Saturday, October 31, 2009

വേനല്‍ കവിതകള്‍

പൂമകളാനേ ഹുസ്‌നുല്‍ ജമാല്‍/ പുന്നാരത്താളം മികന്തെ ബീവി/ ഹേമങ്ങള്‍ മെത്ത പണി ചിത്തിരം/ നാമങ്ങളെണ്ണിപ്പറഞ്ഞാല്‍ തീരാ/ നവരത്‌ന ചിങ്കാരം പൂണ്ട ബീവി/ മറുകത്തുകിലും ഞൊറിഞ്ഞുടുത്തു മാണിക്യ കൈരണ്ടെറിന്തു ബീശി-(4-ാം ഇശല്‍). ചിത്രമാണ്‌ കവി വരച്ചുചേര്‍ത്തത്‌. മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ എന്ന കവിതയില്‍ ഹുസ്‌നുജമാലിന്റെ വര്‍ണ്ണാഭമായ മലയാള കവിതയുടെ സൗന്ദര്യാത്മകത നിറഞ്ഞുനില്‍ക്കുന്ന വാങ്‌മയം. കവിമനസ്സില്‍ പതിഞ്ഞ സൗന്ദര്യത്തിന്റെ ആവിഷ്‌ക്കാരമാണ്‌ കവിതയെന്ന്‌ മോയിന്‍കുട്ടി വൈദ്യരുടെ കാവ്യം ഓര്‍മ്മപ്പെടുത്തുന്നു. കാലംതൊട്ടു മനസ്സില്‍ ചേര്‍ക്കുന്ന ചിത്രങ്ങളാണ്‌ കവിത. മലയാളത്തില്‍ കവിത എഴുതി വളരുന്നവരില്‍ മിക്കവരും വിസ്‌മരിക്കുന്നതും മറ്റൊന്നല്ല. ആനുകാലികം: മലയാളകവിതയില്‍ ഉണര്‍ത്തെഴുത്തുകളുടെ സാന്നിദ്ധ്യമായിരുന്നു കഴിഞ്ഞവാരം. ശക്തമായ കുറെ രചനകള്‍ ആനുകാലികങ്ങളില്‍ നിറഞ്ഞുനിന്നു. കല്‌പറ്റ നാരായണന്‍, രാവുണ്ണി, കെ. ടി. സൂപ്പി, കുഞ്ഞപ്പ പട്ടാന്നൂര്‍, കെ. വി. ബേബി തുടങ്ങിയവരുടെ കവിതകള്‍ മികവുറ്റവയായിരുന്നു. ബ്ലോഗില്‍ കുഴൂര്‍ വിത്സനും എസ്‌. കലേഷും മുന്‍നിരയില്‍ തന്നെ. കാമ്പസ്‌ കവിതയും പുതുശബ്‌ദത്തിന്റെ തീക്ഷ്‌ണത അനുഭവപ്പെടുത്തി. ആനുകാലികങ്ങളില്‍ ചിലത്‌- മാതൃഭുമിയില്‍ സബിത ടി. പി. എഴുതി:അച്ഛന്റെ ഓര്‍ക്കാപ്പുറത്തുള്ള/ പുറങ്കൈ പേടിച്ച്‌ എന്റെ നടത്തം. കണിശമായ ചടുലത പഠിച്ചു. പൂര്‍വികരുടെ പുറത്തുവീഴുന്ന/ തുരാതുരാ ചാട്ടവാറടികള്‍ പേടിച്ച്‌/ എന്റെ അടിമനടത്തം നിലംതൊടാത്തതായി.- (മാതൃഭൂമി, ഒക്‌ടോ.25). സ്‌ത്രീജീവിതത്തിന്റെ പൊള്ളുന്ന നിലമാണ്‌ സബിത സൂചിപ്പിച്ചത്‌. രണ്ടു കവിതകളിലൂടെ തിളങ്ങി നില്‍ക്കുകയാണ്‌ കല്‌പറ്റ നാരായണന്‍. മാതൃഭൂമി(നവം.1)യില്‍: എത്ര വായിച്ചാലും തീരില്ല/ എത്ര പഠിച്ചാലും പഠിയില്ല/ എത്ര കണ്ടാലും ഓര്‍ക്കാനാവില്ല/വഴിയില്‍ കണ്ടാലറിയില്ല- (ഛായാഗ്രഹിണി). മാധ്യമ(ഒക്‌ടോ.26)ത്തില്‍: നിലയ്‌ക്കാത്ത/ ആരും മുറിച്ചു കടക്കാത്ത/ എക്‌സ്‌പ്രസ്‌ പാത/ ഒന്നാന്തരമായ്‌ വിയര്‍ക്കും-(ഉയര്‍ച്ച). തിരിച്ചറിവിന്റെയും സങ്കീര്‍ണ്ണതകളുടെയും ഇടനിലങ്ങളില്‍ തറഞ്ഞുനില്‍ക്കുന്ന ജീവിതമാണ്‌ കല്‌പറ്റ തൊട്ടറിയുന്നത്‌. രാവുണ്ണിയുടെ ഒരു പാതിരാവിലെ ഞെട്ടിക്കുന്ന കാഴ്‌ചയും തുടര്‍ന്നുണ്ടായ ചിന്തകളും എന്ന കവിതയില്‍ പറയുന്നു: നോക്കൂ/ സ്ഥലം മാത്രമല്ല/ നേരവുമാണ്‌ കുറ്റവാളി/ മനുഷ്യന്‍ എത്ര നിഷ്‌ങ്കളന്‍-(മാധ്യമം, ഒക്‌ടോ.26). മനുഷ്യനെ മറ്റൊരു രീതിയില്‍ വായിക്കപ്പെടുന്ന സാഹചര്യമാണ്‌ രാവുണ്ണി വ്യക്തമാക്കുന്നത്‌. കലാകൗമുദിയില്‍ (1781ലക്കം) കുഞ്ഞപ്പ പട്ടാന്നൂരിന്റെ കവിതയില്‍ നിന്നും: എല്ലാ കയങ്ങളിലും/ കപ്പല്‍ച്ചേതത്തിന്റെ അസ്ഥിപഞ്‌ജരങ്ങള്‍/ ചിലത്‌/ ആഴ്‌ന്ന്‌ കിടപ്പുണ്ട്‌./ അവയ്‌ക്കിടയില്‍ പിടഞ്ഞമര്‍ന്ന/ അനാഥങ്ങളായ അന്തര്‍ഗതങ്ങളും.- നിസ്സംഗതയും നിസ്സാരതയും തളംകെട്ടിനില്‍ക്കുന്ന അവസ്ഥയിലേക്കാണ്‌ കുഞ്ഞപ്പ വായനക്കാരെ നടത്തിക്കുന്നത്‌. യുദ്ധത്തിന്റെയും അര്‍പ്പണത്തിന്റെയും നീക്കിവയ്‌പ്പിന്റെയും ചരിത്രമാണ്‌ ശാന്തി ജയകുമാര്‍ പ്രത്യക്ഷപ്പെടുത്തുന്നത്‌. കലാകൗമുദിയില്‍(1782) ശാന്തി ജയകുമാര്‍: പോകുന്നു നാളെ അതിര്‍ത്തിയില്‍ ബുദ്ധന്റെ/ പോരൊടുങ്ങാത്ത ചിരിയില്‍ ചിതറേണ്ട/ പാറാവുകാരെ പുതപ്പിക്കുവാനെന്റെ/ പൂഴി പുരണ്ട തവിട്ടുചര്‍മ്മം തരാം.- (ഉടമ്പടി). ഭാഷാപോഷിണിയില്‍ (ഒക്‌ടോ.ലക്കം) കെ. വി. ബേബി എഴുതുന്നു: പീഠം കയറിയോന്‍/ പീഠം ഇറങ്ങിയോന്‍/ പിന്നെയും തന്റെ തന്‍ കാലടിയില്‍/ അടിവച്ചു കേറിയോന്‍- (തിരസ്‌ക്കാരം). കയറ്റിറക്കങ്ങളുടെ ബോധനശാസ്‌ത്രമാണ്‌ ബേബി ഓര്‍മ്മിക്കുന്നത്‌. വര്‍ത്തമാനം ആഴ്‌ചപ്പതിപ്പില്‍ രമേശന്‍ വില്യാപ്പള്ളി വേനല്‍ കവിതകളില്‍ (ഒക്‌ടോ.18) എഴുതി:പൊരിവെയിലല്ലേ/ എന്റെ ചോറ്‌/ വേവുന്നത്‌-( തൊഴിലാളി). നനഞ്ഞ മണ്ണില്‍/വെയില്‍ വരച്ച/വൃത്തം - (സ്‌നേഹം). മനുഷ്യന്റെ രണ്ടു പട്ടിണികളാണ്‌ അന്നവും രതിയും. രമേശന്‍ എഴുത്തിന്റെ അന്തര്‍ധാരയിലൂടെ തുഴഞ്ഞെത്തുന്നതും ജൈവസത്തയുടെ അടിസ്ഥാനതലത്തിലാണ്‌. തൊഴിലാളി ചോറായി വേവുന്നു. നനഞ്ഞ മണ്ണ്‌ സ്‌നേഹവൃത്തമായിത്തീരുന്നു. കെ. ടി. സൂപ്പിയുടെ കവിതയില്‍ നിന്നും: അന്തിമവിധികാത്ത്‌/ നിമിഷങ്ങളെണ്ണുന്ന/ കാന്തദര്‍ശിയായ കവി/ മണ്ണില്‍ കമിഴ്‌ന്ന്‌ കിടന്ന്‌/ ഭൂമിക്ക്‌/ വീണ്ടും വീണ്ടും/ചുംബനം കൊടുത്തുകൊഴഞ്ഞിരുന്നു- (വിധി- വര്‍ത്തമാനം). പ്രകൃതിയുടെ ഊഷ്‌മളതയിലേക്കാണ്‌ കെ. ടി. സൂപ്പിയുടെ വരികള്‍ നമ്മെ നടത്തിക്കുന്നത്‌. ആത്മസത്ത സ്വയം വെളിപ്പെടുന്ന കണ്ണാടിയാണെന്ന്‌ കവി അനുഭവപ്പെടുത്തുന്നു. അജയന്‍ കാരാടിയുടെ കവിതയില്‍ നിന്നും: അന്നവന്‍ വന്നു/ കത്തുകളും കമ്പികളുമായി/ പിന്നെയവന്‍ വന്നു/ ഓര്‍മ്മകളുടെ/ ഓര്‍മ്മപുതുക്കാന്‍/ ഇപ്പോളവന്‍/ വന്നതെന്തിനാണ്‌- (തപാല്‍ക്കാരന്‍-വര്‍ത്തമാനം, ഒക്‌ടോ.18) എല്ലാ പുതുക്കലുകളും ഭാരമായി മാറുന്ന കാലത്തിന്റെ ചിത്രമാണിത്‌. പ്രവാസചന്ദ്രികയില്‍ ടി. പി. അനില്‍കുമാര്‍ ഓര്‍ത്തെടുക്കുന്ന ചിത്രമിങ്ങനെ: കുട്ടമോനെ/ നമ്മുടെ പടിഞ്ഞാറേ പ്ലാവിന്തയ്യില്‍/ കടിഞ്ഞൂല്‍ ചക്കയ്‌ക്ക്‌/ മുള്ളൊക്കെ പരന്നു/ മഴച്ചക്കയ്‌ക്ക്‌/മധുരമുണ്ടാവില്ലെങ്കിലും- (ഓണം). അനില്‍ കുമാര്‍ മറ്റൊരു കവിതയില്‍ പറയുന്നു: വിഷു വരുന്നു/ ഉപയോഗിക്കാനാളില്ലാതെ/ വീട്ടില്‍ നിന്ന്‌ പുറപ്പെട്ടുപോയ/ ചിരട്ടക്കയിലും മണ്‍പാത്രങ്ങളും/ തിരിച്ചുവന്നിട്ടുണ്ട്‌ അടുക്കളകളില്‍/ വെറുതെ എന്തിനാ കുഞ്ഞേ/ഇന്‍ഷുറന്‍സു പറഞ്ഞിങ്ങനെ/ എരിയും വെയിലത്ത്‌/ കയിലും കുത്തി നടക്കണ്‌! (കയിലുകുത്ത്‌, മാധ്യമം നവം.2). സുരക്ഷിതത്വത്തെ സംബന്ധിച്ച്‌ ഒരു മറുവായന നടത്താന്‍ അനില്‍കുമാര്‍ ചില ചോദ്യമുനകള്‍ അടയാളപ്പെടുത്തുന്നു. ഇന്ന്‌ മാസികയില്‍ (ഒക്‌ ടോ.ലക്കം) സി. എം. രാമചന്ദ്രന്‍:ഒന്നാമത്തെ തിര വന്നെന്റെ/ വലതുകാലില്‍ തൊട്ടു/ ഞാനവളോടു പറഞ്ഞത്‌ മലയാളം./കേട്ടില്ല. തനിയെ തിരിച്ചുപോയി./രണ്ടാമത്തെ തിര വന്നെന്റെ/ ഇടതുകാലില്‍ തൊട്ടു/ഞാനവളോടു പറഞ്ഞത്‌ മലയാലം./വരൂ, നമുക്കൊന്നിച്ച്‌ ഇതേ കടലില്‍/മുങ്ങിച്ചാകാം- അവള്‍ പറഞ്ഞു- (തിരകള്‍). ഭാഷയുടെ പിടഞ്ഞുമരണത്തിലേക്കാണ്‌ രാമചന്ദ്രന്‍ പേന നീട്ടിപ്പിടിക്കുന്നത്‌. ചന്ദ്രിക വാരാന്തപ്പതിപ്പില്‍ സുബൈദ എഴുതി: ഈ ജീവിതം/ കബളിപ്പിക്കപ്പെടുന്ന/ വിഭവമല്ലാതെ/ മറ്റെന്താണ്‌.