിക്കും പറഞ്ഞാല്‍ ഹൃദയത്തില്‍ ദൈവത്തിന്റെ കൈയ്യൊപ്പ്‌ പതിഞ്ഞ അനുഗൃഹീത കലാകാരന്‍. എന്നോട്‌ എന്നും നല്ല സ്‌നേഹവും ബന്ധവും അദ്ദേഹം പുലര്‍ത്തിയിട്ടുണ്ട്‌.

`പൂവാടികളില്‍......' എന്ന ഗാനമാണ്‌ ഞങ്ങളൊന്നിച്ച്‌ ആദ്യം ചെയ്‌തതെന്നാണ്‌ ഓര്‍മ്മ.പാട്ട്‌ നന്നാവാന്‍ എത്ര കഷ്‌ടപ്പെടാനും അദ്ദേഹം തയ്യാറാണ്‌. അതുകൊണ്ട്‌ തന്നെ എത്ര മോശം പാട്ടും യേശുദാസ്‌ പാടി നന്നാക്കാറുണ്ട്‌. പുതിയ തലമുറയിലെ ഗായകരില്‍ കാണാത്ത `ത്യാഗമനോഭാവം' യേശുദാസില്‍ വളരെയേറെയുണ്ട്‌. ഒരു ധ്യാനം പോലെ അദ്ദേഹം സംഗീതത്തെ സമീപിക്കുന്നു. ആദ്യകാലത്തൊക്കെ ദിവസം രണ്ട്‌ പാട്ട്‌ വെച്ചായിരുന്നു ഞാന്‍ ചെയ്‌തിരുന്നത്‌. എന്റെ 650-ാം പാട്ട്‌ വരെ ഇങ്ങനെയായിരുന്നു.

എന്നാല്‍ സിന്ധുഭൈരവിയില്‍ ഒരു ഗാനം ചെയ്യാന്‍ ഒരിക്കല്‍ രാവിലെ മുതല്‍ പുലര്‍ച്ചെ രണ്ടു മണിവരെ ഞാനും ദാസും ഇരുന്നിട്ടുണ്ട്‌. ഈയൊരു മനസ്സ്‌ തന്നെയാണ്‌ അദ്ദേഹത്തെ വലിയവനാക്കുന്നത്‌. യേശുദാസ്‌ മലയാളത്തിന്റെ മാത്രമല്ല, ഭാഷയുടേയും ദേശത്തിന്റേയും അതിര്‍വരമ്പുകള്‍ കടന്നു പരന്നുകിടക്കുന്ന സംഗീതാനുഭവമാണ്‌. ത്യാഗമാണ്‌ ഒരു പാട്ടുകാരനെ സ്‌ഫുടം ചെയ്‌തെടുക്കുന്നത്‌. ശബ്‌ദം നിലനിര്‍ത്താനും നന്നാവാനുമുള്ള ദാസിന്റെ ത്യാഗം പുതിയ തലമുറയ്‌ക്ക്‌ പാഠമാകേണ്ടതാണ്‌.

കഴിഞ്ഞ 15 വര്‍ഷങ്ങളായി നവരാത്രി സംഗീതോത്സവത്തിന്‌ യേശുദാസ്‌ എനിക്കു വേണ്ടി മാത്രം ചില കീര്‍ത്തനങ്ങള്‍ പാടാറുണ്ട്‌. അദ്ദേഹത്തിന്‌ എന്നോടുള്ള സ്‌നേഹം തന്നെയല്ലേ ഇത്‌. സംഗീതം തീര്‍ത്തും ദൈവീകമാണ്‌. അതു ലഭിക്കുന്നവരൊക്കെ ഭാഗ്യവാന്മാരാണ്‌. സപ്‌തസ്വരങ്ങളെ സ്‌നേഹമായിട്ടും ബന്ധമായിട്ടും കിട്ടിയതില്‍ ഞാന്‍ ഭാഗ്യവാനാണ്‌. സപ്‌തസ്വരമാണ്‌ എന്റെ സ്വരം, നാദസ്വരങ്ങളുടെ ഈ ലോകം എനിക്ക്‌ കിട്ടിയ പുണ്യമാണ്‌. യേശുദാസ്‌ ഈ പുണ്യലോകത്തെ എന്റെ ബന്ധുവാണ്‌. അദ്ദേഹത്തിന്റെ ശബ്‌ദത്തില്‍ ദൈവത്തിന്റെ അദൃശ്യ സ്‌പര്‍ശമുണ്ട്‌. സംഗീതത്തിലുള്ള ശ്രദ്ധയും ആത്മാര്‍പ്പണവും അദ്ദേഹത്തെ വ്യത്യസ്‌തനാക്കുന്നു.

മറ്റു ഗായകര്‍ പാടിയ എന്റെ പല പാട്ടും യേശുദാസ്‌ പാടിയിരുന്നെങ്കില്‍ ..എന്ന്‌ ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്‌. അവരെ വേദനിപ്പിക്കാന്‍ ആഗ്രഹിക്കാത്തതുകൊണ്ട്‌ ഗാനങ്ങളുടെ പേരെടുത്ത്‌ പറയുന്നില്ല. സംഗീതരംഗത്ത്‌ ഞാനും യേശുദാസും ഒരുപാട്‌ പ്രൊജക്‌ടുകള്‍ പ്ലാന്‍ ചെയ്‌തിട്ടുണ്ട്‌. വരും കാലങ്ങളില്‍ അവയൊക്കെ നടക്കുമെന്നു തന്നെയാണ്‌ എന്റെ പ്രതീക്ഷ.

ഞാനും ദാസും വെള്ളവസ്‌ത്രങ്ങള്‍ ധരിക്കുന്നത്‌ യാദൃശ്ചികമാകാം. മൂകാംബികയിലെ അമ്മയാണ്‌ ഞാന്‍ ശുഭ്രവസ്‌ത്രം ധരിക്കാന്‍ കാരണം. യേശുദാസും ദൈവത്തിന്റെ സ്വന്തമാണെല്ലോ? എല്ലാ നേട്ടങ്ങള്‍ക്കും പിന്നില്‍ നിതാന്തമായ ത്യാഗമുണ്ട്‌. സൂക്ഷ്‌മമായ അച്ചടക്കമുണ്ട്‌. ജീവിതത്തിലും സംഗീതത്തിലും അച്ചടക്കം ആവോളം സൂക്ഷിക്കുന്ന ഗായകനാണ്‌ യേശുദാസ്‌.ഒരു നിര്‍വചനത്തിലൂടെയും സംഗീതത്തെ അറിയാന്‍ കഴിയില്ല. സ്വയം പ്രകാശിക്കുന്നസൂര്യനെ കാണാന്‍ വേറൊരു വിളക്ക്‌ കൊളുത്തേണ്ടതില്ല. അതുപോലെതന്നെ സ്വയം പ്രകാശിക്കുന്ന സംഗീതത്തിനും.

സംഗീതത്തിന്റെ Defenition സംഗീതം തന്നെയാണ്‌. പ്രപഞ്ച വിസ്‌മയങ്ങള്‍ക്കു മുമ്പില്‍ കൂപ്പുകൈകളോടെ നില്‍ക്കുന്നവനാണ്‌ നല്ലൊരു കലാകാരന്‍. യേശുദാസ്‌ നല്ലൊരു കലാകാരനാണ്‌. ഏതെങ്കിലും ഭാഷയിലോ, രാഗത്തിലോ തളച്ചിടാന്‍ കഴിയാത്ത ഋതുഭേദങ്ങളുടെ പാട്ടുകാരാണദ്ദേഹം.സംഗീതം ബാഹ്യമായ അഭിരുചിയല്ല. അത്‌ അനുഭൂതിയാണ്‌. ജന്മവാസനയുടെ ആര്‍ദ്രമായ അനുഗ്രഹമാണ്‌. യേശുദാസിന്‌ ആ അനുഗ്രഹം കിട്ടിയിട്ടുണ്ട്‌. -ഇളയരാജ(കുഞ്ഞിക്കണ്ണന്‍ വാണിമേലിന്റെ `യേശുദാസ്‌ സംഗീതമേ ജീവിതം എന്ന പുസ്‌തകത്തില്‍ നിന്ന്‌)

ഗന്ധര്‍വ്വന്റെ പ്രാണസഖി

ആത്മാവ്‌ ആത്മാവിനെ തിരിച്ചറിഞ്ഞ ബന്ധം. പോയ ജന്മങ്ങളിലുമെല്ലാം ഞങ്ങള്‍ ഒന്നായിരുന്നിരിക്കണം. ഈശ്വരന്റെ നിശ്ചയം അതായിരിക്കും.പത്താം ക്ലാസ്സില്‍ പഠിക്കുന്ന കാലത്താണ്‌ ഞാന്‍ ആദ്യമായി ദാസേട്ടനെ കണ്ടത്‌. അന്ന്‌ തിരുവനന്തപുരത്ത്‌ കോട്ടണ്‍ഹില്‍സ്‌ സ്‌കൂളിനടുത്തായിരുന്നു ഞങ്ങള്‍ താമസം.കുട്ടിക്കാലം മുതലേ ദാസേട്ടന്റെ പാട്ടുകള്‍ എനിക്ക്‌ കമ്പമായിരുന്നു. ദാസേട്ടനെ നേരില്‍ കാണണമെന്നും ഓട്ടോഗ്രാഫില്‍ കയ്യൊപ്പ്‌ വാങ്ങണമെന്നൊക്കെ വലിയ ആഗ്രഹമായിരുന്നു.


എനിക്കും എന്റെ വീട്ടിലുള്ളവര്‍ക്കും സംഗീതം എന്നു പറഞ്ഞാല്‍ ഭ്രാന്തു തന്നെ.എന്റെ ഒരു അങ്കിള്‍ മദ്രാസില്‍ പഠിക്കുന്നുണ്ടായിരുന്നു. നാട്ടില്‍ അവധിക്ക്‌ വരുമ്പോള്‍ യേശുദാസിനെപ്പറ്റിയും അദ്ദേഹത്തിന്റെ പുതിയ പാട്ടുകളെപ്പറ്റിയുമൊക്കെ അങ്കിള്‍ വാചാലനാകും. എന്നെപ്പോലെ സംഗീതത്തോട്‌ ഭ്രാന്തമായ സ്‌നേഹമാണ്‌ അങ്കിളിനും.എന്നെങ്കിലും എനിക്ക്‌ യേശുദാസിനെ ഒന്നു കാണാനും പരിചയപ്പെടാനും പറ്റുമോ എന്നു പലപ്പോഴും ഞാന്‍ അങ്കിളിനോട്‌ ചോദിക്കുമായിരുന്നു. മദ്രാസിലെ മലയാളി ഹോട്ടലില്‍ പല പ്പോഴും യേശുദാസും അങ്കിളും ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചിരുന്നതുകൊണ്ട്‌ തീര്‍ച്ചയായും ഒരു ദിവസം യേശുദാസിനെ വീട്ടില്‍ കൊണ്ടുവരാമെന്ന്‌ അങ്കിള്‍ പറഞ്ഞെങ്കിലും ഞാന്‍ അതത്ര വിശ്വസിച്ചില്ല.

എനിക്ക്‌ എസ്‌.എസ്‌.എല്‍.സി. പരീക്ഷ. അന്നാണ്‌ തിരുവനന്തപുരം സെനറ്റ്‌ ഹാളില്‍ യേശുദാസിന്റെ കച്ചേരി. വിവരമറിഞ്ഞപ്പോള്‍ തന്നെ ഞാന്‍ അങ്കിളിനോട്‌ കാര്യങ്ങളൊക്കെ ധരിപ്പിച്ചു. എങ്ങനെയെങ്കിലും യേശുദാസിനെ വീട്ടില്‍ കൊണ്ടുവരണമെന്നായിരുന്നു എന്റെ ആവശ്യം. എന്റെ ആവശ്യം പരമാവധി ശ്രമിക്കാമെന്ന്‌ ഉറപ്പു നല്‍കിയ അങ്കിള്‍ സെനറ്റ്‌ ഹാളിലേക്ക്‌ പോയി.എനിക്കാണെങ്കില്‍ ടെന്‍ഷന്‍. രാത്രി ഒന്‍പത്‌ മണിയായി. സെനറ്റ്‌ ഹാളിലെ പ്രോഗ്രാം അവസാനിച്ചു കാണും. ഫോണ്‍ ശബ്‌ദം. ഓടിച്ചെന്ന്‌ ഫോണെടുത്തപ്പോള്‍ അങ്കിള്‍. ``നിനക്ക്‌ ദാസേട്ടനുമായി സംസാരിക്കണോ''ഞാന്‍ അമ്പരന്നുപോയി.

അടുത്ത നിമിഷം ഫോണില്‍ സംസാരിച്ചത്‌ ദാസേട്ടനായിരുന്നു. പരിഭ്രമം കാരണം എന്റെ ശബ്‌ദം പുറത്തു വന്നില്ല. ദാസേട്ടന്‍ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. ഇന്ന്‌ തീരെ സമയമില്ല. ഇനിയൊരിക്കല്‍ വീട്ടില്‍ വരാമെന്നും പറഞ്ഞ്‌ ദാസേട്ടന്‍ ഫോണ്‍ വെച്ചു.അന്ന്‌ എന്റെ മനസ്സില്‍ അദ്ദേഹത്തെ പ്രേമിക്കണമെന്നോ, വിവാഹം കഴിക്കണമെന്നോ ഉള്ള ഒരാഗ്രഹവും ഉണ്ടായിരുന്നില്ല.രണ്ടു മാസം കഴിഞ്ഞു. ദാസേട്ടന്‍ വീണ്ടും തിരുവനന്തപുരത്ത്‌ എത്തി. അന്ന്‌ ടാഗോര്‍ ഹാളിലായിരുന്നു ഗാനമേള. ഞാനും വീട്ടുകാരും ദാസേട്ടന്റെ ഗാനമേളയ്‌ക്ക്‌ പോയി. അന്നാണ്‌ ഞാന്‍ ആദ്യമായി ദാസേട്ടനെ നേരില്‍ കണ്ടത്‌.