- (വാതില്‍, ഒക്‌ടോ.25). ജീവിതം വിശദീകരിക്കാനുള്ള സുബൈദയുടെ കഠിനയത്‌നം വരികളിലും തടഞ്ഞുനില്‍ക്കുന്നു. കവിതാ പുസ്‌തകം: പുതുകവിതയുടെ അടയാളപ്പെടുത്തലാണ്‌ പി. ആര്‍. രതീഷിന്റെ കവിത. ആഢംബരത്തിന്റെയും ഉറപ്പിച്ചുനിര്‍ത്തലിന്റെയും പിന്‍ബലമില്ലാത്തവരുടെ നിരയിലാണ്‌ ഈ എഴുത്തുകാരന്‍ തന്റെ കവിതകളെ ചേര്‍ത്തുനിര്‍ത്തുന്നത്‌. ഊതിക്കെടുത്തലുകളും മാറ്റിവയ്‌ക്കലുകളും അതിജീവിക്കുന്ന രതീഷ്‌ തന്റെ ആദ്യകവിതാ സമാഹാരത്തിന്‌ നട്ടുച്ചയുടെ വിലാസം എന്നാണ്‌ പേരിട്ടു വിളിക്കുന്നത്‌. മലയാളത്തില്‍ അക്കാദമിക്‌ പാരമ്പര്യത്തില്‍ പിറക്കാത്ത ഒരു പുതുകവിക്ക്‌ തന്നെയും തന്റെ രചനകളെയും വിശേഷിപ്പിക്കാവുന്ന തീക്ഷ്‌ണമായ പ്രയോഗം. പുതുകവിതയോടുള്ള എല്ലാവിധ ദഹനക്കേടുകളും ചികിത്സിച്ച്‌ മാറ്റാനുള്ള യുവത്വത്തിന്റെ പടയൊരുക്കവും തന്റേടവും രതീഷിന്റെ കവിത വായനക്കാര്‍ക്ക്‌ ബോധ്യപ്പെടുത്തുന്നു. കവിതയിലൊരിടത്ത്‌ രതീഷ്‌ എഴുതി: ഓര്‍മ്മയുടെ ചോരകൊണ്ടു ഞാനെഴുതിക്കൊണ്ടേയിരിക്കും/ എന്റെ വഴി എന്റേതാകും വരെ- (ചോക്ക്‌).നടന്നുതീര്‍ക്കുന്ന പാതകളിലെ കാരമുള്ളുകള്‍ നെഞ്ചോടു ഉരസിക്കൊണ്ടുള്ള യാത്രയിലും കവി സ്വയം വ്യാഖ്യാനിക്കുന്നു: ഉന്മാദത്തിന്റെ രക്തം കൊണ്ടെഴുതിയ/ എന്റെ തലവര- (തലവര എന്ന കവിത). തലവര മാറ്റിവരക്കാന്‍ കഴിയുമെന്ന്‌ കരുതുന്നില്ല. ജന്മം വരച്ച വരയുമായി ഏതു അഗ്നിയിലൂടെയും നടക്കാന്‍ തയ്യാറെടുക്കുന്ന മനസ്സിനെ താളവും താളഭംഗവും, വൃത്തവും അലങ്കാരവും സ്‌പര്‍ശിക്കുന്നില്ല. തന്റെ പാളം തെറ്റിപ്പോകുന്നു എന്നറിയുമ്പോഴും രക്തം നിലയ്‌ക്കാത്ത കവിത പിറക്കുന്നുണ്ടെന്ന തിരിച്ചറിവാണ്‌ പി. ആര്‍. രതീഷിന്റെ വരികളുടെ കരുത്ത്‌. എഴുത്തിന്റെ ലോകത്തിലൂടെ ചോര്‍ന്നൊലിക്കുന്നവന്റെ ചോദ്യങ്ങള്‍ ഉന്നയിച്ച്‌ ഈ കവി നമുക്ക്‌ മുന്നിലുണ്ട്‌. നട്ടുച്ചയുടെ വിലാസം നിവര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെ. മഞ്ഞുകാലത്തിലും പൊള്ളിനില്‍ക്കുന്ന ജീവിതവുമായി. അവതാരിക പവിത്രന്‍ തീക്കുനി. പഠനം സുനില്‍ സി. ഇ. ഓരോ വായനയിലും ഹൃദയത്തിലേക്ക്‌ ഇരച്ചുകയറുന്ന കവിതകള്‍.- (പായല്‍ ബുക്‌സ്‌, 50 രൂപ). ബ്ലോഗ്‌കവിത:എഴുത്തിന്റെയും വായനയുടെയും മാറ്റത്തിന്റെ തിളക്കമാണ്‌ ഒട്ടുമിക്ക ബ്ലോഗുകളും നല്‍കുന്ന പാഠം. അവയോടൊപ്പം ഭാഷയുടെ ആസന്ന മൃതിയും നിഴലിക്കുന്നുണ്ട്‌. ബൂലോക കവിതാ ബ്ലോഗില്‍ കുഴൂര്‍ വിത്സന്‍ മരത്തിന്റെ ആത്മഗതം എഴുതുന്നു:എത്രകാലമായി/ ഇങ്ങനെ ഒരേ നില്‌പ്‌നില്‍ക്കുന്നു/ എന്ന്‌ സങ്കടം തോന്നിയിട്ടാണ്‌/പുറകോട്ടാണെങ്കിലും/ നിങ്ങളെ ഇങ്ങനെ/ഓടിക്കുന്നത്‌- (മരങ്ങള്‍; ജീവിതത്തില്‍ കവിതയില്‍). പാഠഭേദം ബ്ലോഗില്‍ ഏ. ആര്‍. നജീം എഴുതി: എന്നും എന്റെ മനസ്സില്‍/ സ്‌നേഹമഷി ഒരു തുള്ളിയെങ്കിലും/ബാക്കിയുണ്ടാവുമോ?/ആവോ.. - എളുപ്പം ആറിപ്പോകുന്ന സ്‌നേഹത്തെക്കുറിച്ചാണ്‌ എഴുത്തുകാരന്‍ ആലോചിക്കുന്നത്‌. പുതുകവിതാബ്ലോഗില്‍ എസ്‌. കലേഷിന്റെ കവിതയില്‍ നിന്നും: കൈവഴികളിലൂടെ/അകലെ കടലില്‍ചെന്നു പറഞ്ഞ്‌,/തെല്ലകലെ പറ്റിക്കിടക്കും/ മേഘത്തെക്കൊണ്ട്‌/ സൂര്യനോട്‌ പറയിപ്പിച്ച്‌,/ഒരു മഴകൊണ്ടെന്നെ/ എഴുന്നേല്‌പിച്ചുവിടുമെന്ന്‌/അറിഞ്ഞിരുന്നില്ല- (ഒരു മഴകൊണ്ടെന്നെ). മറുമൊഴിയുടെ സൗന്ദര്യമാണ്‌ കലേഷിന്റെ വരികളുടെ മേന്മ. വാക്കിന്റെ രസനാളിയിലൂടെ ഈ എഴുത്തുകാരന്‍ നമ്മെ ദൂരത്തിലേക്ക്‌ കൂടെനടത്തിക്കുന്നു. ചിന്താ ബ്ലോഗില്‍ ശ്രീധരന്‍ ചെറുവണ്ണൂര്‍ വീണപൂവിനെ അനുസ്‌മരിക്കുന്നു: പൂവേ നീ കവിക്കെന്നും റാണിയാണ്‌/ വാസം അധികതുംഗപദത്തിലുമാണ്‌/പക്ഷേ, എനിക്കോ/ മരണത്തിന്റെ ഒരു പൊട്ടുമാത്രം.-(ഒറ്റ). വീണപൂവിനെ കുറിച്ചുള്ള പരിദേവനം മനസ്സില്‍ പരിയാതെ പോകുന്നു. കാമ്പസ്‌ കവിത: കാമ്പസില്‍ കവിതയുടെ തളിര്‍പ്പുകള്‍ ശക്തമാകുന്നു. തളിര്‍പ്പില്‍ വിഷാദത്തിനാണ്‌ മുന്‍തൂക്കം എന്നതും ശ്രദ്ധേയം. കവിത ഗദ്യത്തിന്റെയും പദ്യത്തിന്റെയും അതിര്‍വരമ്പുകള്‍ അതിവര്‍ത്തിക്കുന്നു. പുതിയ കവിത പുതിയ വായനക്കാരോട്‌ സംവദിക്കുമ്പോഴും കവിതയുടേതായ അംശങ്ങള്‍ കാത്തുസൂക്ഷിക്കുന്നുണ്ടെന്നതും തിരിച്ചറിയേണ്ടതുണ്ട്‌. പാരമ്പര്യകാവ്യ വായനയെ ചൊടിപ്പിച്ചാലും കവിതയുടെ മുഴക്കം കാമ്പസ്‌ കേള്‍പ്പിക്കുന്നു. കാമ്പസ്‌ കവിതകളില്‍ ഷെരീഫ്‌ പെരുമ്പിലാവ്‌: പൂര്‍ണസ്‌നാനം ചെയ്‌ത്‌/ തിരിച്ചുകയറാനറിയാതെ,/ വര്‍ഷങ്ങള്‍/ നിമിഷങ്ങളായകഥ!/ ആ തിരിച്ചറിവിന്റെ പാതകള്‍,/ വെട്ടിപ്പിടിച്ചില്ലെങ്കിലും/ നിന്റെ കലക്കുവെള്ളത്തില്‍വരെ/ ഞാനിന്നു സ്വാര്‍ത്ഥനാണ്‌-(ഒരു പുഴയുടെ കഥ- മാതൃഭൂമി ഒക്‌ടോ.25). ബിനീഷ്‌ പുതുപ്പണത്തിന്റെ കൈതകാട്ടിലെ കവിതയില്‍: കവിതയ്‌ക്കുള്ളില്‍ അവനൊരു/ കൈച്ചെടി നട്ടിട്ടുണ്ടെന്ന്‌/ തിരിഞ്ഞുനോക്കുമ്പോള്‍/ കത്തുന്ന തീക്കുണ്‌ഠത്തില്‍/ അതു പൂത്തുനില്‍ക്കുന്നു- (മാതൃഭൂമി മാഗസിന്‍). വിശപ്പ്‌ എന്ന രചനയില്‍ മുഹമ്മദ്‌ ഇര്‍ഫാന്‍, മലപ്പുറം: കള്ളന്റെ പുറത്തറവര്‍ ഉത്സവം നടത്തുന്നു/ വെടിക്കെട്ടുകള്‍ ഠോ ഠോ കഴിക്കുന്നു/ എങ്കിലും വിശപ്പിന്റെ ക്രൂരമാം വേദന/ ഇല്ലായിരുന്നു ഈ ഉത്സവങ്ങള്‍ക്കൊന്നും- (മാതൃഭൂമി മാഗസിന്‍). ഈ എഴുത്തുകാര്‍ വാക്കുകള്‍ വിന്യസിക്കുമ്പോള്‍ അല്‌പംകൂടി സൂക്ഷ്‌മത പുലര്‍ത്തിയിരുന്നെങ്കില്‍ കവിതയുടെ സമഗ്രതയ്‌ക്ക്‌ ഭംഗിയും അര്‍ത്ഥസാന്ദ്രതയും വര്‍ദ്ധിക്കുമായിരുന്നു.നിത്യ ചൈതന്യ യതിയുടെ വാക്കുകള്‍: സാധാരണ നമ്മുടെ കാഴ്‌ചയെ ഹഠാദാകര്‍ഷിക്കുന്ന രൂപഭംഗിയേയും വര്‍ണഭംഗിയേയുമാണ്‌ നാം സൗന്ദര്യമായി കാണുന്നതെങ്കിലും കവി കാണുന്ന സൗന്ദര്യം പലപ്പോഴും സൂക്ഷ്‌മമാണ്‌.- (ഉള്ളില്‍ കിന്നാരം പറയുന്നവര്‍).-നിബ്ബ്‌, ചന്ദ്രിക 1-11-2009

Thursday, October 22, 2009

കഥ വീണ്ടും നാട്ടിലേക്ക്‌