അങ്കിളാണ്‌ എന്നെ പരിചയപ്പെടുത്തിയത്‌. തീര്‍ച്ചയായും നാളെ വീട്ടില്‍ വരാമെന്ന്‌ ദാസേട്ടന്‍ പറഞ്ഞപ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമായി.പിറ്റേന്ന്‌ വൈകുന്നേരം അങ്കിളിനോടൊപ്പം ദാസേട്ടന്‍ ഞങ്ങളുടെ വീട്ടില്‍ വന്നു.``മോളേ നിനക്ക്‌ വേണ്ടിയാണ്‌ യേശുദാസിനെ വീട്ടില്‍ കൊണ്ടുവന്നിരിക്കുന്നത്‌.'' അങ്കിള്‍ അന്നുപറഞ്ഞ വാചകം പിന്നീട്‌ സത്യമായി ഭവിച്ചപ്പോള്‍ അത്ഭുതം തോന്നി.അന്നുരാത്രി ദാസേട്ടന്‍ വീട്ടില്‍ നിന്നായിരുന്നു ഭക്ഷണം കഴിച്ചത്‌. ``നീ മധു പകരൂ, മലര്‍ ചൊരിയൂ'' എന്ന ഗാനം അന്ന്‌ ദാസേട്ടന്‍ എനിക്കുവേണ്ടി പാടി. ഇനി തിരുവനന്തപുരത്ത്‌ വരുമ്പോഴെല്ലാം ഫോണില്‍ വിളിക്കാം എന്നുപറഞ്ഞ്‌ ദാസേട്ടന്‍ പോയി.

പിന്നീട്‌ എപ്പോള്‍ തിരുവനന്തപുരത്തു വന്നാലും ദാസേട്ടന്‍ എന്നെ ഫോണില്‍ വിളിക്കുമായിരുന്നു.വീട്ടിലുള്ളവര്‍ക്കെല്ലാം ദാസേട്ടന്റെ പ്രകൃതവും സൗമ്യതയും ഇഷ്‌ടമായിരുന്നു. പിന്നീടൊരു ദിവസം ടാഗോര്‍ തിയേറ്ററില്‍ ഗാനമേള അവതരിപ്പിക്കാന്‍ ദാസേട്ടന്‍ വന്നപ്പോള്‍ അങ്കിളിനോടൊപ്പം ഞാനും പോയി. അന്ന്‌ ദാസേട്ടന്‍ എന്നോട്‌ കുറെ സംസാരിച്ചു.

എന്റെ ഭര്‍ത്താവ്‌ എന്ന നിലയില്‍ ഒരു പ്രത്യേക സ്‌നേഹമുണ്ട്‌. പക്ഷേ, അദ്ദേഹത്തിന്റെ ശബ്‌ദത്തോടുള്ള ആരാധന അന്നും ഇന്നും ഒരുപോലെയാണ്‌. അത്‌ കൂടിയിട്ടുള്ളതല്ലാതെ അല്‌പം പോലും കുറഞ്ഞിട്ടില്ല.ഇടയ്‌ക്ക്‌ ദാസേട്ടന്‍ പാടിയ പാട്ടുകളെപ്പറ്റിയൊക്കെ ഞാന്‍ അഭിപ്രായം പറയാറുണ്ട്‌. അപ്പോഴെല്ലാം ദാസേട്ടന്‍ എന്നെ വഴക്കുപറയും. ``നീ എന്റെ ഭാര്യയാണ്‌. നിന്റെ വിമര്‍ശനം ഒരിക്കലും സത്യസന്ധമാകാന്‍ സാദ്ധ്യതയില്ല.''ഉടനെ ദേഷ്യം വരുന്ന പ്രകൃതമാണ്‌ ദാസേട്ടന്റേത്‌. ആളുകള്‍ ഇരുന്നാലും പറയേണ്ടത്‌ പറയും. നിമിഷനേരം കഴിഞ്ഞാല്‍ ആ ദേഷ്യം മനസ്സില്‍ നിന്നും മായും. മനസ്സില്‍ ഒന്നും പുറത്ത്‌ മറ്റൊന്നും ദാസേട്ടന്‍ പറയില്ല.

നമ്മളെ ഒരാള്‍ ഉപദ്രവിച്ചാല്‍ കുറച്ചുകാലത്തേക്കെങ്കിലും അയാളോട്‌ നമുക്കൊരു ദേഷ്യം കാണും. പക്ഷേ, ദാസേട്ടന്‍ അങ്ങനെയല്ല. എത്ര ഉപദ്രവിച്ച ആളാണെങ്കിലും കുറച്ചുകാലം കഴിഞ്ഞ്‌ വീട്ടില്‍ വന്നാല്‍ ദാസേട്ടന്‍ അതെല്ലാം മറന്ന്‌ സ്‌നേഹത്തോടെ പെരുമാറും.ജീവിതത്തില്‍ ആഗ്രഹിച്ചതെല്ലാം ഈശ്വരന്‍ എനിക്ക്‌ തന്നിട്ടുണ്ട്‌. ഇനിയും എന്തെങ്കിലും ആഗ്രഹം ഉണ്ടോ എന്നു ചോദിച്ചാല്‍ ഉത്തരം ഉണ്ടെന്നു തന്നെയാണ്‌. കാരണം ഞാനും ഒരു മനുഷ്യസ്‌ത്രീയാണ്‌. ആഗ്രഹമില്ലെങ്കില്‍ പിന്നെ ജീവിതമുണ്ടോ. ഒരു പെണ്‍കുട്ടി വേണമെന്ന്‌ ഞങ്ങള്‍ക്ക്‌ വലിയ ആഗ്രഹമായിരുന്നു. പക്ഷേ, അതുമാത്രം ദൈവം ഞങ്ങള്‍ക്ക്‌ തന്നില്ല.

ഒരു കാര്യം ഓര്‍ക്കുമ്പോള്‍ സമാധാനം. മൂന്നു പെണ്‍കുട്ടികള്‍ വീട്ടില്‍ വന്നുകയറുമല്ലോ. അതുമതി. അതും ദൈവനിശ്ചയമായിരിക്കും.ഫെബ്രുവരി ഒന്നാം തിയ്യതിയാണ്‌ ഞങ്ങളുടെ വിവാഹ വാര്‍ഷികം. രാവിലെ പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കും. മറ്റ്‌ ആഘോഷങ്ങളൊന്നും ദാസേട്ടന്‌ ഇഷ്‌ടമില്ല.

- പ്രഭാ യേശുദാസ്‌

യേശുദാസ്‌ എഴുപതിന്റെ നിറവില്‍




ഗാനങ്ങളിലൂടെ തെളിയുന്ന വ്യക്തിത്വവും ഗായകന്റെ സ്വത്വവും തമ്മില്‍ എപ്പോഴും ഐകരൂപ്യം ഉണ്ടാകണമെന്നില്ല. പുറംകാഴ്‌ചയിലെങ്കിലും രണ്ടു വ്യക്തിത്വങ്ങള്‍ തമ്മിലുള്ള പാരസ്‌പര്യം പ്രകടമാവാത്ത സന്ദര്‍ഭങ്ങളും നിരവധി. ശ്രോതാവിന്‌, വായനക്കാരന്‌ എപ്പോഴുമിഷ്‌ടം ഒരു ഗായകന്റെ വ്യക്തിത്വമാണ്‌.യേശുദാസിന്റെ സ്വഭാവവിശേഷതകളും വ്യക്തിത്വവും സംഗീതാസ്വാദകര്‍ക്ക്‌ സുപരിചിതമാണ്‌. ഒതുക്കമുള്ള വികാരപ്രകടനം, ഭാവമധുരമായ സംഭാഷണം, ദു:ഖങ്ങളിലും സന്തോഷത്തിലും അമിതമായി ആസക്തമാവാത്ത മനസ്സ്‌, എപ്പോഴും സമകാലികനായിരിക്കാനുള്ള കഴിവ്‌, ഇന്നലെകളോട്‌ മിതത്വത്തോടെയുള്ള സമീപനം -ഇതൊക്കെ യേശുദാസിന്റെ വ്യക്തിത്വത്തിന്റെ അംശങ്ങളാണ്‌. സംഗീതപ്രിയര്‍ക്കിത്‌ നന്നായറിയാം. പ്രശസ്‌തരായ മറ്റുപലരേയും പോലെ യേശുദാസിന്റെ ജീവിതത്തിലും ദാരിദ്ര്യത്തിന്റെ കനലും അവഗണനയുടെ എരിച്ചിലുമുണ്ട്‌. അവയെ തരണം ചെയ്‌ത വഴിയും രീതിയുമാണ്‌ യേശുദാസിനെ വ്യത്യസ്‌തനാക്കുന്നത്‌.

ഫോര്‍ട്ട്‌ കൊച്ചിയിലെ മട്ടാഞ്ചേരി എന്ന ചരിത്ര ഭൂമി. വിവിധ സംസ്‌ക്കാരം. പാരമ്പര്യത്തിന്റെ അടയാളങ്ങള്‍ പതിഞ്ഞുനില്‍ക്കുന്ന തെരുവുകള്‍. 1912- ല്‍ മട്ടാഞ്ചേരിയിലെ കാട്ടാശ്ശേരി കുടുംബത്തില്‍ ത്രേസ്യാമ്മയുടെയും അഗസ്റ്റിയുടെയും മകനായി അഗസ്റ്റിന്‍ ജോസഫ്‌ ജനിച്ചു. അഗസ്റ്റിന്‍ ജോസഫ്‌ തന്റെ വളര്‍ച്ചയ്‌ക്കൊപ്പം അഭിനയവും സംഗീതവും കൂടപ്പിറപ്പായി കാത്തുപോന്നു. അഗസ്റ്റിന്‍ ജോസഫ്‌ ഭാഗവതര്‍ എന്ന കേരളത്തിന്റെ മഹാനായ കലാകാരന്‌, ഫോര്‍ട്ട്‌ കൊച്ചിയിലെ പ്രിന്‍സസ്‌ തെരുവില്‍ കച്ചവടക്കാരനായിരുന്ന പുത്തന്‍പുരയ്‌ക്കല്‍ സമ്മി മകള്‍ എലിസബത്തിനെ വിവാഹം ചെയ്‌തുകൊടുത്തു. 1937-ല്‍ ഫോര്‍ട്ട്‌ കൊച്ചിയിലെ സാന്തക്രൂസ്‌ ദേവാലയത്തില്‍ വെച്ചായിരുന്നു വിവാഹം.

വിവാഹച്ചടങ്ങില്‍ ഓച്ചിറ വേലുക്കുട്ടി ഉള്‍പ്പെടെ നിരവധി സംഗീജ്ഞരും കലാകാരന്മാരും പങ്കെടുത്തു. നാടകാഭിനയ രംഗത്ത്‌ പ്രശസ്‌തനായിക്കഴിഞ്ഞ അഗസ്റ്റിന്‍ ജോസഫിന്‌ എലിസബത്ത്‌ പ്രോത്സാഹനവും കൈത്താങ്ങുമായിരുന്നു.അഗസ്റ്റിന്‍ ജോസഫ്‌ എലിസബത്ത്‌ ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയായി യേശുദാസ്‌ 1940 ജനുവരി 10-ന്‌ ജനിച്ചു. മൂത്ത സഹോദരി പുഷ്‌പയുടെയും സഹോദരന്‍ ബാബുവിന്റെയും അകാലമരണം, കുടുംബത്തിന്റെ ജീവിതവൈഷമ്യം തുടങ്ങി നിരവധി പ്രതിസന്ധികള്‍ കൊച്ചുനാളില്‍ തന്നെ യേശുദാസിന്‌ അനുഭവിക്കേണ്ടിവന്നു. ഒരുപക്ഷേ, അതായിരിക്കാം യേശുദാസിന്റെ ജീവിതവീക്ഷണം കൂടുതല്‍ സാന്ദ്രമായത്‌. ആന്റണി ജോസഫ്‌, വര്‍ഗീസ്‌ ജോസഫ്‌, ജയമ്മ ആന്റണി, ജസ്റ്റിന്‍ ജോസഫ്‌ എന്നിവരാണ്‌ യേശുദാസിന്റെ മറ്റു സഹോദരങ്ങള്‍. കലാകാരന്റെ സ്വത്വവും സിദ്ധിയും അടിസ്ഥാനപരമായ സഹനത്തിന്റെയും സത്യസന്ധതയുടെയുമാണ്‌. അവയുടെ ഇഴചേര്‍ച്ചയാണ്‌ അഗസ്റ്റിന്‍ ജോസഫ്‌ ഭാഗവതരുടെയും കുടുംബത്തിന്റെയും ആണിക്കല്ല്‌.

പിതാവ്‌ അഗസ്റ്റിന്‍ ജോസഫ്‌ 1942-ല്‍ ഓച്ചിറ പരബ്രഹ്‌മോദയ നാടകസഭയില്‍ ചേര്‍ന്ന കാലത്തുതന്നെ രണ്ടു വയസ്സുകാരനായ ദാസിന്റെ മനസ്സ്‌ സംഗീതത്തില്‍ പതിഞ്ഞുനില്‍ക്കാനുള്ള സാഹചര്യമുണ്ടായിരുന്നു. അഗസ്റ്റിന്‍ ജോസഫിന്റെ സ്‌നേഹിതന്‍ ചടയംമുറി ഒരിക്കല്‍ വീട്ടില്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ മടിയിലിരുന്ന്‌ പങ്കജ്‌ മല്ലിക്കിന്റെയും സൈഗളിന്റെയും പാട്ടുകളുടെ ഈരടികള്‍ കേട്ടു ദാസ്‌ അതിശയിക്കുകയുണ്ടായി.1945 ജൂണില്‍ ഫോര്‍ട്ട്‌ കൊച്ചി സെന്റ്‌ ജോണ്‍ ബ്രിട്ടോ സ്‌കൂളിലാണ്‌ യേശുദാസ്‌ വിദ്യാഭ്യാസത്തിന്റെ തുടക്കം കുറിച്ചത്‌. ദാസ്‌ സ്‌കൂളില്‍ ലഘുകവിതകള്‍ ഭംഗിയായി ചൊല്ലുമായിരുന്നു. എന്നാല്‍ ആ സ്‌കൂളില്‍ പഠനം തുടരാന്‍ യേശുദാസിന്‌ സാധിച്ചില്ല.