യേ ദോസ്‌തി ഹം നഹി തോടേംഗെ (ഈ സൗഹൃദം ഞങ്ങള്‍ ഒരിക്കലും ഉപേക്ഷിക്കില്ല)- എന്ന പാട്ടുപാടി അമിതാഭ്‌ ബച്ചനും ധര്‍മ്മേന്ദ്രയും ഒരു മോട്ടോര്‍ സൈക്കിളില്‍ നീങ്ങുന്ന സീന്‍ 1975-ല്‍ പ്രദര്‍ശനത്തിനെത്തിയ ഷോലെ എന്ന സിനിമയിലുണ്ട്‌. രമേശ്‌ സിപ്പി സംവിധാനം ചെയ്‌ത ഈ ചിത്രം, വാണിജ്യചേരുവയാണെങ്കിലും കൂട്ടായ്‌മയുടെ വിജയം എന്നൊരു സന്ദേശം നല്‍കി. നമുക്കിന്ന്‌ ഒരു സാമൂഹ്യജീവിതമില്ല. ഓരോരുത്തര്‍ക്കും സ്വന്തം ജീവിതം മാത്രമേയുള്ളൂ. കര്‍മ്മവും ജീവിതവും ലയിച്ചുചേരുന്ന ഒരു പാട്ട്‌, താളം ഉണ്ടാകുന്നില്ല. ഉണ്ടാകുന്നത്‌ മുദ്രാവാക്യങ്ങള്‍ മാത്രം. അധിനിവേശത്തിന്റെ കീഴടങ്ങലും. അനുഭവങ്ങളില്ലാത്ത കഥകളെഴുതി നിറയുന്ന മലയാളത്തില്‍ എഴുത്തുകാരുടെ കൂട്ടായ്‌മയും അന്യമാകുന്നുവോ? എന്ന്‌ ആരെങ്കിലും സംശയിച്ചാല്‍ കുറ്റംപറയാന്‍ കഴിയില്ല. കഥയില്‍ നിന്നും ജീവിതം ചോര്‍ന്നുപോകുന്നതിന്റെ പ്രധാനകാരണവുമിതുതന്നെ. ജീവിതം തുഴഞ്ഞുകൊണ്ടുവരുന്ന കഥകളിലൂടെ മലയാളകഥ വീണ്ടും തളിര്‍ക്കുന്നു. കാമ്പുള്ള കഥകളുടെ വസന്തകാലം. ശക്തമായ കഥയും ഹൃദ്യമായ കഥപറച്ചിലും മലയാളത്തിലെ ആനുകാലികങ്ങള്‍ അടയാളപ്പെടുത്തിക്കൊണ്ടിരിക്കുന്നു. കഥയെഴുത്തുകാരുടെ സൂക്ഷ്‌മനിരീക്ഷണവും ആവിഷ്‌ക്കാര വൈഭവവും പുതിയ കഥകളില്‍ പ്രതിഫലിക്കുന്നുണ്ട്‌. മലയാളകഥയില്‍ എഴുത്തില്‍ പുതുമയും ആഴക്കാഴ്‌ചയും നവീനതാളവും അവതരിപ്പിക്കുന്ന പി. കെ. പാറക്കടവ്‌ കവിതയും ജീവിതവും എന്ന കഥയില്‍ പറയുന്നതിങ്ങനെ: വൃത്തത്തിനുള്ളില്‍ വീര്‍പ്പുമുട്ടി കുരുങ്ങിക്കിടന്ന്‌ ആത്മാവ്‌ ചോര്‍ന്നുപോകുമെന്ന ഘട്ടത്തിലെത്തിയപ്പോള്‍ കവിത പറഞ്ഞു: എനിക്ക്‌ മതിയായി, നിന്റെ ശാര്‍ദ്ദൂലവിക്രീഡിതത്തിലും കേകയിലുമൊക്കെ കിടന്ന്‌ ചീയാനുള്ളതല്ല എന്റെ ജീവിതം. നിന്റെ ചുണ്ടില്‍ ഒരീണമായി എനിക്ക്‌ നിലനില്‍ക്കേണ്ടതുണ്ട്‌. ക്രോധത്തോടെ അയാള്‍ കവിതയെ ഒരിരുട്ടുമുറിയില്‍ അടച്ചിട്ടു. നിനക്ക്‌ ഭ്രാന്താ- അയാള്‍ പറഞ്ഞു. കവിത കൈവീശി ദൂരെയെവിടെ നിന്നോ സൂര്യരശ്‌മിയെ വിളിച്ചു. അടച്ചിട്ട മുറിയുടെ ഏതോ പഴുതിലൂടെ കടന്നുവന്ന സൂര്യരശ്‌മിയെ കൈപിടിച്ചു കവിത പുറത്തുകടന്നു. ഏതു വാതിലൂടെയാണ്‌ നീ രക്ഷപ്പെട്ടത്‌? തലതല്ലിക്കരഞ്ഞു കൊണ്ട്‌ അയാള്‍ ചോദിച്ചു. ഒടുവില്‍ കരച്ചില്‍ നിര്‍ത്തി വെളിപാടു കിട്ടിയവനെപ്പോലെ അയാള്‍ പിറുപിറുത്തു: എനിക്ക്‌ കവിതവേണ്ട. എനിക്ക്‌ ജീവിതം മതി. വൃത്തവും ഈണവുമല്ല ജീവിതം. അതൊരു നേര്‍രേഖയാണ്‌. അയാള്‍ ഒരു നേര്‍രേഖ വരച്ചു. ഇതെന്തോന്ന്‌ ജീവിതം? ജീവിതം ചോദിച്ചു. ഈ നേര്‍രേഖ മറികടന്നു പോകുന്നതിലാണ്‌ ത്രില്ല്‌. എന്നിട്ട്‌ ജീവിതം അയാള്‍ വരച്ചിട്ട ലക്ഷ്‌മണരേഖയും കടന്ന്‌ അപ്പുറത്തേക്കു പോയി. കവിത നഷ്‌ടപ്പെട്ട അയാള്‍ക്ക്‌ ജീവിതവും നഷ്‌ടപ്പെട്ടു.- പി. കെ. പാറക്കടവ്‌ ഇങ്ങനെയൊരു വിഷമവൃത്തം അടയാളപ്പെടുത്തുന്നു. പച്ചയായ ജീവിതസാഹചര്യമാണ്‌ ഈ കഥയെ മികവുറ്റതാക്കുന്നത്‌. അനേകം ചോദ്യാവലികളും. എഴുത്തില്‍ ജീവിതം അന്യമാകുമ്പോള്‍ സര്‍ഗ്ഗാത്മകത നഷ്‌ടപ്പെടുമെന്ന്‌ കഥാകൃത്ത്‌ ഓര്‍മ്മപ്പെടുത്തുന്നു. പാറക്കടവിന്റെ കഥ വായനക്കാരുടെ ഹൃദയത്തില്‍ മന്ത്രിക്കുന്നതും മറ്റൊന്നല്ല. കഥയില്‍ ജീവിതം വിരിയിച്ചെടുക്കുന്ന രചനാതന്ത്രമാണ്‌ പി. കെ. പാറക്കടവിന്റെ കഥകളുടെ രസനീയത. അവ ചെറുവാക്യങ്ങളായി വായനക്കാരുടെ മനസ്സില്‍ ഊളിയിടുന്നു. പിന്നീട്‌ ജീവിതത്തിന്റെ ബഹുവിധമാനങ്ങള്‍ ഉണര്‍ത്തി മുകള്‍പ്പരപ്പിലേക്ക്‌ തിരിച്ചുവരുന്നു.

ആനുകാലികം: ജീവിതത്തെ കഥയിലേക്ക്‌ ചേര്‍ത്തുപിടിച്ച ഏതാനും മികച്ച കഥകള്‍ ഒക്‌ടോബറില്‍ ആനുകാലികങ്ങളില്‍ എഴുതിനിറഞ്ഞു. വാക്കിന്റെ രസനാളികൊണ്ട്‌ വായനക്കാരുടെ മനസ്സിനെ സ്‌പര്‍ശിച്ച കഥയെഴുത്തുകാരുടെ നിരയില്‍ കെ. പി. രാമനുണ്ണി, അക്‌ബര്‍ കക്കട്ടില്‍, വി. ആര്‍. സുധീഷ്‌, ടി. എന്‍. പ്രകാശ്‌, ചന്ദ്രമതി, ഡോ. ഷാജഹാന്‍ തുടങ്ങിയവരുണ്ട്‌. മലയാളകഥ വീണ്ടും പറച്ചിലിന്റെ പുതിയ താളവും രാഗവും അനുഭവപ്പെടുത്തുന്നു. കെ. പി. രാമനുണ്ണി ബൈ ബൈ അംബേദ്‌കര്‍ എന്ന കഥയില്‍ എഴുതി: പുറമേക്ക്‌ അല്‍ഭുതവും ആശ്ചര്യവുമാണ്‌ തോന്നുകയെങ്കിലും ഐ. ഒ. പത്മനാഭന്‍ തന്റെ ഏകമകനെ പിങ്കിക്ക്‌ വിവാഹം കഴിച്ചു കൊടുത്തതിന്‌ പിറകില്‍ കഠിനമായ ഗതികേടിന്റെ നിര്‍ബന്ധമുണ്ടായിരുന്നു. ബ്രാഹ്മണ്യത്തിന്റെ ഒന്നാം നമ്പര്‍ ശത്രുവും ദലിതന്റെ സര്‍വണ്ണ അനുകരണങ്ങളോടുപോലും ഒത്തുതീര്‍പ്പ്‌ ഇല്ലാത്തവനും. കീഴാളരുടെ മുഴുവന്‍ അവകാശവാദിയുമാണ്‌ എഴുത്തുകാരന്‍ കൂടിയായ പത്മനാഭന്‍ നേരത്തെ സൂചിപ്പിച്ചിരുന്നുവല്ലോ. താത്ത്വികമായ നിലപാടുകള്‍ പ്രായോഗികജീവിതത്തില്‍ കടുത്ത പ്രതിസന്ധികളാണ്‌ സൃഷ്‌ടിക്കുന്നത്‌. എറണാകുളത്തെ ടെക്‌നോപാര്‍ക്കില്‍ എഞ്ചിനീയറായ മകന്‌ കല്യാണാലോചന തുടങ്ങിയപ്പോഴാണ്‌ അദ്ദേഹം മനസ്സിലാക്കിയത്‌.- (മാധ്യമം ആഴ്‌ചപ്പതിപ്പ്‌). ഡെപ്യൂട്ടി തഹസില്‍ദാര്‍ ഐ. ഒ. പത്മനാഭന്‍ മുംബൈയിലെ പിങ്കി എന്ന പെണ്‍കുട്ടിയെ മകന്‌ കല്യാണം കഴിച്ചുകൊടുത്തതിന്‌ പിന്നില്‍ നിരവധി കഥകളുണ്ട്‌. കഥാന്ത്യത്തില്‍ രാമനുണ്ണി എഴുതി: മകന്‍ ഷൈജുകുമാര്‍, വേണ്ടച്ഛാ. അതിനി വേണ്ടച്ഛാ. ഈ വാക്കുകളോടെ ബലിഷ്‌ഠമായ കറുത്തകൈ ഏന്തിവന്ന്‌ അംബേദ്‌കറുടെ ചിത്രം വീതിച്ചായത്താല്‍ മായ്‌ച്ചുകളഞ്ഞു. നോക്കുമ്പോള്‍ കടുത്ത ചിന്താമഗ്നതയോടെ ഷൈജുകുമാര്‍ ഐ. ഒ. പത്മനാഭന്റെ അടുത്തുതന്നെ നില്‍ക്കുന്നുണ്ട്‌. പ്രവാസചന്ദ്രികയില്‍ (ഒക്‌ടോ.ലക്കം) അക്‌ബര്‍ കക്കട്ടില്‍ കഥയുടെ ആവിഷ്‌കരണത്തില്‍ ചില പരീക്ഷണങ്ങള്‍ നടത്തുന്നു. റാസല്‍ഖൈമയിലെ കഥ പറയുകയാണ്‌ കഥാകാരന്‍. പക്ഷേ, റാസല്‍ഖൈമ കഥയില്‍ സജീവമായി കടന്നുവരുന്നില്ല. എന്നാല്‍ എല്ലാഭാഗത്തും റാസല്‍ഖൈമയുണ്ട്‌. റഫീഖ്‌ അഹ്‌മദും ഉണ്ട്‌. ജി. അരവിന്ദന്റെ കാഞ്ചനസീതയില്‍ സീത പ്രത്യക്ഷപ്പെടുന്നില്ല. എല്ലാ സീനുകളിലും സീതയുണ്ട്‌. അക്‌ബറിന്റെ പരാജിതരുടെ സ്‌മാരകത്തിലെ ഒരു സന്ദര്‍ഭം: ഒരസ്വാഭാവികതയുമില്ലാതെ റഫീഖ്‌ അഹ്‌മദിന്‌ സാലംദര്‍മഖിയെ നേരിടാനായി ഉത്തരം ബാക്കിയായി കിടക്കുകയായിരുന്നു. ആ ചോദ്യം പുറത്തെടുക്കാനായി അഥവാ അയാള്‍ അയാളെത്തന്നെ പുറത്തേക്കിട്ടു. റഫീഖ്‌ അഹ്‌മദ്‌ ചോദിച്ചു: സാലം ഇനി പറയാമോ? ആര്‍ക്ക്‌ പാഠമാകാനാണ്‌ പരാജിതരുടെ സ്‌മാരകം പണിതിരിക്കുന്നത്‌. സാലം ദര്‍മഖി ചിരിക്കാന്‍ തുടങ്ങി. പതുക്കെപ്പതുക്കെ റഫീഖ്‌ അഹ്‌മദും.