ഒരു വര്‍ഷം കഴിഞ്ഞ്‌ തോപ്പുംപടി സെന്റ്‌ സെബാസ്റ്റ്യന്‍ സ്‌കൂളില്‍ ചേര്‍ന്നു. അവിടെവെച്ചാണ്‌ എ. ജെ. പോള്‍ എന്ന കൂട്ടുകാരന്‍ യേശുദാസിന്റെ ജീവിതത്തിലേക്ക്‌ വരുന്നത്‌. ദാസിന്‌ എട്ടുവയസ്സുള്ളപ്പോള്‍ പ്രാദേശികാടിസ്ഥാനത്തില്‍ നടന്ന സംഗീത മത്സരത്തില്‍ സ്വര്‍ണ്ണമെഡലും കപ്പും ലഭിച്ചിട്ടുണ്ട്‌. അക്കാലത്ത്‌ പിതാവ്‌ അഗസ്റ്റിന്‍ ജോസഫ്‌ ``നല്ലതങ്ക'', ``വേലക്കാരന്‍'' തുടങ്ങിയ സിനിമകളില്‍ ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍ ചെയ്‌തിരുന്നു. അദ്ദേഹം നാടകത്തിലും സിനിമയിലും സജീവമായി. അഗസ്റ്റിന്‍ ജോസഫ്‌ തിരക്കൊഴിഞ്ഞ്‌ വീട്ടിലെത്തുമ്പോള്‍ മകന്‌ സംഗീതത്തില്‍ പരിശീലനം നല്‍കിയിരുന്നു. 1949-ല്‍ അദ്ദേഹം യേശുദാസിനെ പൊതുവേദിയിലെത്തിച്ചു. എറണാകുളം സെന്റ്‌ ആല്‍ബര്‍ട്ട്‌ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന കച്ചേരിയില്‍ അഗസ്റ്റിന്‍ ജോസഫ്‌ ഭാഗവതര്‍ക്ക്‌ വായ്‌പ്പാട്ടില്‍ അകമ്പടിക്കാരനായി ഒമ്പതുകാരന്‍ മകനുമുണ്ടായിരുന്നു. ഒരു ക്രിസ്‌ത്യന്‍ ചെറുക്കന്‍ കര്‍ണ്ണാടക സംഗീതം മധുരമായി ആലപിച്ചത്‌ അന്ന്‌ പലരിലും വിസ്‌മയവും ഉല്‍ക്കണ്‌ഠയുമുണര്‍ത്തി.

ബൈജു ബാവരെയില്‍ മുഹമ്മദ്‌ റഫി പാടിയ ``ഭഗ്‌വാന്‍...ഏ ദുനിയാ കെ രഖ്‌ വാലേ..'' എന്ന ഗാനം യേശുദാസ്‌ അനായാസമായി പാടിയിരുന്നു. അപ്പോഴേക്കും സ്‌കൂളിലും പുറത്തും യേശുദാസ്‌ ഗാനാലാപനത്തില്‍ സമ്മാനിതനായിക്കഴിഞ്ഞു.....1957-ല്‍ എസ്‌.എസ്‌.എല്‍.സി. പരീക്ഷ പാസ്സായ യേശുദാസിനെ അഗസ്റ്റിന്‍ ജോസഫ്‌ ഭാഗവതര്‍ ശാസ്‌ത്രീയ സംഗീതാഭ്യാസനത്തിനു വേണ്ടി തൃപ്പൂണിത്തുറ ആര്‍.എല്‍.വി. അക്കാദമിയില്‍ ചേര്‍ത്തു. ?ക്രിസ്‌ത്യാനിക്കെന്തിനാ ശാസ്‌ത്രീയ സംഗീതം . എന്ന ആക്ഷേപം വകവയ്‌ക്കാതെ ഭാഗവതര്‍ മകനെ പഠിപ്പിച്ചു. നല്ലവണ്ണം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ ഡബിള്‍ പ്രൊമോഷന്‍ കൊടുക്കുന്ന സമ്പ്രദായം അക്കാലത്തുണ്ടായിരുന്നു. യേശുദാസിന്‌ ഡബിള്‍ പ്രൊമോഷന്‍ കിട്ടി.പഠനകാലത്ത്‌ വീട്ടില്‍ സാമ്പത്തികമായി പ്രയാസങ്ങളായിരുന്നു. അഗസ്റ്റിന്‍ ഭാഗവതര്‍ രോഗബാധിതനായിരുന്നു.

അക്കാദമിയില്‍ സാമ്പത്തികമായി ഞെരുങ്ങിക്കഴിഞ്ഞ യേശുദാസിനെ പത്മം എന്ന അദ്ധ്യാപിക സഹായിച്ചു. 1960-ല്‍ യേശുദാസ്‌ ഗാനഭൂഷണം പൂര്‍ത്തിയാക്കി. അക്കാദമിയില്‍ നിന്നും ഒന്നാം റാങ്കോടെയാണ്‌ യേശുദാസ്‌ വിജയിച്ചത്‌.......തൃപ്പൂണിത്തുറയില്‍ പഠിച്ചുകൊണ്ടിരുന്ന കാലത്താണ്‌ ഗായകന്‍ വൈക്കം ചന്ദ്രനും സംവിധായകന്‍ കെ. എസ്‌. ആന്റണിയും യേശുദാസിനെ കാണാന്‍ വന്നത്‌. കുറെ ഹിന്ദി ഗാനങ്ങളും ലളിതഗാനങ്ങളും യേശുദാസ്‌ അവരെ പാടിക്കേള്‍പ്പിച്ചു........ആള്‍ ഇന്ത്യാ റേഡിയോ തിരുവനന്തപുരം നിലയത്തില്‍ പാടാന്‍ ചെന്ന യേശുദാസിനെ ഓഡിയേഷന്‍ ടെസ്റ്റ്‌ നടത്തി. അധികൃതര്‍ അപേക്ഷാ ഫോറത്തില്‍ കുറിപ്പെഴുതി: കെ. ജെ. യേശുദാസിന്റെ ശബ്‌ദം പ്രക്ഷേപണ യോഗ്യമല്ല, എന്ന്‌.

എം. ബി. ശ്രീനിവാസന്റെ സംഗീതത്തില്‍ കെ. എസ്‌. ആന്റണി സംവിധാനം ചെയ്‌ത കാല്‍പ്പാടുകള്‍ എന്ന സിനിമയിലാണ്‌ യേശുദാസ്‌ ആദ്യമായി പിന്നണി പാടുന്നത്‌.ജാതിഭേദം മതദ്വേഷംഏതുമില്ലാതെ സര്‍വ്വരുംസോദരത്വേന വാഴുന്നമാതൃകാ സ്ഥാനമാണിത്‌- എന്ന ഗുരുദേവ ശ്ലോകമാണ്‌ യേശുദാസ്‌ ആലപിച്ചത്‌.പിന്നീട്‌ മലയാള സിനിമകളിലും തെലുങ്ക്‌, കന്നഡ, തമിഴ്‌ ചിത്രങ്ങള്‍ക്കു വേണ്ടിയും യേശുദാസ്‌ പിന്നണി പാടി. തെലുങ്കില്‍ ശാന്തിനിവാസിനു വേണ്ടിയായിരുന്നു അന്ന്‌ പാടിയത്‌. ആ പാട്ട്‌ കേള്‍ക്കാനിടയായ സംവിധായകന്‍ കുഞ്ചാക്കോ അദ്ദേഹത്തിന്റെ സിനിമയക്ക്‌ വേണ്ടി പാടാന്‍ അവസരം നല്‍കി. വയലാര്‍ രചിച്ച്‌ ബാബുരാജ്‌ സംഗീതം നല്‍കിയ പാലാട്ടു കോമനിലെ രണ്ടു പാട്ടുകള്‍ യേശുദാസ്‌ ആലപിച്ചു.