-മനോഹരമായി കഥാന്തരീക്ഷവും പ്രമേയവും അവതരിപ്പിക്കുന്നു. സൈലന്‍സര്‍ എന്ന കഥയില്‍ വൈശാഖന്‍ പറയുന്നു: അന്നു പുലര്‍ച്ചയ്‌ക്ക്‌ അഞ്ചുമണി കഴിഞ്ഞപ്പോള്‍ ചേറൂര്‍ റോഡിലെ ചില വീടുകളില്‍ കിടന്നുറങ്ങിയിരുന്നവര്‍ ഒരു ഞെട്ടലോടെ ഉണര്‍ന്നെണീറ്റൂ. കുറെ നേരം റോഡിലേക്ക്‌ നോക്കിയിരുന്നു. പിന്നീട്‌ വല്ലാത്ത ഒരു ശൂന്യതാബോധത്തോടെ അവര്‍ ദിനചര്യകളില്‍ മുഴുകി.- ഈനാശുവിന്റെ വിഭ്രാന്തികളുടെ ലോകം കഥാകാരന്‍ വിവരിക്കുന്നു.-(മാതൃഭൂമി, ഒക്‌ടോ.11). മലയാളത്തില്‍ അടുത്തിടെ എഴുതപ്പെട്ട മികച്ച കഥകളിലൊന്നാണ്‌ വൈശാഖന്റെ സൈലന്‍സര്‍. ഇവിടെ ഒരു ടെക്കി എന്ന കഥയില്‍ ചന്ദ്രമതി വായനക്കാരെ ആഗോള സാമ്പത്തികപ്രതിസന്ധിയിലേക്കാണ്‌ കൂട്ടിക്കൊണ്ടുപോകുന്നത്‌. ഒരു തൊഴില്‍ നഷ്‌ടപ്പെടുക എന്നത്‌ ചിന്തിക്കാന്‍പോലും കഴിയാത്ത സ്ഥിതിയില്‍ ജീവിക്കുന്ന ഒരാളുടെ ലോകം കരുത്തുറ്റ ശൈലിയില്‍ ആവിഷ്‌കരിക്കുന്നു: ആഗോള സാമ്പത്തിക പ്രതിസന്ധിയുടെതായ ഈ കാലത്ത്‌ വിഘ്‌നേശ്വരനായ എന്റെ ഭഗവാനേ, എന്റെ മുമ്പില്‍ വിഘ്‌നങ്ങളുയര്‍ത്തരുതേ, ഇനിയൊരു ജോലിക്കായി റെസ്യൂമെ എന്നൊരു കുരിശ്‌ എന്നെക്കൊണ്ട്‌ ചുമപ്പിച്ച്‌ പ്രദര്‍ശനവസ്‌തുവാക്കരുതേ. ഈ കമ്പ്യൂട്ടര്‍ വേഗം പ്രവര്‍ത്തനക്ഷമമാവുകയും ഇന്ന്‌ ഇന്നലെപ്പോലെത്തന്നെയാവുകയും ചെയ്‌താല്‍ പഴയങ്ങാടിയിലെ അങ്ങയുടെ ക്ഷേത്രത്തില്‍ ഞാന്‍ 101 തേങ്ങ പൊളിച്ചേക്കാമെ! പെട്ടെന്ന്‌ പ്രാര്‍ത്ഥന വിജയന്റെ മനസ്സില്‍ തടഞ്ഞുനിന്നു. അച്ഛന്റെ ഗതകാല വാക്കുകളാണ്‌ അതിന്‌ തടയിട്ടത്‌. ങ്‌ഹാ, ഇതാണ്‌ നമ്മുടെ കുഴപ്പം. വളരെ അടുത്ത ഭൂതകാലത്തില്‍ നിന്നും അച്ഛന്‍ പറയുകയാണ്‌. - വായനക്കാരുടെ മനസ്സില്‍ ആഴത്തില്‍ സ്‌പര്‍ശിക്കുന്ന കഥ. വി. ആര്‍. സുധീഷ്‌ ഭവനഭേദനം എന്ന കഥയില്‍ രണ്ടു മോഷ്‌ടാക്കളുടെ കഥ പറയുന്നു. കഥയിലൊരിടത്ത്‌ സുധീഷ്‌ എഴുതി: അര്‍ദ്ധരാത്രിയില്‍ തുരന്നു കയറേണ്ടുന്ന അപ്പാര്‍ട്ട്‌മെന്റിനെ ലക്ഷ്യമാക്കി ജഗന്നാഥന്‍ നടന്നുനീങ്ങുകയാണ്‌. അയാളുടെ കൈയിലുള്ള ചാക്കുതുണിയുടെ ബിഗ്‌ഷോപ്പറില്‍ പച്ചച്ചീര കൊണ്ട്‌ മൂടിയ കമ്പിപ്പാരയും കഠാരയും കട്ടവും കമ്പിക്കൂട്ടങ്ങളും പ്ലാസ്റ്റിക്‌ കയറും ഇരുമ്പുപൈപ്പും കൈയുറയുമെല്ലാമുണ്ട്‌.- ഇനി നമുക്ക്‌ രണ്ടു മോഷ്‌ടാക്കളെ ശ്രദ്ധിക്കാം. കഥാന്ത്യത്തില്‍ നീലകണ്‌ഠനും ജഗന്നാഥനും മോഷ്‌ടിക്കാന്‍ കയറിയ വീട്ടിലേക്ക്‌ കഥാകാരന്‍ എഴുത്തിന്റെ ജാലകം തുറന്നിടുന്നതിങ്ങനെ: നീലകണ്‌ഠന്‍ ചൂണ്ടിക്കാട്ടിയ മുറിയില്‍ നിന്നും നേര്‍ത്ത ഒരു ഞരക്കം അവര്‍ കേട്ടു. ടോര്‍ച്ച്‌ തെളിച്ചപ്പോള്‍ തലപൊട്ടിത്തകര്‍ന്ന്‌ കട്ടിലില്‍ കിടക്കുകയാണ്‌ ഗൃഹനായകന്‍. അരികില്‍ തോക്കുണ്ട്‌. ബെഡ്‌ഷീറ്റ്‌ കൈയില്‍ ചുരുട്ടി പിടിച്ചിട്ടുണ്ട്‌. പോകാം നീലാണ്ടാ...സ്വര്‍ണ്ണമെടുക്കണ്ടേ. വേണ്ട. അലമാര തുറന്നുനോക്കിയാലോ. വേണ്ട. നീലാണ്ടാ. ഇതെന്നാ ഇവര്‍ ഇങ്ങനെ. നമ്മളെന്തിനാ അതൊക്കെ. പോകാം. നമ്മളും കുടുങ്ങും. ജഗന്നാഥന്‍ വാതില്‍ തുറന്നു. തൂണിനോട്‌ ചാരിവെച്ച ബിഗ്‌ഷോപ്പര്‍ കൈയിലെടുത്തു. വെളിച്ചമണച്ച്‌ വാതില്‍ചാരി അവര്‍ പുറത്തേക്കിറങ്ങി.-(മാതൃഭൂമി, ഒക്‌ടോ.25). പകര്‍ച്ചപ്പനി എന്ന കഥയില്‍ ടി. എന്‍. പ്രകാശ്‌ പനികാലമാണ്‌ എഴുതിയത്‌. പനിബാധിച്ച ഭാര്യയെ ചികിത്സിക്കാന്‍ ഭര്‍ത്താവ്‌ ഡോക്‌ടറെതേടുന്നു. ആദ്യം അയാള്‍ ഭാര്യയെ കാലത്ത്‌ അടുക്കളയില്‍ കാണാതായപ്പോള്‍ പലതും ചിന്തിക്കുന്നു. ഒടുവില്‍ ഭാര്യ ബെഡ്‌റൂമില്‍ പനിബാധിച്ച്‌ കുഴഞ്ഞുകിടക്കുന്നു. കഥാകാരന്‍ കാര്യങ്ങളെല്ലാം സവിസ്‌തരം വര്‍ണ്ണിക്കുന്നു. കഥാന്ത്യത്തിലെത്തുമ്പോള്‍ കഥ വര്‍ത്തമാന രാഷ്‌ട്രീയാവസ്ഥയില്‍ ചെന്നുതൊടുന്നു: പകര്‍ച്ചപ്പനി റിപ്പോര്‍ട്ട്‌ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി. ആരോഗ്യമന്ത്രി. പൊട്ടിപ്പൊട്ടിച്ചിരിക്കാനും വിങ്ങിവിങ്ങിക്കരയാനും കഴിയാത്ത ഇടുങ്ങിയ ഗര്‍ത്തത്തില്‍ വീണ്‌ എന്നന്നേയ്‌ക്കുമായി അസ്‌തമിച്ചുപോയെങ്കില്‍...! ഒരുവേള അയാള്‍ വെറുതെ പ്രാര്‍ത്ഥിച്ചു.- ( മലയാളം വാരിക, ഒക്‌ടോ.23). ഡോ. എ. ഷാജഹാന്റെ മഹാനഗരം എന്ന കഥ നോക്കുക. സാഹിത്യരചനയുമായി കമ്പോളത്തിലെത്തുകയാണ്‌ അയാള്‍. അവിടെ വിചിത്രമായ പലകാഴ്‌ചകളും. അയാളെ കാത്തിരിക്കുന്നത്‌ വ്യത്യസ്‌ത സ്വീകരണ ഇടങ്ങളും. ഒരിടത്ത്‌ ചോദ്യങ്ങളില്ല. എല്ലാവരോടും ഒത്ത്‌ കഴിയാം. പക്ഷേ, പലവിധ ജനങ്ങള്‍. എന്നാല്‍ മറ്റൊരിടത്ത്‌ ചോദ്യങ്ങളും നിയമാവലികളും. അയാളുടെ കൈയിലുള്ള രചനയാണ്‌ വിഷയം. അല്ലെങ്കില്‍ എല്ലാവരിലും ഉത്‌കണ്‌ഠ സൃഷ്‌ടിക്കുന്നത്‌ അതാണ്‌. കഥയില്‍ നിന്നും: പൊടിയിലും ചെളിയിലും അപമാനത്തിലും ഭത്സനത്തിലും മുഷിഞ്ഞ്‌, എല്ലാറ്റിനോടും പൊരുതുന്ന ഒരു ദിനം......അയാള്‍ സാഹിത്യനഗരത്തിലെ വിചിത്രജീവികളുടെ ഇടയില്‍ അകപ്പെടുന്നു. അയാളുടെ കൈയിലെ ഏടിലേക്ക്‌ നിര്‍വ്വികാരം തുറിച്ചുനോക്കുകയും പിന്നെ മൗനം പാലിക്കുകയും ചെയ്യുമ്പോള്‍, നിങ്ങള്‍ക്ക്‌ സങ്കടം തോന്നാം. പ്രത്യാശയോടെ ഗ്രാമത്തിലേക്ക്‌ തിരിച്ചുവന്ന്‌ ആ ഏട്‌ കൂട്ടുകാരെ കാണിക്കുന്നു. ഭാഷാപോഷിണിയില്‍ (ഒക്‌ടോ.ലക്കം) കരുണാകരന്റെ ആട്ടം എന്ന കഥയില്‍ മേയ്‌ക്കപ്പ്‌മാന്റെ ഭാര്യ അയാളോടു ചോദിച്ചത്‌ ഇപ്പോള്‍ അയാള്‍ വീണ്ടും ഓര്‍ക്കുന്നു: ആ ശബ്‌ദം ആരുടെ! പുരുഷന്റെയോ, സ്‌ത്രീയുടെയോ? മേയ്‌ക്കപ്പ്‌മാന്‍ സെറ്റില്‍ ദൂരെ നോക്കി. നൃത്തസംവിധായികയോടൊപ്പം അവരുടെ ചുമലില്‍ കയ്യിട്ട്‌ പരവശയെപ്പോലെ വരുന്ന അഭിനേത്രിയെ കണ്ടു. സെറ്റിലെത്തുമ്പോള്‍ എല്ലാവരും അവിടേക്കു നീങ്ങുന്നു. അയാള്‍ എഴുന്നേറ്റു. കേട്ടുമറന്ന ആ പഴയപാട്ടിന്റെ വരികള്‍ ഓര്‍ത്തു. പിന്നെ പാടി. ആണിന്റെയോ, പെണ്ണിന്റെയോരച്ചയില്‍ മണ്‍കുടങ്ങളുടെ കൂട്ടം പെട്ടെന്നുവന്ന കാറ്റില്‍ തുറന്നിട്ട ശബ്‌ദം പോലെ. അംബാസമുദ്രത്തിലെ മണല്‍ എന്ന കഥയില്‍ (മലയാളം വാരിക, ഒക്‌ടോ.9) പ്രഭാകരന്‍ വയലാ പറയുന്നു: നീയിത്രയൊക്കെ പ്പറയുമ്പം ഞാന്‍ എന്തിനാ വേണ്ടെന്നു വയ്‌ക്കുന്നത്‌. വേലുച്ചാമി മുന്നിലും മണികണ്‌ഠന്‍ പിന്നിലുമായി വയല്‍പ്പറമ്പിലൂടെയും തെങ്ങിന്‍തോപ്പിലൂടെയും നടന്ന്‌. കരിമ്പുതോട്ടത്തിന്റെ അരികില്‍ അണ്ണാച്ചി കാത്തുനില്‍ക്കുകയാണ്‌. അതുതാന്‍ അന്ത അണ്ണാച്ചി. മണിയണ്ണന്‍ ചെല്ല്‌ ഞാന്‍ ഇങ്കേ നില്‍ക്കാം. മണികണ്‌ഠന്‍ മുന്നോട്ടു നടക്കുമ്പോള്‍ അണ്ണാച്ചി അടുത്തു വന്നു: പെമ്പിള വേണോ. ശിന്നപ്പൊണ്ണേ, അമ്പതുരൂപാ പോതും.. കഥയുടെ കണ്ണാടിയിലൂടെ ജീവിതത്തിന്റെ മറ്റൊരു മുഖം വരയ്‌ക്കുന്നു.