1962-ല്‍ ശ്രീരാമപട്ടാഭിഷേകത്തിലും പാടി. പിന്നീട്‌ സേതുമാധവന്റെ കണ്ണുംകരളും എന്ന സിനിമയ്‌ക്കുവേണ്ടി എം. ബി. ശ്രീനിവാസന്റെ സംഗീതസംവിധാനത്തില്‍ പാടി. ഭാഗ്യജാതകം എന്ന ചിത്രത്തില്‍ പി. ഭാസ്‌ക്കരന്‍ രചിച്ച്‌ ബാബുരാജ്‌ സംഗീതം നല്‍കിയ ആദ്യത്തെ കണ്‍മണി എന്ന ഗാനം യേശുദാസ്‌ പാടി. ആ പാട്ട്‌ വന്‍ഹിറ്റായി മാറി. വിശപ്പിന്റെ വിളിയില്‍ ദക്ഷിണാമൂര്‍ത്തിയുടെ സംഗീതത്തില്‍ അഭയദേവിന്റെ വരികള്‍ യേശുദാസ്‌ ആലപിച്ചു. ദേവരാജന്റെ സംഗീതത്തില്‍ കുഞ്ചാക്കോയുടെ ഭാര്യ എന്ന സിനിമയിലും പാടി. നിത്യകന്യകയിലെ കണ്ണുനീര്‍മുത്തുമായി കാണാനെത്തിയ കതിരുകാണാക്കിളി എന്ന പാട്ട്‌ എച്ച്‌.എം.വി. യുടെ റിക്കാര്‍ഡിംഗ്‌ കമ്പനി റെക്കോര്‍ഡ്‌ വില്‌പനയാണ്‌ നടത്തിയത്‌.

അക്കാലത്ത്‌ യേശുദാസിന്റെ വീട്ടില്‍ പാട്ടുകേള്‍ക്കാന്‍ ഒരു റേഡിയോ പോലുമുണ്ടായിരുന്നില്ല.......1963-ല്‍ ഡോക്‌ടര്‍, സത്യഭാമ, മൂടുപടം, റെബേക്ക തുടങ്ങിയ ചിത്രങ്ങള്‍ക്കുവേണ്ടി യേശുദാസ്‌ പാടി. മണവാട്ടിയിലെ ഇടയകന്യകേ എന്ന ഗാനം വലിയ ജനപ്രീതി നേടി. 1964-ല്‍ പഴശ്ശിരാജ, കറുത്തകൈ, ഒരാള്‍ക്കൂടി കള്ളനായി മുതലായ സിനിമകള്‍ക്കുവേണ്ടി പിന്നണി പാടി. പഴശ്ശിരാജയിലെ ചൊട്ടമുതല്‍ ചുടലവരെ ചുമടുംതാങ്ങി എന്ന ദേശഭക്തിഗാനം ആസ്വാദകരെ ആവേശം കൊള്ളിച്ചു. 1964-ല്‍ തന്നെ ജോബി മാസ്റ്ററും ഭാസ്‌ക്കരന്‍ മാസ്റ്ററും ചേര്‍ന്നൊരുക്കിയ അല്ലിയാമ്പല്‍ കടവില്‍... എന്ന ഗാനം യേശുദാസിന്റെ ആലാപനത്തില്‍ ഹൃദ്യമായി.......അഗസ്റ്റിന്‍ ജോസഫിന്റെ മരണം യേശുദാസിന്റെ കുടുംബത്തിന്‌ വലിയ ആഘാതമായി. അപ്പോഴേക്കും ദാസ്‌ ഗായകന്‍ എന്ന നിലയില്‍ പ്രശസ്‌തി നേടിത്തുടങ്ങി.

സിനിമാ ഗാനങ്ങള്‍ കൂടാതെ ലളിതഗാനങ്ങളും ഭക്തിഗാനങ്ങളും യേശുദാസ്‌ പാടിക്കൊണ്ടിരുന്നു......1970 ഫെബ്രുവരി ഒന്നിന്‌ ഫോര്‍ട്ട്‌ കൊച്ചിയിലെ സാന്തക്രൂസ്‌ ദേവാലയത്തില്‍ വെച്ചാണ്‌ യേശുദാസിന്റെ വിവാഹം നടന്നത്‌. വധു തിരുവനന്തപുരത്തെ അബ്രഹാമിന്റെ മകള്‍ പ്രഭ. യേശുദാസ്‌-പ്രഭ ദമ്പതികള്‍ക്ക്‌ മൂന്നു ആണ്‍കുട്ടികളാണ്‌.......യേശുദാസിന്റെ വളര്‍ച്ച ഒരു വന്‍വൃക്ഷംപോലെയായിരുന്നു. സമൂഹത്തിന്റെ നാനാദിശയിലേക്ക്‌ വേരുകള്‍ പടര്‍ത്തി ദാസ്‌ വളര്‍ന്നു. സംഗീത സാര്‍വ്വഭൗമനായ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനായി കര്‍ണ്ണാടക സംഗീതം അഭ്യസിച്ചു.

സംഗീത കച്ചേരികളിലും യേശുദാസ്‌ അതുല്യപ്രതിഭയായി മാറി. വരും നൂറ്റാണ്ടുകളിലേക്ക്‌ കേരളത്തിന്റെ മഹത്‌ സംഭാവനയായി യേശുദാസ്‌ മാറി.....വളര്‍ച്ചയുടെ വഴിത്തിരിവുകളില്‍ ഇന്നലെകളെ മറക്കുന്ന ഇന്നത്തെ തലമുറയ്‌ക്ക്‌ യേശുദാസ്‌ ഒരു വിസ്‌മയമാണ്‌. ഇന്നലെകളുടെ ഇല്ലായ്‌മയും വല്ലായ്‌മയുമാണ്‌ അമൃതസ്‌പര്‍ശിയായ ഈ നാദത്തെയും, ഗന്ധര്‍വ്വനെയും വാര്‍ത്തെടുത്തത്‌. കീര്‍ത്തിയുടെ സൗഭാഗ്യങ്ങളിലൂടെ അനന്തമായ പടവുകള്‍ താണ്ടി എഴുപതുകളിലെത്തിയിട്ടും ഈ മഹാഗായകന്‍ ഒന്നും മറക്കുന്നില്ല. കൂടുതല്‍ക്കൂടുതല്‍ ഓര്‍മ്മിച്ചുകൊണ്ടേയിരിക്കുന്നു.

എല്ലാം ഈശ്വരനില്‍ സമര്‍പ്പിക്കുന്നു.?എല്ലാം ദൈവത്തിനറിയാം. എല്ലാം ദൈവം നോക്കിക്കൊള്ളും എന്ന്‌ ധരിക്കുവാന്‍ മനസ്സു വരുന്നുവോ, അപ്പോള്‍ മനശ്ശാന്തിയുണ്ടാകും. എന്റെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ധാരാളം ഉണ്ടായിട്ടുണ്ട്‌. ഞാന്‍ വന്നത്‌ പതിന്നാല്‌ രൂപയും കൊണ്ടാണ്‌. എനിക്ക്‌ നഷ്‌ടപ്പെടുവാന്‍ ആ പതിന്നാല്‌ രൂപമാത്രം. പിന്നെന്തിനു ഞാന്‍ പേടിക്കണം. ജീവിതത്തില്‍ എനിക്ക്‌ ഭയം എന്നൊന്നില്ല. എല്ലാം ദൈവവിധി പോലെ നടക്കും. നടത്തിത്തരും.എന്റെ പരമഗുരു ദൈവം തന്നെയാണ്‌. അതിന്റെ സഹായികള്‍ മാത്രമാണ്‌ മറ്റുള്ള ഗുരുക്കന്മാര്‍. ചെമ്പൈ സ്വാമി, ശെമ്മാങ്കുടി, വെച്ചൂര്‍ ഹരിഹര അയ്യര്‍.... പല്ലവി നരസിംഹാചാര്യ, പത്മാ മാഡം, കല്യാണസുന്ദരം അങ്ങനെ എത്രയോ പേര്‍..സംഗീതം തന്നെയാണ്‌ എന്റെ ജീവിതം. അല്ലാതെ മറ്റൊരു ചിന്ത എന്റെ ജീവിതത്തിലില്ല.