കഥാപുസ്‌തകം: വിവിധ ഭാരതീയ ഭാഷകളിലെ പത്തു എഴുത്തുകാരുടെ രചനകളാണ്‌ നവഭാരതീയ കഥകള്‍. സുനില്‍ ഗംഗോപാധ്യായ, നിര്‍മ്മല്‍ വര്‍മ്മ, പ്രതിഭാറായ്‌, ഗുര്‍ദയാല്‍സിങ്‌, കമലേശ്വര്‍, ഡോ. പ്രഫുല്‍ എന്‍ഡേവ്‌, അസ്‌മത്‌ മലീഹാബാദി, നാഗപതി ഹെഗ്‌ഡെ, എല്‍. ആര്‍. സ്വാമി, അശോക്‌ ബാചുല്‍കര്‍ എന്നിവരുടെ കഥകള്‍. ഇന്ത്യന്‍ ജീവിതത്തിന്റെ പരിഛേദമാണ്‌ ഈ രചനകള്‍. മനുഷ്യജീവിതത്തിന്റെ നിസ്സാഹയതയും നിസ്സാരതയും കണ്ണീരില്‍മുക്കി അടയാളപ്പെടുത്തുന്ന കഥകള്‍. ഈ പുസ്‌തകം വായിച്ചു കഴിയുമ്പോള്‍ ഏതൊക്കെ കഥകളാണ്‌ നമ്മുടെ കണ്‍മുമ്പില്‍ ബാക്കിയാവുക? ഉത്തരം ലളിതം ഈ സമാഹാരത്തിലെ എല്ലാ കഥകളും. കഥാപാത്രങ്ങളും. എല്ലാ ഭാഷകളിലും കിടന്ന്‌ മനുഷ്യന്‍ നിലവിളിക്കുകയാണ്‌ എന്ന്‌ നവഭാരതീയ കഥകള്‍ വ്യക്തമാക്കുന്നു. അവതാരിക എം. എന്‍. കാരശ്ശേരി. പരിഭാഷ കെ. എം. മാലതി.-(ഡിസി ബുക്‌സ്‌, 60രൂപ). ബോഗ്‌കഥ: അശോകന്‍ വി. പി.യുടെ ചുവന്ന വൈറസുകളുടെ കാലം എന്ന കഥയില്‍ നിന്നും: ശരിയാണ്‌ മറ്റുള്ളവരുടെ വേദന നമ്മളേയും രോഗികളാക്കി മാറ്റുന്നുണ്ട്‌. ട്രേഡ്‌ യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നു മാറി പരിത്യാഗിയെപ്പോലെ ഓഫീസില്‍ നിന്ന്‌ വീട്ടിലേക്ക്‌ മടങ്ങുമ്പോള്‍ ആരൊക്കെയാണ്‌ തുറിച്ചു നോക്കിയിരുന്നത്‌? പറയുന്നവരുടെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ ആരുമില്ല. ഒരു ജീര്‍ണ്ണാവസ്ഥയിലായിരിക്കാം എനിക്കീ രോഗം പിടിപെട്ടിട്ടുണ്ടാവുക.- കഥയില്‍ അശോകന്‍ വരുത്തുന്ന ട്വിസ്റ്റ്‌ ഇങ്ങനെ: നാസറിന്‌ ഇപ്പോള്‍ സ്വന്തം തിയറികള്‍ തള്ളിപ്പറഞ്ഞുകൊണ്ട്‌ രാജ്യം വിട്ടുപോകുന്ന നീണ്ടതാടിയും കഷണ്ടിത്തലയുമുള്ള ഗലീലിയോവിന്റെ മുഖമായിരിക്കും.- അല്‌പം കുസൃതിയോടെ കഥാകൃത്ത്‌ പറയുന്നു: ഡോക്‌ടര്‍ നാസര്‍ ഇന്നുമതല്‍ രോഗികളുടെ തല പരിശോധിക്കുന്നത്‌ പാര്‍ട്ടി വിലക്കിയിരിക്കുന്നു. -ഒരു പ്രവാസി ജീവിതത്തിലേക്ക്‌ ഇറങ്ങിനില്‍ക്കുന്ന ആഴക്കാഴ്‌ചയാണ്‌ ഈ കഥ അനുഭവപ്പെടുത്തുന്നത്‌. പ്രവാസലോകം ബ്ലോഗില്‍ ഡോ. ശ്രീരേഖ പറയുന്ന കഥയ്‌ക്ക്‌ പുതുമയൊന്നും ഇല്ല. സാധാരണരീതിയില്‍ ഒരു കഥ കെട്ടിപ്പൊക്കുകയാണ്‌ കഥാകാരി. കഥയുടെ ആരംഭം: മേടക്കാറ്റിന്റെ ചുടുനിശ്വാസമേറ്റ്‌ പൊള്ളിയാണ്‌ വാസന്തി ഉണര്‍ന്നത്‌.- ഇങ്ങനെയൊരു തുടക്കം കാണുമ്പോള്‍തന്നെ വായനക്കാര്‍ ഇക്കാലത്ത്‌ ഓടിയൊളിക്കും. മറ്റൊരു സന്ദര്‍ഭം: ഒറ്റ ജാലകം പോലും ഇല്ലാത്ത ഈ മുറിയില്‍ മിഴികള്‍ പാതിയടച്ച്‌ വാസന്തി മയക്കത്തിലേക്ക്‌ വീഴുന്നു. ഡോ. ബാല എഴുന്നേല്‍ക്കാന്‍ മറന്ന്‌ വാസന്തിയെ നോക്കിയിരുന്നു. മോഹിപ്പിക്കുന്ന ഒരു ജനല്‍ക്കാഴ്‌ചയിലേക്ക്‌ മിഴിതുറക്കാന്‍ വേണ്ടി അവള്‍ മയങ്ങുന്നു. അകലെ സന്ധ്യയുടെ ചിതയൊരുങ്ങുന്നു-(അടയാത്തജാലകം എന്ന കഥ). ലളിതമായി പറയുന്ന കഥ വൃഥാസ്ഥൂലത കൊണ്ട്‌ തലകുനിച്ചുനില്‍ക്കുന്നു. കാമ്പസ്‌കഥ :കാമ്പസില്‍ കഥകള്‍ക്ക്‌ പഞ്ഞമില്ല. എന്നാല്‍ വഴിമാറിയെഴുതപ്പെടുന്ന കഥകള്‍ ശക്തമല്ല. പരമ്പരാഗത രീതിയില്‍ കഥപറഞ്ഞുപോകുന്നവരാണധികവും. കാമ്പസ്‌കഥയുടെ നിശ്ചലത പ്രതിഫലിപ്പിക്കുന്ന രചനകളില്‍ നിന്നും- എഴുതാനിരുന്നപ്പോള്‍ മനസ്സ്‌ അസ്വസ്ഥമായി. മാഷ്‌ റൈറ്റിംഗ്‌ പാഡിലെ വെള്ളക്കടലാസുകളില്‍ താന്‍ കോറിയിട്ട അക്ഷരങ്ങളിലേക്ക്‌ നോക്കിയിരുന്നു. പെട്ടെന്ന്‌ അക്ഷരങ്ങളില്‍ നിന്ന്‌ ഒരു രൂപം ഉടല്‍പൂണ്ടു. തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ മാഷിനായില്ല. ആ രൂപം വലുതായി. ഒരു പെണ്‍കുട്ടിയുടെതായി അദ്ദേഹത്തിന്റെ മുന്‍പില്‍ വന്നുനിന്നു. സാര്‍, ഇവര്‍ക്കെല്ലാവര്‍ക്കും എന്‍രെ ഛായയല്ലേ?- (സുധീഷ്‌ കെ. കാഞ്ഞങ്ങാട്‌ എഴുതിയ പര്യായങ്ങള്‍-മാതൃഭൂമി മാഗസിന്‍, ഒക്‌ടോ.25). വ്യാപാരം എന്ന കഥയില്‍ രശ്‌മി പി. രാജ്‌ എഴുതി: ഒരിക്കല്‍പോലും തുറന്നുനോക്കാന്‍ ഞാന്‍ ആഗ്രഹിക്കാത്ത അവയുടെ പേജുകള്‍ അതുവഴി വന്ന ഇലംകാറ്റ്‌ എന്നെ വായിച്ചു കേള്‍പ്പിച്ചു. ഒരു ചെറുപുഞ്ചിരിയോടു കൂടെ അതും പുതിയ മേച്ചില്‍പുറങ്ങള്‍ തേടിപ്പോയി. ഒരു ചെറിയ ഇടവേളയ്‌ക്കുശേഷം ഞാന്‍ മനസ്സിലാക്കി. ആ കണക്കുകളെല്ലാം തന്നെയും തെറ്റായിരുന്നുവെന്ന്‌.-(മാതൃഭൂമി,ഒക്‌ടോ.8). ആര്‍ക്കാണ്‌ ജീവിതത്തില്‍ ലാഭം കൊയ്യാന്‍ സാധിക്കുന്നത്‌ എന്നൊരു ചോദ്യം കഥാകാരി ഉന്നയിക്കുന്നു. എങ്കിലും കഥയെഴുത്തിന്റെ കാലികമാറ്റത്തിലേക്ക്‌ ഇറങ്ങിനില്‍ക്കാന്‍ വിമുഖത കാണിക്കുകയാണ്‌ പുതിയ ശബ്‌ദങ്ങളും. വിവേക്‌ സി. വി.ക്ക്‌ പറയാനുള്ളത്‌ മറ്റൊന്ന്‌: പുറംലോകം അയാള്‍ക്ക്‌ അജ്ഞാതമായിരുന്നു. പെട്ടൊന്നൊരു ദിവസം അയാള്‍ക്ക്‌ തോന്നി. ഈ തടവറ മാത്രമല്ല, ലോകം. ഇകിന്‌ പുറത്തും വിശാലമായ ഒരു വലിയ ലോകമുണ്ട്‌. വെളിച്ചത്തിന്റെ മായികലോകം. പക്ഷികളുടെ ലോകം. നിറങ്ങളുടെ ലോകം. പൂക്കളുടെ ലോകം.. ഇതൊക്കെ ഞാനെത്ര നാളായി കണ്ടിട്ട്‌.. എനിക്ക്‌ പുറത്തുകടക്കണം-(തടവറയിലെ സൂര്യന്‍, മാതൃഭൂമി ഒക്‌ടോ.11). അസ്വാതന്ത്ര്യത്തിന്റെ കയ്‌പ്പും കുതിപ്പിന്റെ തീക്ഷ്‌ണതയും വിവേകിന്റെ രചനയില്‍ തങ്ങിനില്‌പുണ്ട്‌. എഴുത്തകം: ജനശക്തിയില്‍(ഒക്‌ടോ.19) ബാബുഭരദ്വാജ്‌ എഴുതി: ഷെഹറാസേദ്‌ കഥ പറഞ്ഞത്‌, പറഞ്ഞുകൊണ്ടിരുന്നത്‌ മരണത്തെ ആവുന്നത്ര അകലേക്ക്‌ മാറ്റിനിര്‍ത്താനാണ്‌. സ്വന്തം മരണത്തില്‍ നിന്ന്‌ രക്ഷപ്പെടാന്‍ മാത്രമല്ല, ആയിരത്തിയൊന്ന്‌ സ്‌ത്രീകളെയെങ്കിലും മരണത്തില്‍ നിന്ന രക്ഷപ്പെടുത്താനാണ്‌. ആയിരത്തിയൊന്ന്‌ ഒരു സംഖ്യ മാത്രമാണ്‌. ഒരു മനുഷ്യകുലത്തെ മുഴുവന്‍ രക്ഷപ്പെടുത്താനുള്ള നിയോഗമാണ്‌ അവര്‍ ഏറ്റെടുത്തത്‌. അങ്ങിനെ കഥപറച്ചിലിന്റെ ആദ്യത്തെ തമ്പുരാട്ടിയായി ഷെഹറാസേദ്‌. എഴുത്ത്‌ ഒരു നിയോഗമായി ഏറ്റെടുക്കുന്ന ലോകത്തിലെ എല്ലാ എഴുത്തുകാരും ഒരര്‍ത്ഥത്തില്‍ സമൂഹത്തിന്റെയും സംസ്‌ക്കാരത്തിന്റെയും ഒരു ജനജീവിതത്തിന്റെയും ദാരുണമായ മരണത്തില്‍ നിന്ന്‌ ലോകത്തെയും കാലത്തേയും രക്ഷിക്കുകയാണ്‌.- കാലത്തിലേക്ക്‌ നീട്ടിയെറിയുന്ന അക്ഷരദീപ്‌തിയാണ്‌ ബാബു ഭരദ്വാജ്‌ ഓര്‍മ്മപ്പെടുത്തുന്നത്‌.-നിബ്ബ്‌-ചന്ദ്രിക 25/10/2009

Thursday, October 15, 2009

വീഴുന്ന ഒരിലയില്‍ കവിത


വധിക്കപ്പെടുന്നതിനു മുമ്പുള്ള രാത്രിയില്‍ കലിഗുല ഒരു സ്വപ്‌നം കണ്ടു. അയാള്‍ ജൂപ്പിറ്ററിന്റെ ദൈവിക കിരീടത്തിനു സമീപം നില്‍ക്കുകയാണെന്ന്‌ അയാള്‍ക്കു തോന്നി. എന്നാല്‍ പെട്ടെന്ന്‌ ഉയര്‍ന്നുപൊങ്ങിയ ദൈവത്തിന്റെ വലതുകാലിന്റെ ചവിട്ടേറ്റ്‌ കലിഗുല ഭൂമിയില്‍ മലര്‍ന്നടിച്ചു വീണു. ഇത്‌ കലിഗുലയുടെ സ്വപ്‌നം മാത്രമല്ല; നിലവാരമില്ലാത്ത എഴുത്തുകാരന്റെ സ്വപ്‌നം കൂടിയാണ്‌. താന്‍ നേട്ടത്തിന്റെ സമീപത്താണെന്ന്‌ അയാള്‍ വെറുതെ വിചാരിക്കുകയാണ്‌. അവഗണനയുടെ ചവിട്ട്‌ ചരിത്രത്തില്‍ നിന്ന്‌ ഉടന്‍ വരുമെന്ന്‌ അയാള്‍ അറിയുക തന്നെ വേണം. എന്നാല്‍ ഇതുപോലും അറിയാന്‍ കഴിയാത്തവിധം ചിലര്‍ പാവങ്ങളാണ്‌.- വിമര്‍ശകരെ ചീത്തവിളിക്കുന്ന എഴുത്തുകാരെക്കുറിച്ചാണ്‌ കെ. പി. അപ്പന്റെ നിരീക്ഷണം (ഇന്ത്യാടുഡേ,2004). ഇത്‌ എഴുത്തിന്റെ കാലികമാറ്റം അടുത്തറിയാന്‍ വിമുഖത കാണിക്കുന്നവര്‍ക്കും ബാധകമാവാതിരിക്കില്ല. പുതുകവിതാവിവാദം: പുതുകവിതയെ വിമര്‍ശിച്ച്‌ മലയാളം വാരിക(ഒക്‌ടോ.9)യില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനത്തെക്കുറിച്ചുള്ള കത്തുകളില്‍ നിന്നും: ആരേയും സ്‌പര്‍ശിക്കാത്ത കവിത ആര്‍ക്കുവേണം എന്ന്‌ എഴുതാന്‍ ഇപ്പോഴെങ്കിലും ഒരാളുണ്ടായതില്‍ സന്തോഷം. ഇപ്പോഴത്തെ കവികള്‍ എന്നറിയപ്പെടുന്നവര്‍ ദരിദ്രരല്ല, സ്വന്തമായി കാശ്‌ മുടക്കി പുസ്‌തകമാക്കാനാകും ഇവര്‍ക്ക.്‌ (പ്രസാധകര്‍ സ്വന്തം ചെലവില്‍ ഇക്കൂട്ടരുടെ കവിതകള്‍ പുസ്‌തകമാക്കില്ല. ഉറപ്പ്‌)- അരവി, തൃശൂര്‍. *** ലേഖനം കവിതയെ സ്‌നേഹിിക്കുന്ന വായനക്കാരെ നന്നായി സ്‌പര്‍ശിക്കുന്നതാണ്‌. ഈ വിഷയത്തില്‍ ലേഖകന്റെ അഭിപ്രായം തന്നെയാണ്‌ വായനക്കാരായ ഞങ്ങള്‍ക്കുള്ളത്‌. ഞങ്ങള്‍ക്ക്‌ കിട്ടുന്ന പരിമിതമായ വേദികളിലും ചങ്ങാതിക്കൂട്ടങ്ങളിലും ഈ അഭിപ്രായം എപ്പോഴും ഞങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്‌. മലയാളത്തിലെ ചെറുതും വലുതുമായ കാക്കത്തൊള്ളായിരം ആനുകാലികങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന കവിതകളില്‍ ഭൂരിഭാഗവും കസര്‍ത്തുക്കളാണ്‌. അവ വായനക്കാരില്‍ യാതൊരുവിധമായ വൈകാരികാനുഭൂതിയും ജനിപ്പിക്കുന്നില്ല.- മണപ്പള്ളി ഉണ്ണികൃഷ്‌ണന്‍, കൊല്ലം. *** സുധീഷ്‌ കോട്ടേമ്പ്രത്തിന്റെ പ്രതികരണ ലേഖനത്തില്‍ പറയുന്നു: പുതിയ കവിത ആരെയും മലിനപ്പെടുത്തിയതായി അറിവില്ല. ആരുടെയും ഭാവുകത്വപ്രഭവത്തെയും അത്‌ പരിക്കേല്‌പിച്ചിട്ടുമില്ല. ഭാഷയില്‍ കവിത അതിന്റെ സ്വാഭാവികമായ പരിണാമങ്ങള്‍ക്ക്‌ സാക്ഷിയാവുക മാത്രമാണ്‌ ചെയ്യുന്നത്‌. കവിതയിലെ പൂര്‍വ്വസൂരികളെ താറടിച്ചു കാണിക്കാന്‍ ഒരു ഹിഡന്‍ അജണ്ടയും കവികള്‍ക്കോ, കവിതകള്‍ക്കോ ഇല്ല. കവിതയുടെ ഭാവുകത്വം മാറി എന്ന്‌ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പാരമ്പര്യവാദികളാണ്‌ ഗദ്യകവിത/ പദ്യകവിത എന്നൊക്കെ കവിതയെ സാങ്കേതികവത്‌കരിക്കുന്നത്‌.- (പുതുകവിതയ്‌ക്ക്‌ മേല്‍വിലാസമുണ്ട്‌ എന്ന ലേഖനം, മലയാളം).വ്യത്യസ്‌ത വായനയില്‍ നിന്നും സാമാന്യവായനക്കാരന്‌ മനസ്സിലാവുന്നത്‌ (അയാള്‍ ചങ്ങാതിക്കൂട്ടത്തിലും അയല്‍പക്കവേദികളിലും പങ്കെടുക്കുന്നവനായിരിക്കണമെന്നില്ല)- പുതുകവിത എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തുന്നതെല്ലാം കാവ്യഗുണം തികഞ്ഞതാകണമെന്നില്ല. ഇന്നത്തെ മുഴുവന്‍ കവികളും ആ പാപഭാരം ഏറ്റെടുക്കേണ്ടവരാണെന്ന ധാരണയോ, വാശിയോ വായനയുടെതലത്തില്‍ അംഗീകരിക്കേണ്ടതില്ല. എലിയെ പേടിച്ച്‌ ഇല്ലം ചുടണോ? ഉത്തരം പറയേണ്ടത്‌ വായനക്കാര്‍തന്നെ. വായനയെക്കുറിച്ച്‌ പ്രശസ്‌ത എഴുത്തുകാരി അല്‍ക്ക സരോഗി: നാം പുസ്‌തകം വായിക്കുകയോ, പ്രഭാഷണം കേള്‍ക്കുകയോ ചെയ്യുകയാണ്‌. മിക്ക സന്ദര്‍ഭങ്ങളിലും നമുക്ക്‌ ഉപയോഗപ്രദമെന്ന്‌ കരുതുന്ന ഭാഗങ്ങളാല്‍ നയിക്കപ്പെട്ട്‌ ബാക്കിഭാഗം നാം ഒഴിച്ചു വായിക്കുന്നു. അല്ലെങ്കില്‍ അശ്രദ്ധയോടെ കേള്‍ക്കുന്നു.- (പച്ചക്കുതിര, വിവ: എന്‍. ശ്രീകുമാര്‍). ആനുകാലികം: ദേശമംഗലം രാമകൃഷ്‌ണന്‍ പത്തുഖണ്‌ഡത്തില്‍ പഴയകാര്യങ്ങള്‍ എഴുതി: ഓര്‍ക്കരുത്‌ സാന്‍ഡ്വിച്ച്‌ തിന്നുമ്പോള്‍/ ഓക്കാനം വരുത്തുന്ന കാര്യങ്ങള്‍- (മലയാളം വാരിക, ഒക്‌ടോ.16). ഓക്കാനും വരുത്തുന്ന ഇതുപോലുള്ള രചനകള്‍ ദേശമംഗലത്തുനിന്നും പ്രതീക്ഷിച്ചിരുന്നില്ല എന്നാകും വായനക്കാര്‍ ഓര്‍ക്കുന്നത്‌. ജനശക്തിയില്‍ (ഒക്‌ടോ.10) ഹരി ആനന്ദന്‍ പറയുന്നു: ഞങ്ങളുടെ മണ്ണ്‌ തരൂ/ ഞങ്ങളുടെ വെള്ളം തരൂ/ വെളിച്ചം തരൂ/ ആറടിയോളം/ ആമാശയത്തോളം/ മണ്ണ്‌ തരൂ- (ഗുഡ്‌ എര്‍ത്ത്‌). ഇത്തരം മുദ്രാവാക്യങ്ങളുടെ കാലം കഴിഞ്ഞത്‌ ഹരി ആനന്ദന്‍ മാത്രം അറിഞ്ഞില്ല. കലാകൗമുദിയില്‍ ജി. സുധാകരന്‍ എന്റെ വേഷങ്ങള്‍ തീര്‍ന്നിട്ടില്ല എന്ന രചനയില്‍: ഈ നിമിഷങ്ങള്‍ക്കു പോരാ/അതിന്നായി ഞാനിതാ/ നിര്‍ത്തുന്നു ഭാഷണം/ എന്റയീ നാളുകള്‍ നീളുന്നു.../നീളുന്നു പിന്നെയും!. വേഷങ്ങള്‍ പലതും ആടിയിട്ടും പിന്നെയും സുധാകരന്റെ ഭാഷണം നീളുന്നു. സംഭവാ മീ യുഗേ...യുഗേ. മാതൃഭൂമിയില്‍ (ഒക്‌ടോ.18) ഒ. പി. സുരേഷ്‌: ഇരുണ്ട വീടിന്റെ അകത്തിരുന്ന്‌ ഞാന്‍/ ഫിലോസഫിക്കലായ്‌ വിയര്‍ത്തൊലിക്കുമ്പോ/ കറന്റ്‌ വന്നല്ലോ; വീണ്ടും പഴയപോല്‍/ കളിയും കാര്യവുമെല്ലാം.- സുരേഷിന്റെ എഴുത്തില്‍ കവിതയുണ്ടെന്ന്‌ തിരിച്ചറിയുന്നവര്‍ക്ക്‌ വായനക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചാല്‍ അല്‍ഭുതപ്പെടേണ്ടതില്ല. ഭാഷാപോഷിണിയില്‍ പുതുശ്ശേരി രാമചന്ദ്രന്‍: എവിടെയാണാ/പ്പഴയനാട്‌/ ഓര്‍മ്മയില്‍/ അമൃവര്‍ഷം/ പൊഴിക്കയാണിപ്പൊഴും (ഉത്തിഷ്‌ഠ ജാഗ്രത). പുതുശ്ശേരിക്ക്‌ പുതുമയൊന്നും അത്രയങ്ങ്‌ പിടിക്കില്ല. മണമ്പൂര്‍ രാജന്‍ബാബുവിന്റെ കവിത- ലോകസമാധാനത്തില്‍ ആമകളുടെ പങ്ക്‌ (പച്ചക്കുതിര, ഒക്‌ടോ.ലക്കം): പേടിച്ചരണ്ട ലോകസമാധാനം/ ഉറ്റുനോക്കുന്നത്‌/ നാലുകണ്ണുകളിലാണ്‌/ രണ്ടു ആമകളുടേത്‌/ ഒസാമയുടെ/ ഒബാമയുടെ!. -സമാധാനം മാത്രമല്ല, റോഡിലിറങ്ങി നടക്കാന്‍ കൊതിക്കുന്നവരുടെ പ്രാര്‍ത്ഥനയും അവിടേക്കുതന്നെ. രണ്ടുവാക്കില്‍ നാലുലോകം തീര്‍ക്കുന്ന മണമ്പൂര്‍ തന്ത്രം വിസ്‌മയം തന്നെ. വി. ആര്‍. സന്തോഷിന്റെ ഭ്രാന്തില്‍ രമേശന്‍ (മാധ്യമം ആഴ്‌ചപ്പതിപ്പ്‌, ഒക്‌ടോ.19) എന്ന കവിതയില്‍ എഴുതി: എങ്കിലും ഭ്രാന്തിന്‍ ഭാഷ/ നാട്ടുകാര്‍ പറയുമ്പോള്‍/ സങ്കടക്കുരുവികള്‍/ തന്നിലേക്കര്‍മന്നുപോം.- സങ്കടം ഒഴുക്കാതെ സൂക്ഷിച്ചാല്‍ ഒരു കവിതയെങ്കിലും എഴുതാം. വഴികാട്ടിയായി വി. ആര്‍. സന്തോഷ്‌ മുന്നിലുണ്ട്‌. ധിഷണ മാസികയില്‍ (ഒക്‌ടോ. ലക്കം) നിന്നും രണ്ടു രചനകള്‍- പല്ലവിയുടെ അവകാശി (പി. പി. ശ്രീധരനുണ്ണി), നൂര്‍ജഹാന്‍ (മനോജ്‌ കാട്ടാമ്പള്ളി). ശ്രീധരനുണ്ണി പറയുന്നു: പല്ലവിയിതു വാങ്ങുവാനിന്നും/ അതില്ലവകാശികളാരും/ അക്കരയെന്‍ തലമുറ വാഴും/ ദിക്കിലേയ്‌ക്കു തുഴഞ്ഞിനി പോകാം. കവിതയുടെ കാമ്പ്‌ ശ്രീധരനുണ്ണി സൂക്ഷിക്കുന്നതിന്‌ ഉദാഹരണമാണ്‌ ഈ രചന. മനോജ്‌ കാട്ടാമ്പള്ളി: കാട്ടുതാളുകള്‍ നിറഞ്ഞ ഇടവഴിയിലൂടെ/ സ്‌കൂള്‍മുറ്റത്തേക്ക്‌ നമ്മള്‍, നടന്നുപോയിരുന്നു/ വഴികള്‍ കോന്തലയില്‍ കെട്ടിയ നെല്ലിക്ക/ എന്ന പാടിപ്പഴകിയ പാട്ട്‌/ തീവണ്ടിയില്‍ ഇന്ന്‌ പാടുന്നവര്‍/ പാടുന്നത്‌ അതേ പാട്ട്‌/ പതിവിനു വിപരീതമായി.- (നൂര്‍ജഹാന്‍). ഇടശ്ശേരിയില്‍ നിന്നും ശിവദാസന്‍ പുറമേരിയിലൂടെ വാക്കിന്റെ ശക്തി ഒഴുകുന്നതുപോലെ (ഡോ. ജയതിലക്‌, മാതൃഭൂമി), കാട്ടാമ്പള്ളിയില്‍ കവിത നിറയുമ്പോള്‍ അത്‌ തിരിച്ചു ചൊല്ലേണ്ടിവരുന്നു. കവിതാ പുസ്‌തകം: ഏകാന്തതയുടെ മുഴങ്ങുന്ന നിമിഷങ്ങളില്‍, ജീവിതത്തിനു മുന്നില്‍ പ്രാര്‍ത്ഥനകളോടെ വന്നുനില്‍ക്കുന്ന കവിതകളെന്ന്‌ കെ. ടി. സൂപ്പിയുടെ രചനകളെ വിശേഷിപ്പിക്കാം. ലളിതവും ആഴമേറിയതുമായ കവിതകളുടെ സമാഹാരത്തിന്‌ വീഴുന്ന ഒരിലയില്‍ എന്നാണ്‌ കെ. ടി. സൂപ്പി പേരിട്ടുവിളിക്കുന്നത്‌. ആത്മാവിന്‍ താളുകളിലേക്ക്‌ പിറന്നുവീഴുന്ന വാക്കുകളാണ്‌ കവിതയെന്ന്‌ ഈ പുസ്‌തകത്തിലെ ഓരോ കവിതയും വായനക്കാരുടെ ഹൃദയത്തോട്‌ മന്ത്രിക്കുന്നു. ജീവിതത്തിന്റെ രാഗതാളങ്ങളും, താളഭംഗവും അടയാളപ്പെടുത്തുന്ന വട്ടത്തില്‍ എന്ന രചനയില്‍ കെ. ടി. എഴുതി: എന്റെ കവിതയ്‌ക്ക്‌/ വൃത്തമില്ല./ ജീവിതത്തിനും./ കടലില്‍ മുങ്ങി/ മലമുകളില്‍/ തെളിയുമെന്നെ/ നിങ്ങള്‍ക്കെങ്ങനെയാണ്‌/ വൃത്തത്തിലൊതുക്കാനാവുക.- ജീവിതം തൊട്ടറിയുന്നവരുടെ കണ്ണില്‍തെളിയുന്ന യാഥാര്‍ത്ഥ്യമാണ്‌ എഴുത്തുകാരന്‍ കുറിച്ചിട്ടത്‌. ആയുസ്സിന്റെ സിരകളില്‍/ നീ കുറിച്ചിടുന്ന വാക്കിനെ തൊട്ട്‌/ ആരെങ്കിലുമൊരാള്‍/ ജീവിതമെന്ന്‌ നെടുവീര്‍പ്പിടും- (ഒറ്റമുറി). കവിതപോലെ ഒഴുകുന്ന ജീവിതത്തിന്റെ തുടിപ്പുകളാണ്‌ ഈ പുസ്‌തകം.