ഇനിയും ഒരുപാട്‌ പഠിച്ചുതീര്‍ക്കാനുള്ള ഒരു വിദ്യാര്‍ത്ഥിയാണ്‌ ഞാന്‍. പഠിച്ചുകൊണ്ടേയിരിക്കുന്നു.?- യേശുദാസിന്റെ ഗാനധാരപോലെ അദ്ദേഹത്തിന്റെ ജീവിതദര്‍ശനവും ഇമ്പമാര്‍ന്നതാണ്‌. -മഹിളാചന്ദ്രിക -ഫെബ്രുവരി 2010

Wednesday, February 03, 2010

ശനിയാഴ്‌ച മുണ്ട്‌ പുനത്തില്‍ കീറുന്നു


കടല്‍മീനും പുഴമീനും ഒരിക്കല്‍ കണ്ടുമുട്ടി. പുഴമീന്‍ വീമ്പു പറഞ്ഞു. നോക്കൂ, എന്നെ പിടിച്ചു പാകം ചെയ്യുമ്പോള്‍ ഒന്നു കഴുകുകപോലും വേണ്ട. പുഴ വെള്ളമാകുന്നു എന്റെ ഊഞ്ഞാല്‍ തൊട്ടില്‍. കടല്‍മീനുണ്ടോ വിട്ടുകൊടുക്കുന്നു? കടല്‍മീന്‍ ചെകിളയുയര്‍ത്തി പറഞ്ഞു. എന്നെ പിടിച്ച്‌ പാകം ചെയ്യാന്‍ ഉപ്പു ചേര്‍ക്കുകപോലും വേണ്ട. ഉപ്പുകടലാകുന്നു എന്റെ ഈരേഴുപതിനാലു ലോകം. എന്നാല്‍ സത്യമെന്താണ്‌? എറ്റവും കൂടുതല്‍ ചെളിയുള്ളത്‌ പുഴയിലാണ്‌. ഏറ്റവും കൂടുതല്‍ ഉപ്പു ചേര്‍ക്കേണ്ടത്‌ കടല്‍മീനിനും-(നേര്‍രേഖ- സിവിക്‌ചന്ദ്രന്‍). ഈ കഥ എം. വി. ദേവന്‍ പറഞ്ഞാലും സിവിക്‌ ഏറ്റുപറഞ്ഞാലും അല്‍പം കാര്യമുണ്ട്‌. കഥയില്‍ നിബ്ബിന്‌ എന്തുകാര്യം? വിരമിച്ച മാധ്യമ പ്രവര്‍ത്തകരെങ്കിലും സംശയിച്ചേക്കും! പുഴമീനും കടല്‍മീനും പറഞ്ഞ കഥയില്‍ നിന്നും വ്യത്യസ്‌തരല്ല കേരളത്തിലെ എന്‍ജിഒമാരും.
പുനത്തിലിന്റെ ഇടപെടല്‍
മലയാള മനോരമ ഞായാറാഴ്‌ച പതിപ്പും സാക്ഷാല്‍ പുനത്തില്‍ കുഞ്ഞബ്‌ദുള്ളയും ചേരുമ്പോള്‍ സംഗതി ഒന്നു കൊഴുക്കും. വസ്‌തുതകള്‍ തെറ്റാനും ഇടയില്ല. നേര്‌ ഒന്നാം സാക്ഷി (സി. പി. നായരുടെ പുസ്‌തകത്തിനോട്‌ കടപ്പാട്‌) മേപ്പടി ടിയാന്മാര്‍ മാത്രം. പുനത്തില്‍ സ്വതസിദ്ധമായ ശൈലിയിലും തീക്ഷ്‌ണതയിലും തൊപ്പികള്‍ക്കും ശനിയാഴ്‌ച മുണ്ടുകള്‍ക്കും എന്‍ജിഒമാര്‍ക്കും ഫയലുകള്‍ക്കും നേരെ വെടിപൊട്ടിച്ചു. (ഇത്‌ എഴുതുന്നതുവരെയും പുനത്തിലിന്റെ റിവോള്‍വര്‍ ലൈസന്‍സ്‌ പുതുക്കികിട്ടിയതായി അറിവില്ല). തോക്കില്‍ കയറി വെടിവയ്‌ക്കുന്നവര്‍ (മനോരമ, ജനുവരി 31/2010) എന്ന ലേഖനത്തില്‍ നിന്നും: ഒരു അപേക്ഷ മുന്നില്‍ എത്തിയാല്‍ അത്‌ എങ്ങനെ ചെയ്‌തു കൊടുക്കാതിരിക്കാം എന്നതാവും അതു കൈകാര്യം ചെയ്യുന്ന എന്‍ ജിഒ ആദ്യം ആലോചിക്കുക. ഇത്തരം ആലോചനകളുടെ ഫയലില്‍ ഈ ലൈസന്‍സും അതു സഫലീകരിക്കാതെ പോകുന്ന അവിരാമ മായ യാത്രകളും- പുനത്തില്‍ തന്റെ റിവോള്‍വറിന്റെ ലൈസന്‍സ്‌ പുതുക്കി കിട്ടാത്തതിനെപ്പറ്റിയാണ്‌ പറയുന്നത്‌. പക്ഷേ ഇത്‌ വര്‍ത്തമാനകാലത്തിന്റെ കണ്ണാടിയാണ്‌. ഇതുപോലൊരു കാര്യം പറയാനില്ലാത്തവര്‍ സാക്ഷര കേരളത്തിലുണ്ടാവില്ല. സര്‍ക്കാര്‍ ആഫീസുകളുടെ ഫയല്‍കൂമ്പാരങ്ങളിലേക്കാണ്‌ പുനത്തിലിന്റെ തൂലിക നുഴഞ്ഞുകയറിയത്‌. ഇത്തരം വസ്‌തുതകളുടെ ഉത്തരവാദിത്വത്തില്‍ നിന്നും തൊപ്പികള്‍ക്കും ബൂട്ടുകള്‍ക്കും ശനിയാഴ്‌ച മുണ്ടുകള്‍ക്കും എന്‍ജിഒമാര്‍ക്കും ഒഴിഞ്ഞുനില്‍ക്കാന്‍ കഴിയില്ല.
ഗൃഹപ്രവേശത്തിന്‌ പതിനൊന്ന്‌ മണിക്കേ ഓഫീസ്‌ കസേരകള്‍ കാലിയാക്കി പോകുന്ന മുഖ്യകാര്യാലയാധികാരികളും പരിവാരങ്ങളും ഉദ്‌ഘാടിക്കാന്‍ ഔദ്യോഗിക ഉത്തരവാദിത്വം ഉപേക്ഷിക്കുന്നവരും കേരളത്തില്‍ നിറഞ്ഞിരിക്കുന്നു. നേര്‍ക്കാഴ്‌ചപോലും വിശ്വസിക്കരുതെന്ന ഭയാനകമായ അന്തരീക്ഷത്തില്‍ തിരിച്ചറിവുകള്‍ക്ക്‌ പ്രസക്തിയെന്ത്‌? ഒരു ദുസ്വപ്‌നമെങ്കിലും കണ്ട്‌ നമുക്ക്‌ സായൂജ്യമടയാം- പോയിതന്നെ ചവുട്ടി- കാലപ്രവാഹം അല്ല, തൊപ്പികളും ബൂട്ടുകളും ശനിയാഴ്‌ച മുണ്ടുകളും ഫയലുകളും എന്‍ജിഒമാരും. (വൈലോപ്പിള്ളി ക്ഷമിക്കട്ടെ).