-(ഒലിവ്‌, 45രൂപ). ബ്ലോഗ്‌ കവിത: ബ്ലോഗും ബ്ലോഗെഴുത്തുകാരും കൂടുതല്‍ വായിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വായനയുടെയും എഴുത്തിന്റെയും പുതിയ തലം എന്ന നിലയില്‍ ശ്രദ്ധാര്‍ഹമാണ്‌. എന്നാല്‍ വ്യാജനാമങ്ങളിലും പേരും വിലാസവും വ്യക്തമാക്കാതെയും പോകുന്ന ഒരു വിഭാഗം എഴുത്തുകാരും വായനക്കാരും ബ്ലോഗ്‌ ലോകത്തുണ്ട്‌. ഇത്‌ എഴുത്തിനെയും വായനയെയും സംബന്ധിച്ച തെറ്റിദ്ധാരണയ്‌ക്ക്‌ ഇടവരുത്തുന്നു. പ്രസിദ്ധീകരണങ്ങളിലാകുമ്പോള്‍ രചയിതാവിന്‌ വ്യക്തതയുണ്ടാകും. അതിനാല്‍ ബ്ലോഗെഴുത്തുകാര്‍ സ്വയം വെളിപ്പെടുന്നതില്‍ അമാന്തം കാണിക്കാതിരുന്നാല്‍ ബ്ലോഗ്‌ലോകം ഇനിയും മുന്നേറും. ബ്ലൂലോകകവിതാ ബ്ലോഗില്‍ രാധാകൃഷ്‌ണന്‍ എടച്ചേരി: ഇത്രയും കാലം/ ഒന്നും മിണ്ടാതിരുന്നത്‌/ സ്വന്തം കാലില്‍/ നില്‍ക്കട്ടെയെന്നു/ കരുതിയാണ്‌- (പറഞ്ഞില്ലെന്നു വേണ്ട). ആദാനപ്രദാനങ്ങളിലൂടെ തുടരുന്ന പ്രക്രിയയെ ചോദ്യം ചെയ്യുന്ന മകനെ ആരാണ്‌ സ്വീകരിക്കുക? എന്നാണ്‌ രാധാകൃഷ്‌ണന്‍ ഉന്നയിക്കുന്ന ചോദ്യം. പുതുകവിതയില്‍ ലതീഷ്‌ മോഹന്‍: അവള്‍ പറയുന്നു:/ ഉപേക്ഷിക്കപ്പെട്ട/ സൂക്ഷ്‌മജീവികളെ/ ശരീരത്തില്‍ സൂക്ഷിക്കുക/ പനിച്ചു പനിച്ചു പണിതീര്‍ക്കുക/ സൂക്ഷ്‌മാണുക്കളുടെ വൃദ്ധമന്ദിരം- (അപ്രസക്തയുടെ ശൈത്യോഷ്‌ണകാല കുറിപ്പുകള്‍). എതിര്‍പ്പുകളെ ഹൃദയത്തില്‍ വഹിച്ച്‌, ആഹരിച്ച്‌ തോല്‍പിക്കാമെന്ന്‌ ലതീഷ്‌ ഓര്‍മ്മപ്പെടുത്തുന്നു. നാസര്‍ കൂടാളി പുതുകവിതാ ബ്ലോഗില്‍ എഴുതി: പെണ്ണൊരുത്തി/ പഠിക്കാന്‍ പോയിട്ട്‌/ അഞ്ചെട്ട്‌ ദിവസമായി- (ആത്മകഥയില്ലാത്ത ജീവിതം). നാസറേ അവളെ ഇനി തിരയേണ്ട. പ്രത്യേകിച്ചും കവിതയില്‍ താളവും വൃത്തവും അന്വേഷിക്കുന്ന സംഘം വിലസുമ്പോള്‍. അവളെ മാത്രമല്ല, അവളുടെ കയ്യിലെ മൊബൈലും കിട്ടില്ല. ആധിപൂണ്ട ജന്മം അങ്ങനെ കടന്നുപോകട്ടെ. സംക്രമണം ബ്ലോഗില്‍ നസീര്‍ കടിക്കാട്‌ പറയുന്നു: ഉറക്കത്തിനിടയില്‍/ ഞാന്‍ കണ്ട സ്വപ്‌നമാവാം/ നീയും കണ്ടത്‌- (തലയിണ). സ്വപ്‌നത്തിലെങ്കിലും യോജിക്കാന്‍ കഴിയുന്നത്‌ ഭാഗ്യംതന്നെ. ചിന്തയിലെ ഇന്ദ്രപ്രസ്ഥം കവിതകളില്‍ ദിനേശന്‍ വരിക്കോളി എഴുതുന്നു: ജീവിതത്തെ പച്ചയായി/ വേനലില്‍ നിര്‍ത്തി/ നിങ്ങളിലാരോ/ പൊരിച്ചുവെച്ചതാണീ ഉലകം.- (ഉലകം). ലോകം മാത്രമല്ല, ബ്ലോഗിലും ഇങ്ങനെ പച്ചയായി അക്ഷരങ്ങളെ പൊരിച്ചു രസിക്കുന്നവരുണ്ട്‌. ദിനേശന്‍ അക്കൂട്ടത്തില്‍ പെടുമോ എന്ന്‌ വായനക്കാര്‍ തീരുമാനിക്കട്ടെ. കാമ്പസ്‌ കവിത: അശ്വതി എം. എസ്‌. പാലാ എഴുതിയ രാജകുമാരി എന്ന കവിതയില്‍ സ്‌ത്രീജന്മത്തിന്റെ ഭാരതീയ വീക്ഷണം തന്നെ ആവര്‍ത്തിക്കുന്നു. എങ്കിലും പുതിയൊരു വായനയുടെ കൗതുകം ഈ കവിത നല്‍കുന്നുണ്ട്‌. അശ്വതി പറയുന്നു: അരുതായ്‌മകളുടെ കോട്ടയിലെ/ രാജകുമാരിയാണ്‌ ഞാന്‍/ നാളെ ഒരേകാധിപതിയുടെ/ ആജ്ഞകളെ ശിരസ്സാവഹിക്കേണ്ടവള്‍/ അടുക്കളയുടെ നാല്‌ ചുവരുകള്‍ക്കുള്ളില്‍/ എന്റെ പ്രതിഷേധത്തിന്റെ പ്രതിധ്വനികള്‍/ അതിനുമപ്പുറം നേര്‍ത്തമൗനം കൊണ്ട്‌/ നെടുവീര്‍പ്പുകളെ കീഴ്‌പ്പെടുത്തുന്നവര്‍..(മാതൃഭൂമി, മാഗസിന്‍-ഒക്‌ടോ.18). പക്ഷേ, വെള്ളക്കുതിരകളെ പൂട്ടിയ സ്വര്‍ണ്ണരഥത്തില്‍ പാഞ്ഞെത്തുന്ന രാജകുമാരനെ കാത്തിരിക്കുകയാണവളും. ഹൈഡഗറുടെ വാക്കുകള്‍: സത്തയെ വാക്കുകളിലൂടെ സ്ഥാപിച്ചെടുക്കുന്നവനാണ്‌ കവി.-നിബ്ബ്‌ 18-10-2009

Saturday, October 10, 2009

പുതുകവിത വെട്ടിനിരത്തുന്നവര്‍?


ഇങ്ങനെയൊരു തലവാചകം കാണുമ്പോള്‍ പുതുകവിത തോളിലേറ്റി പോസ്റ്ററൊട്ടിച്ച്‌, മൈക്ക്‌ (ജയരാജിന്റെ ലൗഡ്‌സ്‌പീക്കര്‍ ഓര്‍ക്കുക) വെച്ച്‌ കവലതോറും സംസാരിക്കുന്നവരെ കുറിച്ചാകുമെന്ന്‌ ചിലരെങ്കിലും കരുതും. തെറ്റി. അങ്ങനെ ഏതെങ്കിലും കവിയുടെയോ, കാവ്യഭാവുകത്വത്തിന്റെയോ രഹസ്യം സൂക്ഷിപ്പുകാരോ, കശാപ്പുകാരോ അല്ല. കവിതയുടെ പരിണാമവും എഴുത്തുകാരന്റെ വളര്‍ച്ചയും തളര്‍ച്ചയും കാലത്തിന്റെ മാറ്റവും ഉള്‍ക്കൊള്ളാന്‍ ശ്രമിച്ച്‌ കവിത വായിച്ചുപോകുന്നവര്‍ എന്നുമാത്രമേ തലവാചകം അര്‍ത്ഥമാക്കുന്നുള്ളൂ. പക്ഷേ, സാഹിത്യത്തില്‍ ജീവിക്കുന്ന ചിലര്‍ ഒരു ഫ്‌ളാറ്റ്‌ഫോമില്‍ നിന്നുകൊണ്ട്‌ ശരീരത്തിനോ, മനസ്സിനോ യാതൊരു ഇളക്കവും വരുത്താതെ, ഹമ്പട ഞാനേ! എന്ന രീതിയില്‍ കവിത വായിച്ചു പോകുന്നവരാണ്‌. ചിലപ്പോള്‍ ക്ഷിപ്രകോപികളുമാകും. കഥാസ്വാദകര്‍ ആദരിക്കുന്ന മലയാളത്തിലെ പ്രശസ്‌ത കഥാകാരന്‍ ടി. പത്മനാഭനെപ്പോലെ പൊട്ടിത്തെറിച്ച്‌ അഭിപ്രായം പറയുന്നവരുമുണ്ട്‌. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ മലയാളകവിതയെ നശിപ്പിച്ചത്‌ കുഞ്ഞുണ്ണി മാഷും എം. എന്‍. വിജയനുമാണെല്ലോ! പത്മനാഭന്‍ സാറ്‌ അങ്ങനെ കരുതട്ടെ. മലയാളകവിതാ വായനയില്‍ പുതുതായി എന്തെങ്കിലും വരുത്തിയവരില്‍ മേല്‍പ്പടി ടിയാന്മാര്‍ക്കുള്ള സ്ഥാനം അക്ഷരജ്ഞാനമുള്ള മലയാളികള്‍ക്ക്‌ തിരിച്ചറിയാനാവുന്നതേയുള്ളൂ. ടി. പത്മനാഭന്‍ സാറിന്റെ വാദം (മാധ്യമം വാര്‍ഷികം) ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുന്നു (ടി. പത്മനാഭന്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഇക്കാര്യം പ്രസംഗിച്ചെന്ന്‌ ഗുരുവായൂരിനും കൊടുങ്ങല്ലൂരിനുമിടയില്‍ തൃപ്രയാറില്‍ നിന്നും ബാലചന്ദ്രന്‍ വടക്കേടത്ത്‌ സധൈര്യം ഉദ്‌ഘോച്ചിട്ടുണ്ട്‌- തോര്‍ച്ച മാസിക സപ്‌തം. ലക്കം). പുതുകവികള്‍ക്ക്‌ നാലുവരി വൃത്തത്തിലെഴുതാന്‍ സാധിക്കില്ലെന്ന കുറ്റമേ പത്മനാഭന്‍ സാറ്‌ പറഞ്ഞുള്ളൂ. എന്നാല്‍, രാജേന്ദ്രന്‍ എടത്തുംകരയുടെ പുതുകവിതാ വീക്ഷണം കുറച്ചുകൂടി ഉയരത്തിലെത്തുന്നു. ടിയാന്‍ ഇക്കാലത്ത്‌ ഒരു കവിതാ പുസ്‌തകം അച്ചടിച്ചിറക്കാനുള്ള സാമ്പത്തികനില വരെ സൂചിപ്പിച്ചുകൊണ്ടാണ്‌ പുതുകവികളെ വെട്ടിനിരത്തുന്നത്‌. വെട്ടിനിരത്തുക മാത്രമല്ല, ഇപ്പണി യങ്ങ്‌ നിര്‍ത്തിയേക്കൂ എന്നിങ്ങനെ അവാര്‍ഡന്മാരോടും അല്ലാത്തവരോടും ടിയാന്‍ ഉത്തരവിടുന്നു.- (മലയാളം വാരിക- ആരെയും സ്‌പര്‍ശിക്കാത്ത കവിത ആര്‍ക്കുവേണം). ഈ രണ്ടു ലേഖനങ്ങളും വായിച്ച്‌ ആവേശം കൊണ്ടിരിക്കുമ്പോഴാണ്‌ പള്ളിക്കുന്നിനും (കണ്ണൂര്‍) എടത്തുംകരയ്‌ക്കും (വടകര) ഇടയില്‍ -ധര്‍മ്മടത്തു(തലശ്ശേരി) നിന്നും എന്‍. പ്രഭാകരനെഴുതിയ ഒരു ആമുഖക്കുറിപ്പ്‌ ശ്രദ്ധയില്‍ പെട്ടത്‌. എന്‍. പ്രഭാകരന്‍ എഴുതി: രൂപത്തിലുള്ള ഈ അതിശ്രദ്ധ ചൂണ്ടിക്കാട്ടി പുതിയ കവികളുടെ പ്രതിലോമപരതയെ ആക്ഷേപിക്കുക എളുപ്പമാണ്‌. എന്നാല്‍ ഇങ്ങനെയൊരു മറുഭാഷതേടാനും രാഷ്‌ട്രീയ സാമൂഹ്യചലനങ്ങളുടെ പ്രത്യക്ഷതലങ്ങളില്‍ നിന്ന്‌ മുഖംതിരിക്കാനും കവികളെ പ്രേരിപ്പിക്കുന്ന വസ്‌തുനിഷ്‌ഠയാഥാര്‍ത്ഥ്യങ്ങളെയും ദാര്‍ശനികപ്രതിസന്ധിയെയും അനാവശ്യശാഠ്യങ്ങളില്ലാതെ അടുത്തറിയാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ കവിതാ വായന സേച്ഛാധിപത്യപരമായ ഒരു ബൗദ്ധിക പ്രതിരോധം മാത്രമായി മാറും.- (ആമുഖക്കുറിപ്പ്‌- ഉടുമ്പിന്റെ വീട്‌ എന്ന പുസ്‌തകം). പുതുകവിതാ വായനയോടു കോപിക്കുന്നവര്‍ സുകുമാര്‍ അഴീക്കോട്‌ ജി. ശങ്കരക്കുറുപ്പിനെ വായിച്ചതുപോലെയോ , സാഹിത്യപഞ്ചാനനന്‍ പ്രാചീനകവിത്രയങ്ങളെ വിലയിരുത്തിയതുപോലെയോ മിനക്കെട്ടങ്ങ്‌ വായിച്ചിട്ടുണ്ടോ എന്ന്‌ സാധാവായനക്കാര്‍ ചോദിച്ചാല്‍ പുതുകവിത വെട്ടിനുറുക്കി കുഴിച്ചുമൂടാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ അരിശം വരില്ലെന്ന്‌ കരുതുന്നു. കറുപ്പും വെളുപ്പും എല്ലാ കാലത്തും കണ്ടെന്നിരിക്കും. എന്നു കരുതി കാടടച്ച്‌ വെടിപ്പൊട്ടിക്കല്ലേ സാറന്മാരേ.....കവിത മൈക്ക്‌പോയന്റിന്‌ മുന്നില്‍ കാഹളം വിളിക്കലോ, ക്ലാസ്‌മുറിയില്‍ തുരുമ്പെടുക്കലോ അല്ലെന്ന്‌ വിദ്വാന്മാര്‍ നേരത്തെ നമ്മെ ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്‌. കവിതയിലെ വ്യാജരൂപം വായനക്കാര്‍ മാത്രമല്ല, കാലത്തിന്റെ പെരുവെള്ളവും ദൂരത്തേക്ക്‌ ഒഴുക്കിമാറ്റും.