ചിന്ത നശിക്കാത്തവരുടെ മുന്നിലൊരു ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു- നാമെന്തു ചെയ്യാന്‍ പോകുന്നു? നമുക്കെന്തു ചെയ്യാന്‍ കഴിയും? ഉയര്‍ത്തിയ കൈകള്‍ താണുപോകുന്ന കാലത്തെ നോക്കി നമുക്കു പാടാം- ദീപസ്‌തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം.
അനുഭവം
സാഹിത്യം ഇന്ന്‌ അനുഭവമെഴുത്തായി മാറിയിക്കുന്നു. ജീവിതമെഴുത്ത്‌ എന്നാണ്‌ പുതിയ ആത്മകഥകളുടെ പേര്‌. അത്‌ സിനിമാക്കാരാകുമ്പോള്‍ സംഗതി കുശാല്‍. പലതും കല്ലുവെച്ച നുണകളും. ഇതില്‍ നിന്നും വ്യത്യസ്‌തമായി ഒരു വിദ്യാര്‍ത്ഥി മാതുഭൂമി ബാലപംക്തിയില്‍(ജനുവരി 31) എഴുതിയതു നോക്കുക: ഇപ്പോള്‍ പൂഴിവാരാന്‍ സമയം കിട്ടാറില്ലെങ്കിലും എന്റെ പ്രിയപ്പെട്ട പുഴയെ ഞാന്‍ മറന്നിട്ടില്ല. എന്റെ ജീവിതത്തില്‍ ശാന്തിയും സമാധാനവും നല്‍കിയ പുഴ. എന്റെ അച്ഛനെ ഞങ്ങള്‍ക്ക്‌ തിരിച്ചു തന്ന പുഴ- (പുഴയും ഞാനും, ശരത്‌ലാല്‍ പി. നരിപ്പറ്റ രാമര്‍ നമ്പ്യാര്‍ മെമ്മോറിയല്‍ ഹൈസ്‌കൂള്‍). വീടു പുലര്‍ത്തുന്നതോടൊപ്പം പഠനവും നിര്‍വ്വഹിക്കേണ്ടി വരുന്ന ഈ വിദ്യാര്‍ത്ഥിയുടെ ആത്മകഥനത്തിന്റെ കരുത്തും പാഠാന്തരവും മലയാളത്തിലെ എത്ര ആത്മകഥകള്‍ക്കുണ്ട്‌?
കഥയും കവിതയും
കഥയുടെ പുതിയ മുഖം പ്രതിഫലിപ്പിക്കുകയാണ്‌ സുസ്‌മേഷ്‌ ചന്ത്രോത്തിന്റെ ഇതെല്ലാം എന്താണ്‌ നരജന്മത്തിന്റെ മാനിഫെസ്റ്റോ (മലയാളം വാരിക). സംഭാവ്യതകളും അസംഭാവ്യതകളും ഇഴപിരിച്ചു വിശകലനം ചെയ്യുന്ന കഥ. വായനയെ ചൊടിപ്പിച്ചു നിര്‍ത്തുകയാണ്‌ കഥാകൃത്ത്‌. കഥയില്‍ നിന്നും: അഞ്‌ജു എന്റെ കണ്ണുകളിലേക്ക്‌ നോക്കി ചോദിച്ചു. അവള്‍ എല്ലാം അറിയുന്നുണ്ടെന്ന്‌ എനിക്ക്‌ ബോദ്ധ്യമായി. ആരാവും അഞ്‌ജനയെ സഹായിക്കുന്നത്‌. അഞ്‌ജനയുടെ ഗുണ്ട ദൈവമോ, ഭൈരവിയോ.- കാണാമറയത്തേക്ക്‌ നീണ്ടുപോകുന്ന വഴിയിടമാണ്‌ ഈ കഥ.രണ്ടു കവിതകള്‍. അവ മലയാള കവിതയുടെ രണ്ടറ്റം സൂചിപ്പിക്കുന്നു. വി. എസ്‌. അനില്‍കുമാറിന്റെ ചെമ്പോത്ത്‌ (മാധ്യമം). കവിതയില്‍ നിന്നും: ചെമ്പോത്ത്‌/അകാര്യകാരണങ്ങളും? വിശ്വാസാവിശ്വാസങ്ങളും/ പുറത്താക്കി വാതിലടച്ച/ ഒരു പക്ഷി.?- പക്ഷി എന്തിന്റെയും പ്രതീകമാകാം. പല വഴി വായിച്ചെടുക്കാവുന്ന കവിത. മറ്റൊന്ന്‌ ആര്യാഗോപിയുടെ ശലഭഗദ്‌ഗദം (കലാകൗമുദി 1796). ആര്യ എഴുതി: ജലശംഖില്‍ പ്രണയത്തി-/അനുഭവത്തീ പടരുന്നൂ.- ചിറകില്‍ വസന്തര്‍ത്തുവിന്‍ പാട്ട്‌ നിറയ്‌ക്കുന്ന ശലഭമന്ത്രമാണ്‌ ഈ രചന.
കോഴിക്കോടന്‍ കാഴ്‌ച
ജെ. ആര്‍. പ്രസാദ്‌ എഡിറ്റു ചെയ്‌ത കോഴിക്കോടന്‍ ചലച്ചിത്രനിരൂപണത്തിന്റെ ചാരുത എന്ന പുസ്‌തകത്തിന്റെ പ്രസക്തി എന്ത്‌? എം. ടി. മുതല്‍ കോഴിക്കോടന്റെ കുടുംബം വരെ നിറഞ്ഞുനില്‍ക്കുന്ന പുസ്‌തകത്തില്‍ ചലച്ചിത്രനിരൂപത്തിനല്ല, വ്യക്തിബന്ധത്തിനാണ്‌ മുഖ്യസ്ഥാനം നല്‍കിയത്‌. സിനിമയോട്‌ കോഴിക്കോടന്റെ സമീപനമെന്തായിരുന്നു? ലാവണ്യബോധത്തിനപ്പുറം കഥ കാണുകയും പറയുകയും ചെയ്യുന്നതില്‍ താല്‍പര്യം പ്രകടിപ്പിച്ച എഴുത്തുകാരനായിരുന്നു കോഴിക്കോടന്‍.
ചലച്ചിത്രത്തിന്റെ സിദ്ധാന്തം കോഴിക്കോടന്റെ കാഴ്‌ചയില്‍ പ്രതിബന്ധം സൃഷ്‌ടിച്ചിരുന്നില്ല. കോഴിക്കോടന്റെ നിരൂപണം വായിച്ചാല്‍ പിന്നെ സിനിമ കാണേണ്ടതില്ല.``അനുമോദനം വെറും വ്യര്‍ത്ഥം പിന്നെ അനുശോചനത്തിനെന്തര്‍ത്ഥം? അദ്ദേഹം ആവര്‍ത്തിച്ച്‌ ഉദ്ധരിച്ചിരുന്നതായും ഓര്‍ക്കുന്നു (അശ്വതിയുടെ ലേഖനം). വിമര്‍ശകനെയും കാലത്തെയും സ്‌മരിക്കുന്ന പുസ്‌തകം-(ലിപി, കോഴിക്കോട്‌).-നിബ്ബ്‌, ചന്ദ്രിക 7-2-2010