തകര്‍ന്ന കണ്ണാടികള്‍ക്കിടയില്‍ സംഭ്രമിച്ച കുട്ടിയായിരുന്നു അറുപതുകളവസാനത്തിലെ മലയാളവായനക്കാരന്‍. അനുഭവത്തിന്റെയും ആഖ്യാനത്തിന്റെയും സുതാര്യഘടനയെ കലുഷിതമാക്കിയ പുതിയ എഴുത്തിന്റെ സംവേദനങ്ങള്‍ മലയാളിയുടെ നോവല്‍ വായനാശീലത്തില്‍ ആഘാതങ്ങള്‍ സൃഷ്‌ടിച്ചു.... പുതിയ എഴുത്ത്‌, ജീവിതത്തിന്റെ ബാഹ്യതലങ്ങളെ അനുരാഗപൂര്‍വ്വം വാരിപ്പുണര്‍ന്ന്‌ അഭിരമിച്ച നോവല്‍ സങ്കല്‌പങ്ങള്‍ക്ക്‌ വിരുദ്ധമായ പ്രതിവ്യവഹാരം സൃഷ്‌ടിക്കുകയായിരുന്നു ആധുനിക നോവലിസ്റ്റുകള്‍- നിരൂപകന്‍ പി. കെ. രാജശേഖരന്റെ നോവല്‍ക്കാഴ്‌ച മലയാളകവിതയ്‌ക്കും ഇണങ്ങും. എഴുത്തിന്റെ സാന്ദ്രതയ്‌ക്കുപരി ജീവിതത്തിന്റെ വൈവിധ്യമാണ്‌ പുതുകവിതയും പ്രതിനിധാനം ചെയ്യുന്നത്‌. പോയ വാരത്തില്‍ പതിരുകളേക്കാള്‍ കതിരുകളാണ്‌ വിരിഞ്ഞത്‌. കവിതയുടെ കുതിപ്പും കിതപ്പുമായി എത്തിയ ആനുകാലികങ്ങള്‍ നല്‍കുന്ന പാഠവും മറ്റൊന്നല്ല. ആനുകാലികം: ഡി. വിനയചന്ദ്രന്‍ മാതൃഭൂമി (ഒക്‌ടോ.11)യില്‍ എഴുതിയ പ്രസവിക്കാത്ത സിംഹങ്ങള്‍ എന്ന കവിതയില്‍ പറയുന്നു: കാറ്റില്‍ മരപ്പട്ടകള്‍ കാഞ്ഞഗന്ധങ്ങള്‍/ കാതരമെന്‍ മനം സന്ധ്യ ഗായത്രിയും/ ഓര്‍ത്തു പേററ്റതാം കന്യാമഠങ്ങള്‍ ഞാന്‍/ ഓര്‍ത്തു വിശ്വാസം നിഹനിച്ച ജന്മങ്ങള്‍.- കാമനകളെയും പരിമിതികളെയും ഹൃദ്യമായി ആവിഷ്‌ക്കരിക്കുകയാണ്‌ വിനയചന്ദ്രന്‍. താളത്തിലും ഭാവത്തിലും തന്നെ.മുല്ലനേഴിക്കവിതകള്‍ (മലയാളം വാരിക, ഒക്‌ടോ.9) നവീനമായൊരു വായനാനുഭവം നല്‍കുന്നു. ഒഴുക്ക്‌, കൂട്ട്‌ എന്നിങ്ങനെ രണ്ടു രചനകള്‍. ഒഴുക്കില്‍ മുല്ലനേഴി എഴുതി: വറ്റാത്ത കണ്ണീരുമായ്‌/ രാവുകള്‍ പിന്നിട്ടീടും/ മര്‍ത്ത്യനില്‍ പൂക്കാന്‍/ കാത്തുനില്‍ക്കയാണൊരു സ്വപ്‌നം.- എന്നിങ്ങനെ ഒഴുക്കായി കടന്നുപോകുന്ന ജീവിതക്കാഴ്‌ച. കഥാന്ത്യം എന്ന കവിതയില്‍ പഴവിള രമേശന്‍: വാസവദത്തേ/ വാസരാന്ത്യ പ്രതീകമേ/ ശ്വാസഗതി/ ഇനിയും നിലച്ചിട്ടില്ലല്ലോ.-(കലാകൗമുദി 1779). കരുണയിലെ നായികയെ തൊട്ടുകൊണ്ട്‌ പഴവിള സ്‌ത്രീജീവിതത്തിന്റെ ഒഴുക്കിലേത്ത്‌ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ജനശക്തിയില്‍ (ഒക്‌ടോ.3) സലാം കെ. പി. യുടെ ചോദ്യം: ഒരൊട്ടകപ്പക്ഷിക്ക്‌/ അനങ്ങാതെ എത്രകാലം/ ഒരേ കിടപ്പ്‌ തുടരാകും?- (ഒട്ടപ്പക്ഷി). സത്യത്തിനു നേരെ മുഖം തിരിഞ്ഞുനില്‍ക്കുന്നവരോടാണ്‌ സലാമിന്റെ ചോദ്യം. ഇതിന്‌ ഉത്തരം നല്‍കേണ്ടത്‌ കാലമാണെന്ന്‌ നമുക്ക്‌ ആശ്വസിക്കാം.സെബാസ്റ്റ്യനും സി. എസ്‌. ജയചന്ദ്രനും കവിതയുടെ കരുത്തുമായി തിരിച്ചെത്തിയിരിക്കുന്നു. മാധ്യമം ആഴ്‌ചപ്പതിപ്പിലെ (ഒക്‌ടോ.12) രണ്ടു കവിതകള്‍. സെബാസ്റ്റ്യന്‍: കുഞ്ഞുപുല്ലുകള്‍/ എഴുന്നേറ്റുനിന്നു/ കൈവീശി/ കളിയാക്കി- (പ്രാണഭയം). സി. എസ്‌. ജയചന്ദ്രന്‍ ഇങ്ങനെ എഴുതുന്നു: കഴിഞ്ഞ ജന്മത്തില്‍ നിന്ന്‌/ ഞാന്‍ കൊണ്ടുവന്നത്‌/ കണ്ണുചിമ്മുന്ന ശീലത്തെയാണ്‌/ അടുത്ത ജന്മത്തേയും ഞാന്‍/ കൊണ്ടുപോകുന്നതോ/ കാലുറയ്‌ക്കാത്ത കാലത്തെ.-(വെള്ളെഴുത്ത്‌). ഇന്ന്‌ മാസികയില്‍ (സപ്‌തം.ലക്കം) ലതീഷ്‌ കീഴല്ലൂര്‍: ഞാനും നീയും/ എന്നും തളരാതെ/ വിഴുപ്പുകളക്കി-/ ക്കൊണ്ടേയിരിക്കുന്നു.-(വിഴുപ്പലക്കല്‍). കാലഭേദങ്ങളില്ലാതെ തുടരുന്ന പ്രക്രിയയാണ്‌ ലതീഷ്‌ എഴുതിയത്‌. മഞ്ഞുതുള്ളിയിലൊരു കാനനം. കവിതാപുസ്‌തകം: അമ്പത്തിനാല്‌ കവിതകളുടെ സമാഹാരത്തിന്‌ പേര്‌ ഉടുമ്പിന്റെ വീട്‌. കവിതയുമായി അടുത്ത ബന്ധമില്ലാത്ത പേര്‌. പക്ഷേ, രചനകള്‍ ഓരോന്നായി വായിച്ചുകഴിയുമ്പോള്‍ നമ്മുടെ സംശയം മാറും. ജീവിതത്തിലെ ചെറുതും വലുതുമായ കടങ്കഥകള്‍ക്ക്‌ കാവ്യഭാഷ കണ്ടെക്കുകയാണ്‌ സലാം. ബദ്ധപ്പാടില്ലാതെ, കഴിയുന്നത്ര സൂക്ഷ്‌മതയോടെ. എഴുത്തില്‍ പുലര്‍ത്തുന്ന ഈ ആത്മാര്‍ത്ഥത തന്നെയാണ്‌ സലാം കെ. പി. യുടെ കവിതകളെ ശ്രദ്ധേയമാക്കുന്നത്‌. ഇവ വായനയില്‍ വേറിട്ടൊരു അനുഭവമാകുന്നു. വേപഥുകളും ഉത്‌കണ്‌ഠകളും ഇഴചേരുന്ന എഴുത്താണ്‌ സലാം കെ. പി. യുടെ ഉടുമ്പിന്റെ വീട്‌ എന്ന കൃതി.- (ഒലിവ്‌, 40രൂപ).
ബ്ലോഗ്‌ കവിത: ബ്ലോഗില്‍ ഈ ആഴ്‌ച കണ്ണീരുപ്പാണ്‌ നിറഞ്ഞത്‌. ബ്ലോഗില്‍ ആദ്യകാലത്തുതന്നെ കവിത എഴുതിക്കൊണ്ടിരുന്ന ജ്യോനവന്റെ (പൊട്ടക്കലം) അപകടമരണം (വാര്‍ത്ത ബ്ലോഗിലൂടെ ആദ്യമെത്തി) മനമെരിയുന്ന വാക്കുകളിലൂടെ എഴുത്തുകാര്‍ സൂചിപ്പിച്ചു. പൊട്ടക്കലത്തില്‍ ജ്യോനവന്‍ അവസാനമായി എഴുതിയ മാന്‍ഹോള്‍ എന്ന കവിതയില്‍ നിന്നും: പവിത്രമായ പാതകളേ/ പാവനമായ വേഗതകളേ/ കേള്‍ക്കുന്നില്ലേ/ ചെവിയുരിഞ്ഞു വീണതിന്നൊപ്പം/ ഒരു ഹമ്മര്‍ കയറിയിറങ്ങിയതാണ്‌. മനസ്‌പര്‍ശത്തിന്റെ അക്ഷരങ്ങളിലൂടെ ജ്യോനവനെ കുറിച്ചുള്ള ഓര്‍മ്മകളാണ്‌ മിക്ക ബ്ലോഗുകളിലും അടയാളപ്പെട്ടത്‌. പുതുകവിതാ ബോഗില്‍ അജീഷ്‌ ദാസന്‍ എഴുതി: എവിടെ നിന്നൊക്കെയോ/ വിയില്‍ വന്നിറങ്ങിയ കുട്ടികള്‍/ ഈ പുഴയുടെ തീരത്ത്‌ നിന്ന്‌/ കാടിനെ നോക്കി എന്തൊക്കെയോ വിളിക്കുന്നു./ കുട്ടികളെ നോക്കി/ കാടും എന്തൊക്കെയോ വിളിക്കുന്നു/ കുട്ടികള്‍ ഉച്ചത്തില്‍ വിളിച്ചു കൂവുന്നത്‌/ അവരുടെ പേരുകള്‍ തന്നെയാണെന്ന്‌/ കാടിനറിയില്ലല്ലോ- ( എക്കോപോയന്റ്‌). തണല്‍ക്കുട എന്ന കവിതയില്‍ ഷഹീര്‍ : പിഴക്കുന്ന കണക്കുകള്‍/ ശരിക്കായുള്ള തിരുത്തലുകള്‍/ മടിക്കുത്തഴിച്ചും അഴിക്കപ്പെട്ടും/ തളര്‍ന്നവര്‍/ തീരകളില്ലാതീരത്ത്‌ തിരകളെണ്ണി ജീവിച്ചവര്‍. ജീവിതത്തിന്റെ കയറ്റിറക്കങ്ങളിലൂടെ യാത്രചെയ്യുന്നവരുടെ രോദനം കേള്‍പ്പിക്കാന്‍ സ്വയം തെരഞ്ഞെടുപ്പ്‌ നടത്തുന്ന ബ്ലോഗെഴുത്തുകാരുടെ കരുത്തും തളര്‍ച്ചയും പ്രതിഫലിപ്പിക്കുന്ന നിരവധി രചനകള്‍ നെറ്റ്‌സ്‌ക്രീനില്‍ തെളിയുന്നുണ്ട്‌. അവ പുതിയകാലത്തിന്റെ ഭാവുകത്വത്തിലേക്ക്‌ വായനക്കാരെ നടത്തിക്കുന്നു. ചില രചനകളെങ്കിലും വായനക്കാരെ തിരിഞ്ഞോടാനും പ്രേരിപ്പിക്കുന്നു. കാമ്പസ്‌ കവിത: പുതുകവിതയുടെ തുടിപ്പുകള്‍ പ്രത്യക്ഷപ്പെടുത്തുന്നതില്‍ കാമ്പസിനു മികച്ച പങ്കുണ്ട്‌. എഴുപതുകളുടെ പ്രക്ഷുബ്‌ധതയ്‌ക്കു ശേഷവും കാമ്പസ്‌ മലയാളകവിതയുടെ വേരിളക്കിക്കൊണ്ടിരിക്കുന്നു. തലയുര്‍ത്തിപ്പിടിച്ച്‌ സ്വാതന്ത്ര്യത്തോടെ, പറയാനുള്ളത്‌ പറയുന്നു. കാമ്പസ്‌ കവിതയുടെ രൂപഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചില രചനകള്‍ മാതൃഭൂമി (ഒക്‌ടോ.11) മാഗസിനില്‍ വായിക്കാം. അസ്‌ലു റഷാദ്‌, ബാലുശ്ശേരിയുടെ ഫ്യൂണറല്‍: അക്ഷരങ്ങള്‍ പൂവിട്ടാലോ/ വാക്കുകള്‍ കായകളായാലോ- എന്നിങ്ങനെ സംശയത്തിന്റെ തിരയിളക്കം തീര്‍ക്കുന്നു. മനസ്സ്‌ എന്ന രചനയില്‍ അനുപമ സി. എസ്‌., പാലക്കാട്‌: അറിയുകതെന്നെ നീയെന്നും/ അതെ, ഞാനാണ്‌ നിന്റെ മനസ്സ്‌.- പാരസ്‌പര്യംത്തിന്റെ ദിശാസൂചികയിലേക്ക്‌ ഒരെത്തിനോട്ടമാണിത്‌. ദീപ എം, മലപ്പുറത്തിന്‌ എഴുതാനുള്ളത്‌: തുമ്പിക്കിരിക്കാന്‍ തുമ്പപ്പൂക്കളില്ല/ അകലത്തു ടെറസില്‍ കണ്ട/ ഓര്‍ക്കിഡിലിരുന്ന/ തുമ്പി പിടഞ്ഞുവീണു/ അതൊരാത്മഹത്യയായിരുന്നു!- (രണ്ടുകവിതകള്‍): ചോദ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട്‌ രഹസ്യങ്ങള്‍ കണ്ടെത്താനായി മനുഷ്യമനസ്സ്‌ നടത്തിയ സാഹസിക യാത്രയാണ്‌ കവിത നിര്‍മ്മിച്ചത്‌.- (കെ. പി. അപ്പന്‍, കലഹവും വിശ്വാസവും)-നിബ്ബ്‌ 11-10-2009